ട്രംപിന്റെ വിശ്വസ്തനായ ഇന്ത്യന്‍ വംശജന്‍ പോള്‍ കപൂര്‍ ആരാണ് ?

OCTOBER 8, 2025, 7:22 PM

ദക്ഷിണേഷ്യയുടെ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി ഇന്ത്യന്‍ വംശജന്‍ പോള്‍ കപൂറിനെ നിയമിച്ചു. ഒക്ടോബര്‍ ഏഴ് ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിലാണ് നിര്‍ണായക നിയമനം ഉണ്ടായത്. ഡോണാള്‍ഡ് ലു വഹിച്ചിരുന്ന പദവിയിലേക്കാണ് പോള്‍ കപൂര്‍ എത്തുന്നത്. നേരത്തെ പോള്‍ കപൂറിനെ അമേരിക്കന്‍ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്തിരുന്നു.

അമേരിക്കയുടെ വിദേശകാര്യ നയതന്ത്രപരമായ ഇടപെടലുകള്‍ക്ക് ഇനി കപൂര്‍ നേതൃത്വം നല്‍കും. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള അമേരിക്കന്‍ ബന്ധങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളും ആദ്യ ഇടപെടലും നടത്തുക ദക്ഷിണേഷ്യയുടെ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ പോള്‍ കപൂര്‍ ആയിരിക്കും.

മാത്രമല്ല കപൂറിനെ ഫെബ്രുവരിയില്‍ ട്രംപ് ഭരണകൂടം ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. കാലിഫോര്‍ണിയയില്‍ നിന്നുള്ള പോള്‍ കപൂറിനെയാണ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ സൗത്ത് ഏഷ്യന്‍ അഫയേഴ്‌സ് ആയി നിയമിക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. സെനറ്റ് അംഗീകരിച്ച 107 നോമിനികളില്‍ ഒരാളാണ് കപൂര്‍.

റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് മേല്‍ അമേരിക്കന്‍ ഇരട്ട തീരുവ ചുമത്തിയിരുന്നു. ഇതോടെ ഇന്ത്യ - യുഎസ് ബന്ധത്തില്‍ കല്ലുകടി രൂപപ്പെടുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച പരിഹരിക്കാന്‍ ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടെയാണ് നിര്‍ണായക നിയമനം ഉണ്ടായത്. കപൂറിന്റെ നിയമനം യുഎസ് - ഇന്ത്യ തന്ത്രപരമായ സഹകരണത്തെ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.

ആരാണ് ഇന്ത്യന്‍ വംശജനായ പോള്‍ കപൂര്‍?

ഡല്‍ഹിയില്‍ ജനിച്ച പോള്‍ കപൂറിന്റെ പിതാവ് ഇന്ത്യക്കാരനും അമ്മ അമേരിക്കക്കാരിയുമാണ്. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡി നേടിയ കപൂര്‍, ആംഹെര്‍സ്റ്റ് കോളേജില്‍ നിന്ന് ബിരുദം നേടി. ദക്ഷിണേഷ്യയിലെ സുരക്ഷാ വിഷയങ്ങളിലും വിദേശനയത്തിലും വൈദഗ്ദ്ധ്യം നേടിയ പ്രമുഖ അക്കാദമിക് വിദഗ്ദ്ധനാണ് കപൂര്‍.

നിലവില്‍ യുഎസ് നേവല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കൂളില്‍ പ്രൊഫസറായും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഹൂവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിസിറ്റിംഗ് ഫെലോയായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. മുന്‍പ് ട്രംപ് ഭരണകൂടത്തില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പോളിസി പ്ലാനിങ് സ്റ്റാഫില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ഇന്‍ഡോ - പസഫിക് തന്ത്രത്തിലും യുഎസ് - ഇന്ത്യ ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

ദക്ഷിണേഷ്യയുടെ ആണവ തന്ത്രങ്ങളെക്കുറിച്ചും സുരക്ഷാ വിഷയങ്ങളെക്കുറിച്ചും കപൂറിന് വ്യക്തമായ ധാരണയുണ്ട്. 'Jihad as Grand Strategy: Islamist Militancy, National Security, and the Pakistani State' എന്ന പുസ്തകത്തിന്റെ രചയിതാവാണ് അദ്ദേഹം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam