തിരുവല്ല: കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ചങ്ങനാശേരി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി.വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കൽ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു.
16നാണ് കയ്യിലെ കൊഴുപ്പ് നീക്കുന്നതിന് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിദ്യയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
വിദ്യയുടെ മരണത്തിൽ സ്വകാര്യ വെൽനെസ് ക്ലിനിക്കിനെതിരെയാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ശേഖരിച്ചു ജില്ലാ മെഡിക്കൽ ഓഫിസർക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറി.
ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനാലാണ് ആരോഗ്യസ്ഥിതി ഗുരുതരമായതെന്നും സ്വകാര്യ ക്ലിനിക് അധികൃതർ പറഞ്ഞു. ശസ്ത്രക്രിയ നടന്ന സമയത്തെ സിസിടിവി ദൃശ്യം പുറത്തുവിടണമെന്ന് വിദ്യയുടെ മകൻ സിദ്ധാർഥ് ആവശ്യപ്പെട്ടു. അനസ്തീസിയ, കേസ്ഷീറ്റ് എന്നിവ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
തിരുവല്ലയിൽ പ്രവർത്തിക്കുന്ന മെഡ്ലോഞ്ചസ് എന്ന സ്വകാര്യ ക്ലിനിക്കിനെതിരെയാണ് പരാതി. വി.ജി.വിദ്യയുടെ സംസ്കാരം വീട്ടുവളപ്പിൽ നടത്തി. എസ്.സന്തോഷാണ് വിദ്യയുടെ ഭർത്താവ്. മക്കൾ: സിദ്ധാർഥ്, സംഗീത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
