അതിവേഗ ഭ്രാന്ത് ചെറുത്ത് പോരാട്ട കീർത്തി

OCTOBER 28, 2026, 9:54 AM

വീഡിയോ ഗെയിമിലെ ഒരു കളിപ്പാട്ടം പോലെ, ആഡംബര കാറുകൾ വിരൽത്തുമ്പിൽ നിയന്ത്രിച്ച് തെരുവിലൂടെ പായുന്ന ടീനേജ് മക്കൾ... കൊച്ചു കുഞ്ഞിനെ മടിയിലിരുത്തി സ്റ്റിയറിങ്ങിൽ കൈപിടിപ്പിച്ച് തിരക്കുള്ള റോഡിലൂടെ പായുന്ന ഇനിയും പാകം വന്നിട്ടില്ലാത്ത തന്തമാർ...

സ്‌കൂൾ വിട്ടു വരുന്ന കുട്ടികൾക്കിടയിലൂടെ റീൽസ് എടുക്കാൻ കാറിൽ പായുന്ന 16 കാരൻ... തന്റെ മകൻ യൂട്യൂബിലൂടെയാണ് ഡ്രൈവിംഗ് പഠിച്ചതെന്ന് ഏറ്റുപറയുന്ന ഒരു നിയമപാലകൻ...

ഡ്രൈവിംഗിലെ കേരള മോഡലാണ് മേൽപ്പറഞ്ഞതെല്ലാമെങ്കിൽ ഇനിയും നമുക്ക് പലതും കണേണ്ടിവരും.

vachakam
vachakam
vachakam

റോഡിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് വൻപിഴ നൽകുന്ന സ്ഥലമായിട്ടും ഇതൊക്കെ ആര് ഗൗനിക്കാൻ?

ടാർജറ്റ് നിശ്ചയിച്ച് മേട്ടോർ വാഹന പിഴ ഈടാക്കി തൃപ്തിയടയുന്ന ഒരു സംവിധാനം നമുക്കുണ്ട്.
ഇക്കൊല്ലം മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 907.74 കോടി രൂപയാണ് ട്രാഫിക് നിയമലംഘനത്തിന് പിഴയിനത്തിൽ സർക്കാരിന് ലഭിക്കാനുള്ളത്. അതിനിടെ, കുടിശ്ശികയുടെ പകുതി തുക ഒഴിവാക്കുന്നതിലൂടെ സർക്കാരിന് ഏകദേശം 450 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന  കണക്കും പുറത്തുവരുന്നു.

സർക്കാർ കാശ് കൊടുക്കാത്തതിനാൽ പാതി കണ്ണടച്ച ക്യാമറകൾക്ക് മുന്നിൽ ഇക്കാലയളവിൽ നടന്ന ഗതാഗത നിയമ ലംഘനങ്ങൾ വേറെ. ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നാൽ മലയാളിക്ക് ലോകം കീഴടക്കിയ മാനസിക നിലയാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. അത് അക്ഷരംപ്രതി ശരി വയ്ക്കുന്ന സംഭവങ്ങളാണ് അനുദിനം അരങ്ങേറുന്നത്. പ്രായപൂർത്തിയാകാത്ത മക്കൾ വാഹനം എടുക്കാൻ താല്പര്യപ്പെട്ടാൽ അത് തടയാൻ കെൽപില്ലാത്ത വിധം ദുർബലരായ രക്ഷിതാക്കൾ, എത്ര ദയനീയമായ സാമൂഹിക അവസ്ഥയിലൂടെയാണ് ഇക്കാലത്ത് കേരളീയ സമൂഹം പോകുന്നത് എന്നതിന് നേർസാക്ഷ്യമാണ്.

vachakam
vachakam
vachakam

ആഡംബര വാഹനങ്ങൾ പറപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ടു ലഹരി പിടിച്ച കൗമാരക്കാർ അത് ആഗ്രഹിക്കുന്നത് ഒരു തെറ്റല്ല. എന്നാൽ,അതിന്റെ വളയം പിടിക്കാൻ അനുവദിക്കും വിധം രക്ഷിതാക്കൾ അവരെ തുറന്നുവിടുന്നിടത്താണ് അപകടം പതിയിരിക്കുന്നത്. അതുകൊണ്ടാണ് ഒരു തട്ടുകടക്കാരൻ സ്വന്തം മകൾക്ക് നൽകിയ വിദ്യാഭ്യാസവും വിവേകവും ഒരു നിയമപാലകന് സ്വന്തം മകന് പകർന്നു നൽകാൻ കഴിഞ്ഞില്ല എന്ന് സമൂഹം ഇപ്പോൾ വിലയിരുത്തുന്നത്.

അധികാരത്തിന്റെ ഗർവ് സഹിച്ച ഒരു സമൂഹം ഈ സംഭവത്തെ ഏറ്റെടുത്ത് അതിന്റെ വഴി തിരിച്ചു വിട്ടു. ഇപ്പോൾ ഒരു കേരള മോഡൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് എത്ര ഉന്നതനായാലും തിരിഞ്ഞു നിന്ന് ചോദിക്കാൻ ചങ്കൂറ്റമുണ്ടെങ്കിൽ നിയമം അതിന്റെ വഴിക്ക് വരുമെന്ന വലിയ പാഠം. വിനയത്തിന്റെ ഭാഷ അറിഞ്ഞുകൂടാതെ പോയ ഒരു ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിനായി പോലീസിന്റെ മുന്നിൽ കൈകെട്ടി ഇരിക്കുന്നുണ്ടെങ്കിൽ അതൊരു വിപ്ലവം തന്നെ.

ആ വിപ്ലവത്തിന് സാക്ഷ്യം വഹിക്കാൻ ജയ ബാലകൃഷ്ണൻ എന്ന ഒരു മനുഷ്യന്റെ ജീവിതം നൽകേണ്ടിവന്നു എന്നു മാത്രം. ചേരാനല്ലൂർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ വേദന ഇരട്ടിയാക്കിയത് അധികാരികളുടെയും കുറ്റക്കാരുടെയും സമീപനമാണ്. അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയുടെ ധിക്കാരപരമായ പെരുമാറ്റമാണ് കാര്യങ്ങൾ വഷളാക്കിയത്.

vachakam
vachakam
vachakam

പോലീസ് സ്റ്റേഷനിൽ നിന്നും അർഹമായ പരിഗണന ലഭിച്ചില്ലെന്നും മൃതദേഹം സംസ്‌കരിക്കുന്നതിന് മുൻപ് തന്നെ പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജാമ്യം നൽകാൻ പോലീസ് തിടുക്കം കാട്ടിയെന്നും ബന്ധുക്കൾ പറഞ്ഞു. പ്രതിയുടെ ചിത്രം പകർത്തിയ ബന്ധുവിന്റെ ഫോണിൽ നിന്ന് പോലീസ് അത് നിർബന്ധപൂർവം ഡിലീറ്റ് ചെയ്യിച്ചു. സംഭവത്തിൽ പ്രതിഷേധം ശക്തമായ ശേഷമാണ് പോലീസിന് മാറ്റമുണ്ടായത്.

അതിജീവനത്തിന്റെ പോരാട്ടത്തിൽ ചിറ്റൂരിലെ തട്ടുകടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ആ കുടുംബം പുലർന്നിരുന്നത്. 26 വർഷമായി ദിനരാത്രങ്ങൾ അധ്വാനിച്ച് മക്കളുടെ പഠനവും 20 ലക്ഷം രൂപയുടെ വീട്ടുവായ്പയും തിരിച്ചടച്ചിരുന്ന ജയബാലകൃഷ്ണന്റെ വിയോഗം കുടുംബത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

'മറ്റൊരു വഴിയില്ല, ചടങ്ങുകൾ കഴിഞ്ഞാൽ മക്കൾക്കൊപ്പം കട വീണ്ടും തുറക്കും' എന്ന ഭാര്യ ബിന്ദുവിന്റെ വാക്കുകൾ ആ കുടുംബത്തിന്റെ വേദനയ്‌ക്കൊപ്പം അതിജീവനത്തിന്റെ നിശ്ചയദാർഢ്യവും വ്യക്തമാക്കുന്നു. കേരളം തിരിച്ചറിയുന്ന അതിജീവനം. കേരളം ഞെട്ടലോടെ മനസ്സിലാക്കിയ നിയമത്തിന്റെ ഇരട്ട നീതി. കേരളം ഒത്തിരി മാറാൻ ഉണ്ട് എന്നതിന്റെ നേർസാക്ഷ്യം.

അതിവേഗം നടപടി

നിത്യ ജീവിതത്തിന്റെ ചില പ്രത്യേക ഘട്ടങ്ങളിലാണ് ഒരു വിഷയത്തിൽ സമൂഹ മനസ്സാക്ഷി ഒന്നടങ്കം ഒരുപോലെ ചിന്തിക്കുന്നത്. അത് ഒരു ആഹ്ലാദ നിമിഷമാകാം. ദുരന്തമാകാം. എന്നാലും പൊതുസമൂഹം ഒരുപോലെ ആഗ്രഹിക്കുന്ന ഒന്ന് യാഥാർത്ഥ്യമാക്കാൻ ചുമതലപ്പെട്ടവരാണ് ഭരിക്കുന്നവർ.

മിനി കൂപ്പർ അപകടത്തിൽ 3 ജീവനുകൾ പൊലിഞ്ഞപ്പോൾ ഇത്തരത്തിൽ സമൂഹം ഒന്നാകെ ഞെട്ടി. അതിനു പിന്നാലെ 17 കാരന്റെ രാത്രികാല സവാരി ഒരു കുടുംബത്തിന്റെ അത്താണിയായ മനുഷ്യനെ ഒറ്റ നിമിഷം കൊണ്ട് അവസാനിപ്പിച്ചപ്പോൾ സമൂഹം ഒന്നുകൂടി നടുങ്ങി. ഈ രണ്ടു സംഭവങ്ങളും,2026 ലും നീതിക്ക് മുന്നിൽ നമ്മുടെപരിഷ്‌കൃത സമൂഹം ഇപ്പോഴും രണ്ടുതരം പൗരന്മാരാണ് എന്ന ചിന്തയാണ് ഉണർത്തിയത്. 

അതിനു കാരണം, രണ്ട് കേസിലും പ്രതിസ്ഥാനത്ത് വന്നത് സാമ്പത്തികമായും സ്വാധീനം കൊണ്ടും മേൽത്തട്ടിൽ നിൽക്കുന്നവരാണ് എന്നതിനാലാണ്. നീതി പാലകരായ പോലീസ് ആണ് വാസ്തവത്തിൽ കേരളീയ മനസ്സാക്ഷിക്കു മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. സ്വാധീനം ചെലുത്താൻ കഴിയുന്നവർ പ്രതികളാക്കപ്പെടുമ്പോൾ നീതിന്യായ വ്യവസ്ഥ അതിന്റെ സർവ്വ കുറുക്കുവഴികളും സ്വയം തേടുകയും അത്തരക്കാരെ വെറും കയ്യോടെ സ്വതന്ത്രരാക്കുകയും ചെയ്യും എന്ന പൊതുബോധം ഇവിടെ ശക്തമാണ്.

എങ്കിലും ഒന്നും മിണ്ടാൻ കഴിയാത്ത നിലയിലാണ് സമൂഹ മന:സാക്ഷി എക്കാലത്തും. എന്നാൽ, അത്തരം അനീതികളെ നേരിടുമെന്ന് നിശ്ചയിച്ച ചേരാനല്ലൂരിലെ പെൺകുട്ടിയാണ് ഇപ്പോൾ വിപ്ലവം സൃഷ്ടിച്ചിട്ടുള്ളത്. വെറും കരച്ചിൽ കൊണ്ട് അവസാനിപ്പിക്കാനുള്ളതല്ല പ്രതിഷേധമെന്ന് പെൺകുട്ടി വിട്ടുവീഴ്ചയില്ലാതെ പൊതുസമൂഹത്തോടും മാധ്യമങ്ങളോടും വിളിച്ചുപറഞ്ഞു കൊണ്ടിരുന്നു. അത് കേൾക്കാതിരിക്കാൻ ഒരു രാഷ്ട്രീയകക്ഷിക്കും കഴിഞ്ഞില്ല. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇക്കാര്യത്തിൽ കൈകോർത്തപ്പോൾ പ്രതിസ്ഥാനത്തായത് വീണ്ടും പോലീസ് തന്നെ.

നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ ഉയർന്ന ഈ ഗുരുതര വിഷയം സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും വൻ പ്രതിസന്ധിയിലാക്കി. പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്തത് പൊലീസിന് സംഭവിച്ച വലിയ വീഴ്ചയാണെന്ന് എ.ഡി.ജി.പി പി. വിജയന്റെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചതോടെ ബന്ധപ്പെട്ട പോലീസുകാർക്ക് സസ്‌പെൻഷൻ. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് സ്ഥാന ചലനം. എല്ലാം പെട്ടെന്നായിരുന്നു.

