അധികാര നഷ്ടത്തിന്റെ 30 ദിനങ്ങൾ പിന്നിട്ടപ്പോൾ സി.പി.എം നേതൃത്വം കണ്ടെത്തിയ തോൽവിയുടെ കാരണങ്ങൾ ആർക്കും തീർത്തും അപ്രതീക്ഷിതമായിരുന്നില്ല. ഗോവിന്ദൻ മാഷ് ഇങ്ങനെയൊക്കെത്തന്നെ പറയുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. കാരണം, താത്വികമായ ഒരു അവലോകനം പാർട്ടി നടത്തുമ്പോൾ അതിന് വടിവൊത്ത ചില ചിട്ടവട്ടങ്ങൾ നിർബന്ധമാണ്.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്കു ശേഷം അണികൾക്ക് മുന്നിൽ എല്ലാ പ്രതിരോധങ്ങളും തകർന്ന് ക്ഷീണിതനായി തറവാട്ടിലേക്ക് തിരിച്ചുവരുന്ന ഒരു പഴയ കാരണവർ വേഷമാണ് മാഷിൽ പലരും പ്രതീക്ഷിച്ചത്. പഴയ പി.ടി മാസ്റ്ററായ എം.വി.ഗോവിന്ദനിൽ നിന്ന് അത് പ്രതീക്ഷിച്ചവർക്ക് തെറ്റി. മാഷിന്റെ അർത്ഥാന്തരങ്ങളുള്ള ചിരിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല.
കാഴ്ചപ്പാടിലും മാറ്റമില്ല. പത്രക്കാർക്ക് മുന്നിൽ കോപിഷ്ഠനാവരുത് എന്ന് പ്രതിജ്ഞ ചെയ്തത് പോലെയായിരുന്നു ഗോവിന്ദൻ മാഷിന്റെ ഒരു മണിക്കൂർ നീണ്ട വാർത്താസമ്മേളന വേള.
പെയ്തുതീരാതെ
മഴ തോർന്നാലും മരം പെയ്തുകൊണ്ടിരിക്കും എന്നതുപോലെയാണ് സി.പി.എമ്മിൽ ഇപ്പോൾ തുടരുന്ന തെരഞ്ഞെടുപ്പ് അവലോകന ചർച്ചകൾ. കീഴ്ഘടകങ്ങൾക്ക് അഭിപ്രായം സ്വരൂപിക്കാൻ പാർട്ടി നേതൃത്വം നൽകിയിരുന്ന സമയം തീരും മുൻപ് സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്ന് ഭാവി പരിപാടികൾ പ്രഖ്യാപിച്ചത് അണികളിൽ അമ്പരപ്പ് ഉളവാക്കി. താഴെത്തട്ടിൽ ചർച്ചകൾ തുടരുമ്പോൾ തന്നെ തെറ്റ് തിരുത്തൽ പ്രഖ്യാപനവുമായി സംസ്ഥാന നേതൃത്വം യോഗം ചേർന്ന് വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചു.
തോൽവിയുടെ കാരണങ്ങളായി പറഞ്ഞ കാര്യങ്ങൾ കേവലം വെള്ളാപ്പള്ളി നടേശനുമായുള്ള കൂട്ടുകെട്ടിലും സ്ഥാനാർത്ഥി നിർണയത്തിലും ഒതുക്കി മുന്നോട്ടു പോകാൻ സി.പി.എം ശ്രമിക്കുമ്പോഴും അതൊന്നും ആരും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ശബരിമല സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിനെ തള്ളിപ്പറഞ്ഞില്ല എന്ന് ലോകം മുഴുവൻ വിശ്വസിക്കുമ്പോഴും, തള്ളിപ്പറഞ്ഞത് ജനങ്ങൾക്ക് ബോധ്യപ്പെട്ടില്ല എന്നാണ് പാർട്ടിയുടെ നിരീക്ഷണം. വെള്ളാപ്പള്ളിയെ തരാതരം ആശ്ലേഷിച്ചത് മറന്നുകൊണ്ടാണ് മുസ്ലിം വിരുദ്ധ പരാമർശത്തെ എതിർത്തുവെന്ന് പാർട്ടി സെക്രട്ടറി പറയുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് പുറത്തിറക്കിയ മറ്റൊരു ക്യാപ്‌സൂൾ ആയിരുന്നു കോൺഗ്രസ്-ബി.ജെ.പി ഡീൽ എന്നത്. തോൽക്കുമ്പോൾ പറയാൻ ഒരു കാര്യം മാത്രം. അതും വലിയ കണ്ടെത്തലായി സി.പി.എം നേതൃയോഗം അവതരിപ്പിക്കുമ്പോൾ രാഷ്ട്രീയ വിദ്യാർത്ഥികൾ പോലും ചിരിക്കുകയാണ്.
