ഒരുപറ്റം കരയിലെ മാത്രം ശാസ്ത്രജ്ഞരായവർക്ക് കപ്പലിൽ ഒരു തുണ്ട് തുണികൊണ്ട് നാണം മറക്കേണ്ട ഗതികേടുണ്ടായി..! ആ വിഷമം കാലം ഇത്ര കഴിഞ്ഞിട്ടും മറക്കാൻ കഴിഞ്ഞിട്ടില്ല!
എനിക്ക് എന്റെ ഭാര്യയെ വളരെ ഇഷ്ടമാണ്. ഈ കഥ അവൾക്കും എന്റെ കുട്ടികൾക്കും എനിക്കും അറിയാം. ലോകം മുഴുക്കെ അറിയണമെന്ന് ഞങ്ങൾക്ക് ആഗ്രഹവും ഉണ്ട്. പക്ഷേ എന്നുവെച്ച് എന്റെ അവളോടുള്ള എല്ലാ പെരുമാറ്റവും പരസ്യമായി തന്നെ വേണം എന്ന് ഞാൻ നിശ്ചയിച്ചാലോ?
അതൊക്കെ കാണുന്നവർക്കിടയിൽ ഭാര്യ പിരിഞ്ഞു പോയവരും ഭാര്യയേ ഇല്ലാത്തവരും ഭാര്യയ്ക്ക് സ്‌നേഹമില്ലാത്തവരും ഇന്ദ്രിയങ്ങൾ ഉണർന്നാൽ വല്ലാതെ വിഷമിക്കുന്നവരും ഒക്കെ എന്തു ചെയ്യും?
ഈ തോന്നൽ ഇപ്പോൾ വരാൻ കാരണം ഒരു സമൂഹത്തിൽ ജനായത്ത ഭരണാധികാരികൾ ആചാര അനുഷ്ഠാനങ്ങൾ പരസ്യമായി നടത്തണോ എന്ന ചോദ്യത്തിന്റെ മുന്നിൽ നിൽക്കെയാണ്.
ശരിയാണ്, എന്റെ വിശ്വാസപ്രകാരം ജീവിക്കാൻ എനിക്ക് അവസരം വേണം. എങ്കിലും അത് പരസ്യമായി വേണം എന്നു നിശ്ചയം ആണെങ്കിൽ പൊതുസമൂഹത്തെ പ്രതിനിധീകരിച്ച് സമസ്തരുടെയും ഭരണാധികാരം ഏൽക്കാമോ?
ഇപ്പോൾ എനിക്ക് മറ്റൊന്നുകൂടി ഓർമ്മവരുന്നു. ദശകങ്ങൾക്കു മുൻപ് ഞാനൊരു സമുദ്രയാത്രക്കു പോയി. പേര് ഇന്റർനാഷണൽ ഇന്ത്യൻ ഓഷ്യൻ എക്‌സ്‌പെഡിഷൻ. ഐഎൻഎസ് ഗരുഡ എന്ന ഒരു പഴയ കപ്പലിൽ. അന്നത്തെ ബോംബെയിൽ നിന്ന് ഏതാനും ദൂരം കടലിലേക്ക് നീങ്ങിയപ്പോൾ കപ്പലിലെ എല്ലാ സ്ഥിരം ജോലിക്കാരും എല്ലാ വസ്ത്രവും ഉപേക്ഷിച്ചു! അത് അലക്കാനും തേക്കാനും ഒക്കെ എന്തിന് പെടാപ്പാടു പെടണം! ശുദ്ധജലം റേഷനും ആണ്.
പക്ഷേ, കരയിലെ മാത്രം ശാസ്ത്രജ്ഞരായ ഞങ്ങൾക്ക് ഇത് ഒട്ടും ശീലം ഇല്ലല്ലോ! ഏതായാലും ഒരു തുണ്ട് ഒഴികെ ബാക്കിയെല്ലാം ഉപേക്ഷിക്കാൻ ഞങ്ങളും പഠിച്ചു. ആ പഠിത്തത്തിന്റെ വിഷമം കാലം ഇത്ര കഴിഞ്ഞിട്ടും മറക്കാൻ കഴിഞ്ഞിട്ടില്ല!
നിൽക്കുന്ന ഇടമായ തറയും അനുഷ്ഠിക്കാനുള്ള ആചാരമായ മുറയും അനുഷ്ഠാനത്തിന് ആവശ്യമായ മറയും ഒരുപോലെ പ്രധാനമല്ലേ? വിശേഷിച്ചും ഞാൻ അധികാരിയോ പരമാധികാരി തന്നെയോ ആയിരിക്കെ?
എന്ത് കാര്യത്തിനായാലും ഒരു ഈർക്കിലിന്റെ മറ എങ്കിലും വേണ്ടേ എന്ന് പഴമക്കാർ ചോദിക്കാറുണ്ടല്ലോ! മുറയാക്കേണ്ട ഒന്ന് തന്നെയല്ലേ അതും? ജനങ്ങളുടെ ക്ഷേമം അറിയാൻ മുറപോലെ നാട്ടിൽ സഞ്ചരിച്ച പഴയ രാജാക്കന്മാർ വേഷം മാറിയാണല്ലോ പോയത്. അവരെന്തേ താങ്കൾ ഇരിക്കുന്ന സിംഹാസനങ്ങൾ ചുമിപ്പിച്ചുകൊണ്ട് ചെല്ലാത്തത് എന്ന കാര്യമെങ്കിലും ആലോചിക്കേണ്ടതല്ലേ?
ഒരു പഴയ മനസ്സിൽ തോന്നുന്നത് ആർക്കെങ്കിലും വിഷമം ഉണ്ടാകുന്നെങ്കിൽ ക്ഷമിക്കണം. മൊത്തം ലോകത്തിന് സുഖമായിരിക്കട്ടെ.
സി. രാധാകൃഷ്ണൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്