കൊല്ലം സമ്മേളനം കൈയടിച്ചു പാടും: ''എന്തിന് വേറൊരു സൂര്യോദയം?''

MARCH 5, 2025, 11:32 PM

കൊല്ലത്തെ ആശ്രാമം മൈതാനിയിൽ കെട്ടിയുയർത്തിയ സി.പി.എം. സംസ്ഥാന സമ്മേളനനഗറിന്റെ  പുറം കാഴ്ചയും അകത്തളക്കാഴ്ചയും നമ്മെ വിസ്മയിപ്പിക്കുന്നു. 'നവകേരളത്തിന്റെ പുതുവഴികൾ' എന്ന മുഖ്യസമ്മേളന വിഷയം പാർട്ടിയുടെ 45 കേന്ദ്ര നിരീക്ഷകരും 530 പ്രതിനിധികളും ചേർന്ന് നാലു മണിക്കൂർ ചർച്ച ചെയ്യുമെന്നാണ് അജണ്ടയിലുള്ളത്.

സംസ്ഥാന സമ്മേളനം തുടങ്ങുന്നതിനു മുമ്പേ, പിണറായിയെ തന്നെ ഭരണമേൽപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്ന നിരവധി 'ഇവന്റുകൾ' കേരളം കണ്ടു. ഇന്ന് പാർട്ടിയിൽ പിണറായിയെ വെല്ലാൻ കഴിയുന്ന ഒരൊറ്റ നേതാവും കേരളത്തിലും കേന്ദ്രത്തിലുമില്ലെന്ന ധാരണ പൊതുവേയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും നഷ്ടപ്പെട്ടുപോയ ഇടതുമുന്നണിയുടെ അന്നത്തെ പരിതാപകരമായ അവസ്ഥയ്ക്ക് 'കാരണ ഭൂതനായി' പിണറായിയെ കുരിശിലേറ്റാൻ പലരും ശ്രമിച്ചുവെങ്കിലും, അതൊന്നും നടപ്പായില്ലെന്നത് ചരിത്രം. അന്ന് മൂന്നാം പിണറായി സർക്കാർ എന്നു പറയാൻ ആകെക്കൂടിയുണ്ടായിരുന്നത് 'ക്ലിഫ് ഹൗസിൽ' നിന്നു തന്നെയുള്ള മന്ത്രി മാത്രമായിരുന്നു. പതിയെപ്പതിയെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവി ഭൂതകാല പരാജയമായി മാറ്റാൻ പിണറായി നിയോഗിച്ച പിആർ ടീമിന് കഴിഞ്ഞു.

പച്ചയ്ക്ക് പറഞ്ഞ് ഈ.പി.

vachakam
vachakam
vachakam

പിണറായി വിജയൻ തന്നെയായിരിക്കും ഇടതുമുന്നണിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ഈ.പി. ജയരാജൻ പറഞ്ഞു കഴിഞ്ഞു. ''ചുറ്റും നോക്കൂ, കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ കാണുമ്പോൾ, മറ്റാരാണ് ഈ നവകേരളത്തിന്റെ സാരഥിയാകാനുള്ളത് ?'' എന്ന മട്ടിൽ കഥാപ്രസംഗ ശൈലിയിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ലേഖകന് ചൊവ്വാഴ്ച നൽകിയ അഭിമുഖത്തിൽ ഈ.പി.യുടെ രാഷ്ട്രീയ പ്രവചനം. ഒരു കാര്യം ഇവിടെ ഓർമ്മിക്കണം. പണ്ട് ആകാര  സൗന്ദര്യത്തിന്റെ കാര്യത്തിൽ ഈ.പി.ക്ക് 'ഒടുക്കത്തെ ഗ്ലാമറാ'യിരുന്നു. നിലമ്പൂർ ആയിഷയോടൊപ്പം ഈ.പി. ഒരു നാടകത്തിൽ പണ്ട് ഹീറോയായി അഭിനയിച്ചിട്ടുണ്ട്. ''ഗീതയും ബൈബിളും ഖുർ ആനും'' എന്ന ആ നാടകനാമത്തിനു പോലുമില്ലേ ഒരു എടുപ്പ് ? 

ഗോവിന്ദന് 'കോൺഫിഡൻസ്് ' പോരാ

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പണ്ട് പിണറായിയെ സൂര്യനോട് ഉപമിച്ചിട്ടുണ്ട്. അടുത്തു പോയാൽ പൊള്ളിപ്പിടിക്കുമെന്നു വരെ ഗോവിന്ദന്റെ വക മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ, ഒരു വ്യക്തിയെ ഉയർത്തിപ്പിടിച്ചല്ല, സി.പി.എം. തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന ഡയലോഗാണ് ഗോവിന്ദനിൽ നിന്ന് ഇന്നലെ കേട്ടത്. ഒന്നുകൂടി വളഞ്ഞ് മൂക്കു പിടിക്കുന്ന വിധം ഗോവിന്ദൻ വീണ്ടും പറഞ്ഞിട്ടുള്ളത് ''കൂട്ടായ നേതൃത്വത്തിലെ നേതൃപരമായ പങ്ക് വഹിക്കുന്ന നേതാവാണ് പിണറായി'' എന്നാണ്. ഗോവിന്ദന്റെ പാർട്ടി സെക്രട്ടറി സ്ഥാനം മാത്രമല്ല, ദേശീയ സെക്രട്ടറിയെ പോലും  നിശ്ചയിക്കാൻ രാഷ്ട്രീയ കെൽപ്പുള്ള നേതാവായി വളർന്നു കഴിഞ്ഞ പിണറായിക്കു മുമ്പിൽ ഈ മലബാറുകാരൻ എന്തു പറയാൻ?

vachakam
vachakam
vachakam

നയങ്ങൾ മാറുന്നതിനുള്ള താത്വികാവലോകനങ്ങൾ ഈ.പി. ജയരാജനും ഗോവിന്ദനും നടത്തിയതു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. 75 വയസ്സിന്റെ പരിധി എങ്ങനെ പിണറായിയുടെ കാര്യത്തിൽ ഒഴിവാക്കുന്നുവെന്ന സംശയത്തിന് ഈ.പി. കൃത്യമായി മറുപടി നൽകി: ''ഭരണ നിർവഹണ തലത്തിലാണ് പിണറായി പ്രവർത്തിക്കുന്നത്. അവിടെ പ്രായപരിധിയുടെ കാര്യം വരുന്നില്ല'' ഇനി സർക്കാരിന്റെ നയം മാറുന്നതിനെക്കുറിച്ചുള്ള ഗോവിന്ദന്റെ ''ത്രാട്ട് ഡയലോഗ്' കൂടി കേൾക്കൂ: എൽ.ഡി.എഫ്. സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ പാർട്ടിയുടെ പ്രത്യയ ശാസ്ത്രമനുസരിച്ചല്ല.  ഇ.എം.എസ്. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്നത്തെ പരിതസ്ഥിതിയിൽ പ്രായോഗികമാക്കാൻ കഴിയുന്ന വിധം സർക്കാരിന് നിലപാടുകൾ സ്വീകരിക്കേണ്ടിവരും'' സർക്കാർ പുറത്തുനിന്നുള്ള മൂലധനം തേടുന്നത് കേരളത്തെ നമ്പർ വൺ ആക്കാനാണെന്നും ജനജീവിതം ക്ഷേമത്തിലേക്ക് ഉയർത്താനാണെന്നും ഗോവിന്ദൻ അതേ അഭിമുഖത്തിൽ തുടർന്നു പറയുന്നുണ്ട്.

'മിസ്റ്റർ ചീഫ് മിനിസ്റ്റർ' എന്നു വിളിച്ചാൽ ? 

മുഖ്യമന്ത്രിയെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 'മിസ്റ്റർ ചീഫ് മിനിസ്റ്റർ' എന്നു വിളിച്ചത് അദ്ദേഹത്തെ പ്രകോപിപ്പിച്ചുവെന്ന് വാർത്തകളിൽ കണ്ടു. ലഹരി വ്യാപനം, അക്രമം വർധിക്കൽ എന്നിവയ്‌ക്കെല്ലാം ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി ഉത്തരവാദിയല്ലേയെന്ന ആരോപണം പിണറായിയെ വിറളിപിടിപ്പിച്ചു. ടി.പി. വധക്കേസ് പ്രതികളുടെ ഉദാരമായ 'പരോൾ' അനുവദിക്കലും, നവകേരള സദസ്സിനിടയിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കം നടത്തിയ 'രക്ഷാ പ്രവർത്തന' വുമെല്ലാം ചെന്നിത്തലയുടെ പ്രസംഗത്തിൽ കടന്നുവന്നു.

vachakam
vachakam
vachakam

മുഖ്യമന്ത്രി പ്രകോപിതനായെന്നത് സ്പീക്കറുടെ റൂളിങ്ങിൽ തെളിയുകയും ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടും, ചോദ്യം ചോദിക്കാൻ അനുമതി നൽകാതിരുന്ന മാത്യു കുഴൽനാടനോടും സ്പീക്കർ യാതൊരു ദാക്ഷിണ്യവും കാണിച്ചില്ല. സ്പീക്കർ മുഖ്യമന്ത്രിയുടെ കിങ്കരനെ പോലെ പ്രവർത്തിക്കുന്നുവെന്ന ആരോപണം മാധ്യമങ്ങൾക്കു മുന്നിൽ ഉന്നയിക്കാനും സതീശൻ മറന്നില്ല. മുഖ്യമന്ത്രിക്ക് പ്രസംഗിക്കാൻ 59 മിനിറ്റ് അനുവദിച്ച സ്പീക്കർ പ്രതിപക്ഷ നേതാവിന് അനുവദിച്ച സമയം വെറും 11 മിനിറ്റായിരുന്നു! 

ക്രമസമാധാന പാലനം @ 3 AM 

കേരളാ പൊലീസ് രാത്രി പോലും ഉറക്കമിളച്ചിരുന്ന് നാട്ടിലെ ക്രമസമാധാന നില വഷളാകാതെ നോക്കുന്നില്ലെന്ന് ആരാണ് പറയുന്നത് ? തിരുവനന്തപുരത്ത് പെയ്ത 'വേനൽ മഴ'യുടെ കുളിരിൽ മന്ത്രിമാരും മറ്റും മൂടിപ്പുതച്ചു കിടന്നുറങ്ങുമ്പോൾ, നമ്മുടെ 'പാവം പോലീസ്' തലസ്ഥാനത്തെ ക്രമസമാധാനം തകരാതിരിക്കാനായി നടത്തിയ കരുതൽ നടപടിക്കുവേണം ഒരു കൈയടി.  സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്ന ആശാവർക്കർമാർ മഴ നനയാതിരിക്കാൻ വലിച്ചു കെട്ടിയ 'ടാർ പോളിൻ ഷീറ്റ്' പോലീസ് അറുത്തു മാറ്റിയത് ലോകമാകമാനുള്ള മലയാളികൾ ചാനലിൽ കണ്ടു. പണമടയ്ക്കാത്തതു മൂലം ലാൻഡ് ഫോൺ പ്രവർത്തിക്കാത്ത കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ നിന്നാണ് ആശാവർക്കർമാരുടെ ഈ 'ഭീകരനടപടി'യെ ചെറുക്കാൻ പോലീസെത്തിയത്. ആശാവർക്കർമാരുടെ സമരപ്പന്തലിൽ നിന്ന് ഏകദേശം 5060 മീറ്റർ ദുരമേയുള്ളു പോലീസ് സ്റ്റേഷനിലേക്ക്. ദൂരം കുറവായിട്ടും, പോലീസ് ജീപ്പിൽ ഇരച്ചെത്തി അവർ കേരളത്തെ രക്ഷിക്കുക തന്നെ ചെയ്തു! ഇല്ലെങ്കിൽ നമ്മുടെ 'ഗതി' യെന്താകുമെന്ന് ചിന്തിക്കാനേ വയ്യ! 

പ്രളയകാലത്തും കോവിഡ് കാലത്തും ആരോഗ്യ കേരളത്തിന്റെ വീര സേനാനികളായിരുന്നു ആശാവർക്കർമാരെന്ന് സർക്കാർ മാത്രമല്ല ഐക്യരാഷ്ട്ര സംഘടനയും പ്രശംസിച്ചത് നാം മറന്നിട്ടില്ല. ഇപ്പോഴാകട്ടെ സമരം ചെയ്യുന്ന ആശാവർക്കർമാരെ ഏറ്റവും കൂടുതൽ തെറിവിളിക്കുന്നത് സി.ഐ.ടി.യു. നേതാക്കളാണ്. ആശാവർക്കർമാരെ ഒരു നേതാവ് വിളിച്ചത് കീടം. മറ്റൊരു ദേശീയ നേതാവ് അവരെ പാട്ടകുലുക്കിപ്പിരിവുകാരാക്കി. മറ്റൊരു നേതാവ് ഈർക്കിൽ പാർട്ടിയാക്കി. ഏറ്റവും ഒടുവിൽ സമരപ്പന്തൽ സന്ദർശിച്ച കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മഴ നനഞ്ഞു നിന്ന സമരക്കാർക്ക് കുട നൽകിയത് മറ്റൊരു സി.ഐ.ടി.യു നേതാവ് വിമർശിച്ചു. ആ വിമർശനം കടന്നുപോയെന്ന് ആ നേതാവിന് ഇനിയും മനസ്സിലായിട്ടില്ല.

പണ്ട് മുട്ടത്തു വർക്കി രചിച്ച ഒരു ബാലസാഹിത്യകൃതി വായിച്ചതോർക്കുന്നു: ''ഒരു കുടയും കുഞ്ഞു പെങ്ങളും'' എന്നായിരുന്നു ആ ചെറുകൃതിയുടെ പേര് ''കുറെ കുടകളും ഉമ്മകളും'' എന്നൊരു രാഷ്ട്രീയ നോവൽ എഴുതാൻ ഈ ഡയലോഗ് കാച്ചിയ കെ.എൻ. ഗോപിനാഥ് തയ്യാറായാൽ അതൊരു ''കട്ടൻ ചായയും പരിപ്പുവടയും'' എന്ന ഈ.പി. സാഹിത്യത്തെ കവച്ചുവയ്ക്കുമെന്നത് തീർച്ച. ഡിസി ബുക്ക്‌സ് തന്നെ പ്രസാധനമേറ്റെടുത്ത് അടുത്ത പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പുറത്തിറക്കാൻ പാർട്ടിയെ സ്‌നേഹിക്കുന്നവർ  സന്നദ്ധരായാൽ നല്ലത്.

സ്റ്റാർട്ടപ്പ് കണക്കും പി.ആറും.

പെയ്ഡ് ന്യൂസിന്റെയും പെയ്ഡ് ഫീച്ചറുകളുടെയും കാലമാണിത്. പി.ആർ ഏജൻസികളുടെയും കുത്തകക്കാരുടെ പരസ്യങ്ങളുടെയും ഔദാര്യത്തിലാണ് പല മാധ്യമങ്ങളും 'കഞ്ഞികുടി' മുട്ടാതെ പിടിച്ചു നിൽക്കുന്നത്. അങ്ങനെ വരുമ്പോൾ നിക്ഷേപക സംഗമം എന്ന വെടിമരുന്ന് പ്രയോഗത്തിനു മുമ്പ് ഏതൊരു ഭരണകൂടവും ചില അവകാശ വാദങ്ങളെല്ലാം അണിയറയിൽ തയ്യാറാക്കില്ലേ ? സ്റ്റാർട്ടപ്പ് ജീനോം എന്ന ഏതോ ഒരു കമ്പനിക്ക് ഡോളറുകൾ വീശിയെറിഞ്ഞാണ്, ഒരു 'പെട്ടിക്കട' പോലും നടത്താൻ കഴിയാത്ത വിധം 'സീൻ കോൺട്ര' ആയ വ്യാവസായിക കേരളത്തിനായി നുണകളുടെ തോരണങ്ങൾ വലിച്ചു കെട്ടാൻ പറ്റിയ പി.ആർ. പബ്ലിസിറ്റി തരപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപണമുയർത്തിക്കഴിഞ്ഞു.

