തലയ്ക്കു മുകളിൽ കടക്കെണി, വീടിനുചുറ്റും കാട്ടുമൃഗങ്ങൾ ഇതാണോ ബ്രോ ന (ശ) വകേരളം?

FEBRUARY 12, 2025, 9:05 AM

ഇന്ന് (ബുധനാഴ്ചയും) ഒരാളെ കാട്ടാന കൊന്നു. രണ്ട് ദിവസത്തിനുള്ളിൽ കാട്ടാനകൾ കൊന്നത് നാലുപേരെ. വനം മന്ത്രി ഏ.സി. റൂമിൽ ഇന്ന് ഉന്നതതലയോഗം ചേരുന്നുണ്ട്. അങ്ങ്, ദൂരെ തലസ്ഥാനത്ത് യോഗം ചേർന്ന് കാട്ടാനകൾക്കെതിരെ ഇനിയെന്തു നടപടിയെന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്ന മന്ത്രി എ.കെ. ശശീന്ദ്രനെ തേടി മറ്റൊരു വാർത്തയെത്തിയിരുന്നു. 

കടുവയെ പോലെ ചീറ്റിക്കൊണ്ട് തോമസ്   കെ. തോമസിനെ ശശീന്ദ്രനു പകരം മന്ത്രിയാക്കണമെന്ന് വാശിയോടെ പറഞ്ഞിരുന്ന എൻ.സി.പി. പ്രസിഡന്റ് പി.സി. ചാക്കോ രാജിവച്ച വാർത്തയായിരുന്നു ഇത്. പാർട്ടിയിലെ വിമതശല്യം ഒതുങ്ങിയതുകൊണ്ട്, ഇനി കാട്ടിലേക്ക് കണ്ണയയ്ക്കാമെന്ന് ശശീന്ദ്രൻ മന്ത്രി കരുതിക്കാണും.

മന്ത്രിയുടെ പാട്ടും, ജനത്തിന്റെ പെടാപ്പാടും...

vachakam
vachakam
vachakam

വന്യമൃഗങ്ങൾ വകവരുത്തിയ വയനാട്ടിലെ ഒരു വീട്ടമ്മയുടെ വീട് സന്ദർശിക്കാൻ പോവേ, കോഴിക്കോട്ടു വച്ച് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് മന്ത്രി ശശീന്ദ്രൻ ഹിന്ദി പാട്ട് പാടിയത് അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ ഗാനലാപനം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പിന്നീട് മാധ്യമങ്ങൾക്കു മുമ്പിൽ പറഞ്ഞതോടെ, എല്ലാവരും ആ കേസ് വിട്ടതാണ്. എന്നാൽ വീണ്ടും, വന്യമൃഗങ്ങളുടെ കൊലവിളി തുടരുമ്പോൾ, ഇക്കാര്യത്തിൽ സർക്കാർ അലംഭാവം, പുലർത്തുന്നതായി തോന്നുന്നു.

ഡ്രോൺ പറപ്പിക്കൽ, ക്യാമറയും, കൂടും  സ്ഥാപിക്കൽ തുടങ്ങി വനം വകുപ്പിനായുള്ള 'പർച്ചേസ്' ഉഷാറായി നടക്കുന്നുണ്ട്. എന്നാൽ ട്രെഞ്ച്  കുഴിക്കൽ, സൗരവേലി സ്ഥാപിക്കൽ, ജണ്ട (വനവും ജനവാസ   പ്രദേശവും തമ്മിലുള്ള അതിര്) തിരിക്കൽ തുടങ്ങിയ പദ്ധതികൾ വനംവകുപ്പ് നടപ്പാക്കുന്നില്ല. കഴിഞ്ഞ  തവണ വനംമന്ത്രി വയനാട് സന്ദർശിച്ചപ്പോൾ, ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകളിൽ ചില തീരുമാനങ്ങൾ ഉരുത്തിരിഞ്ഞിരുന്നു.

