ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതക്കും മുൻതൂക്കം നൽകി ന്യൂഹൈഡ് പാർക്ക് കേന്ദ്രീകരിച്ച് കഴിഞ്ഞ പതിമൂന്ന് വർഷമായി പ്രവർത്തിക്കുന്ന ECHO (Enhance Communtiy through Harmonious Otureach) എന്ന സംഘടനയുടെ ആറാമത് ഹ്യുമാനിറ്റേറിയൻ അവാർഡിന് പയനിയർ ക്ലബ്ബ് ഓഫ് കേരളൈറ്റ്സ് അർഹരായി.
ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക നന്മക്കായുള്ള പദ്ധതികളും കാഴ്ചവയ്ക്കുന്ന വ്യക്തികളേയും ചെറിയ സംഘടനകളേയും പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ ആറ് വർഷമായി എക്കോ നൽകിവരുന്ന അവാർഡാണ് ഹ്യുമാനിറ്റേറിയൻ അവാർഡ്. പത്രവാർത്തകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും മുൻകൂട്ടി അപേക്ഷകൾ ക്ഷണിച്ച് ലഭിക്കുന്ന അപേക്ഷകരിൽ നിന്നും തെരഞ്ഞെടുത്താണ് ഏറ്റവും അർഹരായവരെ നിശ്ചയിക്കുന്നത്.
അതിനായി രൂപീകരിക്കപ്പെട്ട പ്രത്യേക കമ്മറ്റി ഈ വർഷം ലഭിച്ച വിവിധ അപേക്ഷകൾ വിശദമായി പരിശോധിച്ചതിൽ നിന്നുമാണ് പയനിയർ ക്ളബ്ബിന്റെ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന മികവ് കണക്കിലെടുത്ത് അവാർഡിനായി തെരഞ്ഞെടുത്തത്. രണ്ടായിരത്തി അഞ്ഞൂറ് ഡോളറും ($2,500) പ്രശംസാഫലകവുമാണ് സമ്മാനമായി നൽകുന്നത്.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളമായി ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന കുടിയേറ്റ മലയാളികളുടെ ഒരു സംഘടനയാണ് പയനിയർ ക്ളബ്ബ് ഓഫ് കേരളൈറ്റ്സ്. കുടിയേറ്റക്കാരായി അമേരിക്കയിൽ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് വന്ന അൻപത്തി അഞ്ച് വയസ്സ് കഴിഞ്ഞവർക്ക് മാത്രം അംഗത്വം നൽകുന്ന സംഘടനയാണ് പയനിയർ ക്ലബ്ബ്. അതിനാൽ തന്നെ സമൂഹത്തിലെ മുതിർന്ന പൗരന്മാരുടെ സംഘടനയാണ് പ്രസ്തുത ക്ലബ്ബ്.
മുതിർന്ന പൗരന്മാരെ ഒത്തു ചേർത്ത് അവരുടെ കൂട്ടായ്മയിലൂടെയും സ്വന്തം സമ്പാദ്യത്തിൽ നിന്ന് പങ്ക് നൽകിയും കേരളത്തിലും മറ്റ് ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലും അർഹതപ്പെട്ട നിർധനർക്ക് വൈദ്യസഹായവും, ഭവന നിർമ്മാണ സഹായവും മറ്റു പല വിധത്തിലുള്ള കൈത്താങ്ങലുകളും പയനിയർ ക്ലബ്ബ് നൽകിവരുന്നു.
അതിലുപരി സമൂഹത്തിൽ വാർദ്ധക്യ സഹജമായ ഏകാന്തത അനുഭവിക്കുന്നവർക്ക് തണലായി അവരെ ഒത്തൊരുമിപ്പിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ശാരീരിക ബിദ്ധിമുട്ടുകളാലും പലതരം അസുഖങ്ങളാലും ഭവനത്തിൽ കഴിയുന്നവരെ സന്ദർശിച്ച് സാന്ത്വന വാക്കുകൾ നൽകി മാനസിക ഉത്തേജനം നൽകുന്നതിനും പയനിയർ ക്ലബ്ബ് അംഗങ്ങൾ മുൻകൈ എടുത്തുവരുന്നു.
2002 ഏപ്രിൽ മാസം ഏതാനും കുടിയേറ്റ അമേരിക്കൻ മലയാളികൾ കൂടിച്ചേർന്ന് സൗഹൃദം പങ്ക് വയ്ക്കുന്നതിനും, സാംസ്കാരിക കൂട്ടായ്മക്കായും രൂപീകരിച്ച സംഘടനയാണ് പയനിയർ ക്ലബ്ബ്. പരേതനായ പാസ്റ്റർ ആച്ചോയ് മാത്യു സ്ഥാപക പ്രസിഡന്റായി സ്ഥാനമേറ്റ് ഏകദേശം പന്ത്രണ്ട് വർഷത്തോളം പ്രസ്തുത ക്ലബ്ബിനെ മുമ്പോട്ട് നയിച്ചു.
പിന്നീട് അടുത്ത നാല് വർഷത്തോളം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് വൈസ് ചെയർമാനും യുണൈറ്റഡ് നേഷൻസ് ഉദ്യോഗസ്ഥനുമായിരുന്ന ജോർജ് എബ്രഹാമിന്റെയും മനുഷ്യസ്നേഹിയും ബിസിനസ്സുകാരനുമായ വി.എം.ചാക്കോയുടെയും നേതൃത്വത്തിൽ കൂടുതൽ അംഗങ്ങളെ സംഘടനയിലേക്ക് ചേർത്ത് പ്രവർത്തനം വിപുലീകരിച്ചു.
അതിനുശേഷം 2018ൽ ജേക്കബ് ജോർജും ജോർജ് തൈലയും ചേർന്ന ടീം സംഘടനയുടെ നേതൃത്വം ഏറ്റെടുത്തു. പിന്നീട് 2022 നവംബർ മുതൽ നിലവിലുള്ള ടീം അംഗങ്ങളുടെ നേതൃത്വത്തിൽ ധാരാളം ചാരിറ്റി പ്രവർത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പരിപാടികളും നടത്തിവരുന്നു.
2022 മുതൽ പ്രസിഡന്റ് ജോണി സക്കറിയ, സെക്രട്ടറി വർഗ്ഗീസ് എബ്രഹാം (രാജു), ട്രഷറർ ജോൺ പോൾ, വൈസ് പ്രസിഡന്റ് തോമസ് പാലത്തറ, ജോയിന്റ് സെക്രട്ടറി ലോണാ എബ്രഹാം, എക്സിക്യൂട്ടീവ് അംഗങ്ങളായ വി.എം. ചാക്കോ, ജേക്കബ് ജോർജ്, തോമസ് കൈപ്പകശ്ശേരിൽ എന്നിവരുടെ നേതൃത്വം സംഘടനയെ നയിക്കുന്നു.
പ്രസ്തുത നേതൃത്വത്തിന്റെ ചുമതലയിൽ ചാരിറ്റി പ്രവർത്തനങ്ങളും സാമൂഹിക പരിപാടികളും വിപുലമായി നടത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ മുന്നൂറിലധികം അംഗബലമുള്ള സംഘടനയിൽ ഏകദേശം നൂറോളം അംഗങ്ങളുടെ നിസ്സീമമായ സഹകരണത്താൽ ഇരുപത്തിരണ്ടായിരത്തി അഞ്ഞൂറോളം ഡോളർ ($22,500) സമാഹരിച്ച് വയനാട് പ്രളയ ദുരിതത്തിൽ ഭവനരഹിതരായ 18 കുടുംബങ്ങൾക്ക് ഭവന നിർമ്മാണ പൂർത്തീകരണത്തിനുള്ള ധന സഹായം നൽകി.
50ൽ അധികം നിർധനരായ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പഠന സഹായ തുക പയനിയർ ക്ലബ്ബ് നൽകി വരുന്നു. നിരവധി നിർധനർക്ക് കേരളത്തിൽ വൈദ്യ സഹായനിധിയായി നല്ലൊരു സംഖ്യ കഴിഞ്ഞ വർഷം നൽകുകയുണ്ടായി. ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഭവനങ്ങളിലും നഴ്സിംഗ് ഹോമുകളിലും ശരണം പ്രാപിച്ചിരിക്കുന്ന ധാരാളം പേരെ സന്ദർശിച്ച് അവർക്ക് ആശ്വാസ വചനങ്ങൾ നൽകി സാന്ത്വനം നൽകുന്നതിനായി ക്ലബ്ബ് അംഗങ്ങൾ മുൻകൈ എടുത്തു പ്രവർത്തിക്കുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അമേരിക്കൻ മലയാളികളുടെ മരണാന്തര ചടങ്ങുകൾക്ക് സാമ്പത്തിക സഹായവും പയനിയർ ക്ലബ്ബ് നൽകുന്നുണ്ട്.
പയനിയർ ക്ലബ്ബിന്റെ ഇത്തരം ജീവകാരുണ്യസാമൂഹിക പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഈ വർഷത്തെ എക്കോയുടെ ആറാമത് ഹ്യുമാനിറ്റേറിയൻ അവാർഡിനായി ഈ സംഘടനയെ തെരഞ്ഞെടുത്തത്. ഒക്ടോബർ 31 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ (The Ctillion, 440 Jericho Turnpike, Jericho , NY 11753) നടക്കുന്ന ECHO Annual Dinner and Award Ceremony-യിൽ വച്ച് നൂറുകണക്കിന് മനുഷ്യസ്നേഹികളുടെയും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നേതാക്കളുടെയും നിറ സാന്നിധ്യത്തിൽ അവാർഡ് ദാനം നടക്കുന്നതായിരിക്കും.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ അച്ചനും, തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക രാഷ്ട്രീയ നേതാക്കളും ചേർന്ന് അവാർഡ് ദാനം നിർവ്വഹിക്കുന്നതാണ്.
ഈ വർഷം ഭൂകകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട നേപ്പാളിലെ ജനങ്ങളെ സഹായിക്കുന്നതിനായി ECHO ഒരു ഫണ്ട് റൈസർ പരിപാടിയും വാർഷിക ഡിന്നർ മീറ്റിംഗിനോടൊപ്പം നടത്തുന്നു.
ന്യൂയോർക്കിലെ നേപ്പാൾ കോൺസൽ ജനറൽ ആദരണീയനായ ദാധിറാം ഭണ്ടാരി പ്രസ്തുത ഡിന്നർ മീറ്റിംഗിൽ അതിഥിയായി പങ്കെടുക്കുന്നതിന് സമ്മതിച്ചിട്ടുണ്ട്. ഉദാരമനസ്കരും മനുഷ്യസ്നേഹികളുമായ എല്ലാവരും നേപ്പാൾ സഹായ നിധിയിലേക്ക് മനസ്സറിഞ്ഞ് സംഭാവന നൽകണമെന്ന് ECHO ഭാരവാഹികളും സംഘാടകരും അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫോൺ: 516-902-4300. Visit: www.echoforhelp.org
മാത്യുക്കുട്ടി ഈശോ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
