കേരളത്തിൽ ഇപ്പോൾ ആസൂത്രിത അക്രമങ്ങളുടെ എണ്ണം കുറഞ്ഞതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം ഫലിത രൂപേണ പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞതിന്റെ മറുവശം ശരിക്ക് ഒന്ന് ആലോചിച്ചു നോക്കൂ. ഗൂഢാലോചന നടത്തി സംഘടിതമായി നടത്തുന്ന ആക്രമണങ്ങളല്ല, കേരളത്തിൽ പുതിയ ട്രെന്റ്. അപ്രതീക്ഷിതമായ പടപ്പുറപ്പാടുകളാണ് അധികവും. അത് എപ്പോൾ എവിടെ പൊട്ടിപ്പുറപ്പെടും എന്ന് ആർക്കും പ്രവചിക്കാനാവില്ല.
ചോദിച്ച സാധനം കിട്ടിയിയെങ്കിൽ സ്ഥാപനം അടിച്ചു തകർക്കാം. പൊതുവഴിയിൽ നിന്ന് മദ്യപിച്ച് സ്ഥിരമായി ശല്യം ചെയ്യുന്നത് ചോദ്യം ചെയ്താൽ ഗൃഹനാഥനെ അടിച്ചു താഴെയിടാം. പോലീസിൽ പരാതിപ്പെട്ടാൽ ആ വീടും തല്ലിപ്പൊളിക്കാം. അതിന് പോലിസിനെ വിളിച്ചു വരുത്തിയാൽ സ്റ്റേഷൻ മുറ്റത്തു ഏമാനു നേരെ കയ്യേറ്റമാകാം. കവർച്ച നടത്തിയതിന് തെളിവെടുപ്പിന് കൊണ്ടുപോയാൽ കൂടുതൽ കൊള്ളയടിക്കാൻ കഴിഞ്ഞില്ല എന്ന് പോലീസിനോട് തന്നെ പരിഭവം പറയാം. അത് വീഡിയോ ഇട്ട് വൈറലാക്കാം.
മൂന്നു പേരെ കൊന്നിട്ട് അറസ്റ്റിലാവുമ്പോൾ പ്രതിക്ക്, കൃത്യം നടന്ന സ്ഥലത്ത് കുറ്റകൃത്യം വിവരിക്കുന്ന നേരത്ത് കുറ്റബോധത്തോടെ പോലീസിനോടു പറയാം; കൊല്ലാൻ ഒരാൾ കൂടി ബാക്കിയുണ്ടെന്ന്. പരോളിലിറങ്ങിയാൽ സൈ്വരമായി ചെന്ന് സമയം പോലെ പഴയ കണക്കുകൾ തീർത്തിട്ടു മടങ്ങാം. ആരും പിന്നാലെ വരില്ല. പ്രതി സ്വാധീനവും പണവുമുള്ളവനാണെങ്കിൽ വട്ടച്ചെലവിന് നോട്ടുകെട്ടുമായി ജയിൽ ഉന്നതൻ തന്നെ സന്ദർശക വേഷത്തിൽ വരും. റിമാന്റ് പ്രതി സുന്ദരിയാണെങ്കിൽ സന്ധ്യയ്ക്ക് രണ്ടു മണിക്കൂർ ഔട്ടിംഗിനും അവസരമുണ്ട്. വടിവാളും തോക്കുമായി നടുറോഡിൽ ബർത്ത്‌ഡെ പാർട്ടി നടത്തുന്ന ഗുണ്ടാ നേതാക്കൾ.
സാക്ഷ്യം പറയാനും കളവു പിടിക്കാനും എല്ലാ പെട്ടിക്കടയിലും സിസിടിവിയുള്ള കേരളത്തിൽ, ഇന്റലിജൻസ് സംവിധാനങ്ങൾ ഉറക്കത്തിലാണെന്ന സമീപകാല റിപ്പോർട്ടുകൾ ആശങ്കയുണർത്തുന്നതാണ്. കൺട്രോൾ റൂം സന്ദേശങ്ങൾ പോലും പിടിച്ചെടുക്കുന്ന ഹൈടെക് വിരുതന്മാർ. എല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവർ. എന്തിന് വേണ്ടാത്ത പൊല്ലാപ്പിന് പോകണം എന്നു കരുതുന്നവർ. താഴെത്തട്ടിൽ നിന്ന് വിവരശേഖരണം നടത്താൻ ഉത്സാഹമില്ലാത്ത, അലസത ബാധിച്ച സ്‌പെഷ്യൽ ബ്രാഞ്ച്.
