ഇതിലെ ഒരു നിരത്ത് കടന്നുപോകുന്നു. ഒരു മണിക്കൂറിൽ നൂറ് വാഹനങ്ങളെങ്കിലും. പുകയും പൊടിയും ശബ്ദവും രാപ്പകൽ ഒഴുകുന്നു. മിനിറ്റിൽ ഒരു ആംബുലൻസ് എങ്കിലും മരണ നിലവിളിക്കുമായി പറക്കുന്നു. ഇതിൽക്കൂടുതൽ എന്തുപുരോഗതിയാണ് കൂട്ടരെ നമുക്കുവേണ്ടത്..?
ചമ്രവട്ടം എന്നാണ് ഞാൻ ജനിച്ചു വളർന്ന ഗ്രാമത്തിന്റെ പേര്. ഇവിടെ ഇരുന്നാണ് ഞാൻ ഇത് കുറിക്കുന്നത്. അറിയിക്കാൻ ഒരു വലിയ വിശേഷം ഉണ്ട്: ഞങ്ങൾ ഇവിടെ പുരോഗമിക്കുകയാണ്. ഏതാണ്ടൊക്കെ ആയിട്ടുണ്ട്, ഇനി കുറച്ചുകൂടിയേയുള്ളൂ എല്ലാം തികയാൻ.
പതിനായിരം ഹെക്ടയർ നെൽകൃഷി ഉണ്ടായിരുന്നു ഈ ഗ്രാമത്തിൽ. ആദ്യം രാസവളം വന്നു, പിന്നെ കീടനാശിനിയും. ഇപ്പോൾ പത്ത് സെന്റ് പോലും നെൽകൃഷി ഇല്ല. അതിന്റെ കൂടെ തവള, ഞണ്ട്, ഞവിണി, തുമ്പി, പാറ്റ, പരൽമീൻ, നീർപ്പാമ്പ്, പുല്ല്, നെല്ലിപ്പൂവ്, വരിനെല്ല് എന്നിങ്ങനെ എല്ലാം പോയി. പുന്നെല്ലരിച്ചോറിന്റെ മണം പോയി, അവിലിന്റെ രുചി പോയി, തവിടിന്റെ അപ്പം പോയി, പൂവട പോയി, ഉറിയും വല്ലവും പത്തായവും നിറയും പോയി. തൊഴുത്തിലെ പൂട്ടുകാളകളും പശുവും പോയി. ഉരലും ഉലക്കയും കൂന്താണിയും പോയി. കൊഴുവും കരിയും നുകവും പോയി. ഗ്രാമത്തിലെ മരപ്പണിക്കാരും ലോഹ പണിക്കാരും പോയി. തേക്കുപാട്ടും കൊയ്ത്തുപാട്ടും ചവിട്ടുകളിയും കൈകൊട്ടി കളിയും ഓണവും വിഷുവും തിരുവാതിരയും ഒക്കെ പോയി. സംസ്‌കൃതി പോയി.
ഇവിടെ ഭാരതപ്പുഴ എന്നൊരു പുഴ ഉണ്ടായിരുന്നു. അതിപ്പോൾ ഏതാനും ചളിക്കുളങ്ങളുടെ ഒരു സമാഹാരമാണ്. ഓടിക്കളിക്കാൻ ശുദ്ധ മണൽപ്പുറവും തളരുമ്പോൾ കോരിക്കുടിക്കാൻ ശുദ്ധജലവും ഇപ്പോൾ ഇല്ല. കുമ്പളവും മത്തനും വിളഞ്ഞുകിടക്കുന്ന ഓലമേഞ്ഞ പുരപ്പുറങ്ങൾ ഇല്ല. മരുന്നുകളൊക്കെ പടർന്നു വളർന്നു നിന്ന വേലികൾ ഇല്ല. നിരത്തുവക്കത്തെ തണൽ മരങ്ങൾ ഇല്ല. കവുങ്ങും തെങ്ങും തല പോയി.
ഒരിക്കലും വറ്റാത്ത കിണറുകൾ എല്ലാം വറ്റി. കുടിവെള്ളം വലിയ കുപ്പിയിലും ചെറിയ കുപ്പിയിലും കിട്ടും. വലിയ വിലയാണ് എന്ന് മാത്രം. ഇതൊരു അർദ്ധ നഗരമായി. പക്ഷേ കുടിവെള്ളമില്ല. ഈ 25 ചതുരശ്ര കിലോമീറ്ററിൽ ഹൈസ്‌കൂളോ കോളേജോ പോലീസ് സ്റ്റേഷനോ ഒരു റൂറൽ ഡിസ്‌പെൻസറി പോലുമോ ഇപ്പോഴും ഇല്ല. ഇതിലെ ഒരു നിരത്ത് കടന്നുപോകുന്നു. ഒരു മണിക്കൂറിൽ നൂറ് വാഹനങ്ങളെങ്കിലും. പുകയും പൊടിയും ശബ്ദവും രാപ്പകൽ ഒഴുകുന്നു. മിനിറ്റിൽ ഒരു ആംബുലൻസ് എങ്കിലും മരണ നിലവിളിക്കുമായി പറക്കുന്നു.
പുതിയ റസ്റ്റോറന്റുകളും ഷോപ്പുകളും മാളുകളും വന്നു. ചെറിയ കടകളൊക്കെ പൂട്ടി. കൈത്തൊഴിലുകാരൊക്കെ പട്ടിണി കിടന്നു മരിച്ചു. ഫ്‌ളക്‌സുകളും കൊടികളും മാത്രം സുലഭം. അതെ ഞങ്ങൾ പുരോഗമിക്കുകയാണ്. സംശയമുണ്ടെങ്കിൽ ഇതിലെ ഒന്ന് വരൂ. കുടിക്കാൻ ഇത്തിരി വെള്ളവും ശ്വസിക്കാൻ പ്രാണവായുവും കരുതിക്കോളണം!
ഇല്ല, വിനോദ സഞ്ചാരികൾ ഒന്നും ഇതിലെ വരാറില്ല. പണ്ടുപണ്ടേ വന്നിരുന്ന ദേശാടന പക്ഷികൾപോലും ഈ സ്വർഗ്ഗ ഭൂമിയെ ഉപേക്ഷിച്ചു!ഭരതവാക്യം: സ്വർഗാദപി ഗരീയസി
സി. രാധാകൃഷ്ണൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്