വരുമോ ഇനിയുമൊരു പിണറായിക്കാലം !

MARCH 5, 2025, 11:23 PM

വിളിച്ചുപോയ പഴയ മുദ്രാവാക്യങ്ങൾക്ക് നവഭാഷ്യം ചമയ്ക്കുന്ന തിരക്കിലാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ. എത്ര തള്ളിപ്പറഞ്ഞാലും തിരിച്ചെടുക്കാൻ കഴിയാത്ത വിധം ഉറച്ചുപോയ മുദ്രാവാക്യങ്ങൾ സ്വന്തമായുള്ള കമ്മൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് പ്രത്യയ ശാസ്ത്ര പ്രതിസന്ധിയിലാണ് എന്ന് വിശ്വസിക്കുന്നവർ ധാരാളമാണ്. വലതുപക്ഷ മുതലാളിത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളെപ്പോലും അമ്പരപ്പിക്കുന്ന വിധം കമ്മ്യൂണിസ്റ്റ് പാർട്ടി, പ്രത്യേകിച്ച് സി.പി.എം മുന്നോട്ടുപോയോ ?

ഈ വിമർശത്തെനേരിടുന്നത് പാർട്ടി സഹിഷ്ണുതയോടെയല്ല എന്നൊരാക്ഷേപവും സജീവമാണ്. അല്ലെങ്കിലും പ്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഒരു ഇരുമ്പലക്ക ശൈലി കമ്മ്യൂണിസ്റ്റു പാർട്ടികളുടെ അസ്ഥിത്വത്തിന്റെ ഭാഗമാണ്. അതിനെചോദ്യം ചെയ്തതുകൊണ്ട് അത് തിരുത്തപ്പെടുമെന്ന് ആരും വ്യാമോഹിക്കുന്നില്ല. തിരുത്താനും നടത്താനും കെൽപ്പുള്ള ഉറച്ച പ്രസ്ഥാനമാണ് തങ്ങളുടേതെന്ന് ഉറച്ചു വിശ്വസിക്കുന്ന നേതാക്കളുടേയും അണികളുടേയും കൂട്ടായ്മ ഉള്ളിടത്തോളം കമ്മ്യൂണിസ്റ്റു പാർട്ടികൾ അവരുടെ ശൈലിയിൽ മുന്നോട്ടുപോവുക തന്നെ ചെയ്യും.
ഇന്ത്യയിൽ സി.പി.എം. സ്വാധീനം അവശേഷിക്കുന്ന കേരളത്തിൽ കമ്മൂണിസ്റ്റ് ഭരണനേട്ടങ്ങളേയും അപചയങ്ങളേയും മലയാള സമൂഹം ചർച്ച ചെയ്യുന്ന ഘട്ടത്തിലാണ് പാർട്ടി സംസ്ഥാന സമ്മേളനം നടക്കുന്നത്. കരുത്തരായ നേതാക്കളായിരുന്നു എക്കാലത്തും സി.പി.എമ്മിന്റെ ശക്തി. എ.കെ.ജി മുതൽ ഇ.എം.എസും, ഇ.കെ. നായനാരും, ചടയൻഗോവിന്ദനും, അച്യുതാനന്ദനും, കൊടിയേരിയും പതാക വാഹകരായ പാർട്ടി. എന്നാൽ ഒരു വ്യാഴ വട്ടക്കാലം പാർട്ടി സെക്രട്ടറിയായ പിണറായി വിജയൻ ഇവരിൽ നിന്ന് അൽപം വ്യത്യസ്ഥനാണ്.

വ്യത്യസ്ഥനാം പിണറായി

vachakam
vachakam
vachakam

കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന് തുടർ ഭരണം കിട്ടുമോ എന്ന ചർച്ചാ വിഷയം കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് തുറന്നു വിട്ടിരിക്കുകയാണ് പ്രസ്ഥാനം ഇപ്പോൾ. പ്രതിപക്ഷത്തിന്റെ സർവ സംഘടനാ ദൗർബല്യങ്ങളേയും മുന്നിൽക്കണ്ടാണ് സി.പി.എമ്മിന്റെ നീക്കം.

പാർട്ടി ഇപ്പോൾ ഉണർന്നെഴുന്നേൽക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. കഴിഞ്ഞ ജൂണിൽ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച ലോക്‌സഭാ അവലോകന റിപ്പോർട്ടിൽ, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആവശ്യമായ തിരുത്തലുകൾ നടത്തി ജനവിശ്വാസം വീണ്ടെടുക്കാൻ നിർദ്ദേശിച്ചിരുന്നു. വർഗപരമായ സമീപനങ്ങളിൽ പാർട്ടി വ്യതിചലിച്ചിരിക്കുന്നു എന്ന ആശങ്ക പാർട്ടി കേന്ദ്ര കമ്മിറ്റി പങ്കുവച്ചിരുന്നു.

പിണറായി സർക്കാരിന്റെ ചില നയങ്ങൾ താഴെത്തട്ടിലുള്ള വിഭാഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ കുറ്റകരമായ വീഴ്ച വരുത്തിയതായി പൊതുസമൂഹം വിലയിരുത്തുകയും ചെയ്യുമ്പോൾ സമ്മേളന കാലത്ത് പാർട്ടി പ്രതിരോധത്തിലാണ്. സ്‌കൂൾ പാചക തൊഴിലാളികൾ, റേഷൻ വിതരണക്കാർ, സ്‌പെഷ്യൽ സ്‌കൂൾ ജീവനക്കാർ, അംഗൻവാടി ജീവനക്കാർ, ഏറ്റവും ഒടുവിൽ ആശാവർക്കർമാർ എന്നിവരുടെ ജീവൽ പ്രശ്‌നങ്ങളിൽ സർക്കാരിന്റെ നിലപാട് സങ്കീർണവും പലപ്പോഴും വിചിത്രവുമാണ്.

vachakam
vachakam
vachakam

ഓണറേറിയം ഉൾപ്പെടെ പ്രതിവർഷം 30 ലക്ഷത്തോളം രൂപ ശമ്പള ഇനത്തിൽ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് നൽകാനുള്ള തീരുമാനം ഇതിനൊപ്പം ചേർത്തു വായിക്കുകയാണ് പൊതു സമൂഹം. പി.എസ്.സി. ചെയർമാന്റെ പെൻഷൻ ഒരു ലക്ഷത്തോളം വീണ്ടും കൂട്ടി നൽകി.

അതിനിടെ സി.പി.എം. അവരുടെ വ്യവസായ വികസന പുത്തൻ നയങ്ങൾ പ്രഖ്യാപിക്കുന്ന ആഗോള നിക്ഷേപക സംഗമം കൊച്ചിയിൽ സംഘടിപ്പിച്ചു. അപ്പോൾ, ഏതു വിവാദത്തിനിടയിലും അജയ്യനായ പിണറായിയെയാണ് പാർട്ടി കൊണ്ടാടുന്നത്. വാഴ്ത്തു പാട്ടുകൾ ആ അജയ്യത വിളിച്ചോതുന്നു.

2026ലും യു.ഡി.എഫിന്റെ രാഷ്ട്രീയപേടി സ്വപ്‌നം പിണറായി വിജയൻ എന്ന നേതാവാണെങ്കിൽ അതിന്റെ പിന്നിലെ യാഥാർത്ഥ്യം എന്താവാം ?

vachakam
vachakam
vachakam

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിലെ വട്ടപ്പൂജ്യത്തിൽ നിന്ന് ഉണർന്നെഴുന്നേറ്റ് രാഷ്ട്രീയ വിജയമന്ത്രമായി പരിവർത്തനം ചെയ്തതിൽ പിണറായി വിജയൻ എന്ന നേതാവിന്റെ നേതൃത്വത്തെ പാർട്ടി എന്തായാലും തള്ളുന്നില്ല. സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായി തുടർഭരണം. ഇന്ത്യാ മഹാരാജ്യത്തിന്റെ വർത്തമാനകാല രാഷ്ട്രീയ ചിത്രത്തിൽ അതൊരു തിളക്കമാർന്ന ഏടാണ്.

സമ്മേളനക്കാലം

വിഭാഗീയതകൾ ഇല്ലാതായ പൂർണമായും പിണറായി വിജയന്റെ സ്വാധീനം നിറയുന്ന സമ്മേളനമാകും ഇക്കുറിയും നടക്കുന്നത്. ഭരണത്തിൽ നടപ്പാക്കേണ്ട നിലപാടുകൾ അടങ്ങുന്ന ''നവകേരള നയരേഖ' പിണറായി വിജയൻ സമ്മേളനത്തിൽ അവതരിപ്പിക്കുന്നത് ഭരണത്തുടർച്ചയുടെ വാഗ്ദാനങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ്. പുതിയ കാലത്തിന് അനുസരിച്ച് ഭരണം മുന്നോട്ടുപോകണം. വികസന നയങ്ങളിൽ ഉദാര പരിഷ്‌കരണം വേണം. കഴിഞ്ഞ തവണ അവതരിപ്പിച്ച 'നവകേരളത്തിനായുള്ള പാർട്ടി കാഴ്ചപ്പാട് ' നയരേഖ ഭരണതലത്തിൽ പ്രയോഗവത്കരിച്ചു. അതിന്റെ തുടർച്ചയായാണ് പുതിയ നയരേഖ.

അതിനിടെ, രണ്ടാം പിണറായി സർക്കാറിൽ ഒതുങ്ങുകയല്ല ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് വികസന നയങ്ങളിൽ ഉദാര പരിഷ്‌കരണം നടപ്പിൽ വരുത്താൻ മൂന്നു വർഷം മുമ്പ് എറണാകുളത്ത് നടന്ന സമ്മേളനം തീരുമാനിച്ചത്. 

സംസ്ഥാനത്ത് ആദ്യമായി തുടർഭരണം നേടിയ ഇടതു മുഖ്യമന്ത്രി പിണറായി വിജയനല്ലെന്ന് വ്യക്തമാക്കി എൽ.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐയുടെ നേതാവും സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറിയുമായ കെ. പ്രകാശ് ബാബു രംഗത്തു വന്നു. കേരളത്തിൽ ആദ്യമായി തുടർഭരണം നേടിയ ഇടതു മുഖ്യമന്ത്രി സി. അച്ചുത മേനോനാണെന്നും കേരളത്തിന്റെ യഥാർത്ഥ മേഖലയിലും പുരോഗതി സൃഷ്ടിച്ച വികസന ശില്പിയായ അച്യുത മേനോൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് സി.പി.എം എന്നും ആരോപണം.

തുടർഭരണ പ്രതീക്ഷയിൽ, കാലാവധി പൂർത്തിയാകും മുമ്പ് സർക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രവും കേരളത്തിലുണ്ട്. കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെയാണ് 1991 ൽ ഇ.കെ.നായനാർ സർക്കാർ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനിറങ്ങിയത്. ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ മികച്ച വിജയവും ഐക്യജനാധിപത്യമുന്നണിയിൽനിന്ന് മുസ്‌ലിം ലീഗ് വിട്ടുപോയ സാഹചര്യവുമെല്ലാം ഇതിനു പ്രേരണയായെന്നും വിലയിരുത്തപ്പെട്ടു.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരരംഗത്തു നിന്നു മാറി നിന്ന് മുന്നണിയെ നയിക്കാനുള്ള താൽപ്പര്യം മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്തെ സംസ്ഥാന സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് സൂചന നൽകുന്നവരുമുണ്ട്. പിണറായി മാറിയാൽ കേരളത്തിൽ ഹാട്രിക് അധികാര തുടർച്ച സി.പി.എമ്മിന് നഷ്ടമാകുമെന്നു കരുതുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ പിണറായി മത്സരിക്കാതിരുന്നാൽ സി.പി.എമ്മിന്റെ പരമ്പരാഗതവോട്ട് ബാങ്കിൽ വിള്ളലുണ്ടാകും. ഈ സാഹചര്യത്തിൽ പിണറായി മത്സരിക്കണമെന്ന ആവശ്യം സി.പി.എമ്മിൽ ശക്തമാണ്. ക്യാപ്ടൻ ആയി പിണറായി തന്നെ വേണമെന്നാണ് സി.പി.എമ്മിലെ ഭൂരിപക്ഷ നിലപാട്.

