അഴിമതി വല കിലുക്കുമോ ഈ മെസ്സി കിക്ക്?

AUGUST 12, 2026, 10:51 AM

ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരത്തിന്റെ പേരിൽ നടന്നു എന്നു പറയുന്ന അഴിമതിയുടെ കഥ അധികമാരെയും ഞെട്ടിച്ചു കാണില്ല. ലയണൽ മെസ്സി എന്ന ലോകാരാധ്യനായ കളിക്കാരനെ കേരളമണ്ണിൽ എത്തിക്കും എന്ന വാർത്ത പുറത്തുവന്നപ്പോൾ അറിയാതെ ആരവം മുഴക്കിയ ആരാധകർ ഇവിടെയുണ്ടായിരുന്നു. അവർ പണ്ടേ നിരാശരായതാണ്.

അതൊരു വെറും വാക്കായിരുന്നു എന്ന സത്യം മെല്ലെ മെല്ലെ പുറത്തേക്ക് വന്നപ്പോൾ ചതിയുടെ സൂചന അന്നേ മലയാളികൾക്ക് കിട്ടിയതാണ്. മുൻ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ മെസ്സിയെയും അർജന്റീന ടീമിനെയും കൊച്ചിയിൽ സൗഹൃദ മത്സരത്തിനായി എത്തിക്കാൻ പദ്ധതിയിട്ട വാർത്ത അഖിലേന്ത്യാ ശ്രദ്ധ പിടിച്ചുപറ്റിയതാണ്.

പ്രഖ്യാപനം വന്നയുടനെ അത് സംബന്ധിച്ച് സംശയങ്ങളും തലയുയർത്തിയിരുന്നു. കാരണം, കായിക മന്ത്രിയോ സർക്കാർ സംവിധാനങ്ങളോ അല്ല അന്ന് മെസ്സിയുടെ വരവിനെ കുറിച്ച് വാചാലരായത്. സ്‌പോൺസറായ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ്. പൊതുസ്വത്തിന്മേൽ കൈ വയ്ക്കുകയും അത് കൈവശപ്പെടുത്തുകയും ചെയ്തു എന്ന പേരിൽ കേസ് നിലനിൽക്കുന്ന ഒരു സ്വകാര്യ വ്യക്തിയെ ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഒരു കായികമേളയുടെ നടത്തിപ്പുകാരനാക്കാൻ തീരുമാനിക്കുമ്പോൾ അതിനുമേൽ വീഴുന്ന കരിനിഴൽ കഴിഞ്ഞ സർക്കാരിന് പ്രശ്‌നമായിരുന്നില്ല. പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന ചൊല്ല് യാഥാർത്ഥ്യമാവുകയായിരുന്നു അവിടെ.

vachakam
vachakam
vachakam

കളിക്കളം പടക്കളം

മെസ്സി വരില്ല ആശനേ എന്ന് പിന്നീട് അന്നത്തെ കായിക മന്ത്രിക്കും സ്‌പോൺസർക്കും പറയേണ്ടി വന്നെങ്കിലും അതിന്റെ മറവിൽ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം നവീകരിക്കാനുള്ള കരാർ അടിച്ചു മാറ്റാൻ പിന്നണിയിൽ നിന്നവർക്ക് കഴിഞ്ഞു. ഒരു രാജ്യാന്തര മത്സരത്തിനും വേദിയാകാൻ കഴിയില്ലെന്ന് ഉറപ്പിക്കപ്പെട്ട കൊച്ചി സ്റ്റേഡിയം ആർക്കുവേണ്ടി നവീകരിച്ചു?

എൽപിജി ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിരവധി ഭക്ഷണശാലകൾ ഉൾക്കൊള്ളുന്ന ആ സ്റ്റേഡിയത്തിൽ രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങളുടെ ഒരു അളവുകോലു വച്ചും അത്തരം മത്സരം നടത്താൻ കഴിയില്ല. അത് അറിഞ്ഞുകൊണ്ടുതന്നെ സ്റ്റേഡിയവും പരിസരവും കയ്യേറി നിർമ്മാണ പ്രവർത്തനങ്ങളും പൊളിച്ചു പണികളും നടത്തി. എല്ലാം മെസ്സിയുടെ പേരിൽ !

vachakam
vachakam
vachakam

വിശാല കൊച്ചി വികസന അതോറിറ്റി അവരുടെ കൈവശമുള്ള കൊച്ചി സ്റ്റേഡിയത്തെ ആർക്കോ വിട്ടുകൊടുത്തു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ. തിരക്കിട്ട് പണികൾ തുടങ്ങി. ആ പണികൾ ആവട്ടെ പൂർത്തിയാക്കിയതുമില്ല. അഴിമതി മണത്ത ചില പൊതുപ്രവർത്തകർ ഇതിനെതിരെ ഹർജിയുമായി ഹൈക്കോടതിയിൽ പോകാൻ ഒരുങ്ങി. എന്നാൽ അവർ പോലും ആ നീക്കത്തിൽ നിന്ന് പിന്മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതിൽ നാം അഴിമതി ദർശിക്കേണ്ടതില്ല. കാരണം, കോടതി നടപടി ക്രമങ്ങൾ പൂർത്തിയായി വരുമ്പോൾ എടുക്കുന്ന കാലതാമസം അവർക്കും അറിയാം.

ഇപ്പോൾ വിവാദങ്ങൾ ഉയർന്നു വന്നപ്പോൾ അന്നു മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ വന്നു പറയുന്ന ന്യായം ഒന്ന് കേൾക്കേണ്ടത് തന്നെയാണ്. അഴിമതിയെ പറ്റി അന്നത്തെ കായിക മന്ത്രി പറഞ്ഞതിനപ്പുറം തനിക്ക് ഒന്നും പറയാനില്ലത്രേ. എല്ലാ കാര്യങ്ങളും പൂർണ്ണമായി താൻ അറിഞ്ഞുകൊള്ളണമെന്നില്ല എന്നാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്റെ ന്യായീകരണം.
ഇതിൽനിന്ന് നാം മനസ്സിലക്കേണ്ടത് ഒന്നേയുള്ളൂ. എല്ലാ അഴിമതിയും മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ല.

പഴയ വലംകൈ ആയിരുന്ന ശിവശങ്കർ എന്ന ഉദ്യോഗസ്ഥൻ പരിഹസിച്ചത് പോലെ, ടോയ്‌ലറ്റ് പേപ്പറിൽ ഒപ്പിടാൻ പറഞ്ഞാലും കണ്ണടച്ച് അത് ചെയ്യുന്ന ഒരു ഭരണാധികാരി എന്ന വിശേഷണം അദ്ദേഹം പണ്ടേ നേടിയിട്ടുണ്ട്. അതിനാൽ അഴിമതിയെക്കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹത്തിന് കള്ളം പറയേണ്ടി വരില്ല. പലതും അറിയാതെ പോയ പത്തു വർഷങ്ങളാണ് കേരളത്തിനായി അദ്ദേഹം സമർപ്പിച്ചത്. പോരാത്തതിന് സ്വന്തം കേസുകൾ, മകളുടെ പേരിലുള്ള കേസുകൾ എന്നിവ ശിരസ്സിലുള്ളപ്പോൾ എന്ത് പന്ത് കളി. എന്ത് മെസ്സി...

vachakam
vachakam
vachakam

ഇനി ആര് കളിക്കും

ഇപ്പോൾ പന്ത് വി.ഡി. സതീശന്റെ കോർട്ടിലാണ്. കർശനമായ നടപടികളുമായി മുന്നോട്ടു പോകാൻ ഈ വാരം ചേരുന്ന മന്ത്രിസഭയോഗം തീരുമാനിക്കും. കാരണം, ഭരണത്തിൽ കയറിയശേഷം നല്ലൊരു രാഷ്ട്രീയ ആയുധം മുഖ്യമന്ത്രിക്ക് വീണുകിട്ടിയത് ഇപ്പോഴാണ്. അത് പ്രയോഗിക്കുമെന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ് ഒരു മുൻകൂർ ജാമ്യം എന്ന നിലയിൽ പിണറായി വിജയൻ, കേസ് പഴയ കായിക മന്ത്രിയുടെ തലയിൽ ഇട്ടത്.

ഇത്രയും പരസ്യമായി ഒരു അഴിമതി നടത്താനുള്ള ആസൂത്രണം ചെയ്‌തെങ്കിൽ, അതിന് എല്ലാ ഭരണ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയെങ്കിൽ നാമറിയാതെ പോയ എത്രയെത്ര കൊടും കൊള്ളകൾ ഇവിടെ നടന്നിട്ടുണ്ടാകും. ഈ മെസ്സി എപ്പിസോഡിൽ നമ്മൾ തിരിച്ചറിയേണ്ട സത്യം അതാണ്. കായിക മന്ത്രി രണ്ടുവർഷത്തോളം മെസ്സിയുടെ വരവിനായി ഇമെയിൽ സന്ദേശങ്ങൾ അയച്ചതിന്റെ തെളിവുകൾ വേറെ. ഇതെല്ലാം കായിക പ്രേമികളുടെ താല്പര്യത്തിന് വേണ്ടി ആയിരുന്നു എന്ന് നമുക്ക് സമാധാനിക്കാം.

എന്നാൽ കരാർ ഉണ്ടാക്കിയവർ എന്താണ് പറയുന്നത് എന്നുകൂടി കേൾക്കാം:
ഫുട്‌ബോൾ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനയും മെസ്സിയും രണ്ട് അന്താരാഷ്ട്ര സൗഹൃദമത്സരത്തിനായി കേരളത്തിലെത്തുമെന്നാണ് കരാർ. എതിരാളികൾ ഫിഫ റാങ്കിങ്ങിൽ 50 ന് മുകളിലുള്ളവരായിരിക്കുമെന്നും കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുകയെന്നും കരാറിലുണ്ട്. റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനും എഎഫ്എ പ്രസിഡന്റ് ക്ലൗഡിയോ ഫാബിയൻ ടാപ്പിയോയും ജനറൽ സെക്രട്ടറി വിക്ടർ ബ്ലങ്കോ റോഡ്രിഗസും തമ്മിലുള്ള കരാറാണ് ചാനൽ പുറത്തുവിട്ടത്. 2024ലാണ് കരാർ ഒപ്പിട്ടത്. ഇത്തരമൊരു കരാറില്ലെന്ന വാർത്തകൾ വ്യാജമാണെന്ന് അവർ വാദിക്കുന്നു.

കരാർ രൂപീകരണത്തിലൂടെ സംസ്ഥാന സർക്കാരിന് യാതൊരുവിധ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല. എല്ലാവിധ നടപടികളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) കൃത്യമായ അനുമതിയോടെയാണ് പൂർത്തിയാക്കിയത്. സ്‌പോൺസർമാർ തന്നെ കരാറുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുള്ളതാണ്.

എന്നാൽ, അഴിമതി കഥകളെ ന്യായീകരിക്കാനും ഇവിടെ ആളുകൾ ഉണ്ടെന്ന് നാം തിരിച്ചറിയുക.
അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ സമർപ്പിച്ചിട്ടുള്ള അന്വേഷണ റിപ്പോർട്ട് പരിശോധിച്ചാൽ തന്നെ അത് ആരെ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാകുമെന്ന് മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി പറയുന്നു. 

കായിക വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് തയാറാക്കിയ റിപ്പോർട്ടിൽ പലയിടത്തും അന്നത്തെ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ പരാമർശങ്ങളുണ്ട്. കാര്യങ്ങൾ നേരെ ചെവ്വേ പറയാതെയുള്ള ഈ റിപ്പോർട്ട് പരിശോധിച്ചാൽ തന്നെ ആരെ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏതായാലും മെസ്സി വിവാദത്തിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ നേരിട്ട് ഇടപെടൽ നടത്തിയതിന്റെ തെളിവുകൾ പുറത്തു വന്നു. അതേസമയം, മെസ്സിയെ കൊണ്ടുവരാൻ 130 കോടി രൂപ നൽകിയ 'ടൂർ പ്രോ എന്റർ' എന്ന കമ്പനി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഫ്.ബി.ഐ അന്വേഷണം നേരിടുന്ന ഒന്നാണെന്നും വിവരങ്ങൾ പുറത്തുവരുന്നു.

ഏതായാലും, പൊതുജനം എന്ന കാണികൾ നോക്കിയിരിക്കെ,മുൻ ഭരണകൂടം വിശാലമായ കളിക്കളം ഒരുക്കിയത് അഴിമതിയുടെ കായിക മാമാങ്കത്തിനായിരുന്നുവെന്ന് തിരിച്ചറിയുന്നു കേരളം ! അഴിമതി നടത്താൻ വ്യക്തമായ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിന്റെ ഒത്താശയോടെ ഇത്തരം ഒരു കളി കേരളത്തിൽ കളിച്ചെങ്കിൽ അതിന് വഴിയൊരുക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നത് പുതിയ സർക്കാരിന്റെ ഇച്ഛാശക്തിയെ തിരിച്ചറിയാനുള്ള ഒരു ഉപാധിയായി നമുക്ക് കാണാം.

കാത്തിരിക്കാം.

പ്രജിത്ത് രാജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam