സ്വാമി അറിയണ്ട, സാർ!

AUGUST 12, 2026, 10:00 AM

ഭരണം കിട്ടുക എന്നത് മഹാഭാഗ്യമോ മഹാഭാരമോ?

ഒരു സത്യം നമുക്ക് മറക്കാൻ കഴിയില്ല. പണ്ടേക്ക് പണ്ടേ ഒരു കാര്യം തീർച്ചയായിട്ടുണ്ട്: ഭരിക്കുന്നത് ആരായാലും ഭരണം അവർക്ക് ഭാഗ്യവും പരിക്കപ്പെടുന്നവർക്ക് ഭാരവും ആണ്. തെളിവ് വേണോ? നീതിമാൻ എന്നു രാമായണം തന്നെ വിശേഷിപ്പിക്കുന്ന ദശരഥ മഹാരാജാവ് ഇടഞ്ഞ ആനയെ പോലെ നിൽക്കുന്ന സുന്ദരിയായ റാണിയോട് പറയുന്നത് എന്താണെന്ന് നോക്കുക:

പ്രിയതമേ എന്താണ് നിനക്ക് വേണ്ടത്? എന്തു വേണമെങ്കിലും ഞാൻ സാധിപ്പിച്ചു തരാം. അറുകൊല ചെയ്ത ഒരാളെ വെറുതെ വിടണോ? ചെയ്യാം. ഒരു കുറ്റവും ചെയ്യാത്ത ഒരാളെ തൂക്കിലിടണോ? അതും ആവാം. ഒരു ധനവാനെ പാപ്പരാക്കണോ, അതോ പാപ്പരായ ആളെ ധനവാൻ ആക്കണോ? ഇതിന് ഒന്നും എനിക്ക് ഒരു പ്രയാസവുമില്ല, നീ എന്നോട് പിണങ്ങല്ലേ!!

vachakam
vachakam
vachakam

ഇതാണ് നീതിമാനായ മഹാരാജാവിന്റെ നിലപാട്. എങ്ങനെ ഇരിക്കുന്നു?

ചെറിയ ചെറിയ അധികാരങ്ങൾ ആണെങ്കിലും കഥ ഇതുതന്നെയാണ്. മരുമക്കത്തായകാലത്തെ ഒരു വലിയമ്മാമൻ ഒരു വലിയ കിണ്ണം നിറയെ ചോറ് എടുത്ത് തൈരു കൂട്ടി കുഴക്കുന്ന മരുമകളോട് ദേഷ്യപ്പെട്ടു: എന്താ ഇത് കഥ! നിങ്ങളൊക്കെ കൂടെ ഈ തറവാട് മുടിക്കുമല്ലോ!!

മരുമകൾ വിനീത വിധേയയായി പറഞ്ഞു: അമ്മായിടെ കുട്ടിക്കാണ്, അമ്മമേ.

vachakam
vachakam
vachakam

ഓ, ശരി, ഒപ്പി വടിക്കുമ്പോൾ നെല്ലിക്കയോളമേ കാണൂ, അല്ലേ!

ഒരു എംഎൽഎയ്ക്ക് അധികാരം ഒന്നുമില്ല എന്നാണ് വെച്ചിരിക്കുന്നത്. എന്നിട്ടും അഞ്ചുപത്തു കൊല്ലം കൊണ്ട് സമ്പാദിച്ചിരിക്കുന്നത് ആറും അറുപതും അറൂനൂറും കോടിയാണ്. വീണ്ടും തിരഞ്ഞെടുപ്പിൽ നിൽക്കുമ്പോൾ കൊടുക്കുന്ന സത്യവാങ്മൂലങ്ങളിൽ അവർ തന്നെ പറയുന്ന കണക്കാണ് ഇത്. ഉള്ളതു മുഴുവൻ പറഞ്ഞിരിക്കുന്നു എന്ന് കരുതാൻ ന്യായം ഒന്നുമില്ലെങ്കിലും ഇതുതന്നെ പോരേ തെളിയിക്കാൻ അധികാരത്തിന്റെ 'ഗുണം'?

വെറുതെ ഒന്ന് കൂറു മാറിയാൽ കണക്കറ്റ കോടികൾ!

vachakam
vachakam
vachakam

ഭരിക്കപ്പെടുന്നവർ ഇവർക്ക് ഒരു ഭാരം. കാണണം, കെട്ടിപ്പിടിക്കണം, കൈ കൂപ്പണം.... ചത്താലും പെറ്റാലും ചൊല്ലണം.... കൊണ്ടുവരുന്ന കടലാസുകൾ വാങ്ങി വയ്ക്കണം....

കുറച്ചുകാലം മുൻപാണ്. എറണാകുളത്ത് ഒരു കേളേജിലെ വിദ്യാർത്ഥിയായ യുവ നേതാവിന്  അടിപിടിയിൽ പരിക്കേറ്റു. എന്റെ ഒരു സുഹൃത്തിന്റെ മകൻ. കാണാൻ ഞാൻ ആശുപത്രിയിൽ ചെന്നു. പക്ഷേ, ആ കുടുംബത്തിൽ ആർക്കും ഒരു സങ്കടവും കണ്ടില്ല.

എന്റെ മുഖത്തെ അത്ഭുവേമാ കണ്ട് ആവാം ആ കുട്ടിയുടെ അച്ഛൻ പറഞ്ഞു: കുഴപ്പമില്ല, ഒരു കൈത്തണ്ട ഒടിഞ്ഞിട്ടുണ്ട്, അത്രതന്നെ. അതും കോമ്പൗണ്ട് ഫ്രാക്ച്ചർ അല്ല. ഇവിടെ കിടക്കേണ്ട കാര്യമൊന്നുമില്ല, കിടന്നാൽ നേതാവാക്കി എടുക്കാം! ഡോക്ടറോ എൻജിനീയറോ ഐഎഎസ്സോ ഒക്കെ ആക്കുന്നതിനേക്കാൾ എളുപ്പവും ലാഭവും അതാണ്. കുത്തിയിരുന്ന് പഠിക്കേണ്ട, ട്യൂഷനോ അല്ലാതെയോ മുടക്കാൻ കോടികൾ കാണണ്ട....

അയാൾ എന്റെ പുറത്ത് തട്ടി എന്നെ ആശ്വസിപ്പിച്ചു!

മറ്റൊരു കാര്യം ഇങ്ങനെ: സാനു മാസ്റ്റർ പറഞ്ഞ കഥയാണ്. ഒരു ദിവസം ഒരു ശിഷ്യൻ വന്നു കരഞ്ഞു: ഒരു വിഷയത്തിൽ ബിഎ പാസാകും എന്ന് തോന്നുന്നില്ല, സാറ് സഹായിക്കണം. 
എന്നു വെച്ചാൽ ഉത്തരക്കലാസ്സു നോക്കുന്ന വേറൊരാളെ കൊണ്ട് പാസാക്കിപ്പിക്കണം. 
ശിഷ്യ വാത്സല്യം കലശൽ ആയതുകൊണ്ട് സാർ ഇതിനോടൊപ്പം അതിന് ഇറങ്ങി പുറപ്പെട്ടു.

പക്ഷേ, ആ പ്രൊഫസർ കണിശക്കാരനായ ഒരു ബ്രാഹ്മണൻ. അദ്ദേഹം പറഞ്ഞു: രണ്ടോ മൂന്നോ ഒക്കെ ആണെങ്കിൽ ചെയ്യാമായിരുന്നു, സാനു. ഇയാൾക്ക് ആകെ 17 മാർക്കേ ഉള്ളൂ നൂറിൽ! പറ്റില്ല.
അഞ്ചാറു മാസം കഴിഞ്ഞ് ശിഷ്യനെ റോഡിൽ വച്ച് കണ്ടപ്പോൾ എന്തു ചെയ്യുന്നു എന്ന് ചോദിച്ച ഗുരുവിനോട് യുവ നേതാവായ ശിഷ്യൻ മനസ്സ് തുറന്നു: എൽഎൽബിക്ക് പഠിക്കുന്നു, സാർ. 
ബിഎ ഇല്ലാതെ എങ്ങനെ?

ശിഷ്യൻ ചിരിച്ചു: അതൊക്കെ ഉണ്ടായി, സാർ! തിരുവനന്തപുരത്തെ സുഹൃത്തുക്കളുടെ സഹായത്തോടെ സർവ്വകലാശാലയിൽ ഉത്തരകടലാസിൽ നിന്ന് മാർക് ഷീറ്റിലേക്കു പകർത്തുന്ന ആൾക്ക് 50 ഉറുപ്പിക കൊടുത്തു. 17-47 ആയി. വേറെ ആർക്കും ഒരു നഷ്ടവും ഇല്ലല്ലോ സർ.

അതുകൊണ്ട് ഒരു ആക്ഷേപവും ഉണ്ടായില്ല. സ്വാമി അറിയണ്ട, സാർ!

സി. രാധാകൃഷ്ണൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam