രാജ്ഭവനുകളും രാജ് നിവാസുകളും (ലെഫ്റ്റനന്റ് ഗവർണറുടെ വസതി) ലോക്ഭവൻ, ലോക് നിവാസ് എന്നിങ്ങനെ പേരുമാറ്റി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ വർഷം ഉത്തരവിറക്കി. ബ്രിട്ടിഷ് കെളോണിയൽ പൈതൃകം പേറുന്നതെന്ന് വിലയിരുത്തിയാണ് ഗവർണർ സ്ഥാനത്തിന് കൂടുതൽ ജനകീയ ഭാവമേകുകയെന്ന ലക്ഷ്യത്തോടെ പേരു മാറ്റം നടത്തിയത്. പക്ഷേ, വിവേകമകന്ന വിക്രിയകളിലൂടെ വിവാദനായകരാകാനുള്ള മൽസരത്തിലാണു ഗവർണർമാർക്കു ഭ്രമം.
2024ൽ രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ അന്നത്തെ കേരള ഗവർണർ രജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശിച്ചത്. രാജ്ഭവനുകൾ ജനങ്ങളുമായി ചേർന്നു നിൽക്കണമെന്നാണ് ആർലേക്കർ പറഞ്ഞത്. എന്തായാലും അദ്ദേഹം തമിഴ്‌നാട്ടിലേക്കു മാറി ഓംപ്രകാശ് മാഥൂർ കേരള ഗവർണർ ആയി.
മുൻഗാമികളായ ആരിഫ് മുഹമ്മദ് ഖാനെപ്പോലെയും രജേന്ദ്ര ആർലേക്കറെപ്പോലെയും സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടി മിടുക്കു കാണിക്കാൻ ഓംപ്രകാശ് മാഥൂറും തൽപ്പരനാണോയെന്നതിൽ സംശയമുണ്ടെങ്കിലും ഗൂഢവും സംശയാസ്പദവുമായ രാഷ്ട്രീയ അജൻഡകളുടെ ആവനാഴി സ്വയം പേറുന്നുവെന്ന സൂചന ശക്തം.
ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്ന് കേരള ഗവർണർ നൽകിയ നിർദേശം ജനങ്ങളെ അമ്പരപ്പിക്കുന്നു. ഒപ്പം ആശങ്കപ്പെടുത്തുന്നു. പൗരന്റെ മൗലികാവകാശങ്ങൾക്കു നേരെ ഭരണഘടനാസ്ഥാപനം വളോങ്ങുന്നതിന് തുല്യമായ പ്രസ്താവനയാണ് ഗവർണർ നടത്തിയതെന്ന ആരോപണമുയരുന്നു. താൻ കഴിക്കുന്ന സസ്യാഹാരംതന്നെ കീഴിലുള്ള ഉദ്യോഗസ്ഥരും അതിഥികളും കഴിക്കണമെന്ന നിഗൂഢ കാർക്കശ്യമാണ് മാംസമത്സ്യാഹാര വിലക്കിന് പിന്നിലുള്ളതെന്നതിനാൽ ഈ ഏകാധിപത്യ പ്രവണതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
എന്തു കഴിക്കണം, എന്തു പാകം ചെയ്യണം എന്ന തിട്ടൂരമിറക്കുക വഴി, ജനാധിപത്യ മതേതരത്വ ഭരണഘടനാ മൂല്യങ്ങളെയാണ് ഗവർണർ മാഥൂർ ഇരുട്ടിൽ നിർത്താൻ ശ്രമിച്ചതെന്ന വാദം ശക്തം. സസ്യാഹാരിയായ ഗവർണർക്ക് അദ്ദേഹത്തിന്റെ ഭക്ഷണരീതി തുടരുന്നതിനോ അതിനുള്ള ക്രമീകരണം ഏർപ്പെടുത്തുന്നതിനോ ഒരു തടസവുമില്ല. എന്നാൽ, ലോക്ഭവനിൽ ഗവർണറെന്ന ഒറ്റയാൾ മാത്രമല്ല നിയോഗിക്കപ്പെടുന്നത്.
അദ്ദേഹത്തിന്റെ സെക്രട്ടറിയും മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥനുമടക്കം വിവിധ ശ്രേണികളിലായി നൂറിലേറെ പേർ ലോക്ഭവനിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ നാനാജാതി മതസ്ഥരും മതരഹിതരുമുണ്ടാവുക സ്വാഭാവികം. ഇന്നാട്ടുകാരും ജീവനക്കാരായുള്ള ലോക്ഭവന്റെ അടുക്കള, തന്റെ പ്രത്യേക താത്പര്യത്തോടുകൂടി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന ഗവർണറുടെ ശാഠ്യം കേരളീയ സമൂഹത്തിന് അംഗീകരിക്കാനാവുന്നില്ല.
ആർ.എസ്.എസിന്റെ ആശയധാരയിൽ നിന്നുള്ളതാണത്രേ, ലോക്ഭവന്റെ അടുക്കളയിൽ മാംസാഹാരം പാകം ചെയ്യേണ്ടതില്ലെന്ന ഗവർണറുടെ നിർദേശം. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു ഭാഷ എന്നു വിളംബരം ചെയ്യുന്നവർ വൈകാതെ ഒരു മതം, ഒരു വേഷം, ഒരേ ഭക്ഷണം എന്നു പറയാനുള്ള നിലമൊരുക്കുകയാണെന്ന വിമർശനം ഇതോടൊപ്പം ഉയരുന്നു. ചിലതരം ഭക്ഷണത്തോടുള്ള ആർ.എസ്.എസിന്റെ വിദ്വേഷം വർഗീയ ഉൽപ്പന്നംകൂടിയാണ്. ഒരാൾ കഴിക്കേണ്ട ഭക്ഷണം ഇന്നതായിരിക്കണമെന്ന് നിശ്ചയിക്കാൻ മറ്റൊരാൾക്കോ സംഘടനയ്‌ക്കോ പ്രത്യയശാസ്ത്രത്തിനോ എന്തവകാശമെന്നതാണ് പ്രധാന ചോദ്യം. മാംസാഹാരം പാടില്ലെന്ന വിലക്കിന് പിന്നിൽ കൃത്യമായ വർഗീയ അജൻഡ ആരോപിക്കപ്പെടുന്നു.
ലോക്ഭവൻ ഗവർണറുടെ കാര്യാലയം മാത്രമല്ല. അത് സംസ്ഥാനത്തെ ഭരണത്തലവന്റെ ഔദ്യോഗിക കാര്യാലയവും ഭരണഘടനാസ്ഥാപനവുമാണ്. ജനാധിപത്യഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിന് ബാധ്യതപ്പെട്ട ചുമതലക്കാരൻ കൂടിയാണ് സംസ്ഥാന ഗവർണർ. എല്ലാ ജാതിമതസമുദായ വിഭാഗങ്ങളെയും ഭരണഘടനയുടെ പരിരക്ഷയ്ക്കുള്ളിൽനിന്ന് സമഭവേന കാണേണ്ട പദവിയാണത്. അവിടെനിന്ന് വിഭാഗീയതയുടെ, വിദ്വേഷത്തിന്റെ ആശയം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് കടുത്ത നിയമലംഘനം തന്നെയാണ്.
ഒാരോ മനുഷ്യർക്കും ഇഷ്ടമുള്ളത് പാകം ചെയ്യാനും അത് ഭക്ഷിക്കാനുമുള്ള പരിസരം ഉറപ്പക്കേണ്ട ഭരണഘടനാപദവിയിലുള്ള ഗവർണർ, ഇത്തരത്തിലുള്ള സങ്കുചിതാശങ്ങളുടെ പ്രചാരകനാകുന്നതിന്റെ അനൗചിത്യം വലുതു തന്നെ. കേരളം എക്കാലവും കാത്തുസൂക്ഷിക്കുന്ന മതേതരബോധവും സഹിഷ്ണുതയും സഹവർത്തിത്വവും തുടർന്നും പരിപാലിക്കാനുള്ള നിയോഗമാവണം ഗവർണറുടേത്.
ഇതാദ്യമല്ല, ലോക്ഭവൻ വിഭാഗീയ, വിദ്വേഷാശയങ്ങളുടെ പ്രചാരണം സ്വയമേറ്റെടുക്കുന്നത്. മുൻ ഗവർണർ ആർലേക്കർ കാവിപ്പതാകയേന്തിയ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതും വിദ്യാഭ്യാസമേഖലയിൽ ആർ.എസ്.എസ് അജൻഡ നടപ്പാക്കുന്നതിന് സർക്കാരിനെ മറികടന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്ഥാപനാധികാരികളെ ലോക്ഭവനിൽ വിളിപ്പിച്ചതും സമീപകാല സംഭവങ്ങൾ.
മുൻഗാമി ആരിഫ് മുഹമ്മദ്ഖാനും ഇത്തരത്തിൽ ചിലതെല്ലാം ചെയ്തു. പ്രതിപക്ഷം ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാമാണ് ഇത്തരത്തിൽ ലോക്ഭവൻ സമാന്തര അധികാരകേന്ദ്രമാവുകയും നിക്ഷിപ്ത താൽപര്യങ്ങൾ കുത്തിച്ചെലുത്തുകയും ചെയ്യുന്നത് പതിവായിട്ടുള്ളത്. രാജ്യം ഏകമതശാസനത്തിന് കീഴിലേക്ക് കൊണ്ടുവരിക എന്നതാണ് സംഘ്പരിവാറിന്റെ ആശയമെന്ന നിരീക്ഷണം ശക്തം. ഇത്തരം തീവ്രാശയങ്ങൾക്ക് ലോക്ഭവൻ കളമൊരുക്കുന്നതിന് തുല്യമാവുകയാണ് മാംസമത്സ്യാഹാരം വിലക്കിയ നടപടി.
ഗൂഢ രാഷ്ട്രീയം
എന്തു കാരണത്താലാണ് സംഘ്പരിവാർ മാംസാഹാരം വിലക്കുന്നതെന്നതാണ് ഗവർണർ മറുപടി പറയേണ്ട ഒരു ചോദ്യം. ഏത് ധർമബോധനത്തിലാണ്, മതഗ്രന്ഥത്തിലാണ്, പുരോഹിത വചനങ്ങളിലാണ് സസ്യാഹാരം അവിഭാജ്യമെന്നും മാംസാഹാരം നിഷിദ്ധമെന്നും പറയുന്നത്? പുരാണങ്ങളിലും ഇതിഹാസങ്ങളിലും മാംസാഹാരികളായ നിരവധി രാജാക്കൻമാരെയും രാജർഷികളെയും കാണാനാകും. മാസം ഭക്ഷിക്കുന്ന സന്യാസിവര്യർ ആധുനിക കാലത്ത് നിരവധിയാണ്. ഉത്തരേന്ത്യയിൽ പോലും മാംസാഹാരം പഥ്യമായ സന്യാസിമാരും അഘോരികളുമുണ്ട്. എന്നാൽ, ന്യൂനാൽ ന്യൂനപക്ഷമായ വരേണ്യവർഗത്തിന്റെ സ്ഥാപിതമായ താൽപര്യ സംരക്ഷണത്തിനുവേണ്ടിയാണ് ആർ.എസ്.എസും ഹിന്ദുത്വ സംഘടനകളും മാംസാഹാരത്തെ വിലക്കാൻ വാളെടുക്കുന്നത്.
വംശീയ വെറിയുടെ ഉപോൽപ്പന്നമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഗോരക്ഷാ ഗുണ്ടകൾ നടത്തുന്ന അഴിഞ്ഞാട്ടവും ആൾക്കൂട്ടക്കൊലയും ഇതോടൊപ്പം ചർച്ചാവിഷയമാകുന്നുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ രാജ്യത്ത് പലയിടങ്ങളിലും സംഘ്പരിവാർ തീവ്രവർഗീയ പ്രചരണവും അപരവിദ്വേഷവും വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ മാംസാഹാരികൾക്കെതിരേ കടുത്ത നീക്കമാണ് ഉണ്ടാവുന്നത്. തങ്ങളുടെ പ്രദേശങ്ങളിൽ മാംസ്യമത്സ്യക്കടകൾ പ്രവർത്തിക്കരുതെന്ന് പരസ്യമായി ഭീഷണി മുഴക്കുന്നിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു.
കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക മതേതര പരിസരത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുകയും ഉൾക്കൊള്ളലിന്റെ കേരളപ്പെരുമ നിലനിർത്താനുള്ള പശ്ചാത്തലമൊരുക്കുകയുമാണ്, ഭരണഘടനാ സ്ഥാപനത്തിന്റെ അധികാരി എന്ന നിലയ്ക്ക് ഗവർണർ ചെയ്യേണ്ടത്. മലയാളി ഇന്നോളം ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താനോ എന്ത് കഴിക്കണമെന്ന നിർദേശം പുറപ്പെടുവിക്കാനോ ശ്രമിക്കുന്നത്, അതാരായാലും പ്രബുദ്ധ കേരളം അംഗീകരിക്കില്ല.
ഗവർണർമാരുടെ പദവിയെ സംബന്ധിച്ച് ഭരണഘടനാവിദഗ്ധരും പലഘട്ടങ്ങളിലായി പരമോന്നത നീതിപീഠവും ചൂണ്ടിക്കാട്ടിയ ചില ആശങ്കകളുണ്ട്. ഗവർണർമാർ ആലങ്കാരികപദവി മാത്രമല്ലെന്നും അത് നിഷ്പക്ഷതയുടെയും നീതിബോധത്തിന്റെയും നിയമസംവിധാനത്തിന്റെയും അടയാളം കൂടിയാവണമെന്നുമാണ് സുപ്രീം കോടതി മുമ്പ് പ്രസ്താവിച്ചത്. ഭക്ഷണ സ്വാതന്ത്ര്യം മൗലികമാണ്. അത് ഒരോ വ്യക്തിയുടെയും അവകാശമാണ്. അതിന് വിലക്കേർപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് ഗവർണർ മാഥൂർ പിന്മാറുകയാണു വേണ്ടത്.
ഇതിനിടെ, പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശിപാർശ നൽകിയ മുൻ ഗവർണർ രജേന്ദ്ര ആർലേക്കറുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പി.എസ്.സിക്കെതിരെ ഒരു ഗവർണറുടെ ഇത്തരമൊരു നീക്കം. ഗവർണർ സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുമ്പായിരുന്നു അദ്ദേഹത്തിന്റെ ഈ അസാധാരണ നടപടി. പി.എസ്.സിക്കെതിരെ ബി.ജെ.പിയുടെ പോഷക സംഘടനകളായ യുവമോർച്ചയും എ.ബി.വി.പിയും നൽകിയ പരാതികളും ഉൾപ്പെടുത്തിയിട്ടുണ്ട് രാഷ്ട്രപതിക്കു നൽകിയ കത്തിൽ.
ഗവർണറുടെ പ്രവർത്തനങ്ങൾക്ക് വ്യക്തമായ മാർഗനിർദേശം നൽകുന്നുണ്ട് ഭരണഘടന. സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്ന ഗവർണറുടെ പദവി ആലങ്കാരികമാണ്.
തിരഞ്ഞെടുക്കപ്പെട്ട ജനകീയ സർക്കാരിന്റെ ഉപദേശ നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കണം അദ്ദേഹം പ്രവർത്തിക്കേണ്ടത്. ഭരണഘടനയുടെ അനുഛേദം 163 ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട സർക്കാറിയ കമ്മീഷൻ പൂഞ്ചി കമ്മീഷൻ റിപ്പോർട്ടുകളിൽ, സംസ്ഥാന സർക്കാരുമായി സഹകരിച്ചായിരിക്കണം ഗവർണർമാർ പ്രവർത്തിക്കേണ്ടതെന്ന് നിർദേശിക്കുന്നുണ്ട്. ഈ ശിപാർശകളുടെയും കീഴ്്വഴക്കങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ആർലേക്കറുടെ നടപടി. സർക്കാരിന്റെ ശിപാർശയില്ലാതെ നൽകിയ റിപ്പോർട്ട് ഭരണഘടനാവിരുദ്ധമാണെന്നാണ് നിയമവിദഗ്ധരുടെ പക്ഷം.
പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും എതിരെ ഉയർന്ന പരീക്ഷാ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങൾ ഗുരുതരവും മാപ്പർഹിക്കാത്തതുമാണ്. ആസൂത്രണ ബോർഡിലെ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിലാണ് ആഭ്യന്തര വിജിലൻസ് ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്. സർക്കാരാണ് ഈ വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത്. ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നു വരുന്നുമുണ്ട്. അതിനിടെ ഗവർണർ രാഷ്ട്രപതിക്ക് കത്ത് നൽകിയതെന്തിനാണ്? കത്ത് നൽകാൻ തന്റെ കാലാവധിയുടെ അവസാന നാളുകൾ വരെ കാത്തിരുന്നതെന്തിനെന്ന ചോദ്യവും പ്രസക്തം.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
