ബംഗാളിൽ എസ്‌ഐആറിനെത്തുടർന്ന് ആർ. രാജഗോപാലനെപ്പോലെ 27 ലക്ഷത്തിലേറെ മനുഷ്യരെയാണ് സംശയത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒടുവിൽ ദേശീയ തലത്തിൽ തന്നെ പ്രതിഷേധക്കൊടുംങ്കാറ്റ് ആഞ്ഞുവീശാൻ തുടങ്ങിയതോടെ മുട്ടുമടക്കി കേന്ദ്രസർക്കാർ. ആർ. രാജഗോപാൽ എന്ന ഇന്ത്യ കണ്ട മിടുമിടുക്കനായ ജേണലിസ്റ്റ്, നാളുകളായി ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുത്ത ഒറ്റയാൻ. ടെലഗ്രാഫ് എന്ന പത്രത്തിലൂടെ വെല്ലുവിളികൾ നിറഞ്ഞപോരാട്ടമായിരുന്നല്ലോ നടത്തിവന്നത്.
അതിന്റെ പക തീർക്കാൻ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നു പേരുവെട്ടി. പിന്നെ പാസ്‌പോർട്ട് പുതുക്കി നൽകാതെ വട്ടം ചുറ്റിക്കാൻ ശ്രമിച്ചു. അതെന്തായാലും രാജഗോപാൽ പാസ്‌പോർട്ട് എന്ന കടമ്പ ചാടിക്കടന്നിരിക്കുന്നു.
ആരാണീ രാജഗോപാൽ..?
നിലവിലുള്ള പത്രങ്ങളുടെ ഗണത്തിൽ, 'രാജാവ് നഗ്‌നനാണ് 'എന്ന് പറയാൻ എക്കാലവും മടി കാണിക്കാത്ത ഒരേയൊരു പത്രമായിരുന്നു കൊൽക്കത്തയിൽ നിന്നുമിറങ്ങുന്ന ടെലിഗ്രാഫ്. കേരളത്തിൽ ജനിച്ച് വിദ്യാഭ്യാസം നേടിയ ശേഷം വേണാട് പത്രിക എന്ന സായാഹ്നപത്രത്തിലൂടെ രംഗത്തുവന്നയാളാണ് പിന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച പത്രാധിപരായി ഉയർന്നത്. 'ഒരു പത്രത്തിന് പ്രതിപക്ഷത്തിന്റെ റോളുണ്ട്. അത് സർക്കാരിനെ വിമർശിക്കുകയും അതിന്റെ തെറ്റുകൾ തുറന്നുകാട്ടുകയും ജനങ്ങളോടൊപ്പം നിൽക്കുകയും വേണം' എന്നു വിശ്വസിക്കുന്നു ഈ മനുഷ്യൻ.
ഒരു സമയത്ത് രാജ്യത്തുടനീളമുള്ള കർഷകർ ദിവസങ്ങളോളം ഒരുമിച്ച് പ്രതിഷേധിച്ചപ്പോൾ, പ്രധാനമന്ത്രി പാർലമെന്റിൽ അതിനെതിരെ പ്രസംഗിച്ചു. കർഷക പ്രതിഷേധത്തിൽ പങ്കെടുത്തവരെ 'പരാന്നഭോജികളെ'ന്നാണ് (പാരസൈറ്റ്‌സ്) അദ്ദേഹം ആക്ഷേപിച്ചത്. പൊടുന്നനെ തന്നെ, 'മാരകമായ പരാന്നഭോജിയായി കടന്നുകയറുന്ന ജൂതന്മാർ' എന്ന അഡോൾഫ് ഹിറ്റ്‌ലറുടെ ഉദ്ധരണി താരതമ്യം ചെയ്യാൻ രാജഗോപാലിന്റെ ടെലിഗ്രാഫ് രംഗത്തു വന്നു. തികച്ചും കാതരമായ തലക്കെട്ടായിരുന്നു അന്നത്തേത് :' ഫ്യൂററുടെ നേരിട്ടുള്ള നിക്ഷേപം: ആന്തോളൻ ജീവി, വിഷം വമിക്കുന്ന സൂക്ഷ്മ ജീവി '.
അടിയന്തിരാവസ്ഥയുടെ നാളുകൾ കണ്ടവർക്കറിയാം, മാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടിയതും സെൻസർഷിപ്പ് നിഷ്ഠുരമായി കളം വാണതും. ധീരനായ രാംനാഥ് ഗോയങ്ക ഇന്ത്യൻ എക്‌സ്പ്രസിലെ പേജുകൾ ശൂന്യമാക്കിയിട്ടാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. അതിലേറെ അന്ന് ചെയ്യാൻ കഴിയുമായിരുന്നില്ല.
എന്നാൽ കോവിഡ് കാലത്ത് മാസ്‌ക് ധരിക്കാൻ നിർബന്ധിതരായ സാധാരണ പൗരന്മാരെപ്പോലെ പത്രപ്രവർത്തനത്തിനും മുഖം മൂടേണ്ടിവരുമ്പോൾ, കുഴപ്പം പിടിച്ച സംഭവങ്ങളെ ഉച്ചത്തിൽ അലറിവിളിക്കുന്ന തരത്തിലുള്ള തലക്കെട്ടുകളിലൂടെ പൊതു ശ്രദ്ധയിൽ കൊണ്ടുവന്ന് അത്ഭുതം കാണിച്ചു രാജഗോപാൽ.
അയോദ്ധ്യ കേസിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചപ്പോൾ, ടെലിഗ്രാഫ് പറഞ്ഞു: 'IN THE NAME OF RAM, SITE IS NOW HINDU STHAN'. രാമന്റെ നാമത്തിൽ, ആ സ്ഥലമിപ്പോൾ ഹിന്ദുസ്ഥാൻ. അതുകൊണ്ട് അവസാനിപ്പിച്ചില്ല. ബാബറി മസ്ജിദിനെ തകർത്തെന്ന് ആരോപിക്കപ്പെടുന്നവരെ കുറ്റവിമുക്തരാക്കിയ ദിവസം, ടെലിഗ്രാഫ് കഴുതയുടെ ചിത്രം പ്രസിദ്ധീകരിച്ചുകൊണ്ടു നൽകിയ തലക്കെട്ട് ഈവിധം:
'IF WE'RE INDEED SHOCKED, THIS IS WHAT WE ARE' ഞങ്ങൾ യഥാർത്ഥത്തിൽ ഞെട്ടിയെങ്കിൽ, ഇതു തന്നെയാണു ഞങ്ങൾ. പ്രധാനമന്ത്രി അയോധ്യയിലെ ക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോൾ, ടെലിഗ്രാഫ് ഭരണഘടനയുടെ ചിത്രം തലക്കെട്ടിനോടു ചേർത്തു രേഖപ്പെടുത്തിയതിങ്ങനെ: `The book that begins with We, the people of India, is THE GOD THAT WE FAILED. ഇന്ത്യയിലെ ജനങ്ങളായ നമ്മൾ എന്നു പറഞ്ഞാരംഭിക്കുന്ന ഭരണഘടന ഇതോടെ നമ്മളാൽ പരാജയപ്പെട്ട ദൈവം തന്നെയായെന്നു സാരം.
സാന്ദർഭികമായി ഓർമ്മിക്കാം, രാജേന്ദ്ര പ്രസാദിനുണ്ടായ അനുഭവം.
പതിനൊന്നാം നൂറ്റാണ്ടിൽ മുഹമ്മദ് ഗസ്‌നി കൊള്ളയടിച്ച സോമനാഥ ക്ഷേത്രം 1951ൽ പുനഃസ്ഥാപിച്ചപ്പോൾ അന്നു രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദിന് ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തരുത് എന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അതിനെ എതിർത്തു.
അയോദ്ധ്യ വിധി സംബന്ധിച്ച് രാജഗോപാലിന് രസകരമായ ചില കാര്യങ്ങൾ പറയാനുണ്ട്.
അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്ന വാർത്താ തലക്കെട്ട് ' രാമന്റെ പേരിൽ, ഇന്ത്യ ഇപ്പോൾ ഹിന്ദുസ്ഥാൻ ' (In The Name of Ram, India Is Now Hindu Sthan) എന്നതായിരുന്നു. പക്ഷേ, സഹപ്രവർത്തകർ അദ്ദേഹവുമായി ഇക്കാര്യം ചർച്ച ചെയ്ത് അവരുടെ കൂടി അഭിപ്രായം മാനിച്ച് അവസാനം ഇന്ത്യ മാറ്റി 'സൈറ്റ്' എന്നാക്കി. ഇത് പത്രത്തിനു സംരക്ഷയേകിയെന്ന് രാജഗോപാൽ പറയുന്നു.
പക്ഷേ, പിൽക്കാല സംഭവവികാസങ്ങൾ നോക്കുമ്പോൾ ആദ്യ തലക്കെട്ട് തന്നെയായിരുന്നു ഉചിതമെന്നു തെളിഞ്ഞു. വിധി വന്ന് ഏകദേശം 24 മണിക്കൂറിനുശേഷമാണ് പത്രം വായനക്കാരിലേക്ക് എത്തുകയെന്ന കാര്യം ചിന്തിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അപ്പോഴേക്കും എല്ലാവരും ടെലിവിഷൻ കാണുകയും വിധിയെക്കുറിച്ച് കേൾക്കുകയും ചെയ്യുമായിരുന്നു. അക്കാരണത്താൽ സംഭവത്തിന് ഒരു പുതിയ 'ആംഗിൾ' നൽകേണ്ടതുണ്ടായിരുന്നു; അങ്ങനെയാണ് തലക്കെട്ട് വികസിച്ചത്.
തലക്കെട്ട് എന്താണെന്ന് ചോദിച്ചു. രാജീവ് വധിക്കപ്പെട്ടുവെന്ന് പറയുന്നത് പഴയ കാര്യമായിക്കഴിഞ്ഞെന്ന് ഈ ലേഖകൻ മറുപടി നൽകി. കാരണം സംഭവം നടന്ന് 30 മണിക്കൂറിനു ശേഷമാകും പത്രം വായനക്കാരിൽ എത്തുന്നത്.
തലക്കെട്ടിനായുള്ള ഇടം പരമ പ്രാധാന്യമുള്ളതാണ്. ഇതിന്റെ ഏറ്റവും മികച്ച ഉപയോഗം നടത്തേണ്ടതുണ്ട്. വളരെ ധീരമായും ദൃഢമനസ്സോടെയുമാണ് രാജഗോപാൽ അക്കാര്യം ചെയ്യുന്നത്. അതുപോലെ ചെങ്കോട്ടയുടെ കവാടങ്ങൾ തകർത്ത ഒരു വിഭാഗം കർഷകരെച്ചൊല്ലി അധികാരത്തിലിരുന്നവർ വിലപിച്ചപ്പോൾ ടെലിഗ്രാഫ് ആകട്ടെ, 1.1 ഡിഗ്രി സെൽഷ്യസിനു താഴെ വരുന്ന ശൈത്യത്തിൽ വിറയ്ക്കുന്ന ഒന്നര ലക്ഷത്തിലധികം വരുന്ന കർഷകരുടെ പ്രതിഷേധം പരാമർശിച്ചു.
ലാത്തികളും ജലപീരങ്കികളും ഉപയോഗിച്ച്, അധികാരികൾ എപ്രകാരമാണ് അവരെ നേരടുന്നതെന്നു ചൂണ്ടിക്കാട്ടി. അനുരഞ്ജനത്തിനെന്ന പേരിൽ വിളിച്ചു ചേർത്ത് ഫലമുളവാക്കാതെ പോയ പത്തിലധികം യോഗങ്ങൾ, 150 കർഷകരുടെ ജീവത്യാഗം, 1.1 ഡിഗ്രി സെൽഷ്യസിൽ 11 പേരുടെ നിരാഹാര വ്രതം എന്നിവയെല്ലാം ശ്രദ്ധയിൽ പെടുത്തിയ ശേഷം വായനക്കാരോട് നിർദ്ദേശിച്ചതിങ്ങനെ: `CHOOSE THE BIGGER CRIME'. വലിയ കുറ്റകൃത്യം ഏതെന്നു തിരഞ്ഞെടുക്കൂ..!
രാജഗോപാലിന്റെ വാക്കുകളിൽ കേവല റിപ്പോർട്ടിംഗിനപ്പുറം പോകുന്നതാണ് പത്രപ്രവർത്തനം. 'ഈ രംഗത്ത് ആരോടും ഉത്തരവാദിത്തമില്ലെന്ന് കരുതുന്നവർക്കു തിരിച്ചടി കിട്ടുക തന്നെ ചെയ്യും.' പത്രപ്രവർത്തനമെന്നത് അക്ഷരാർത്ഥത്തിൽ ഒരു പ്രഭാഷണ നൈരന്തര്യമാണ്. വിനോദത്തിന് പ്രാധാന്യം ലഭിക്കുന്ന ഇക്കാലത്തു പോലും വായനക്കാരുമായുള്ള സംവേദനത്തിന് തികഞ്ഞ പ്രസക്തിയുണ്ട് എന്നു തെളിയിച്ചു രാജഗോപാൽ.
ഒരു കാര്യമോർക്കുക. ഇദ്ദേഹത്തെപ്പോലെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു വ്യക്തിയുടെ വോട്ടവകാശം നിഷേധിക്കുമ്പോൾ സാധാരണക്കാരുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