എന്നാൽ, ഇതിനിടെ മറന്നുകൂടാത്ത ഒരു കാര്യമുണ്ട്. ഒരു പോലീസ് കമ്മീഷണറെ തൽസ്ഥാനത്തുനിന്ന് തെറിപ്പിച്ചത് കൊണ്ട് തീരുന്നതല്ല ഈ വിഷയം. തെരുവിലേക്ക് ഇറങ്ങുന്ന ഒരോ പൗരനും പാലിക്കേണ്ട കടമകൾ എഴുതിവയ്ക്കപ്പെട്ടിട്ടുണ്ട്. പ്രതിദിനം കേരളത്തിൽ നടക്കുന്ന വാഹന അപകടങ്ങളുടെ സ്വഭാവം നോക്കിയാൽ അവയിൽ അധികവും അലക്ഷ്യവും അതിരുവിട്ടതുമായ ഡ്രൈവിംഗ് കൊണ്ടാണെന്ന് കാണാം. കേരള ഹൈക്കോടതി പോലും പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും അതെല്ലാം കാറ്റിൽ പറത്തി കൊച്ചി നഗരത്തിലൂടെ ജഡ്ജിമാരുടെ കാറുകൾക്ക് പോലും ഭീഷണിയായി നിർത്താതെ ഹോണടിച്ചു മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസ്സുകൾ നിത്യ കാഴ്ചയാണ്. 

വാഹനങ്ങളുടെ ഇടതുവശത്ത് കൂടി ബസ്സുകൾ ഓവർടേക്ക് ചെയ്യരുതെന്ന് ഹൈക്കോടതി വിലക്കിയിട്ടും കോടതിക്ക് മുന്നിലൂടെ അത് ലംഘിച്ച് ബസ്സുകൾ പായുന്നുണ്ടെങ്കിൽ വീണ്ടും ഇവിടെ പ്രതിസ്ഥാനത്ത് വരേണ്ടത് പോലീസ് തന്നെ. ആഡംബര വാഹനങ്ങൾ കേരളത്തിന്റെ നിരത്തുകളിലേക്ക് ഇനിയും കടന്നുവരും. അവയുടെ ഉടമകൾ, പ്രായപൂർത്തിയാകാത്ത മക്കളോ കൊച്ചുമക്കളോ കാണാത്ത വിധം അവയുടെ തക്കോൽ എവിടെയെങ്കിലും ഒളിപ്പിച്ചുവെച്ചാൽ കുറേ നിഷ്‌കളങ്ക മനുഷ്യർകൂടി തെരുവിൽ അകാലത്ത് പൊലിയാതെ ജീവിച്ചു കൊള്ളും.

ഫെരാരി, ലംബോർഗിനി, ബുഗാട്ടി, പഗാനി, കൊയിനിഗ്‌സെഗ് തുടങ്ങിയ കമ്പനികൾ പുറത്തിറക്കുന്ന ആഡംബരത്തിന്റെ അവസാനവാക്കായ സൂപ്പർ കാറുകൾ വിൽപ്പനയിൽ റെക്കോർഡ് സ്ഥാപിച്ച വർഷമാണ് കടന്നുപോയത്. ഇവയിൽ പലതും ബുക്ക് ചെയ്തവന്റെ കാർപോർച്ചിൽ എത്തണമെങ്കിൽ ഒരു വർഷമെങ്കിലും കാത്തിരിക്കണം എന്നാണ് അനുഭവസ്ഥർ പറയുന്നത്.. ആഡംബര വാഹനങ്ങൾക്ക് അത്രത്തോളം ഡിമാൻഡുണ്ട്. അതിന്റെ പകുതി എങ്കിലും വില മനുഷ്യരുടെ ജീവനുകൂടി കൊടുത്തിരുന്നുവെങ്കിൽ!

ഏറ്റവും ഒടുവിൽ, സംസ്ഥാന സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തി ജൂനിയർ അല്ലാത്ത കുട്ടി സബ് ജൂനിയർ മത്സരത്തിൽ പങ്കെടുത്ത് 400 മീറ്ററിൽ സ്വർണം നേടുന്ന വാർത്ത വരുമ്പോൾ അതും മറ്റൊരു കേരള മോഡൽ ആവുകയാണ്!

പ്രിജിത്ത് രാജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam