വോയ്‌സ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ചെറുതും എന്നാൽ മികച്ചതുമായ എഐ സ്റ്റാർട്ടപ്പായ പ്ലേ എഐയെ മെറ്റ പ്ലാറ്റ്‌ഫോംസ് ഇൻകോർപ്പറേറ്റഡ് ഏറ്റെടുത്തു. ജനറേറ്റീവ് വോയ്‌സ് സാങ്കേതികവിദ്യയിലെ കഴിവുകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള പ്ലേ എഐയെ മെറ്റ ഏറ്റെടുത്തത്.
നൂതന വോയ്‌സ് ക്ലോണിംഗ് ടൂളിന് പേരുകേട്ടതാണ് പ്ലേ എഐ. ഇത് ഉപയോക്താക്കളെ സ്വന്തം ശബ്‍ദങ്ങൾ പകർത്താനോ പുതിയ മനുഷ്യസമാന ശബ്‍ദങ്ങൾ സൃഷ്ടിക്കാനോ അനുവദിക്കുന്നു. വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, ഫോണുകൾ എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം ഇവ വിന്യസിക്കാൻ കഴിയും.
എഐ അധിഷ്‍ഠിത ഇടപെടലിലെ മെറ്റയുടെ വളർന്നുവരുന്ന പദ്ധതികളുമായി അടുത്ത് യോജിക്കുന്ന ഒരു പ്രവർത്തനമാണിത്. മെറ്റ എഐ, എഐ ക്യാരക്ടറുകൾ, വെയറബിൾസ് വിഭാഗം എന്നിവയുൾപ്പെടെ നിലവിലുള്ള എഐ സംരംഭങ്ങൾക്ക് പ്ലേ എഐയുടെ സാങ്കേതികവിദ്യ മികച്ച രീതിയിൽ പൊരുത്തപ്പെടുന്നതായിട്ടാണ് മെറ്റ കാണുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഈ ഏറ്റെടുക്കലിന്‍റെ സാമ്പത്തിക നിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ല.
ഈ ഇടപാടിലൂടെ മുഴുവൻ പ്ലേ എഐ ടീമും അടുത്ത ആഴ്ച മെറ്റയിൽ ചേരും. അവിടെ, ഗൂഗിളിലെ മുൻ സീനിയർ സ്പീച്ച് എഐ മേധാവിയായിരുന്ന ജോഹാൻ ഷാൽക്വിക്കിന്റെ കീഴിൽ അവർ പ്രവർത്തിക്കാൻ തുടങ്ങും. ജോഹാൻ ഷാൽക്വിക്കും അടുത്തിടെ മെറ്റയിൽ ചേർന്നിരുന്നു.
മനുഷ്യരേക്കാൾ മികച്ച കൃത്രിമ ഇന്‍റലിജൻസ് സംവിധാനങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ കമ്പനി അടുത്തിടെ ഒരു സൂപ്പർ ഇന്‍റലിജൻസ് ലാബ് ആരംഭിച്ചിരുന്നു. ജൂണിൽ എഐ ഡാറ്റ ലേബലിംഗിന് പേരുകേട്ട സ്റ്റാർട്ടപ്പായ സ്കെയിൽ എഐയിൽ മെറ്റ 14.3 ബില്യൺ ഡോളർ നിക്ഷേപം നേടി. പുതിയ ലാബിനെ നയിക്കാൻ അതിന്‍റെ സിഇഒ അലക്‌സാണ്ടർ വാങിനെയും കൊണ്ടുവന്നു.
ഓപ്പൺഎഐ, ഗൂഗിൾ ഡീപ് മൈൻഡ്, ആപ്പിൾ തുടങ്ങിയ വമ്പൻ ടെക് കമ്പനികളിലെ എഐ വിദഗ്ധർക്ക് 100 മില്യൺ ഡോളർ വരെ ബോണസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചാറ്റ്ജിപിടി, ജിപിടി-4 എന്നിവയിൽ പ്രവർത്തിച്ച നിരവധി എഞ്ചിനീയർമാരെയും ഗൂഗിൾ ജെമിനി ടീമിലെ പ്രതിഭകളെയും മെറ്റ ഇതിനകം തങ്ങളുടെ കമ്പനിയിൽ എത്തിച്ചുകഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്