ഗുരുഗ്രാം: യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെ ഇ-റിക്ഷയില്‍ കടത്തിയ ഇരുമ്പ് കമ്പികള്‍ കാറിലേക്ക് തുളച്ചുകയറി ഡ്രൈവര്‍ക്ക് ദാരുണമരണം. ഹരിയാനയിലെ ദ്വാരക എക്‌സ്പ്രസ് വേയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ ഈ അപകടമുണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ടാക്‌സി ഡ്രൈവറാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. കാറിലുണ്ടായിരുന്ന വനിതാ യാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന നീളമേറിയ ഇരുമ്പ് കമ്പികളാണ് ഇ-റിക്ഷയില്‍ അപകടകരമായ രീതിയില്‍ കയറ്റിയിരുന്നത്. വാഹനത്തിന് പുറത്തേക്ക് നീണ്ടുനിന്നിരുന്ന കമ്പികളില്‍ അപായ സൂചന നല്‍കുന്ന ചുവന്ന തുണിയോ മറ്റ് അടയാളങ്ങളോ ഉണ്ടായിരുന്നില്ല. ദ്വാരക എക്‌സ്പ്രസ് വേയിലൂടെ പോവുകയായിരുന്ന ടാക്‌സി കാര്‍ മുന്നിലുണ്ടായിരുന്ന ഇ-റിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റിക്ഷയിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡുകള്‍ കാറിന്റെ മുന്‍ഗ്ലാസ് തകര്‍ത്ത് ഡ്രൈവറുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു.
ഇ-റിക്ഷയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ, പരിധിയില്‍ കൂടുതല്‍ നീളമുള്ള ഇരുമ്പ് കമ്പികള്‍ കയറ്റിയതും അപായ ചിഹ്നങ്ങള്‍ സ്ഥാപിക്കാതിരുന്നതുമാണ് വലിയ ദുരന്തത്തിന് വഴിവെച്ചത്. അപകടത്തെ തുടര്‍ന്ന് എക്‌സ്പ്രസ് വേയില്‍ മണിക്കൂറുകളോളം വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റ സ്ത്രീയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായും അപകടകരമായും ലോഡ് കയറ്റിയ ഇ-റിക്ഷാ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ അശ്രദ്ധമായി വണ്ടിയോടിച്ചതിനും ജീവഹാനി വരുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
