നമ്മളിൽ ഭൂരിഭാഗം പേരും ഇന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്‌സ് (മുമ്പ് ട്വിറ്റർ), യൂട്യൂബ്, ടിക് ടോക് തുടങ്ങിയവ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. എന്നാൽ, ഈ പ്ലാറ്റ്‌ഫോമുകൾ നൽകുന്ന സൗകര്യങ്ങൾക്കൊപ്പം തന്നെ വലിയ സുരക്ഷാ വെല്ലുവിളികളും ഒളിഞ്ഞിരിപ്പുണ്ട്.
അടുത്തിടെ ലോകമെമ്പാടും വലിയ വാർത്തയായ 'എൽമോയുടെ' എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവം സോഷ്യൽ മീഡിയ സുരക്ഷയുടെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. നമ്മൾ എത്ര ശ്രദ്ധിച്ചാലും സൈബർ കുറ്റവാളികൾ പുതിയ തന്ത്രങ്ങളുമായി രംഗത്തുവരുമ്പോൾ, ഓരോരുത്തരും സ്വന്തം സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
എന്തുകൊണ്ടാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലക്ഷ്യമിടുന്നത്?
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, കൂടാതെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങൾ എന്നിവയെല്ലാം സൈബർ കുറ്റവാളികൾക്ക് വലിയ വിലയുള്ളതാണ്. ഫിഷിംഗ് അക്രമങ്ങൾ, വിവരങ്ങൾ ചോർത്തൽ, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, വ്യക്തിഹത്യ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവക്കെല്ലാം ഹാക്ക് ചെയ്ത അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാം.
സോഷ്യൽ മീഡിയയിൽ സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക:
- ഓരോ അക്കൗണ്ടിനും വ്യത്യസ്തവും സങ്കീർണ്ണവുമായ പാസ്‌വേഡുകൾ ഉപയോഗിക്കുക.
- ചെറിയക്ഷരങ്ങൾ, വലിയക്ഷരങ്ങൾ, അക്കങ്ങൾ, പ്രത്യേക ചിഹ്നങ്ങൾ ($#@!) എന്നിവയെല്ലാം ഉൾപ്പെടുന്ന പാസ്‌വേഡുകൾ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ പേര്, ജനനത്തീയതി, ഫോൺ നമ്പർ തുടങ്ങിയ എളുപ്പത്തിൽ ഊഹിക്കാവുന്ന വിവരങ്ങൾ പാസ്‌വേഡാക്കരുത്.
- പാസ്‌വേഡുകൾ ഇടയ്ക്കിടെ മാറ്റുന്നതും നല്ലതാണ്.
2. Two-Factor Authentication - 2FA/MFA നിർബന്ധമാക്കുക:
- ഇത് നിങ്ങളുടെ അക്കൗണ്ടിന് ഒരു അധിക സുരക്ഷാ വലയം നൽകും. പാസ്‌വേഡ് അറിഞ്ഞാൽ പോലും, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒറ്റത്തവണ കോഡ് (OTP) ഇല്ലാതെ അക്കൗണ്ടിൽ പ്രവേശിക്കാൻ സാധിക്കില്ല.
- എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഈ സൗകര്യം ലഭ്യമാണ്. ഇത് ഉടൻ തന്നെ ഓൺ ആക്കുക.
3. ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക:
- അപരിചിതരിൽ നിന്നോ സംശയാസ്പദമായ അക്കൗണ്ടുകളിൽ നിന്നോ വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
- സമ്മാനങ്ങൾ, സൗജന്യങ്ങൾ, അല്ലെങ്കിൽ ആകർഷകമായ വാഗ്ദാനങ്ങൾ എന്നിവ നൽകുന്ന വ്യാജ ലിങ്കുകൾ ഫിഷിംഗ് തട്ടിപ്പുകൾക്ക് സാധ്യതയുണ്ട്.
- ഒരു വെബ്‌സൈറ്റിന്റെ ഡഞഘ (വിലാസം) ശ്രദ്ധാപൂർവ്വം പരിശോധിക്കുക. ചെറിയ വ്യത്യാസങ്ങൾ പോലും തട്ടിപ്പിന്റെ സൂചനയാവാം.