വെറും ലാത്തിയും കൊണ്ട് ഹൈടെക്ക് അക്രമികളെ നേരിടാൻ മനക്കരുത്തു കിട്ടാത്ത സേനാ വിഭാഗം. നിയമ സംരക്ഷണ മേഖലയിൽ പോലീസ് നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ശിൽപശാല നടത്തുന്ന കേരളം.സ്മാർട്ട് നൈറ്റ് പട്രോളിംഗ്, എഐ ഉപയോഗിച്ചുളള നിരീക്ഷണം, ഒട്ടോറിപ്പോർട്ടിംഗ്, റിയൽടൈം ട്രാക്കിംഗ്, വീഡിയോ നിരീക്ഷണം, പൊലീസിന്റെ പ്രവർത്തന രീതികൾ ട്രാക്ക് ചെയ്യൽ, ഡാറ്റാ അധിഷ്ഠിത വിലയിരുത്തൽ, രാസവസ്തു തിരിച്ചറിയൽ, ഫൊറൻസിക് ലാബിലേക്ക് അയയ്ക്കുന്നതിനുമുൻപ് രാസവസ്തുക്കളും നിരോധിത മയക്കുമരുന്നുകളും കണ്ടെത്തൽ, ക്രൈം പാറ്റേൺ അനലിസിസ്. ഇതൊക്കെ നടത്താൻ വേണ്ട സേനാബലം കൊച്ചു കേരളത്തിനുണ്ടോയെന്നും സങ്കേതിക വളർച്ചയിൽ നാം എവിടെ എത്തി നിൽക്കുന്നുവെന്നും ചിന്തിക്കണം.
ഇവയെല്ലാം കൃത്യമായി നടക്കുന്നെങ്കിൽ, പണ്ട് ആരോ താരതമ്യം ചെയ്ത് പ്രചരിപ്പിച്ചതു പോലെ സ്‌കോട്‌ലന്റ് പോലീസ് മാറിനിൽക്കേണ്ടതാണ്. എന്തുകൊണ്ടോ നമ്മുടെ സാമൂഹികാന്തരീക്ഷം വല്ലാതെ മാറിയിരിക്കുന്നു. സാമൂഹിക നിരീക്ഷകർ പറയുമ്പോലെ നിസംഗത പടരുന്നുവോ?
എന്ത് ഇന്റലിജൻസ് !
സംസ്ഥാന ഇന്റലിജൻസിന്റെ കാര്യക്ഷമത കുറയുന്നുവെന്ന് പരാതി പറയുന്നത് പ്രതിപക്ഷമല്ല എന്നതാണ് ശ്രദ്ധേയം. സാക്ഷാൽ പിണറായി വിജയന്റെ ആഭ്യന്തര വകുപ്പ് തന്നെയാണ് സമീപകാലത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കുറ്റവാളികളെപ്പറ്റി വിവരം നൽകാൻ കാലതാമസമുണ്ടാകുന്നു. മുൻകൂട്ടി വിവരം കൈമാറാൻ ഇന്റലിജൻസിന് പറ്റാത്തതിനാൽ പ്രതികളെ കുടുക്കാൻ കഴിയുന്നില്ല. ഇത് സർക്കാരിന്റെ പ്രതിച്ഛായ പലപ്പോഴും തകർക്കുന്നതായി ആഭ്യന്തര വകുപ്പ് വിലയിരുത്തുന്നു.
നെന്മാറയിൽ രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്തിയ ചെന്താമരയെപ്പറ്റി യാതൊരു സൂചനയും ഇന്റലിജൻസ് സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗങ്ങൾ നൽകിയില്ല. കേരളം നടുങ്ങിയ ഇരട്ടക്കൊലയിലേയ്ക്ക് അത് നയിച്ചു. പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടതായി നെന്മാറയിലെ കുടുംബം വാർത്താ മാധ്യമങ്ങളിലൂടെ ആവർത്തിച്ചു കൊണ്ടിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചു കഴിയുന്നയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
തൃശൂർപൂരം നടത്തിപ്പിലെ വിവാദത്തിലേക്ക് നയിച്ച സംഭവങ്ങളെപ്പറ്റി മുൻകൂട്ടി സൂചന നൽകുന്നതിലും തോൽവി ആവർത്തിച്ചു. സമൂഹത്തിലെ എല്ലാത്തരം ആളുകളുമായുള്ള ബന്ധം ഇന്റലിജൻസ് ഉദ്യോഗസ്ഥർ പുലർത്തുന്നില്ല. പ്രത്യേകിച്ച് താഴെത്തട്ടിലെ മനുഷ്യരുമായുള്ള അടുപ്പം. രഹസ്യന്വേഷണത്തിന് പ്രത്യേക അഭിരുചിയുള്ളവരെ ഇന്റലിജൻസിൽ ഉൾപ്പെടുത്താത്തത് ഒരു വെല്ലുവിളിയാണ്. പകരം പോലീസ് യൂണിയനിലും മറ്റും സജീവമായവരെ ഒരു താവളം എന്ന നിലയിൽ നിയമിക്കുകയാണ്.
വിദഗ്ദ പരിശീലനം നൽകാറില്ല. അന്യ സംസ്ഥാനക്കാർ പെരുകിയ കേരളത്തിൽ വിവിധ ഭാഷകൾ അറിയുന്നവരെ നിയമിക്കണമെന്ന നിർദ്ദേശവും പാലിക്കപ്പെട്ടില്ല. ആഭ്യന്തര വകുപ്പ് തെറ്റു തിരുത്തി വരുമ്പേഴേയ്ക്കും കേരളത്തിന്റെ ഉൾത്തളങ്ങളിൽ എത്ര രക്തം വീഴുമെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തേണ്ടത്. നാടുകടത്തിയ ഗുണ്ടകൾ തിരികെയെത്തി വീണ്ടും ആക്രമണങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയാണ്. ഇത്തരത്തിൽ എട്ട് വർഷത്തിനിടെ 97 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
ഗുണ്ടകൾക്ക് സഹായം നൽകിയതിന്റെ പേരിൽ 12 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും സ്വീകരിച്ചു. കൂടാതെ സേനയിൽ ഗുണ്ടാ മാഫിയ ബന്ധമുണ്ടെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഡിവൈ.എസ്.പിമാരെയും ഒരു സി.ഐ, ഒരു സിവിൽ പൊലീസ് ഓഫീസറെയും രണ്ട് ഡ്രൈവർമാരെയും സസ്‌പെൻഡ് ചെയ്തതും ഇക്കാലയളവിലാണ്.
ഡാൻസാഫിനേയും മയക്കി
സംസ്ഥാനത്ത് അനധികൃത മദ്യം മയക്കുമരുന്ന് വിൽപ്പന നിയന്ത്രിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന പ്രത്യേക പോലീസ് വിഭാഗമുണ്ട്. കഞ്ചാവ്, ഹാഷിഷ്, ബ്രൗൺ ഷുഗർ, ഇതര ലഹരി വസ്തുക്കൾ പുകയില ഉത്പന്നങ്ങൾ എന്നിവയുടെ അനധികൃത വിൽപനയും ഉപഭോഗവും അന്വേഷിച്ച് കണ്ടുപിടിച്ച് കേസെടുക്കുകയും സ്റ്റേഷനുകൾക്കും മറ്റ് അന്വേഷണ ഏജൻസികൾക്കും വേണ്ട നിർദ്ദേശം നൽകുകയും ചെയ്യുന്ന നർക്കോട്ടിക് സെല്ലുകൾ.
ജില്ലാ മയക്കുമരുന്നു വിരുദ്ധസേനയും (ഡാൻസാഫ്) നിലവിൽ ഉണ്ട്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈ.എസ്.പി) റാങ്കിലുള്ള ഉദ്യോഗസ്ഥന് ആണ് ഇതിന്റെ ചുമതല. നർകോടിക് സെല്ലിന്റെ പ്രത്യേക വിഭാഗമായ ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ്) മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എന്നാൽ, അതിർത്തികടന്ന് കേരളത്തിലേയ്ക്ക് ഒഴുകുന്ന ലഹരിക്ക് ഒരു കുറവുമില്ല. എത്ര കേസുകൾ വന്നാലും ലഹരി മാഫിയാ ശൃംഖല കൂടുതൽ കരുത്താർജിക്കുകയാണ്.
എന്തുകൊണ്ടായിരിക്കാം ?
വിവരശേഖരണത്തിലെ വീഴ്ചകൾ തന്നെ. പെൺകുട്ടികൾ വരെ ഈ കണ്ണിയിൽ അറിഞ്ഞും അറിയാതെയും കണ്ണികളാകുന്നു. ഓപ്പറേഷൻ ആഗുമായി പൊലീസ് ഒരുവശത്ത്. ആഘോഷവുമായി ഗുണ്ടകൾ മറുവശത്ത്. കർശന നടപടിയെന്ന് പറയുമ്പോഴും ക്രിമിനൽ സംഘങ്ങൾ വിളയാടുകയാണ്. കൊച്ചി വരാപ്പുഴയിൽ ഗുണ്ടകൾ ഒന്നിച്ച പിറന്നാളാഘോഷം ഇത് സ്ഥിരീകരിക്കുന്നതായിരുന്നു. എട്ട് വർഷത്തിനിടെ 212 ഗുണ്ടാ ആക്രമങ്ങൾക്കാണ് കേരളം സാക്ഷിയായത്. 32 പേർ കൊല്ലപ്പെട്ടു. 226 പേർ ഗുരുതര പരിക്കേറ്റ് ചികിത്സതേടി.
യൂണിഫോമിട്ട പോലീസ് ഉദ്യോഗസ്ഥരെ ഭയമില്ലാത്ത അവസ്ഥ. പോലീസുകാർ ഗുണ്ടകളാൽ ആക്രമിക്കപ്പെടുന്നത് വാർത്തയല്ലാതാവുന്ന കാലം. എവിടെ വച്ചും ആക്രമിക്കപ്പെടാവുന്ന സ്ഥിതി. കൊച്ചിയിൽ കൗമാരക്കാരൻ പോലീസിനെ തലയ്ക്കടിച്ചു വീഴ്ത്തിയത് ഇരുട്ടത്ത് ആളൊഴിഞ്ഞ കെട്ടിടത്തിനകത്ത് ഒരു പെൺകുട്ടിയുമൊത്ത് കണ്ടത് ചോദ്യം ചെയ്തതിനാണ്. 90 ശതമാനവും ആക്രമണങ്ങൾക്കും ശക്തി പകരുന്നത് ലഹരി തന്നെ.
നെടുമങ്ങാട് പൊലീസുകാരെ ആക്രമിച്ചതും ഗുണ്ടാസംഘം. ആക്രമണത്തിൽ നെടുമങ്ങാട് സ്റ്റേഷനിലെ രണ്ട് എസ്‌ഐമാർക്കും ഒരു സിവിൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റു. പ്രതിയുടെ സഹോദരിപുത്രന്റെ ബർത്ത്‌ഡേ പാർട്ടിക്ക് ഗുണ്ടകൾ ഒത്തുകൂടിയിരുന്നു. ഇത് അറിഞ്ഞെത്തിയ പൊലീസുകാർക്ക് നേരെയായിരുന്നു ആക്രമണം. കോഴിക്കോട് സിനിമാ സ്‌റ്റെലിൽ ഗുണ്ടാ ആക്രമണമുണ്ടായത് പ്രൊഡക്ഷൻ കൺട്രോളർക്ക് നേരെയാണ്. അഞ്ചംഗസംഘത്തിന്റെ ആക്രമണം ഉണ്ടായത് ഷൂട്ടിങ് സെറ്റിൽ.
തിരുവനന്തപുരത്ത് വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞനും കുടുംബത്തിനു നേരെ ഗുണ്ടാ ആക്രമണമുണ്ടായി. ബിഹാർ പാറ്റ്‌ന സ്വദേശി വികാസ് കുമാർ യാദവും ഭാര്യയുമാണ് ആക്രമം നേരിട്ടത്. നാട്ടുകാരെ വളർത്തുനായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ഗുണ്ടയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഈ കേസിൽ ഇയാൾ ജാമ്യം നേടിയിരുന്നു.
ക്രിമിനൽ സെലിബ്രറ്റികളും
ഇതിനിടെ, പോലീസ് സേനയെ നിഷ്‌ക്രിയമാക്കാനുള്ള ക്രിമിനൽ മാഫിയാ സംഘങ്ങളുടെ കളിയിൽ മാധ്യമങ്ങൾ വീഴുന്നുവെന്ന് വിമർശനമുന്നയിച്ച് പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു രംഗത്തു വന്നത് ശ്രദ്ധേയമായി. അതിൽ നിന്ന് വ്യക്തമാകുന്നത് എന്താണ്? ഇവിടെ പോലീസ് നിഷ്‌ക്രിയരാക്കപ്പെടുന്ന അന്തരീക്ഷം നിലനിൽക്കുന്നു എന്നു തന്നെ ! ഗുണ്ടാ തലവന്മാരെ പോലും മാധ്യമങ്ങൾ ചർച്ചയ്ക്ക് വിളിച്ചിരുത്തി പോലീസിനെതിരെ പറയിപ്പിക്കുന്നുവെന്നാണ് അസോസിയേഷൻ നേതാവിന്റെ വിമർശനം.
പോലീസ് സേനയ്ക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിയാത്ത കാര്യമാണ് ക്രിമിനൽ സംഘങ്ങളുടെ വളർച്ചയത്രേ. ക്രിമിനലുകൾക്ക് വളമായി മാറുന്ന തരത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതിയിൽ മാറ്റം വരണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. കുറ്റവാളികൾ പിടിക്കപ്പെട്ടാലും ജാമ്യത്തിലിറങ്ങി അക്രമങ്ങൾ ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെങ്കിൽ അത്തരം ക്രിമിനലുകൾക്ക് മാധ്യമങ്ങളിലൂടെ ലഭിക്കുന്ന പിന്തുണ ഇല്ലാതാക്കണം. അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത പോലീസുദ്യോഗസ്ഥന്മാർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പത്രസമ്മേളനം നടത്തുന്ന ക്രിമിനലുകളുണ്ട്.
അവർ ഉന്നയിക്കുന്ന ആരോപണങ്ങളുടെ വസ്തുത അന്വേഷിക്കാതെ മാധ്യമങ്ങൾ അവ ബ്രേക്കിങ് ന്യൂസായി പുറത്തുവിടുന്നു. ഇത് ആത്മാർത്ഥമായി ജോലി ചെയ്ത പോലീസ് ഉദ്യോഗസ്ഥന്മാരെ മാനസികമായി തകർക്കുന്ന കാര്യമാണ്. പോലീസിനെ കുറ്റവാളിയാക്കി യഥാർത്ഥ പ്രതികളെ വെള്ളപൂശുന്ന സാഹചര്യം പലപ്പോഴും സൃഷ്ടിക്കപ്പെടുന്നു.
പോലീസ് അസോസിയേഷൻ നേതാവിന്റെ ഈ പരിദേവനം മാത്രം മതി ഇന്ന് കേരളത്തിലെ ജനജീവിതത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള നേർച്ചിത്രം കാണാൻ. ഇന്റലിജൻസിൽ മേൽത്തട്ടു മുതൽ ഒരു അഴിച്ചുപണി പ്രതീക്ഷിക്കുന്നു ഏവരും.
പ്രിജിത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്