ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയിൽ കൊണ്ടുവന്നതാണെന്നു കാണിച്ച് ഭരണഘടനയുടെ ആമുഖത്തിൽ ചേർക്കപ്പെട്ട സോഷ്യലിസം, സെക്കുലറിസം എന്നിവ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാറിന്റെ ആളുകൾ കോടതിയിലെത്തുകയുണ്ടായല്ലോ..! രാജ്യത്തെ സ്വേച്ഛാധിപത്യത്തലേക്കും വർഗീയ വാഴ്ചയലേക്കും കോർപ്പറേറ്റ് ആധിപത്യത്തലേക്കും കൊണ്ടുപോവുകയെന്ന വരേണ്യ വർഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കുക മാത്രം ലക്ഷ്യമായുള്ള ആർ.എസ്.എസിന്റെ നീക്കത്തിനാണിപ്പോൾ തിരിച്ചടി ഏറ്റിരിക്കുന്നത്. സുപ്രീംകോടതിയിൽനിന്ന് തിരിച്ചടിയേറ്റാലും അവർ പിന്നോട്ടുപോകുമെന്നു തോന്നുന്നില്ല. മതനിരപേക്ഷ ജനാധിപത്യശക്തികൾ ഒറ്റക്കെട്ടായി അതിനെ ചെറുത്തു തോൽപ്പിക്കുകയാണ് വേണ്ടത്.
സത്യത്തിൽ മതേതരത്വം പ്രാണവായു പോലെ പ്രധാനമാണെന്ന് ഇന്ത്യക്കാർ തിരിച്ചറിഞ്ഞ കാലഘട്ടമാണിത്. രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ വ്യവഹാരങ്ങളിൽ വർഗീയതയുടെ സ്വാധീനം ദിനംപ്രതി വർധിക്കുകയാണ്. മതേതരത്വം, മതനിരപേക്ഷത എന്നിവയൊക്കെ വെറും പൊള്ളയായ വാക്കുകളാകുകയാണോ? എന്തുകൊണ്ടാണ് ഇങ്ങനെയൊരു ദുരവസ്ഥ വന്നുപെട്ടത്? അടിയന്തരപ്രാധാന്യമുള്ള ഇത്തരം ചോദ്യങ്ങളെ തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ നേരിടുകയെന്നത് ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണ്.
ഭരണഘടനയുടെ ആമുഖം പരിഷ്‌ക്കരിച്ചിട്ട് അമ്പതുസംവത്സരങ്ങളായിട്ടും വിചിത്രമായ സംശയങ്ങളുമായി ഒരുകൂട്ടം മനുഷ്യർ. ആമൂഖപേജിലെ മതനിരപേക്ഷതയും സോഷ്യലിസവും അവരെ വല്ലാതെ അസ്വസ്ഥരാക്കുകയാണ്.
നമ്മുടെ ഭരണഘടനയുടെ ഒറ്റവാക്യത്തിലുള്ള ആമുഖത്തിൽ 1976ൽ എഴുതിച്ചേർത്ത നാലേനാലുവാക്കുകളാണ്. സോഷ്യലിറ്റ്, സെക്യുലർ, അന്റ് ഇന്റിഗ്രിറ്റി. രാഷ്ട്രസ്വഭാവത്തെ വ്യക്തമാക്കുന്ന വാക്കുകളായ പരമാധികാരജനാധിപത്യ റിപബ്ലിക് എന്നിവയ്ക്കനുബന്ധമായാണ് സോഷ്യലിസവും മതനിരപേക്ഷതയും കൂട്ടിച്ചേർത്തത്. രാഷ്ട്ര ഐക്യം മാത്രം വാഗ്ദാനം ചെയ്തിരുന്ന ഭാഗത്ത് അകണ്ഡതയും എന്നുകൂടി ചേർത്തു. അത്രമാത്രം.
ഇങ്ങനെ ആമുഖപരിഷ്‌ക്കാരം ഉൾപ്പടെ ഭരണഘടനയിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയ 42ാം ഭേദഗതി ബില്ലിനെ ലോക്‌സഭയിൽ അഞ്ചുപേരാണ് വിമർശനവുമായി എഴുന്നേറ്റത്. എന്നാൽ രാജ്യസഭയിൽ ഒരൊറ്റയാൾ പോലും എതിർത്തില്ല.
ജനാധിപത്യം എന്നാൽ ഭൂരിപക്ഷത്തിന്റെ സ്വേച്ഛാപരമായ അധികാര പ്രയോഗമല്ല. ചെറുതും ദുർബലവുമായ ശബ്ദത്തിനുപോലും ലഭിക്കുന്ന സ്വീകാര്യതയാണ്. യോജിപ്പിനെന്നപോലെ വിയോജിപ്പിനും ലഭിക്കുന്ന ആദരവാണ്.