ഇതനുസരിച്ച് സമയബന്ധിതമായി തന്നെ വനാതിർത്തികളിൽ നടത്തേണ്ട ജാഗ്രതാ നടപടികളെക്കുറിച്ചും, ഏർപ്പെടുത്തേണ്ട നിരീക്ഷണ സംവിധാനങ്ങളെപ്പറ്റിയും മന്ത്രിതല ചർച്ചകളിൽ കൈക്കൊണ്ട തീരുമാനങ്ങളിൽ ഒന്നുപോലും നടപ്പാക്കാൻ വനംവകുപ്പിനു കഴിഞ്ഞിട്ടില്ല.

vachakam
vachakam
vachakam

ജനം ചത്താലും പണപ്പെട്ടി തുറക്കില്ല!

ഏഷ്യാനെറ്റ് ന്യൂസിലെ റോവിങ്ങ് റിപ്പോർട്ടർ പരിപാടിയിൽ, സർക്കാരിന്റെ വാഗ്ദാനങ്ങളുടെ പൊള്ളത്തരം വ്യക്തമായിത്തുടങ്ങിയിട്ടുണ്ട്. കമ്മീഷൻ അടിച്ചു മാറ്റാനുള്ള കച്ചവടത്തിനേ തലസ്ഥാനത്തെ പ്രമുഖർക്ക് താൽപ്പര്യമുള്ളുവെന്നത് വ്യക്തം. വന്യജീവിയാക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പോലും കുടിശ്ശികയാണ്. ഒരു മരണമുണ്ടാകുമ്പോൾ, ആ വീട്ടിൽ ഓടിച്ചെന്ന് വീട്ടുകാർക്കും നാട്ടുകാർക്കും ചില വാഗ്ദാനങ്ങൾ നൽകും. പക്ഷെ ആദ്യം ലഭിക്കുന്ന തുക മാത്രമേ വീട്ടുകാർക്കു ലഭിക്കൂ. 

പിന്നീടുള്ള തുകയ്ക്കു വേണ്ടി വിവിധ സർക്കാർ ആപ്പീസുകൾ കയറിയിറങ്ങേണ്ടി വരുന്നവരുടെ ഗതികേട് കണ്ട് സർക്കാർ സന്തോഷിക്കുന്നുണ്ടാകും. കൊല്ലപ്പെട്ടവരുടെ കുടുംബത്തിലെ ഒരാൾക്ക് താത്ക്കാലികമായി സർക്കാർ ജോലിയെന്ന വാഗ്ദാനങ്ങളും സർക്കാർ ഇപ്പോഴും നിറവേറ്റിയതായി വാർത്തകളില്ല. വന്യജീവി ആക്രമണത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പരുക്കേറ്റത് 60,000 പേർക്കാണ്. ഇതിൽ 1000 പേരെങ്കിലും മരിച്ചിട്ടുണ്ട്. ഇത്രയേറെ ഗുരുതരമായ ഒരു പ്രശ്‌നമായിട്ടുപോലും, 

vachakam
vachakam
vachakam

കഴിഞ്ഞവർഷം ബജറ്റിൽ വകയിരുത്തിയ 48.85 കോടിയിൽ വനംവകുപ്പ് ചെലവഴിച്ചത് 48 ശതമാനത്തിൽ താഴെയാണ്. ബാലഗോപാൽ സാറിന്റെ ടീം തരാത്തതുകൊണ്ടാണ് ചെലവഴിക്കാതെ പോയതെന്ന് ശശീന്ദ്രൻ സാറ് പറയല്ലേ. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ സർക്കാരിനെയും ധനവകുപ്പിനെയും ബോധ്യപ്പെടുത്തേണ്ട കടമ വനം മന്ത്രിക്കില്ലേ? 

ദുരന്തങ്ങളുടെ ഗ്രേഡും കേന്ദ്രത്തിന്റെ പോരും

വന്യജീവി ആക്രമണത്തിൽ മരിക്കുന്നവർക്ക് കേന്ദ്ര സർക്കാരാണ് പണം നൽകുന്നതെന്നാണ് സംസ്ഥാനത്തെ ബി.ജെ.പി. പറയുന്നത്. ഈ അവകാശവാദം തെറ്റാണെങ്കിൽ അത് പൂർണ്ണമായും കേരളത്തിന് നിഷേധിക്കാമായിരുന്നുവെങ്കിലും, അതിന് വനം വകുപ്പ് മുതിരുന്നതേയില്ല. മറ്റൊരു കാരണം കൂടിയുണ്ട്. വന്യജീവിയാക്രമണം മൂലമുള്ള മരണം സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 2024 മാർച്ച് 7നുള്ള കേന്ദ്രത്തിന്റെ ഈ പ്രഖ്യാപനത്തിന്റെ തുടർച്ചയെന്നോണം പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശവും കേരളം ചെവിക്കൊണ്ടില്ല. 

വില്ലേജ്/താലൂക്ക്/കളക്‌ട്രേറ്റ് തലങ്ങളിലാണ് നിലവിൽ അപേക്ഷ നൽകണമെന്ന നിർദ്ദേശം ബന്ധപ്പെട്ട ഓഫീസുകൾക്ക് ഇനിയും ലഭിക്കാത്തതിനാൽ, അതാതു ഓഫീസുകൾ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു. പാമ്പു കടിയേറ്റു മരിച്ചാൽ 2 ലക്ഷം രൂപയാണ് ലഭിക്കുക. 18 സംസ്ഥാനങ്ങളും ചില കേന്ദ്ര ഭരണ പ്രദേശങ്ങളും 'പാമ്പ് കടി' സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം ഇക്കാര്യത്തിലും ഉഴപ്പിയതുകൊണ്ട് മനുഷ്യാവകാശ കമ്മീഷൻ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ 2022ൽ കേരളാ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയെങ്കിലും ഒന്നും നടന്നില്ല. 8 വർഷത്തിനുള്ളിൽ വന്യജീവിയാക്രമണങ്ങളിൽ കൊല്ലപ്പെട്ട 940 പേരിൽ 600 പേരും പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന കണക്ക് കൂടി കേൾക്കുമ്പോൾ ഈ കാര്യത്തിൽ സർക്കാർ ഊർജ്ജിത നടപടികൾ സ്വീകരിക്കേണ്ടതായിരുന്നില്ലേ എന്ന് ചിന്തിച്ചു പോകും.

കാട്ടാനകളും കടുവകളും വ്യാപകമായി ജനവാസ പ്രദേശങ്ങളിൽ ഇറങ്ങുന്നതിനുള്ള വനം വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം കാട്ടിൽ ചൂട് കൂടിയതുകൊണ്ടാണെന്നത്രെ. ജലക്ഷാമവും തീറ്റ കിട്ടാത്തതും വന്യമൃഗങ്ങളെ നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും, ഇതിനൊന്നും പരിഹാരം കാണാനുള്ള ത്വരിത നടപടികൾ സർക്കാർ ഇതേവരെ സ്വീകരിച്ചിട്ടില്ല. വന്യജീവികൾക്കു വേണ്ടിയുള്ള നിയമങ്ങൾ വളരെ കർക്കശമാണ്. അതിൽ ആർക്കും വിരോധമില്ല. എന്നാൽ സ്വന്തം കൃഷിയിടത്തിലെ കിണറ്റിൽ വീണ് ഒരു വന്യജീവി ചത്തുപോയാൽ, അതിന് ആ വീട്ടുകാരെ പ്രതിയാക്കുന്ന 'ഫോറസ്റ്റ് നിയമം' എങ്ങനെ ന്യായീകരിക്കാനാകും? 

കടുവക്കണക്കും കാട്ടാനകളുടെ എണ്ണവും

കേരളത്തിലെ കടുവകളുടെ എണ്ണം ഏറെ വർദ്ധിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളിലുണ്ട്. കാട്ടാനകളുടെ കാര്യത്തിലും കൃത്യമായ കണക്കൊന്നും സർക്കാരിന്റെ കൈവശമില്ല. എന്നാൽ വന്യജീവികൾ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ മനഃപൂർവം വനംവകുപ്പ് സർക്കാർ രേഖകളിൽ കുറച്ചു കാണിക്കുന്നുണ്ട്. 2025 ജനുവരി 1 മുതൽ 11 വരെയുള്ള സർക്കാർ കണക്കുകളിൽ മരണം 8 ആണ്. കാട്ടാന ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടത് വനം വകുപ്പ് തമസ്‌ക്കരിച്ചു. 

പരുക്കേറ്റവരുടെ കണക്കും ഇങ്ങനെ വനം വകുപ്പ് വളച്ചൊടിച്ചു. ഈ കാലയളവിൽ രണ്ടു പേർക്കു മാത്രമേ കടുവ ആക്രമിച്ചതു മൂലം പരുക്കേറ്റിട്ടുള്ളൂ. എന്നാൽ കാട്ടാന, കാട്ടുപന്നി ആക്രമണങ്ങളുടെ കണക്ക് സർക്കാർ മുക്കി. എന്നാൽ കർഷക സംഘടനയായ 'കിഫ' പറയുന്ന പരുക്കേറ്റവരുടെ കണക്കിൽ 27 പേരുണ്ട്. കാട്ടാന 5 കടുവ 1, കാട്ടുപന്നി 17, കാട്ടുപോത്ത് 1 മറ്റ് വന്യജീവികൾ 3 എന്നിങ്ങനെയാണ് ഈ കണക്ക്.

കടം കയറി മുടിഞ്ഞിട്ടും, ഞെളിഞ്ഞു തന്നെ

സംസ്ഥാന ബജറ്റ് മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചുവെങ്കിലും കീശയിലുള്ള കാശും ആശിക്കുന്ന പദ്ധതികളും തമ്മിലുള്ള ബന്ധം യാഥാർത്ഥ്യത്തിനു നിരക്കുന്നതേയില്ല. അങ്കണവാടിയിലെ കുട്ടികൾക്ക് 'പോഷക ബാല്യം' പദ്ധതിയനുസരിച്ച് മുട്ടയും പാലും അനുവദിക്കാൻ മനോരമയിൽ ആ വാർത്ത വരേണ്ടിവന്നു ! 2022ൽ തുടങ്ങിയ പദ്ധതിയാണിത്. ജനുവരിയിൽ പാൽ, മുട്ട വിതരണം ചെയ്യാനുള്ള സർക്കാർ ഉത്തരവ് 'ഏതോ ഏമാൻ' തലയണയാക്കി ഉറങ്ങിയതാണ് പ്രശ്‌നമായത്.

കേന്ദ്രം അനുവദിക്കാത്ത ധനവിഹിതത്തിന്റെ പേരിൽ കേരളം കോടതി കയറിയെങ്കിലും, വയനാട് പാക്കേജിനു പോലും മോദിജി നെഹ്‌റു കുടുംബത്തോടുള്ള പക മൂലം നയാപൈസ നൽകിയില്ല. 1 വർഷത്തിനുള്ളിൽ 1 ലക്ഷം കോടി രൂപയാണ് കേരളം കടമെടുത്തത്. വെയിറ്റ്‌സ് ആൻഡ് മീൻ (നിത്യ നിദാനച്ചെലവെന്ന് മലയാളം) വിഭാഗത്തിൽ 225 തവണ കടമെടുത്ത ഏക സംസ്ഥാനം കേരളമാണ്. കഴിഞ്ഞ വർഷം കടംതിരിച്ചടക്കാൻ 73,000 കോടി രൂപയും പലിശ തീർക്കാൻ 27,000 കോടി രൂപയും വേണ്ടിവന്നു. ശേഷിച്ചത് 2914 കോടി മാത്രം! 202324 ൽ വരുമാനത്തിന്റെ 97 ശതമാനവും കടം തിരിച്ചടയ്ക്കാൻ വേണ്ടിവന്നു. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതത്തിൽ 50 ശതമാനമാണ് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി വെട്ടിക്കുറച്ചത്. പിന്നോക്ക വിഭാഗങ്ങളുടെ പിച്ചച്ചട്ടിയിൽ നിന്നു പോലും കൈയിട്ടുവാരിയ ധനമന്ത്രിയെന്ന ചീത്തപ്പേര് ഏതായാലും എം.കോം. ബിരുദധാരിയായ മന്ത്രി ബാലഗോപാലിനു മാത്രം അവകാശപ്പെടാം.ധനകാര്യ വിദഗ്ധനായ ബി.കെ. പ്രകാശിന്റെ നിരീക്ഷണത്തിൽ ഈ സർക്കാർ ധനധൂർത്ത് രാഷ്ട്രീയ ഭരണശൈലിയാണ് പിന്തുടരുന്നതെന്ന് അഭിപ്രായപ്പെടുന്നുണ്ട്. വനം വകുപ്പ് വക വാഹനങ്ങൾക്ക് ഡീസൽ അടിക്കാൻ പോലും പണമില്ലാതിരിക്കെ, ഏമാന്മാർക്ക് പുതുപുത്തൻ കാറുകൾ വാങ്ങാൻ 100 കോടി ബജറ്റിൽ നീക്കിവച്ചതിനെ എങ്ങനെ ന്യായീകരിക്കും? ഭരണച്ചെലവ് കുറയ്ക്കാനോ, അനാവശ്യ തസ്തികകൾ പുനർവിന്യാസം നടത്തി കൂടുതൽ കാര്യക്ഷമമാക്കാനോ ബജറ്റിൽ നിർദ്ദേശമില്ലാതെ പോയത് സങ്കടകരമാണ്. 

കെട്ടിട നിർമ്മാണത്തൊഴിലാളി പെൻഷന്റെ 15 മാസത്തെ കുടിശ്ശിക ഇനിയും കൊടുത്തിട്ടില്ല. ഊരാളുങ്കലിനും മറ്റും പണം ഊറ്റിയൂറ്റി നൽകിയിട്ടും ഗവൺമെന്റ് കോൺട്രാക്ടർമാരുടെ 16,000 കോടി ഇപ്പോഴും കുടിശ്ശികയാണ്.കേന്ദ്രസർക്കാരാകട്ടെ തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്ര വിഹിതം നൽകുന്നില്ലെന്ന് മാത്രമല്ല, നെഹ്‌റുവിന്റെയോ ഇന്ദിരാഗാന്ധിയുടെയോ പേര് കാണുന്നിടത്തെല്ലാം അവർ കടുംവെട്ട് നടത്തുകയാണ്. ഉദാഹരണം പറയാം: ഇന്ദിരാഗാന്ധിയുടെ പേരിൽ ഒരു ദേശീയ വാർദ്ധക്യ വിധവാ, ഭിന്നശേഷി പെൻഷൻ കേന്ദ്രം നൽകിവരുന്നുണ്ട്.

2 മുതൽ 15 മാസം വരെയാണ് ഈ വിഭാഗത്തിൽ കുടിശ്ശികയുള്ളത്. 4,58,813 വൃദ്ധരും 3,68 358 വിധവകളും 19,286 ഭിന്നശേഷിക്കാരും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 24.30 കോടി രൂപയാണ് ഇതിനുള്ള കേന്ദ്ര വിഹിതം. ഈ വിഹിതം മുടങ്ങിയിട്ടും കാലമേറെയായി.കേന്ദ്രത്തിനെ കുറ്റം പറയുമ്പോഴും ജനത്തെ ഒപ്പം നിർത്തുകയെന്ന രാഷ്ട്രീയം സി.പി.എം. മറക്കുകയാണോ? തൊഴിലാളി പാർട്ടി മുതലാളി പാർട്ടിയാകുമ്പോൾ, ആ 'മൊയലാളി' ചമയാനുള്ള കളറടിച്ചു മാറ്റാൻ ജനത്തെ കൊള്ളയടിക്കല്ലേ? ആ ചീപ്പ് പരിപാടിക്കു മുതിർന്നാൽ, ജനം തറയല്ല, 'തത്തറ' യാകും

ആന്റണിചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam