ഷിക്കാഗോ: ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ ഷിക്കാഗോ ട്രാൻസിറ്റ് അതോറിറ്റിയുടെ (CTA) പ്രശസ്തമായ ഹോളിഡേ ട്രെയിൻ നവംബർ 27 മുതൽ വീണ്ടും സർവീസ് ആരംഭിക്കുന്നു. ആയിരക്കണക്കിന് വർണവെളിച്ചങ്ങളും ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസിന്റെ സാന്നിധ്യവുമുള്ള ട്രെയിൻ ഷിക്കാഗോയിലെ ക്രിസ്മസ് ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
നവംബർ 27ന് ഓറഞ്ച്, ഗ്രീൻ ലൈനുകളിലൂടെയാണ് ഈ വർഷത്തെ ആദ്യ സർവീസ് ആരംഭിക്കുന്നത്. തുടർന്ന് ഡിസംബർ അവസാനം വരെ CTAയുടെ വിവിധ റെയിൽ ലൈനുകളിലൂടെ ഹോളിഡേ ട്രെയിൻ സഞ്ചരിക്കും.
സാധാരണ യാത്രാ ട്രെയിനുകളെ ക്രിസ്മസ് അലങ്കാരങ്ങളാൽ മനോഹരമാക്കിയാണ് സർവീസ് നടത്തുന്നത്. വർണവെളിച്ചങ്ങൾ, ക്രിസ്മസ് സംഗീതം, അലങ്കരിച്ച കോച്ചുകൾ എന്നിവ യാത്രക്കാർക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. സാന്താക്ലോസും അദ്ദേഹത്തിന്റെ സഹായികളും ട്രെയിനിലുണ്ടാകുന്നതും കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രത്യേക ആകർഷണമാണ്.
പ്രത്യേക ടിക്കറ്റ് ആവശ്യമില്ലെന്നതാണ് ഹോളിഡേ ട്രെയിനിന്റെ മറ്റൊരു പ്രത്യേകത. സാധാരണ CTA യാത്രാനിരക്ക് നൽകി പൊതുജനങ്ങൾക്ക് ട്രെയിനിൽ യാത്ര ചെയ്യാം. ഷിക്കാഗോയിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ഹോളിഡേ ട്രെയിൻ ക്രിസ്മസ് ആഘോഷങ്ങൾക്കൊപ്പം സാമൂഹിക സേവന പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. അവധിക്കാലത്ത് ആവശ്യക്കാരായ കുടുംബങ്ങൾക്ക് ഭക്ഷണവും സമ്മാനങ്ങളും എത്തിക്കുന്ന CTAയുടെ സേവനപരിപാടികളും ഇതിന്റെ ഭാഗമാണ്.
ഹോളിഡേ ട്രെയിനിന് പുറമെ ക്രിസ്മസ് അലങ്കാരങ്ങളുള്ള പ്രത്യേക ഹോളിഡേ ബസും ഇഠഅയുടെ ആഘോഷപരിപാടികളുടെ ഭാഗമാണ്. ഷിക്കാഗോ നഗരത്തിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന മലയാളി കുടുംബങ്ങൾക്കും കുട്ടികൾക്കും കുറഞ്ഞ ചെലവിൽ ആസ്വദിക്കാവുന്ന ഒരു ക്രിസ്മസ് അനുഭവമായിരിക്കും ഈ യാത്ര. യാത്ര ആസൂത്രണം ചെയ്യുന്നവർ ഓരോ റെയിൽ ലൈനിലെയും സർവീസ് തീയതികളും സമയക്രമവും CTAയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
CTAയുടെ ഔദ്യോഗിക അറിയിപ്പനുസരിച്ച്, ഈ വർഷം ഏകദേശം 400 ഭക്ഷണ കിറ്റുകൾ വിവിധ സാമൂഹിക സംഘടനകൾക്ക് വിതരണം ചെയ്യാനും പദ്ധതിയുണ്ട്. 1992ൽ ആരംഭിച്ച ഈ ക്രിസ്മസ് പാരമ്പര്യം ഇതിനകം 11,900ലധികം കുടുംബങ്ങൾക്ക് സഹായമെത്തിച്ചിട്ടുണ്ട്.
പ്രധാന തീയതികൾ: നവംബർ 27ന് ഹോളിഡേ ട്രെയിനും നവംബർ 24ന് ഹോളിഡേ ബസും സർവീസ് ആരംഭിക്കും.
അനിൽ മറ്റത്തിക്കന്നേൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
