ഇനി അരവിന്ദ് കെജ്രിവാൾ രാഷ്ട്രീയത്തിൽ ശക്തനായി തിരിച്ചുവരുമോ...? ഈ ചോദ്യം പലരുടേയും നാവിൻ തുമ്പിൽ തത്തിക്കളിക്കുന്നു. എന്നാൽ സുഹൃത്തായ സുപ്രീകോടതി സീനിയർ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് അതിന് കൃത്യമായ ഉത്തരമുണ്ട് അതിങ്ങനെയാണ്:' ഇത് കെജ്രിവാളിന്റെ അന്ത്യത്തിന്റെ തുടക്കമാണ്.'
'ആം ആദ്മിയുടെ ദൽഹിയിലെ തോൽവിക്ക് കാരണക്കാരൻ കെജ്രിവാൾ തന്നെയാണെന്നാണ് പ്രശാന്ത് ഭൂഷൺ പറയുന്നത്. ഒരു ബദൽ രാഷ്ട്രീയത്തിന് വേണ്ടി രൂപീകരിക്കപ്പെട്ട ആ പാർട്ടി പൊടുന്നനെ കെജ്രിവാളിന്റെ സർവ്വാധിപത്യത്തിന് കീഴിലായി. ഒട്ടും സുതാര്യമല്ലാത്ത സംവിധാനമായി മാറി. അഴിമതി തടയാൻ ലോക്പാലിനെപ്പോലും നിയമിച്ചില്ല.'' ഇങ്ങനെ ആം ആദ്മിയുടെ പരാജയത്തിന്റെ കാരണങ്ങൾ പ്രശാന്ത് ഭൂഷൺ നിരത്തുന്നു.
പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും ആം ആദ്മി പാർട്ടിയുടെ തുടക്കത്തിൽ അരവിന്ദ് കെജ്രിവാളിന്റെ അതേ റാങ്കിലുള്ള നേതാക്കളായിരുന്നു. കൂടെക്കിടന്നവർക്കാണല്ലോ രാപ്പനി അറിയൂ. അതെന്തായാലും പിന്നീട് അരവിന്ദ് കെജ്രിവാൾ ആം ആദ്മി പാർട്ടിയെ പിടിച്ചെടുത്തപ്പോൾ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്രയാദവിനെയും 2015ൽ പാർട്ടിയിൽ നിന്നും പിരിച്ചുവിട്ടു. അഴിമതിവിരുദ്ധ പ്രവർത്തകൻ എന്ന പ്രതിച്ഛായയുമായി അരവിന്ദ് കെജ്രിവാളും കൂട്ടരും രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് ആം ആദ്മി.
2012 നവംബർ 26നു പാർട്ടി നിലവിൽ വന്നു, ഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബിൽ വച്ചായിരുന്നു പാർട്ടി രൂപവത്കരണം. ആം എന്നാൽ സാധാരണ എന്നും ആദ്മി എന്ന ഹിന്ദി വാക്കിന് മനുഷ്യൻ എന്നുമാണർത്ഥം. ആം ആദ്മി പാർട്ടി എന്നാൽ സാധാരണക്കാരന്റെ പാർട്ടി എന്നർത്ഥം. അന്നാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന ലോക്പാൽ സമരത്തിന്റെ മുന്നണിപ്പോരാളിയായ അരവിന്ദ് കെജ്രിവാൾ കൃത്യമായ ലക്ഷ്യങ്ങളുമായാണ് 2012ൽ ആം ആദ്മി പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലെത്തിയത്.
പാർട്ടി തുടങ്ങുന്ന ഘട്ടത്തിൽ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, കിരൺ ബേദി തുടങ്ങിയവരെല്ലാം പാർട്ടിയുടെ മുൻനിരയിലുണ്ടായിരുന്നു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി കൊണ്ടാണ് ആപ്പ് ശരിക്കും വരവറിയിക്കുന്നത്. രൂപീകരിച്ച് ഒരൊറ്റ വർഷത്തിനുള്ളിൽ ഡൽഹി പോലൊരു സംസ്ഥാനത്ത് ഭരണം പിടിക്കുന്ന നിലയിലേക്കുള്ള ആം ആദ്മി പാർട്ടിയുടെ ഉയർച്ച ഇന്ത്യയുടെ അന്നേവരെയുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കണികണ്ടിട്ടില്ലാത്ത കാര്യമായിരുന്നു. 15 വർഷം ഡൽഹി മുഖ്യമന്ത്രിയായി അധികാരക്കസേരയിലിരുന്ന ഷീലാ ദീക്ഷിതിനെ പുറത്താക്കിയാണ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയായത്. ന്യൂഡൽഹി മണ്ഡലത്തിൽ ഷീല ദീക്ഷിതിനെതിരെ നേരിട്ട് മത്സരിച്ചാണ് കെജ്രിവാൾ ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്.
എഎപി 28 സീറ്റുകളിലും ബി.ജെ.പി 31 സീറ്റുകളിലും കോൺഗ്രസ് 8 സീറ്റുകളിലുമാണ് വിജയിച്ചത്. കോൺഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ സർക്കാർ രൂപീകരിച്ച കെജ്രിവാൾ 48 ദിവസത്തിന് ശേഷം രാജിവെക്കുകയാണ് ഉണ്ടായത്. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് ഒറ്റയ്ക്ക് ഭരിക്കാനായി. അതെല്ലാം പഴംങ്കഥ. ഇന്നിപ്പോൾ ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പാർട്ടിയെ നിലനിർത്താൻ കിണഞ്ഞുശ്രമിക്കേണ്ടിയിരിക്കുന്നു. ആം ആദ്മിയുടെ എംഎൽഎമാർ മറുകണ്ടം ചാടാതിരിക്കാൻ കാവൽ നിൽക്കണ്ടി വന്നേക്കും.
ബി.ജെ.പി കുതിരക്കച്ചവടത്തിന് കച്ചമുറുക്കുന്നു. കോൺഗ്രസ് എംഎൽഎമാരെ പത്യാശയോടെ കാത്തിരിക്കുന്നു.
ഇങ്ങനെയൊരു സാഹചര്യത്തിൽ തങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ലെന്നും പാർട്ടി ഒറ്റക്കെട്ടാണെന്നും കാണിക്കാൻ തലപ്പത്തുള്ളവർ വെപ്രാളപ്പെടുന്നത് സ്വഭാവികം..! ഉടൻ തന്നെ പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിയായ കപൂർത്തല ഹൗസിൽ കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി ഒരു യോഗം ചേർന്നു. എന്തായാലും പഞ്ചാബിലെ മുഴുവൻ പാർട്ടി എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തതുതന്നെ ഏറെ ആശ്വാസമായി. യോഗ നടപടികൾക്ക് ശേഷം കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങളെല്ലാം പാർട്ടി നേതാക്കൾ തള്ളി. പാർട്ടി ഒറ്റക്കെട്ടാണെന്നും ഭഗവന്ത് മൻ വ്യക്തമാക്കുകയും ചെയ്തു. സംഘടന തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കണം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ആയിരിക്കണം എല്ലാവരുടെയും ശ്രദ്ധ എന്നും യോഗത്തിന് ശേഷം അരവിന്ദ് കെജ്രിവാൾ എംഎൽഎമാർക്ക് നിർദേശം നൽകാനും മറന്നില്ല.
അതേസമയം, അടിയന്തരമായി യോഗം വിളിച്ചത് അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രിയാകുന്നതിന് വേണ്ടിയാണെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചു. പഞ്ചാബിലെ മുപ്പത് ആം ആദ്മി പാർട്ടി എംഎൽഎമാർ തങ്ങളുടെ വരുതിയിലാണെന്ന് കോൺഗ്രസുകാരനായ പ്രതിപക്ഷ നേതാവ് സിങ് ബാജ്വ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് രാഷ്ട്രീയ കോളിളക്കങ്ങൾക്ക് കാരണമായത്.
എന്നാൽ ഈ അഴിമതിവിരുദ്ധ പാർട്ടിയും തലവപ്പത്തുള്ളവരും അഴിമതിയിൽ മുങ്ങിക്കുളിച്ചുവെന്ന് അവരെ അധികാരത്തിലേറ്റിയ ജനം വിശ്വസിച്ചുപോയി. ഇതിന് തെളിവാണ് കെജ്രിവാളിന്റയും പ്രധാനികളുടേയും തോൽവി. ഡൽഹിയിൽ അങ്ങിനെ എടുത്തുപറയാനൊരു സംസ്ഥാന നേതാവോ, നേതൃത്വ മോ ഇല്ലാതിരുന്നിട്ടും അവിടെ ബി.ജെ.പി ജയിച്ചത് കോൺഗ്രസും ആം ആദ്മിയും ഒറ്റക്ക് മത്സരിച്ചതാണെന്നു വേണമെങ്കിൽ പറയാം.
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വളർച്ച കൈവരിച്ച ആം ആദ്മി പാർട്ടിയ്ക്ക് ഹാട്രിക് നഷ്ടമായി, സ്വന്തം തട്ടകത്തിൽ, അതിന്റെ ഹ്രസ്വമായ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയോടെ, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും വൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. മുഖ്യമന്ത്രി അതിഷിയാകട്ടെ കഷ്ടിച്ച് രക്ഷപെട്ടു. ശക്തമായ ഭരണവിരുദ്ധവികാരമാണ് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും തോൽവിക്കിടയാക്കിയത്.
മദ്യനയക്കേസിൽ ജയിലിലടയ്ക്കപ്പെട്ട നേതാക്കൾ കൂടിയാണിവർ. ഇവരുടെ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക്, ബി.ജെ.പി നേടിയ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുണ്ട്.
അതായത്, ആപ്പും കോൺഗ്രസും ഒന്നിച്ചായിരുന്നു മത്സരമെങ്കിൽ, ആപ്പിന് ഈ രണ്ട് നേതാക്കളെയെങ്കിലും ജയിപ്പിക്കാമായിരുന്നു. ഇത്തവണത്തെ ഏറ്റവും തിളങ്ങുന്ന ജയം മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകൻ പർവേശ് വർമയുടേതാണ്. അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച നേതാവ് എന്ന പരിവേഷം ചില്ലറയല്ല. നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിനെ ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാതെ നേരിട്ടതിനെതിരെ ഇന്ത്യാ സഖ്യത്തിലെ മറ്റു കക്ഷികളുടെ നേതാക്കൾ ഇരു പാർട്ടികളെയും ശക്തമായി വിമർശിക്കുകയും ചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മിയും ഡൽഹിയിലെ ഏഴ് സീറ്റുകളിലും ഒരുമിച്ചായിരുന്നു മത്സരിച്ചത്. എന്നാൽ എല്ലായിടത്തും ബി.ജെ.പി വിജയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിന് ഇല്ല എന്ന് അന്നുതന്നെ ആംആദ്മി പ്രഖ്യാപിച്ചു.
അന്ന് തുടങ്ങിയ ഭിന്നത നിയമസഭാ തെരഞ്ഞെടുപ്പോടെ ഇങ്ങനെയൊരവസ്ഥയിലെത്തിച്ചു. ആം ആദ്മിയുടെ വോട്ട് വിഹിതത്തിൽ ഇടിവുണ്ടായപ്പോൾ കോൺഗ്രസിന്റെ വോട്ടുവിഹിതത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ഇവർ വീമ്പിളക്കുന്നുണ്ട്.മറ്റൊരു കൗതുകകരമായ കാര്യം ആം ആദ്മി പാർട്ടിയും ബി.ജെ.പിയും കോൺഗ്രസും ഇത്തവണ പയറ്റിയത് ഒരേ തന്ത്രമാണ്; മിഡിൽ ക്ലാസ് മാനേജുമെന്റ്. ആപ്പ്, ഇടത്തരക്കാർക്കുവേണ്ടി പ്രത്യേക പ്രകടനപത്രിക വരെ ഇറക്കി. ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, ആദായനികുതി ഇളവ് പരിധി ഏഴിൽ നിന്ന് പത്തു ലക്ഷമാക്കൽ, അവശ്യസാധനങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കൽ, മുതിർന്ന പൗരർക്ക് റെയിൽവേയിൽ 50 ശതമാനം കൺസഷൻ, ഉന്നത വിദ്യാഭ്യാസത്തിന് സബ്‌സിഡി എന്നീ വാഗ്ദാനങ്ങളും പ്രഖ്യാപിച്ചു.
ബി.ജെ.പിയാകട്ടെ, ഒരു കേന്ദ്ര ബജറ്റുതന്നെ മിഡിൽ ക്ലാസിനായി നീക്കിവെച്ച് ആപ്പിനെ കടത്തിവെട്ടി. 12 ലക്ഷം രൂപ വരെയുള്ളവർക്ക് ആദായ നികുതി ഇളവ് നൽകിയത് ഡൽഹിയ്ക്കുള്ള സമ്മാനമാണ് എന്നാണ് ബി.ജെ.പി കാമ്പയിൻ ചെയ്തത്. ഇതുവഴി നഗരങ്ങളിലെ മധ്യവർഗത്തിന് ഒരു ലക്ഷം കോടി രൂപയാണ് ലാഭിക്കാനാകുന്നത് എന്നാണ് വലതുപക്ഷ സാമ്പത്തിക വിദഗ്ധർ ചുണ്ടിക്കാട്ടുന്നത്. ഡൽഹിയിൽ ദലിത് വിഭാഗ വോട്ടുകളിലും കാര്യമായ ഭിന്നിപ്പുണ്ടായി. ഇത് മുൻകൂട്ടി കണ്ട് ആർ.എസ്.എസും ബി.ജെ.പിയും അതിശക്തമായ കാമ്പയിനാണ് ഈ മേഖലകളിൽ നടത്തിയത്.മാസങ്ങൾക്കുമുമ്പേ പ്രവർത്തകരെ വിന്യസിച്ച് അടിത്തട്ടുപ്രവർത്തനം ശക്തമാക്കിക്കൊണ്ടിരുന്നു. ഇത് 'ഹരിയാനയിൽ ബി.ജെ.പി പരീക്ഷിച്ച് വിജയിച്ച തന്ത്രം തന്നെയാണ് ഡൽഹിയിലും പ്രയോഗിച്ചത്. ചേരികൾ തുടച്ചുമാറ്റില്ല എന്ന നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തോടെയായിരുന്നു തുടക്കം. 12 സംവരണ സീറ്റുകളടക്കം പട്ടികജാതിക്കാർ നിർണായകമായ 30 സീറ്റുകൾ പ്രത്യേകമായി തെരഞ്ഞെടുത്ത് ബി.ജെ.പിയും ആർ.എസ്.എസും കാമ്പയിൻ ശക്തമാക്കി. അങ്ങിനെ 27 വർഷത്തിന് ശേഷം ഡൽഹിയിൽ വീണ്ടും ബി.ജെപി അധികാരം കയ്യടക്കി.
2020ൽ 8 സീറ്റുണ്ടായിരുന്ന ബി.ജെ.പി 40 സീറ്റുകൾ വർധിപ്പിച്ച് 48 സീറ്റുകളുമായാണ് അധികാരത്തിലേറുന്നത്. ആം ആദ്മി പാർട്ടിയാവട്ടെ 40 സീറ്റുകൾ കുറഞ്ഞ് 22 സീറ്റിലേക്കൊതുങ്ങുന്നു. കോൺഗ്രസ് യാതൊരു മാറ്റവുമില്ലാതെ സംപൂജ്യരായിത്തന്നെ ഇരിക്കുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനത്തിൽ വലിയ കുറവുണ്ടായത് എഎപിക്ക് തന്നെയാണ്. കുറഞ്ഞത് 10 ശതമാനം വോട്ടുകൾ. ബി.ജെ.പിക്ക് 7.8 ശതമാനവും കോൺഗ്രസിന് 2 ശതമാനവും വോട്ട് വർധിച്ചു. 2003ൽ ഡൽഹിയിൽ 48.1 ശതമാനം വോട്ടുണ്ടായിരുന്ന കോൺഗ്രസാണ് ഇപ്പോൾ 6.3 ശതമാനത്തിലേക്ക് എത്തിയിരിക്കുന്നത്.പ്രത്യയശാസ്ത്രപരമായി ഒരടിത്തറയില്ലാത്ത എഎപിയെന്ന രാഷ്ട്രീയ പാർട്ടി ഈ തെരഞ്ഞെടുപ്പ് തോൽവിയോടെ തകർന്നടിയുമെന്ന വിലയിരുത്തലുകൾ രാഷ്ട്രീയ വിദഗ്ദർ ഉയർത്തുന്നുണ്ട്. എന്നാൽ യഥാർഥത്തിൽ കാര്യങ്ങൾ അങ്ങനെയാണോ? 54.3 ശതമാനം വോട്ട് ഷെയർ ഉണ്ടായിരുന്നിടത്ത് നിന്നാണ് 43.6 ശതമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
എന്നാൽ ബി.ജെ.പിയുമായുള്ള (45.6 ശതമാനം) അന്തരം വെറും 2 ശതമാനത്തിന്റെ മാത്രമാണ്. മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ആപ്പിനെ കാര്യമായി പിന്തുണച്ചിരുന്നു. ഇത്തവണ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ പാർട്ടി തിരിച്ചടി നേരിട്ടിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 25 ശതമാനത്തിലധികം മുസ്ലിം വോട്ടർമാരുള്ള മണ്ഡലങ്ങളിൽ ഏകദേശം 49.5 ശതമാനം വോട്ട് നേടാൻ എ.എ.പിക്ക് സാധിച്ചിട്ടുണ്ട്. ഇതേ മേഖലകളിൽ ബി.ജെ.പിയുടെ വോട്ട് ഷെയർ 32.9 ശതമാനമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതുമായി താരതമ്യം ചെയ്യുമ്പോൾ 12.3 ശതമാനമാണ് എഎപിക്ക് വോട്ട് കുറഞ്ഞത്. 10 മുതൽ 25 ശതമാനം വരെ മുസ്ലീം വോട്ടർമാരുള്ള മണ്ഡലങ്ങളിൽ 45 ശതമാനവും 10 ശതമാനത്തിൽ കുറവുള്ള മണ്ഡലങ്ങളിൽ 42.4 ശതമാനവും വോട്ടുകളുമാണ് എ.എ.പിക്ക് നേടാൻ സാധിച്ചത്.
യഥാക്രമം 7.5 ശതമാനവും 10.3 ശതമാനവും വോട്ടാണ് ഈ മേഖലകളിൽ കുറഞ്ഞത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ കൂടുതലുള്ള മേഖലകളിലും എ.എ.പി വോട്ട് വിഹിതത്തിന് വലിയ ഇടിവുസംഭവിച്ചിട്ടുണ്ട്.ഈ മേഖലയിൽ 48.3 ശതമാനം വോട്ട് എഎപിക്കും 42.2 ശതമാനം വോട്ട് ബി.ജെ.പിക്കും ലഭിച്ചിട്ടുണ്ട്. 8.2 ശതാനം വോട്ടാണ് ഇവിടെ കുറഞ്ഞത്. ദരിദ്രജനവിഭാഗങ്ങൾ കൂടുതലുള്ള മേഖലകളിൽ 11.1 ശതമാനം വോട്ടും കുറഞ്ഞു. എഎപിയുടെ മറ്റൊരു വലിയ വോട്ട്ബാങ്കായ മധ്യവർഗത്തിനിടയിലും അവർക്ക് തിരിച്ചടി നേരിട്ടു. ഡൽഹിയിലെ മധ്യവർഗ വോട്ടർമാരിൽ 47.3 ശതമാനം ബി.ജെ.പിയെ പിന്തുണച്ചപ്പോൾ 45.3 ശതാനം മാത്രമാണ് എഎപിയെ പിന്തുണച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എഎപിക്ക് 6.6 ശതമാനം വോട്ട് കുറഞ്ഞുപോയി.
മുസ്ലിം ജനവിഭാഗങ്ങളുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും പിന്തുണ കുറഞ്ഞത് ഇത്തവണത്തെ എഎപിയുടെ തോൽവിയിൽ നിർണായകഘടമായിട്ടുണ്ട്. മറുഭാഗത്ത് സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്കിടയിൽ ബി.ജെ.പി തങ്ങൾക്ക് നേരത്തെ ഉണ്ടായിരുന്ന സ്വാധീനം വർധിപ്പിച്ചു. ഇത്തരം മേഖലകളിൽ 9.3 ശതമാനം വോട്ടുയർത്തി 52.6 ശതമാനം വോട്ടാണ് ബി.ജെ.പി നേടിയത്. ഈ മേഖലയിൽ എഎപിക്ക് 12 ശതമാനം വോട്ടിന്റെ ഇടിവുണ്ടായിട്ടുണ്ട്.
എസ്.സി സംവരണ മണ്ഡലങ്ങളിൽ എഎപി മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ അവിടെയും അവരുടെ വോട്ട് വിഹിതത്തിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. 11 ശതമാനം വോട്ടാണ് സംവരണ മണ്ഡലങ്ങളിൽ കുറഞ്ഞത്. ജനറൽ മണ്ഡലങ്ങളിൽ 9.8 ശതമാനവും വോട്ട് കുറഞ്ഞുപോയി എന്നതാണ് വാസ്തവം..!
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്