പാർട്ടിയിലെ നേതാക്കളുടെ പാർലമെന്ററി വ്യമോഹവും സംഘടനാ വീഴ്ചകളും പരിശോധിക്കാൻ പ്ലീനം ചേരുമെന്ന് കരുതിയിരുന്നെങ്കിലും അത് വേണ്ടെന്ന് വയ്ക്കുകയാണ് ചെയ്തത്. മുൻപ് വിഭാഗീയത രൂക്ഷമായിരുന്ന കാലത്ത് പാലക്കാട് പ്ലീനം വിളിച്ചുചേർത്തിരുന്നു.
അതിനുശേഷം അത്തരമൊന്ന് സി.പി.എമ്മിൽ ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോഴത്ത സാഹചര്യത്തിൽ നടത്തേണ്ടിയിരുന്ന പ്ലീനം ഒഴിവാക്കാനാണ് തീരുമാനിച്ചത്.
അത്തരം ഒരു പ്ലീനം നടന്നാൽ ഏരിയ തലത്തിൽ വരെയുള്ള നേതാക്കൾ അതിൽ പങ്കെടുക്കുകയും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവും. 19 മാസം കഴിഞ്ഞ് ആരംഭിക്കുന്ന പാർട്ടി സമ്മേളനങ്ങൾക്ക് മുൻപ് അത്തരം ഒരു വിമർശനവും തുറന്നു പറച്ചിലും നടന്നാൽ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് നേതാക്കൾക്ക് വലിയ ക്ഷീണം സംഭവിക്കും, അത് ഒഴിവാക്കാനാണ് പാർട്ടി ശ്രമിച്ചത്. ചുരുക്കത്തിൽ നേതൃത്വത്തിന് യാതൊരു പരിക്കും ഏൽക്കാത്ത വിധം അടുത്ത പാർട്ടി സമ്മേളനങ്ങളിലേക്ക് ഇതേ സെറ്റപ്പിൽ കടന്നുപോവുക. അണികളുടെയും അനുഭാവികളുടെയും അമർഷവും രോഷവും അപ്പോഴേക്കും എരിഞ്ഞടങ്ങും.
അല്ലെങ്കിൽ തന്നെ അണികളെ വേണ്ടവിധം പരിഗണിച്ചിരുന്നെങ്കിൽ ഇത്ര വലിയ തോൽവി ഉണ്ടാവുമായിരുന്നില്ല. പ്രധാന ഘടകകക്ഷി പോലും മുന്നണി സ്ഥാനാർഥികളെ വേണ്ടത്ര പിന്തുണച്ചില്ല എന്ന് വിമർശനം ഉയരുന്നുണ്ട്. നിലവിലെ നേതൃത്വം മാറട്ടെ എന്ന് ചിന്തിച്ച സാധാരണ സി.പി.എം പ്രവർത്തകരെ പാർട്ടി ഇനിയും പരിഗണിക്കുന്നില്ല എന്നുവേണം ഇപ്പോഴത്തെ നീക്കങ്ങൾ കാണുമ്പോൾ വിലയിരുത്താൻ !
നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവി അവലോകനം ചെയ്യാൻ കീഴ്ഘടകങ്ങൾക്ക് അനുവദിച്ച സമയം പൂർത്തിയാകും മുമ്പ് സംസ്ഥാന ഘടകം തീർപ്പ് കൽപ്പിച്ചതിൽ പാർട്ടിക്കുള്ളിൽ അമർഷം തുടരുകയാണ്. ബ്രാഞ്ച് ലോക്കൽ തലങ്ങളിൽ പരാജയ കാരണങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ അനുവദിച്ചിരുന്ന സമയം തീരും മുമ്പാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നതും വിലയിരുത്തൽ നടത്തിയതും. നിശ്ചിത സമയത്തിനും നാല് ദിവസം മുൻപേ 'അവലോകനങ്ങൾ' വിലയിരുത്തിയ പാർട്ടി, ഭാവി നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു.
തിരിച്ചറിവുകൾ
വൈകി ഉദിച്ച തിരിച്ചറിവുകൾ എന്ന് പറയുന്നത് സി.പി.എമ്മിന്റെ കാര്യത്തിൽ തെറ്റാണ്. തിരിച്ചറിവിനെ തിരിച്ചറിയാത്തതുകൊണ്ടല്ല, തൽക്കാലം ഇങ്ങനെ മതി എന്ന് ഇപ്പോഴത്തെ പാർട്ടി നേതൃത്വം തീരുമാനിച്ച് ഉറച്ചതുകൊണ്ടാണ് തെരഞ്ഞെടുത്ത ചില അബദ്ധങ്ങളെങ്കിലും ആർക്കോവേണ്ടി തുറന്നു സമ്മതിക്കാൻ നേതൃത്വം ഒരുങ്ങിയത്.
പ്രതിപക്ഷ ഉപനേതാവ് പദവി നൽകിയില്ലെങ്കിൽ വല്യേട്ടനോട് പിണങ്ങി സി.പി.ഐ പോകും എന്ന ഭയം പാർട്ടിക്ക് ഇല്ല. പോകുന്നെങ്കിൽ പോകട്ടെ എന്ന് മനസ്സിൽ കരുതുന്ന നേതാക്കളും ഉണ്ട്. സംഘടനാ ദൗർബല്യം കൊണ്ട് വീർപ്പുമുട്ടുകയാണ് സി.പി.ഐ എന്ന പ്രസ്ഥാനം. ബിനോയ് വിശ്വം എന്ന സെക്രട്ടറിക്ക് ന്യായീകരിക്കാൻ കഴിയാത്ത വിധം കാര്യങ്ങൾ കൈവിട്ടു പോയി. ഈ ഘട്ടത്തിലാണ് മുന്നണിയിലെ വലിയ കക്ഷിയുമായി സ്വരച്ചേർച്ചയില്ലാത്ത സാഹചര്യം ഉടലെടുത്തത്. ചുരുക്കത്തിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ശേഷിപ്പുകൾ എത്തിച്ചേർന്നിരിക്കുന്ന ദുരിത ഘട്ടം ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവർക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്.
സി.പി.എം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ നൈതിക പ്രശ്‌നം മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമോ എന്നതാണ്.
ഇഡി നീക്കം പിണറായിക്കെതിരെ എന്ന പ്രചരണം പാർട്ടിക്ക് നല്ലതല്ല. ഇഡി സംഘത്തെ ആക്രമിച്ചത് പോലും പ്രതിരോധത്തിലാക്കിയത് പാർട്ടിയെയും പിണറായിയുമാണ്.
അത്തരം നീക്കങ്ങളും പാടില്ലായിരുന്നു എന്ന് കരുതുന്ന നേതാക്കൾ സി.പി.എമ്മിൽ ഉണ്ട് .അതിനാൽ വീണയെ അറസ്റ്റ് ചെയ്താൽ പോലും അതിന്റെ പേരിൽ ഒരു പ്രക്ഷോഭം വേണ്ട എന്ന നിലപാടിലാണ് ഗോവിന്ദനും സംഘവും. അതിനെ നമുക്ക് നേരത്തെ ഉദിച്ച ബുദ്ധി എന്ന് വേണമെങ്കിൽ വിളിക്കാവുന്നതാണ്.
പ്രിജിത്ത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
