ഞാൻ കോളേജിൽ പഠിക്കാൻ പോകുന്ന കാലത്തെ ഒരു അനുഭവമാണ്. കോഴിക്കോട്ടേക്കാണ് എനിക്ക് പോകേണ്ടത്. തിരൂർ റെയിൽവേ സ്റ്റേഷനിൽ ക്യൂ നിൽക്കുമ്പോൾ മുന്നിൽ പരിചയമുള്ള ഒരു നമ്പൂതിരിപ്പാട്. അദ്ദേഹത്തിനും കോഴിക്കോട്ടേക്ക് പോകണം.
ഊഴം വന്നപ്പോൾ അദ്ദേഹം ബുക്കിംഗ് ക്ലാർക്കിനോട് ചോദിച്ചു, കോഴിക്കോട്ടേക്ക് എന്താ കൂലി?
ഒരുറുപ്പിക എന്ന് ബുക്കിംഗ് ക്ലാർക്ക്.
അത്ര വേണോ എനായീ നമ്പൂതിരിപ്പാട്.
അത് നിശ്ചിതമാണല്ലോ തിരുമേനി!
അമ്പത് നായ (ഓ, തെറ്റി, നയാ) പൈസ പോര, അല്ലേ?
പോരല്ലോ!
നല്ലപോലെ ആലോചിച്ചു നോക്കൂ, അത് ബുദ്ധിയാണോ?
എന്താ ബുദ്ധിയല്ലാതെ?
ഞാൻ ഇതിൽ കയറിയാലും ഇല്ലെങ്കിലും വണ്ടി കോഴിക്കോട്ടേക്ക് പോണ്ടേ?
വേണല്ലോ.
അപ്പോൾ എന്നെ അമ്പത് നായ പൈസയ്ക്ക് കൊണ്ടുപോയാൽ കിട്ടണ കാശ് ലാഭം അല്ലെടോ!
വിമാന നിരക്കുകളെ കുറിച്ച് ഷാഫി പറമ്പിൽ എന്ന പുതിയ എംപി പാർലമെന്റിൽ നടത്തിയ തന്റെ കന്നിപ്രസംഗം കേട്ടുകൊണ്ടിരിക്കെ ഈ സംഭാഷണമാണ് ഓർമ്മ വന്നത്.
19000 മുതൽ 85,000 വരെയാണത്രെ ഗൾഫിലേക്ക് ടിക്കറ്റ് നിരക്ക് മാറുന്നത്. ഒരേ ദൂരം, ഒരേ സൗകര്യം. പക്ഷേ, തിരക്കുള്ളപ്പോൾ നിരക്ക് പല ഇരട്ടിയായി കൂടും. മരണശ്വാസം വലിക്കുന്ന അച്ഛനെ കാണാൻ പോകുന്നവന്റെ കയ്യിൽ നിന്നും ഇത്രയും വാങ്ങും. കാറ്റുള്ളപ്പോഴല്ലേ തൂറ്റാൻ ഒക്കു!
ലേലം വിളിച്ചാണ് വിൽപ്പന.
ഇതിപ്പോൾ സീസണിൽ ആണ് മാറുന്നത്. ദിവസംപ്രതി മാറുന്ന ടിക്കറ്റുകളും ഉണ്ട്. എന്തിന് മണിക്കൂർ വച്ച് പോലും മാറും!
കുറച്ചു മുമ്പ് ഒരിക്കൽ ഞാൻ ലണ്ടനിൽനിന്ന് ക്യാമ്ബ്രിഡ്ജിലേക്ക് ഒരു യാത്ര നടത്തി. തീവണ്ടിക്കൂലി അങ്ങോട്ട് പോകുമ്പോൾ പന്ത്രണ്ടു പൗണ്ട്, വൈകുന്നേരം തിരികെ വരുമ്പോൾ ഇരുപത്തിയെട്ട് !
ഒരേ ദൂരം, ഒരേ വണ്ടി, ഒരേ ക്ലാസ്സ്, ഒരേ സൗകര്യം....
അങ്ങോട്ടുമിങ്ങോട്ടും വഴി ഒപ്പമാണ് എന്ന് വിചാരിച്ച് ഒരേ നിരക്ക് കയ്യിൽ കരുതി പുറപ്പെട്ടാൽ വഞ്ചിയുടെ നിൽപ്പ് തിരുനക്കരതന്നെ ആയിരിക്കും!
റെയിൽവേ നടത്തി കൊണ്ടുപോകുന്ന സ്വകാര്യ കമ്പനിക്ക് നിരക്കു നിശ്ചയിക്കാൻ പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. (ഇതുതന്നെയാവുമോ നാളെ ഇവിടെയും സ്ഥിതി!) പരമാവധി ഇത്ര എന്നുപോലുമില്ല.
എല്ലായ്‌പ്പോഴും നിശ്ചിത തുക, അല്ലെങ്കിൽ, അല്പം ഉയർന്നതാണെങ്കിലും അങ്ങോട്ടുമിങ്ങോട്ടും സ്ഥിരമായി ഒരേ ചാർജ്, ഈടാക്കാൻ വകുപ്പില്ലേ എന്ന് ഞാൻ ഓർത്തുപോയി.
ഇതാ ഞങ്ങളുടെ ജനങ്ങൾ, ഇവരെ കഴിയുന്നത്ര ഞെക്കി പിഴിഞ്ഞ് കാശ് ഉണ്ടാക്കിക്കോളൂ എന്നാണോ ജനായത്ത ഭരണം സ്വകാര്യ കമ്പനികളോട് പറയേണ്ടത്? എങ്കിൽ സർക്കാർ തന്നെയാണ് അത് ചെയ്യുന്നതെങ്കിൽ ഈ കള്ളപ്പണം നികുതി ആയിട്ടെങ്കിലും ജനങ്ങൾക്ക് തന്നെ വീണ്ടും ഉപകരിച്ചേക്കാം എന്നൊരു പ്രതീക്ഷയെങ്കിലും ഉണ്ടായേനെ.
മഹാധനികർ ഒന്നുമല്ലല്ലോ മിക്കവാറും ഈ നാട്ടിൽ നിന്ന് അന്യനാടുകളിലേക്ക് തൊഴിൽ ചെയ്ത് ജീവിക്കാൻ പോകുന്നത്. പലരും ടിക്കറ്റും വിസയും സംഘടിപ്പിക്കുന്നത് കിടപ്പാടം പണയം വെച്ചാണ്. എന്നിട്ട് കൈവരുന്നത് പലപ്പോഴും ആടുജീവിതവും. അതിനിടെയാണ് നാട്ടിൽ ഒരു അത്യാഹിതം. ടിക്കറ്റ് വാങ്ങാൻ നോക്കുമ്പോൾ 75000ക. നാലു ദിവസം ലീവേ കിട്ടു. അപ്പോൾ തിരികെ പോരാനും ടിക്കറ്റ് അത്ര തന്നെ! അയാൾ ഒരു കൊല്ലം മുഴുക്കെ ജോലി ചെയ്ത പണമാണ് വിവാദ കമ്പനി ഇങ്ങനെ ഒറ്റ നിമിഷം കൊണ്ട് അടിച്ചുമാറ്റുന്നത്.
ചോദിക്കാനും പറയാനും ആളില്ല എന്ന് ആക്ഷേപം പറയരുത്. എന്തുകൊണ്ടാണെന്നോ? അതിനുള്ള മറുപടി പഴയ തിരുമേനി പണ്ടേ പറഞ്ഞിട്ടുണ്ട്.
അദ്ദേഹം പറഞ്ഞ കഥയില്ലായ്മ ഇതാണ്: പണ്ട് രാജാക്കന്മാരാണ് നാടുവാണത്. അവർ അനീതിക്കാർ ആയിരുന്നുവല്ലോ. തിരുവായ്ക്ക് എതിർവാ ഇല്ലായിരുന്നു താനും. ഇപ്പോൾ കാലം മാറിയില്ലേ, ഹേ? നിങ്ങൾ തന്നെയല്ലേ ഭരിക്കുന്നത്? അതായത് ബഹുജനം? നിങ്ങൾ തന്നെയല്ലേ ഇതൊക്കെ ശരിയാക്കേണ്ടത്? എങ്കിൽ ശരി, വേഗമാകട്ടെ!
സി. രാധാകൃഷ്ണൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്