നിങ്ങൾ കോൺഗ്രസിൽ ഉണ്ടെങ്കിൽ ഹീറോ, അല്ലെങ്കിൽ വെറും സീറോ... പാർട്ടി ഇപ്പോൾ കേന്ദ്രത്തിൽ അധികാരത്തിൽ ഇല്ലെങ്കിലും ഈ പഴയ ആപ്തവാക്യം വൈറലാവുകയാണ്. മഹത്തായ ഈ വാക്യത്തിന്റെ ഉപജ്ഞാതാവ് സാക്ഷാൽ സീതാറാം കേസരിയാണ്. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷൻ.
പാർട്ടിയിലെ പദവികളിൽ പോലും സീറോയും ഹീറോയും ഉണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ ചിത്രങ്ങൾ പുറത്തുവരുന്ന ഇക്കാലത്ത്, കേസരി വാക്യത്തിന് പുതിയ അർത്ഥമാനങ്ങൾ ഉണ്ട്. തനിക്ക് ദേശീയതലത്തിൽ പോയി ഹീറോ ആവണ്ട, തന്റെ തട്ടകമായ കൊച്ചു കേരളത്തിൽ സീറോ ആയി കഴിഞ്ഞുകൊള്ളാം എന്നാണ് അഭിനവ അഖിലേന്ത്യാ യുവജന നേതാവ് അബിൻ വർക്കിയുടെ ഭാഷ്യം. പക്ഷേ, ആ വിലാപം ഒന്നു കേൾക്കാൻ ആ പാർട്ടിയിൽ ആരെങ്കിലും വേണ്ടേ !
പെട്ടെന്ന് കേൾക്കുമ്പോൾ എ.കെ. ആന്റണി ശൈലിയിലുള്ള ഒരു ആദർശാത്മക ഡയലോഗ് ആണ് ഓർത്തഡോക്‌സുകാരനായ ഈ നേതാവിന്റേത് എന്ന് തോന്നും.
അദ്ദേഹത്തിന്റെ ജാതി സമുദായ വർഗ്ഗ നില വ്യക്തമാകുമ്പോഴാണ്, കോൺഗ്രസ് അവരുടെ സാമുദായിക സമവാക്യങ്ങൾ നിലനിർത്താൻ ഒരു നേതാവിന് എപ്രകാരം കസേര ഇടുന്നു എന്ന് ബോധ്യമാവുന്നത്. അക്കാര്യം ഏറ്റവും നന്നായി അറിയാവുന്ന ആളാണ് അബിൻ വർക്കി. ക്രിസ്തീയ സമുദായക്കാരൻ ആയതുകൊണ്ടാണോ താരതമ്യേന അപ്രധാന പദവിയായ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് തള്ളി മാറ്റിയത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
മതപരം ആത്മീയം
കോൺഗ്രസ് രാഷ്ട്രീയത്തിൽ മതത്തിന് എന്ത് സ്ഥാനം എന്ന് ചോദിച്ചാൽ നിർണായകഘട്ടങ്ങളിൽ എക്കാലത്തും ജാതി പരിഗണനകൾ താക്കോൽ സ്ഥാനങ്ങളിലെ നിയമനത്തിന് കാരണമായിട്ടുണ്ടെന്ന് കാണാം. അതു മനസ്സിൽ വച്ചുകൊണ്ടാണ് അബിൻ വർക്കിയും തന്റെ പ്രതിഷേധ വാക്കുകൾ സമുദായവുമായി കൂട്ടിക്കെട്ടി പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാനം ഒഴിഞ്ഞപ്പോൾ സ്വാഭാവികമായി വന്നുചേരേണ്ട പദവി എന്ന് അബിൻ മോഹിച്ചതിൽ തെറ്റില്ല. രമേശ് ചെന്നിത്തല അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാൽ മാങ്കൂട്ടത്തിന് പകരക്കാരനാവാൻ നിയോഗം കിട്ടിയത് ഒ.ജെ. ജനീഷ് എന്ന യുവ നേതാവിന്.
കെ.എസ്.യു കാലം മുതൽ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഭാരവാഹി ആയിട്ടുള്ള അബിൻ രാഷ്ട്രീയ ഭാഷയിൽ നൂലിൽ കെട്ടിയിറക്കപ്പെട്ട ആളല്ല. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് മുതൽ എൻ.എസ്.യുവിന്റെ ദേശീയ സമിതി അംഗം വരെ ആയത് ആ വഴിക്ക് തന്നെ. ഇത്തരം പദവികൾ മുൻപ് ഒരു നോമിനേഷന്റെ രൂപത്തിലാണ് കോൺഗ്രസിൽ നിശ്ചയിക്കപ്പെട്ടിരുന്നത്. രാഹുൽ ഗാന്ധിയുടെ വരവോടെയാണ് രീതി മാറിയത്. രാഹുൽ ഗാന്ധി ഇത്തരം നിയമനങ്ങൾക്ക് അഭിമുഖ പരീക്ഷ വെച്ചതോടെയാണ് കാര്യങ്ങൾക്ക് ഒരു പ്രൊഫഷണൽ സ്വഭാവം കൈവന്നത്.
സംസ്ഥാനത്ത് എം. ലിജുവാണ് അത്തരത്തിൽ ആദ്യം പരീക്ഷ ജയിച്ച ഒരാൾ.
അത്രയ്ക്ക് പ്രൊഫഷണൽ ആവണ്ട എന്ന നിലപാടായിരുന്നു അന്ന് ഉമ്മൻചാണ്ടി കൈക്കൊണ്ടത്. സ്വന്തം നോമിനിയായ ടി. സിദ്ദിഖിന് വേണ്ടി അദ്ദേഹം ആഗ്രഹിച്ചു. അന്നത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും സഹകരിക്കില്ലെന്ന് നിലപാട് ഉമ്മൻചാണ്ടി കൈക്കൊണ്ടു. രാവിലെ പ്രഖ്യാപിച്ച എം. ലിജുവിനെ വൈകുന്നേരം മറ്റേണ്ടിവന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ തിരഞ്ഞെടുക്കപ്പെടണം എന്ന നിലപാട് ഉണ്ടായത് അതിനുശേഷമാണ്. ഇതൊരു ധാർമികതയുടെ പ്രശ്‌നം കൂടിയാണ്. പദവി ഇല്ലെങ്കിലും ഈ പാർട്ടിയിൽ ജീവിക്കും എന്ന ഒരു നേതാവിന്റെ വാക്ക്.
എന്നാൽ, ഇത് കോൺഗ്രസ്സാണ്. ഗ്രൂപ്പ് സമവാക്യങ്ങളാണ് ഇവിടെ മുഖ്യം.
പ്രവർത്തന മികവും ജാതി മേന്മയും പാരമ്പര്യവും ഉപഘടകങ്ങൾ മാത്രമാണ്. പണ്ട് എ, ഐ ഗ്രൂപ്പ് തമ്മിലടി രൂക്ഷമായിരുന്ന കാലത്ത് മാധ്യമപ്രവർത്തകർ അതേപ്പറ്റി ചോദിക്കുമ്പോൾ നേതാക്കൾക്ക് സ്ഥിരമായി ഒരു ക്യാപ്‌സൂൾ മറുപടിയുണ്ടായിരുന്നു. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. ഇതൊരു വലിയ കുടുംബമാണ്. ഇവിടുത്തെ പ്രശ്‌നങ്ങൾ ഞങ്ങൾ തീർത്തു കൊള്ളാം.
ഒരു കേഡർ സംവിധാനം ഇല്ല എന്ന ആനുകൂല്യം എക്കാലത്തും ഉപയോഗിച്ചുവന്ന ഒരു പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മഹിമയേറിയ കുടുംബ പാരമ്പര്യത്തിന്റെ തണലിൽ സൃഷ്ടിക്കപ്പെട്ട പ്രതിച്ഛായ.
ഒരുകാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തരമായ പ്രതിഭാസമായി കണക്കാക്കിയിരുന്നു ആ ഇമേജ്. കാലം മാറുകയും പുതിയ അധികാര രസതന്ത്രങ്ങൾ രൂപപ്പെടുകയും ചെയ്തപ്പോൾ കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും ഈ പ്രതിഭാസത്തിന് മാറ്റം വരുമെന്ന് കരുതിയവർക്ക് തെറ്റി. പുറമേ ശക്തമല്ലെങ്കിലും ഗ്രൂപ്പിന്റെ പ്രേതം ഇപ്പോഴും ഇവിടെ അലഞ്ഞു തിരിയുന്നുണ്ട്. പുതിയ അധ്യക്ഷൻ ജനീഷിന്റെ വരവ് കോൺഗ്രസിലെ അധികാര സമവാക്യങ്ങളുടെ കൂടി നേർസാക്ഷ്യമാണ്. കോൺഗ്രസിലെ ഗ്രൂപ്പ് കഥകൾ ഒരു നൊസ്റ്റാൾജിയയാണ്. ആ ഓർമ്മപ്പെടുത്തലിന്റെ ബാക്കിപത്രമാണ് പുതുകാലത്ത് ഇല്ലെന്നു കരുതുമെങ്കിലും ഗ്രൂപ്പിന്റെ ആത്മാവ്. ഗ്രൂപ്പിന്റെ രൂപം മാറി എന്ന് സമ്മതിക്കാം.
പഴയ പ്രതാപകാലത്തെ ഐ ഗ്രൂപ്പുകാരാണ് ഇന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. എന്നാൽ ഐ ഗ്രൂപ്പിന്റെ നിലപാടുതറ മാറിയത് കേരള രാഷ്ട്രീയം തിരിച്ചറിയുന്നുണ്ട്. ഐ ഗ്രൂപ്പിന്റെ പേരിൽ പുറമേ അറിയപ്പെടുന്ന പ്രബല നേതാവ് ഇപ്പോഴും രമേശ് ചെന്നിത്തല തന്നെയാണ്. കേരള രാഷ്ട്രീയത്തിൽ ഇപ്പോഴും സജീവമായ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പാർട്ടിയുടെ പ്രത്യാശയായ കെ.സി.വേണുഗോപാലും അറിയപ്പെടുന്ന ഐ ഗ്രൂപ്പുകാരായിരുന്നു. എന്നാൽ ഇന്ന് അങ്ങനെ ഒരു ഗ്രൂപ്പ് നിലവിൽ ഉണ്ടോ?
ഗ്രൂപ്പുകളുടെ അതിർത്തി മായുകയും യുവ നേതാക്കൾ നേതൃത്വം കയ്യടക്കുകയും ചെയ്യുന്ന ഒരു പുതുകാലത്താണ് ഷാഫി പറമ്പിലും വിവാദനായകൻ രാഹുൽ മാങ്കൂട്ടത്തിലും പ്രസക്തി നേടുന്നത്. പുതുതലമുറയുടെ പിന്തുണ കൂടി ഉണ്ടെങ്കിലേ പ്രതീക്ഷിക്കപ്പെടുന്ന 2026 ലെ കോൺഗ്രസ് വിജയഗാഥ കേരളത്തിൽ നടപ്പാവുകയുള്ളൂ. ഇപ്പോൾ സംഭവിച്ചത് രാഹുൽഗാന്ധി വിഭാവനം ചെയ്ത യുവ നിരയുടെ നിരാസമാണ്. ഇപ്പോഴും അവർക്കല്ല പ്രസക്തി, കാര്യങ്ങൾ നിയന്ത്രിക്കുന്നത് തലനരച്ച മറ്റാരെല്ലമോ ആണെന്ന ഭീതി.
ജാതി വോട്ട് കളി
പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഈഴവ സമുദായത്തിൽ നിന്നാണ് എന്നത് ചെറിയ കാര്യമല്ല. ആ നേതാവിന്റെ ജന്മസ്ഥലം തൃശൂർ ആണ്. ചുരുങ്ങിയത് മണ്ഡലത്തിലെങ്കിലും സ്വാധീനമുള്ള ഒരു സമുദായം. എ ഗ്രൂപ്പ് നേതാവ് ആണെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ സമുദായം പ്രസക്തമാണ്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുധാകരൻ എന്ന നേതാവ് മാറുകയും ക്രൈസ്തവർ സമുദായത്തിലെ ഒരാൾ അവിടെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തത് മറന്നുകൂടാ. അതാണ് മുൻപേ സൂചിപ്പിച്ച സമുദായ സമവാക്യം !
എന്നാൽ അതിലേക്ക് കാര്യങ്ങൾ എത്തിച്ചത് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും അടങ്ങുന്ന പുതു രക്തത്തിന്റെ നിശ്ചയദാർഢ്യം തന്നെയാണ്. ഐ ഗ്രൂപ്പിന്റെ അന്ത്യമെന്നോ എ ഗ്രൂപ്പിന്റെ അസ്ഥിത്വ ദുഃഖമെന്നോ ഇതിനെ വിളിക്കാം. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരിടാനും ഒരു സംസ്ഥാനത്ത് രാഷ്ട്രീയം സ്വാധീനം ഉറപ്പിക്കാനുള്ള സുവർണാവസരം മുന്നിൽ നിൽക്കുമ്പോഴാണ് കേവലം ഗ്രൂപ്പുകളുടെ പകിടകളി.
ഉറങ്ങിക്കിടക്കുന്ന ഗ്രൂപ്പുകൾ എന്തു പണിയാണ് അടുത്ത തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് നൽകാൻ പോകുന്നത് എന്ന് കണ്ടറിയുക മാത്രമേ ഇനി നേതൃത്വത്തിന് നിർവാഹമുള്ളൂ. നിങ്ങൾ കോൺഗ്രസിൽ ഉണ്ടെങ്കിൽ ഹീറോയാണ് എന്ന് ആത്മധൈര്യത്തോടെ പറഞ്ഞ ആ നേതാവിന് നമോവാകം പറയുക. ഒരോ നിമിഷവും തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന അനർഘനിമിഷത്തിലാണ് സംസ്ഥാന രാഷ്ട്രീയം.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പേ ഞാനാണ് സ്ഥാനാർത്ഥി എന്ന് പേരുവച്ച് പോസ്റ്റർ അടിച്ച് ചങ്കൂറ്റം കാട്ടിയ ആ കോൺഗ്രസ് പ്രാദേശിക നേതാവിന് ഒരു സല്യൂട്ട് കൊടുക്കാം. അതിൽനിന്ന് വായിക്കാം സമകാലിക രാഷ്ട്രീയത്തിന്റെ ചരിത്രം.
പ്രജിത്ത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്