ഇത് മതവിരുദ്ധമല്ല. ഇത് യഥാർത്ഥത്തിൽ മതത്തെ സംരക്ഷിക്കുന്നു, കാരണം ഒരാൾക്ക് മറ്റൊരാളുടെ പ്രീതി ലഭിക്കില്ല. ഒരേ മതത്തിൽ പോലും വ്യത്യസ്ത വിഭാഗങ്ങൾ ഉണ്ടാകാം. അതുകൊണ്ട് ഇന്ത്യയ്ക്ക് എന്തുകൊണ്ടും അനുയോജ്യമായ ഭരണഘടന തന്നെയാണിത്.
മതനിരപേക്ഷത ഇന്ത്യൻ ഭരണഘടനയുടെ അഭേദ്യഭാഗമാണെന്ന് ? ഇതാ പരമോന്നത നീതിപീഠം, സുപ്രീംകോടതി ആവർത്തിച്ചുറപ്പിച്ചിരിക്കുന്നു. ഇത് ഏറെ ആശ്വസകരമായ സംഗതിയാണ്. എന്നാൽ മതനിരപേക്ഷത നേരിടുന്ന ഭീഷണി, അതിനെതിരെ ഉയരുന്ന വെല്ലുവിളി സുപ്രീംകോടതിയുടെ ഈ നിരീക്ഷണത്തോടെയും, അതേനിലയിൽ തന്നെ വിധിന്യായം ഉണ്ടായാൽപോലും അവസാനിക്കുമെന്ന് കരുതാനാവില്ല. കാരണം, ഇതിനുമുൻപും പല കാലങ്ങളിൽ പല കേസുകളിലും സുപ്രീംകോടതിയിൽനിന്ന് സമാനമായ നിരീക്ഷണങ്ങളും വിധിന്യായങ്ങളും ഉണ്ടായിട്ടുള്ളതാണ്. എന്നിട്ടും അത് വീണ്ടും ചോദ്യം ചെയ്യപ്പെടുന്നുവെന്ന് മാത്രമല്ല, ഭരണഘടനാനുസൃതം പ്രവർത്തിക്കാൻ ബാധ്യസ്ഥരായ ഭരണാധികാരികൾ തന്നെ, പ്രത്യേകിച്ചും ബി.ജെ.പി.യ്ക്ക് ഭരണത്തിന്റെ കടിഞ്ഞാൺ ലഭിക്കുമ്പോഴെല്ലാം, അതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന കാഴ്ചയാണ് കാണുവാൻ കഴിയുന്നത്.
നരേന്ദ്ര മോദിയും കൂട്ടരും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങും അതിന്റെ ഉദ്ഘാടനവും തികഞ്ഞ മതപരമായ പശ്ചാത്തലത്തിൽ സംഘടിപ്പിച്ചത് നമുക്കു നൽകുന്ന സന്ദേശം തന്നെ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങൾക്കനുസരിച്ച് നീങ്ങാൻ തങ്ങൾ തയ്യാറല്ല എന്നതാണ്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം സർക്കാർ പരിപാടിയെന്നപോലെ നടപ്പാക്കിയതിലൂടെ നാട് ഭരിക്കുന്നവർ മതന്യൂനപക്ഷങ്ങളെ ആശങ്കയിൽ അകപ്പെടുത്തുകയാണ് ചെയ്തത്. ബി.ജെ.പി. അധികാരത്തിലിരിക്കുമ്പോഴെല്ലാം, അത് കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും അവർക്ക് അധികാരത്തിലിടപെടാൻ അവസരം ലഭിക്കുമ്പോഴെല്ലാം ഇന്ത്യ ഒരു മതരാഷ്ട്രമാണെന്നതുപോലെയാണ് മിക്കപ്പോഴും പെരുമാറുന്നത്.
എന്തിന് നമ്മുടെ പൗരത്വത്തിന്റെ കാര്യത്തിൽ പോലും മതത്തെ ചേർത്തു നിർത്തുവാൻ ബി.ജെ.പി. മടിച്ചില്ല. സി.എ.എ., എൻ.ആർ.സി. നിയമം കൊണ്ടുവരാനും അത് തിരക്കിട്ട് നടപ്പാക്കാനും ബി.ജെ.പി. ഗവൺമെന്റ് തുനിഞ്ഞതു തന്നെ ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷത കാറ്റിൽപ്പറത്താൻ തങ്ങൾ പ്രതിഞ്ജാബദ്ധരാണെന്ന് പറയാതെ പറയുന്നതിന്റെ നിദർശനമല്ലേ?
സോഷ്യലിസവും മതനിരപേക്ഷതയും അഖണ്ഡത എന്നിങ്ങനെയുള്ള വാക്കുകളെ ഇപ്പോഴും സംശയത്തോടെ നോക്കുന്നവരുടെ മുൻപന്തിയിൽ നിൽക്കുന്നവരാണ് മുമ്പ് കേന്ദ്ര നിയമ മന്ത്രിയായിരുന്ന സുബ്രഹ്മണ്യൻ സാമിയും തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയും. ഇന്ത്യക്ക് എന്തിനാണ് മതനിരപേക്ഷതയെന്നാണ് രവി ചോദിച്ചുകൊണ്ടിരിക്കുന്നത്. തികച്ചും രക്ഷിതയായ ഒരു പ്രധാനമന്ത്രിയാണ് മതനിരപേക്ഷത ഭരണഘടനയിൽ എഴുതിച്ചേർത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്താനും മടിക്കുന്നില്ല.
ജനാധിപത്യത്തിനു പകരം സേ്വച്ഛാധിപത്യവും സാമൂഹ്യനീതിക്കും സമത്വത്തിനും പകരം ജാതി അടിസ്ഥാനത്തിലുള്ള ശ്രേഷ്ഠതാവാദവും മതനിരപേക്ഷതയ്ക്കുപകരം മതരാഷ്ട്രവാദവുമാണ് ആർ.എസ്്എസ്. നടപ്പാക്കാൻ ആഗ്രഹിക്കുന്നത്. സാമൂഹ്യനീതിയും സമത്വവുമെല്ലാം ആർ.എസ്്.എസ്. സംരക്ഷിക്കാൻ ശ്രമിക്കുന്ന കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്.
അതായത് പഴയ ബ്രാഹ്മണാധിപത്യത്തിനൊപ്പം മൂലധനാധിപതികളായ കോർപ്പറേറ്റുകളുടെ ആധിപത്യവും അടങ്ങുന്ന നഗ്‌നമായ സേ്വച്ഛാധിപത്യവാഴ്ച നടപ്പാക്കലാണ് സംഘപരിവാറിന്റെ ലക്ഷ്യം. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പുപോലെയുള്ള ജനാധിപത്യവിരുദ്ധമായ നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതും ഈ ഗൂഢലക്ഷ്യം വച്ചുതന്നെയാണ്.
അടുത്ത വർഷത്തെ വിജയദശമി നാൾ ആർ.എസ്.എസ്. രൂപീകരിച്ചതിന്റെ 100ാം വാർഷികമാണ്. സ്ഥാപിക്കപ്പെട്ട് 100 വർഷം തികയുമ്പോൾ ഇന്ത്യയെ സേ്വച്ഛാധിപത്യപരമായ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റണമെന്ന ആർ.എസ്്എസിന്റെ ആഗ്രഹം പ്രയോഗത്തിൽ വരുത്താനുള്ള തീവ്രശ്രമത്തിലാണ് സംഘപരിവാർ ശക്തികൾ. ഭരണഘടന ഭേദഗതി ചെയ്ത് സാമൂഹ്യനീതിയും മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാക്കാനുള്ള പദ്ധതി ബി.ജെ.പിക്ക് ഒറ്റയ്ക്ക് ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാതായതോടെ പൊളിഞ്ഞെങ്കിലും പിൻവാതിലിലൂടെ എങ്ങനെ ആ മോഹം സാക്ഷാത്കരിക്കാമെന്ന ശ്രമത്തിലാണ് സംഘപരിവാർ ഏർപ്പെട്ടിരിക്കുന്നത്.
തികച്ചും രാഷ്ടീയ കാരണങ്ങളാൽ തന്നെയാണ് ഇന്ദിരാഗാന്ധിക്ക് മതനിരപേക്ഷത ഉയർത്തിക്കാട്ടണമെന്ന് തോന്നിയതെന്നതിന് സംശയമില്ല. എന്നാൽ അതിപ്പോൾ അനിവാര്യമായിരിക്കുകയാണ്. അതുകൊണ്ട് ഒരു കുഴപ്പവും ഇന്നുവരെ സംഭവിച്ചിട്ടുമില്ല. എന്നിട്ടും ചിലർക്ക് ആ വാക്കിന്റെ സാമിപ്യം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നു എന്നതാണ് പ്രശ്‌നം..!
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്