എളുപ്പത്തില്‍ ജോലി കണ്ടെത്താനാകുന്നില്ല എന്നത് തൊഴിലന്വേഷകര്‍ക്കിടയിലെ ഒരു പ്രധാന പ്രശ്നമാണ്. പല തവണകളിലായി നേരിട്ടും ഓണ്‍ലൈനിലൂടെയും തിരഞ്ഞിട്ടും തൊഴിലവസരങ്ങള്‍ കണ്ടെത്താനാകാത്തവരായിരിക്കും മിക്കവരും. ഇത്തരക്കാര്‍ക്ക് തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ച തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ലിങ്ക്ഡ്ഇന്‍.
പക്ഷേ ലിങ്ക്ഡ്ഇന്‍ പ്ലാറ്റ്ഫോമില്‍ ജോലി കണ്ടെത്തുക എന്നത് വളരെ പ്രയാസകരമാണെന്നാണ് പല തൊഴിലന്വേഷകരും പരാതി പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ലിങ്ക്ഡ്ഇന്‍ പ്ലാറ്റ്ഫോമില്‍ എളുപ്പത്തില്‍ ജോലി കണ്ടെത്തുന്നതിനായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. 'ജോബ് മാച്ച്' എന്ന ഈ ഫീച്ചര്‍ വഴി ഇനി നിങ്ങളുടെ യോഗ്യതയുമായി പൊരുത്തപ്പെടുന്ന ജോലികള്‍ എളുപ്പത്തില്‍ കണ്ടെത്താനാകും.
എളുപ്പത്തില്‍ ജോലി കണ്ടെത്തുന്നതെങ്ങനെ?
സാധാരണയായി ലിങ്ഡ്ഇന്‍ അക്കൗണ്ട് എടുത്തവര്‍ക്ക് തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ച ക്വാളിഫിക്കേഷനുകള്‍ ആവശ്യപ്പെടുന്ന ജോലികള്‍ തെരഞ്ഞ് കണ്ടുപിടിക്കണമായിരുന്നു. ഇത് വളരെ പ്രയാസകരമായ കാര്യമാണ്. പലപ്പോഴും തൊഴില്‍ തിരയുന്നതിന് ആവശ്യമായ കൃത്യമായ കീവേര്‍ഡുകള്‍ നല്‍കാത്തത് കാരണം കൂടുതല്‍ ജോലി ഒഴിവുകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിച്ചിട്ടുണ്ടാവില്ല.
എന്നാല്‍ ജോബ് മാച്ച് എന്ന എഐ ഫീച്ചര്‍ വഴി ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാവും. ഇനി മുതല്‍ എഐ ഫീച്ചര്‍ വഴി ലിങ്ക്ഡ്ഇന്‍ തൊഴിലന്വേഷകരുടെ യോഗ്യതയും പ്രൊഫഷണല്‍ അനുഭവവും സ്വയമേവ പരിശോധിച്ച് ലഭ്യമായ ജോലി ഒഴിവുകള്‍ക്ക് ആവശ്യമായ യോഗ്യത മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യും. ഇതിനനുസരിച്ച് നിങ്ങള്‍ തെരയുന്ന മേഖലയില്‍ നിങ്ങളുടെ യോഗ്യതയുമായി പൊരുത്തപ്പെടുന്ന തൊഴിലവസരങ്ങള്‍ കാണിച്ചു തരും. ഇഷ്ടമുള്ള ജോലി കണ്ടെത്തുക എന്ന സങ്കീര്‍ണമായ പ്രക്രിയയെ എളുപ്പമാക്കി മാറ്റുന്നതാണ് ഈ ഫീച്ചര്‍.
ജോബ് മാച്ച് എങ്ങനെ പ്രവര്‍ത്തിക്കും?
ലിങ്ക്ഡ്ഇന്‍ ഫ്‌ലാറ്റ്ഫോമില്‍ നിങ്ങളുടെ പ്രൊഫൈലില്‍ നല്‍കുന്ന വിദ്യാഭ്യാസ യോഗ്യതയും ജോലി പരിചയവും കഴിവുകളും, കമ്പനികളുടെ ജോലി ഓഫറുകള്‍ക്ക് അനുയോജ്യമാവുന്നെങ്കില്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് ലിങ്ക്ഡ്ഇനില്‍ നിന്നും നിര്‍ദേശങ്ങള്‍ വരും. ഓരോ കമ്പനിയിലെയും ജോലികള്‍ നിങ്ങളുടെ യോഗ്യതയ്ക്ക് അനുയോജ്യമാണോ അല്ലേ എന്ന് നിര്‍ദേശം തരും. കൂടാതെ നിങ്ങളുടെ യോഗ്യതയ്ക്ക് അനുയോജ്യമായ ജോലികള്‍ നിങ്ങള്‍ക്ക് പങ്കുവെക്കുകയും ചെയ്യും. ഇനി നിങ്ങള്‍ക്ക് ലിങ്ക്ഡ്ഇന്‍ ഫ്‌ലാറ്റ്ഫോമില്‍ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ ജോലിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ലഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്