കോഴിക്കോട്: ചെയ്യാത്ത കുറ്റത്തിന് പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷക്കാലം സമൂഹത്തിന് മുന്നില്‍ കുറ്റവാളിയായി ജീവിക്കേണ്ടിവന്ന ഗൃഹനാഥന് ഒടുവില്‍ നീതി ലഭിച്ചു. ബാലുശ്ശേരി പൂനത്ത് ഈക്കകുന്നുമ്മല്‍ ഇ.കെ മമ്മദിനെയാണ് (60) കൊയിലാണ്ടി പോക്‌സോ കോടതി പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കിയത്. ഫോറന്‍സിക് പരിശോധനാ ഫലവും പെണ്‍കുട്ടിയുടെ നിര്‍ണ്ണായക മൊഴിയുമാണ് കേസില്‍ വഴിത്തിരിവായത്.
2022 മാര്‍ച്ചിലാണ് പത്തു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബാലുശ്ശേരി പോലീസ് മമ്മദിനെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് 83 ദിവസത്തോളം ഇദ്ദേഹത്തിന് ജയിലില്‍ റിമാന്‍ഡില്‍ കഴിയേണ്ടി വന്നു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും നാട്ടുകാരുടെയും സമൂഹത്തിന്റെയും ക്രൂരമായ ഒറ്റപ്പെടുത്തല്‍ കാരണം സ്വന്തം വീട്ടിലേക്ക് പോലും മടങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം.
വിചാരണ വേളയില്‍ പുറത്തുവന്ന സത്യാവസ്ഥകളാണ് കേസിന്റെ ഗതി മാറ്റിയത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതില്‍ ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായിരുന്നു. കൂടാതെ മുത്തശ്ശി എഴുതി നല്‍കിയ പരാതിയില്‍ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തതെന്ന് പെണ്‍കുട്ടി കോടതിയില്‍ വെളിപ്പെടുത്തുകയും ചെയ്തു. സയന്റിഫിക് തെളിവുകള്‍ നല്‍കിയ ഫോറന്‍സിക് റിപ്പോര്‍ട്ടും പ്രതിഭാഗത്തിന് നിര്‍ണ്ണായക പിന്തുണയായി. ലീഗല്‍ സര്‍വീസ് അതോറിറ്റി അഭിഭാഷകനായ കെ.പി പ്രബീഷ് കുമാറാണ് മമ്മദിന് വേണ്ടി കോടതിയില്‍ ഹാജരായത്. ഇതോടെ നാലര വര്‍ഷം നീണ്ട നീതിക്കായുള്ള പോരാട്ടത്തിനൊടുവില്‍ മമ്മദ് കുറ്റക്കാരനല്ലെന്ന് കോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