പ്രായം 'വെട്ടിയ' മോഹങ്ങൾ ....

സി.പി.എം. സംസ്ഥാന സമ്മേളനം കൊല്ലത്ത് ആരംഭിച്ചിരിക്കെ 75 വയസ്സ് പൂർത്തിയായ നേതാക്കൾ സജീവപ്രവർത്തനത്തിൽ നിന്നും സലാം പറയാൻ പെട്ടിയൊരുക്കിക്കഴിഞ്ഞു. പാർട്ടിയിൽ വലിയ പ്രാധാന്യമൊന്നും ഈ സീനിയർ സിറ്റിസന്മാർക്ക് ഇനി കിട്ടില്ല. അതല്ലെങ്കിൽ മോദിജിയോ പിണറായിയോ ഒക്കെ ആകേണ്ടിയിരുന്നു. പാർട്ടിയിൽ ഒതുക്കപ്പെട്ട്, പ്രായത്തിന്റെ പേരിൽ പുറത്തു പോകേണ്ടവർ 'രാഷ്ട്രീയ സ്വയം സമാധിയുടെ' നിസ്സംഗത ശീലിക്കുകയാണിപ്പോൾ.
സി.പി.എം.ൽ ഇപ്പോൾ 75 വയസ്സ് കഴിഞ്ഞു നിൽക്കുന്നവരിൽ പ്രമുഖർ ഏ.കെ. ബാലൻ, പി.കെ. ശ്രീമതി, ആനാവൂർ തങ്കപ്പൻ എന്നിവരാണ്. മേയ് മാസത്തിൽ ഇ.പി. ജയരാജനും ജൂൺ മാസത്തിൽ ഇടതു മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണനും 75 വയസ്സ് തികയും. 

ഇപ്പോൾ 75 വയസ്സ് കഴിഞ്ഞവരെ മാത്രമല്ല പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കുകയുള്ളൂ എന്ന്  എം.വി. ജി. പറഞ്ഞു കഴിഞ്ഞു. അടുത്ത മാസങ്ങളിൽ 75 വയസ്സ് തികയുന്നവരുടെ കാര്യം സംഘടന പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. അതായത് ഈ.പി.ക്കും ടി.പി.ക്കും ചിലപ്പോൾ പ്രായപരിധിയിൽ പിന്നീട് ഇളവ് നൽകിയേക്കാമെന്ന് ചുരുക്കം. എങ്കിലും ലാസ്റ്റ് വാക്ക് ക്യാപ്ടന്റേതായിരിക്കും. കാരണം, കൊല്ലത്തേയ്ക്കുള്ള 'പാർട്ടി വണ്ടി' പുറപ്പെട്ടപ്പോൾ തന്നെ ലഭിക്കുന്ന സിഗ്‌നലുകൾ അതു തന്നെയാണ്! അതുകൊണ്ട് 'തിരുവാതിര' അറിയാത്തവർ അത് പഠിക്കുക. 'സ്തുതി കീർത്തനം'എഴുതാൻ ശീലമില്ലാത്തവർ ആ എഴുത്തുവിദ്യയും ശീലമാക്കുക.

ചുരുക്കത്തിൽ 'സൂര്യന്റെ' നേരെ നോക്കാതിരിക്കാൻ ശീലിക്കുക. ആ കാലടികളിലേക്ക് നോക്കി, ഒരു 'ഭക്തിഗാനം' പാടുക. എങ്കിൽ നിങ്ങളുടെ പാർട്ടിജീവിതം ലൂസിഫർ പോലെയോ 'എമ്പുരാൻ' പോലെയോ ഹിറ്റാകും. കാരണം, 'ഒടിയൻ' നിങ്ങളുടെ പിന്നിലുണ്ട്; മുന്നിലുമുണ്ട്

ആന്റണിചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam