ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയുടെ നടപടിയിൽ ഞെട്ടി കായികലോകം . തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം തന്റെ കരിയറിലെ ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് കോഹ്ലി വിട്ടുനിൽക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മധ്യനിരയിൽ വലിയൊരു വിടവ് സൃഷ്ടിച്ചുകൊണ്ട് കോഹ്ലി റെഡ് ബോൾ ക്രിക്കറ്റിനോട് വിട പറയുന്നത്.
രണ്ടാഴ്ച മുമ്പ് വിരമിക്കാനുള്ള തന്റെ ആഗ്രഹം കോഹ്ലി ബിസിസിഐയെ അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിസിസിഐ സെലക്ടർമാരും മുതിർന്ന ക്രിക്കറ്റ് കളിക്കാരും അദ്ദേഹത്തെ തിരുത്താൻ ഇടപെട്ടിട്ടും, ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തന്റെ ആഗ്രഹത്തിൽ വിരാട് കോഹ്ലി ഉറച്ചുനിന്നു. വരാനിരിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിൽ പങ്കെടുക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.
2014ല്‍ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ കോഹ്ലി 68 ടെസ്റ്റുകളിലാണ് ഇന്ത്യയെ നയിച്ചത് ഇതിൽ 40 എണ്ണത്തിലും ഇന്ത്യ ജയിക്കുകയുണ്ടായി. ഇന്ത്യയെ ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ വിജയിപ്പിച്ച ക്യാപ്റ്റൻ എന്ന റെക്കോർഡും കോഹ്ലിയുടെ പേരിലാണ്.
2011 ല്‍ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച താരം 14 സീസണുകളിലായി 123 ടെസ്റ്റുകളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 9230 റൺസാണ് ടെസ്റ്റിലെ സമ്പാദ്യം. ഈ വർഷം ഓസ്ട്രേലിയക്കെതിരേ ബോർഡർ-ഗാവസ്കർ ട്രോഫിയിലാണ് അവസാനമായി കളിച്ചത്. പരമ്പരയില്‍ ഒരു മത്സരത്തില്‍ സെഞ്ച്വറി അടിച്ചതൊഴിച്ചാല്‍ ബാക്കിയുള്ള കളികളില്‍ തിളങ്ങാൻ കോഹ്ലിക്ക് സാധിച്ചിരുന്നില്ല.
ടി20 ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റിൽനിന്നും കോഹ്ലി വിരമിച്ചിരുന്നു. ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമേ താരത്തെ ഇന്ത്യൻ ജേഴ്സിയില്‍ കാണാൻ സാധിക്കുകയുള്ളൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്