എന്നാൽ രണ്ട് ടേം നിർബന്ധമാക്കിയത് കർശനമായി നടപ്പാക്കണം എന്നാണ് പിണറായി വിജയന്റെയും നിലപാട്. അതുകൊണ്ടാണ് നിബന്ധന മാറ്റേണ്ടന്ന നിലപാട് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആവർത്തിച്ചത്. രണ്ട് ടേം നിർബന്ധമാക്കുന്നതോടെ 22 എം.എൽ.എമാർക്ക് സി.പി.എം സീറ്റ് നൽകില്ല. ഒന്നര ടേം പൂർത്തിയാകുന്ന സജി ചെറിയാനും വി.കെ.പ്രശാന്തും മത്സരിച്ചേക്കും. പുതുമുഖങ്ങളെ ഇറക്കി മണ്ഡലങ്ങൾ നിലനിർത്തണമെന്ന നിലപാടിലാണ് നേതൃത്വം. മൂന്നുതവണ എം.എൽ.എ ആക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും 2021ൽ പല പ്രമുഖർ മാറിയിട്ടും തിരിച്ചടിയുണ്ടായില്ലെന്ന് പാർട്ടി വിലയിരുത്തൽ. പക്ഷേ ഇത്തവണ ചില സീറ്റുകളിൽ മാനദണ്ഡം മാറ്റേണ്ടതായുണ്ടെന്ന വിലയിരുത്തലും സജീവമാണ്.

ജയസാധ്യതയ്ക്ക് പ്രാധാന്യം നൽകണം. ചിലർ രണ്ടു തവണ തുടർച്ചയായി മത്സരിച്ചതു കൊണ്ടാണ് കഴിഞ്ഞ തവണ ജയിച്ചത്. ഇത് മാറുമ്പോൾ ഇത്തവണ ചില സീറ്റുകളിൽ ജയസാധ്യത കുറയും. ഹാട്രിക് വിജയത്തിന് ഇത് തടസ്സമാകും. അപ്പോഴും രണ്ടു ടേം നിലനിർത്തി പിണറായി അടക്കം ചിലർക്ക് മാത്രം ഇളവ് നൽകണമെന്ന വാദമാണ് സജീവമാകുന്നത്.

അതിനിടെ, യു.ഡി.എഫിനെതിരായ ആക്രമണത്തിന് മൂർച്ച കൂട്ടാനും മറക്കുന്നില്ല പിണറായി. ഒപ്പം ബി.ജെ.പിയോടുള്ള മൃദു ഭാവവും.. സർക്കാരിന്റെ വികസനപദ്ധതികൾ തടയാൻ കേന്ദ്രസർക്കാരും കോൺഗ്രസും മുസ്ലിംലീഗും ഒറ്റക്കെട്ടാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നു. കർഷകരോഷം ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീടുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി.ക്കെതിരേ പ്രതിഫലിച്ചിട്ടും അവിടങ്ങളിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കോൺഗ്രസ് നയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പി.യെ എതിർക്കുന്ന മറ്റു പ്രതിപക്ഷപാർട്ടികളോട് കോൺഗ്രസ് പുലർത്തുന്ന ധാർഷ്ട്യ സമീപനത്തിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ഡൽഹി തിരഞ്ഞെടുപ്പ്. ഹരിയാണയിലും പ്രാദേശിക കക്ഷികളോട് കോൺഗ്രസ് ഇതേ നിലപാടെടുത്തു. ബി.ജെ.പി.യെ തോൽപ്പിക്കുകയല്ല, ജയമുറപ്പാക്കിക്കൊടുക്കലാണ് കോൺഗ്രസിന്റെ പണി. കോൺഗ്രസിനെ വിശ്വസിക്കാനാവുമോയെന്ന് മുസ്ലിംലീഗിനെപ്പോലുള്ള പാർട്ടികൾ ചിന്തിക്കണം.
തദ്ദേശ തെരഞ്ഞെടുപ്പ് എന്ന അഗ്‌നി പരീക്ഷ പിന്നിട്ടുവേണം മൂന്നാം വട്ടം എന്ന ഉന്നത പരീക്ഷണത്തിന് ഒരുങ്ങാൻ. അധികാരങ്ങൾ പൂവണിയുന്നത് ജനമനസിലാണ് എന്ന മനോഹാരിത ബാക്കിയാക്കുന്നു ജനാധിപത്യം.

പ്രിജിത് രാജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam