വാഷിംഗ്ടണ്‍: ഇറാനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സാമ്പത്തിക ശൃംഖലകള്‍ക്കും നേരെ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്. സമാധാനപരമായ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നു എന്ന് ആരോപിച്ചും ദശലക്ഷക്കണക്കിന് ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്നും ആരോപിച്ചാണ് യു.എസ് നടപടി.
ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ആണ് വ്യാഴാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.
'സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ഇറാനിലെ ജനതയുടെ ആവശ്യങ്ങള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ശക്തമായി പിന്തുണ നല്‍കുന്നു.' ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപരോധം നേരിടുന്നവരില്‍ ഇറാനിലെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലരിജാനിയും ഉള്‍പ്പെടുന്നു. അടിച്ചമര്‍ത്തലിന് നിര്‍ദ്ദേശം നല്‍കിയെന്നും പ്രക്ഷോഭകര്‍ക്കെതിരെ ബലപ്രയോഗത്തിന് ആഹ്വാനം ചെയ്തെന്നുമുള്ള കുറ്റമാണ് വാഷിങ്ടണ്‍ അദേഹത്തിനുമേല്‍ ആരോപിക്കുന്നത്. ലോറസ്താന്‍, ഫാര്‍സ് പ്രവിശ്യകളിലെ അടിച്ചമര്‍ത്തലില്‍ പങ്കുവഹിച്ചതിന് ഇറാനിയന്‍ നിയമ നിര്‍വഹണ സേനയുടെയും റെവല്യൂഷണറി ഗാര്‍ഡുകളുടെയും നാല് പ്രാദേശിക കമാന്‍ഡര്‍മാര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിരവധി ആളുകളെ ഫാര്‍സിലെ സുരക്ഷാ സേന കൊലപ്പെടുത്തിയെന്നും ആശുപത്രികളില്‍ വെടിയേറ്റ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ മറ്റ് രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയുന്നില്ലെന്നും സ്‌കോട്ട് ബെസെന്റ് ആരോപിച്ചു. യുഎഇ, സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ മുന്നിട്ട് നില്‍ക്കുന്ന കമ്പനികളിലൂടെ ഇറാനിയന്‍ എണ്ണ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം വെളുപ്പിക്കുന്ന 'ഷാഡോ ബാങ്കിങ്' ശൃംഖലകളെക്കുറിച്ചും അദ്ദേഹം സൂചന നല്‍കുകയുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