4. വ്യക്തിഗത വിവരങ്ങൾ പരിമിതപ്പെടുത്തുക:
- നിങ്ങളുടെ സ്വകാര്യ വിവരങ്ങളായ വീടിന്റെ വിലാസം, ജോലിസ്ഥലം, ഫോൺ നമ്പർ, ബാങ്ക് വിവരങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ പരസ്യമാക്കരുത്.
- സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കുക. ഒരിക്കൽ പങ്കുവെച്ചാൽ അതിന്റെ നിയന്ത്രണം നിങ്ങൾക്ക് നഷ്ടപ്പെടാം.
- സോഷ്യൽ മീഡിയയിലെ നിങ്ങളുടെ പ്രൊഫൈൽ 'പ്രൈവറ്റ്' (Private) ആക്കി വെക്കുന്നത് അപരിചിതർക്ക് നിങ്ങളുടെ പോസ്റ്റുകളും വിവരങ്ങളും കാണുന്നതിൽ നിന്ന് തടയും.
5. അപ്ലിക്കേഷനുകളുടെ അനുമതികൾ ശ്രദ്ധിക്കുക:
- സോഷ്യൽ മീഡിയ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്ന മറ്റ് അപ്ലിക്കേഷനുകൾക്ക് (Third-patry apps) അനുമതി നൽകുമ്പോൾ അവ എന്ത് വിവരങ്ങളാണ് ആവശ്യപ്പെടുന്നതെന്ന് ശ്രദ്ധിക്കുക.
- അനാവശ്യമായ അനുമതികൾ നൽകാതിരിക്കുക.
- പഴയതോ ഉപയോഗിക്കാത്തതോ ആയ അപ്ലിക്കേഷനുകളുടെ അനുമതികൾ റദ്ദാക്കുക.
6. വ്യാജ പ്രൊഫൈലുകൾ തിരിച്ചറിയുക:
- അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കുക.
- പരിചയമുള്ളവരുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകളിൽ നിന്നും റിക്വസ്റ്റ് വരാം.
- സംശയമുണ്ടെങ്കിൽ അവരുമായി നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.
- ചിലപ്പോൾ പ്രമുഖ വ്യക്തികളുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകൾ വഴി തട്ടിപ്പുകൾ നടക്കാറുണ്ട്.
7. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അപ്‌ഡേറ്റ് ചെയ്യുക:
- സോഷ്യൽ മീഡിയ ആപ്പുകൾ പതിവായി അപ്‌ഡേറ്റ് ചെയ്യുക. പുതിയ പതിപ്പുകളിൽ സുരക്ഷാ പിഴവുകൾ പരിഹരിക്കാനുള്ള അപ്‌ഡേറ്റുകൾ ഉണ്ടാവാറുണ്ട്.
8. പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക:
- സൈബർ കുറ്റവാളികൾക്ക് എളുപ്പത്തിൽ വിവരങ്ങൾ ചോർത്താൻ കഴിയുന്ന ഇടമാണ് പൊതു വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ.
- ബാങ്കിംഗ് ഇടപാടുകളോ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്നതോ ആയ കാര്യങ്ങൾ പൊതു വൈഫൈ ഉപയോഗിച്ച് ചെയ്യരുത്.
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ എന്തു ചെയ്യണം?
- ഉടൻ തന്നെ പാസ്‌വേഡ് മാറ്റുക.
- സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെ വിവരം അറിയിക്കുക.
- സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വിവരം അറിയിച്ച് ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുക.
- സൈബർ സെല്ലിന് പരാതി നൽകുക.
സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുമ്പോൾ, അതിലെ സുരക്ഷയും അറിവും ഓരോ പൗരനും അത്യന്താപേക്ഷിതമാണ്. ജാഗ്രതയോടെയുള്ള സമീപനവും വിവരങ്ങളെക്കുറിച്ചുള്ള അറിവും ഒരു പരിധി വരെ സൈബർ ആക്രമണങ്ങളിൽ നിന്ന് നമ്മളെ രക്ഷിക്കും
റോബിൻസ് ആന്റണി