കൊച്ചി: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരിച്ച് സിറോ മലബാർ സഭ രംഗത്ത്.
ഛത്തീസ്ഗഡിലെ ദുർഗിലാണ് മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. റെയിൽവേ പൊലീസാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.
കന്യാസ്ത്രീകളുടെ അറസ്റ്റ് നിയമവാഴ്ച്ചയോടുളള വെല്ലുവിളിയാണെന്ന് സിറോ മലബാർ സഭ പറഞ്ഞു. സഭാവസ്ത്രം ധരിച്ച് യാത്ര ചെയ്യാൻ ഭയപ്പെടുന്ന സ്ഥിതിയാണെന്നും നിയമസംവിധാനങ്ങൾ പക്ഷപാതപരമായി പെരുമാറുകയാണെന്നും സിറോ മലബാർ സഭ വ്യക്തമാക്കി.
'സിസ്റ്റർ വന്ദനയും സിസ്റ്റർ പ്രീതിയും യാത്ര ചെയ്തിരുന്നത് ആവശ്യമായ രേഖകളോടെയാണ്. ആൾക്കൂട്ട വിചാരണയും ദുരാരോപണവുമാണ് നടക്കുന്നത്. ആൾക്കൂട്ടവും സംഘടനകളും ഭരണഘടനയ്ക്ക് മീതേ പോലും വളരുന്നു. സുരക്ഷ ഉറപ്പാക്കാൻ ഇടപെടൽ വേണം'-സിറോ മലബാർ സഭ ആവശ്യപ്പെട്ടു.
നാരായൻപുർ ജില്ലയിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്നത്. 19 മുതൽ 22 വയസ്സുള്ളവരായിരുന്നു ഇവർ.
റെയിൽവെ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദൾ പ്രവർത്തകർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു. കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോവുകയാണെന്ന് പെൺകുട്ടികൾ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കൾ ജോലിക്ക് പോവാൻ നൽകിയ അനുമതി പത്രവും തിരിച്ചറിയൽ കാർഡുകളും പെൺകുട്ടികൾ ഹാജരാക്കി. തങ്ങൾ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്