സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി നേരിടുന്ന ബോഡി ഷെയ്മിങ്ങിനും സൈബര്‍ ആക്രമണങ്ങള്‍ക്കും തത്സമയ ടെലിവിഷന്‍ പരിപാടിയിലൂടെ ശക്തമായ മറുപടി നല്‍കി പാകിസ്താനി നടിയും അവതാരകയുമായ വീണാ മാലിക്. താന്‍ അവതരിപ്പിക്കുന്ന 'വീണാ ഹേ നാ' എന്ന പ്രഭാത പരിപാടിക്കിടെയാണ് താരം വികാരാധീനയായി പൊട്ടിക്കരഞ്ഞതും, ക്യാമറകള്‍ക്ക് മുന്നില്‍ വെച്ച് ഹൈ ഹീല്‍സ് ചെരിപ്പുകള്‍ ഊരിമാറ്റി മുഖത്തെ മേക്കപ്പ് പൂര്‍ണ്ണമായും തുടച്ചുനീക്കിയതും.
കഴിഞ്ഞ ഏതാനും മാസങ്ങളായി തന്റെ ശരീരഭാരത്തെയും രൂപമാറ്റത്തെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പരിഹാസങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് 42-കാരിയായ താരം വൈകാരികമായി പ്രതികരിച്ചത്. ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് തന്റെ ചെരിപ്പുകള്‍ ഊരി ക്യാമറയ്ക്ക് നേരെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ഇതുവരെ തന്റെ ശരീരഭാരം മാത്രമാണ് വിമര്‍ശകര്‍ കണ്ടതെന്നും ഇപ്പോള്‍ ഹീല്‍സ് ഊരിമാറ്റുന്നതിലൂടെ തന്റെ യഥാര്‍ത്ഥ ഉയരം കൂടി കാണാമെന്നും താരം പറഞ്ഞു. തുടര്‍ന്ന് സീറ്റിലേക്ക് മടങ്ങിയെത്തിയ നടി, വൈപ്പുകള്‍ ഉപയോഗിച്ച് മുഖത്തെ മേക്കപ്പും കൃത്രിമ കണ്‍പീലികളും നീക്കം ചെയ്തുകൊണ്ട് തന്റെ യഥാര്‍ത്ഥ രൂപം കണ്ട് വിമര്‍ശിക്കാന്‍ ട്രോളന്മാരെ വെല്ലുവിളിച്ചു.
തന്നെ തടിച്ചിയെന്നോ, കറുത്തവളെന്നോ, വിരൂപയെന്നോ വിളിച്ച് അധിക്ഷേപിച്ചോളൂ എന്നും, തന്റെ ജീവിതത്തില്‍ യാതൊരു പങ്കുമില്ലാത്തവരുടെ ഇത്തരം കമന്റുകള്‍ തന്നെ ഒട്ടും ബാധിക്കുന്നില്ലെന്നും വീണാ മാലിക് തുറന്നടിച്ചു. ശരീരഭാരം കൂടുന്നതും കുറയുന്നതും ജീവിതത്തിലെ സ്വാഭാവിക പ്രക്രിയകളാണെന്നും, സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ മറ്റുള്ളവര്‍ക്ക് എന്താണ് അവകാശമെന്നും താരം ഈ മാസം ആദ്യം തന്റെ പരിപാടിയിലൂടെ ചോദ്യം ചെയ്തിരുന്നു.
സല്‍മാന്‍ ഖാന്‍ അവതാരകനായെത്തിയ ബിഗ് ബോസ് നാലാം സീസണിലൂടെ ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയാണ് വീണാ മാലിക്. ബിഗ് ബോസിന് ശേഷം ദാല്‍ മേം കുച്ച് കാലാ ഹേ, സിന്ദഗി 50-50, സൂപ്പര്‍ മോഡല്‍ എന്നി ഹിന്ദി ചിത്രങ്ങളിലും, ഡേര്‍ട്ടി പിക്ചര്‍: സില്‍ക്ക് സക്കത്ത് മഗ എന്ന കന്നഡ ചിത്രത്തിലും മുംബൈ 125 കി.മീ 3ഡി എന്ന ഹൊറര്‍ ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സൈബര്‍ ബുള്ളിയിങ്ങിനെതിരെയുള്ള നടിയുടെ ഈ വേറിട്ട പ്രതിഷേധം നിലവില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
