സമ്മാനപ്പൊതിയിൽ ശോഭ കെടുന്ന വോട്ടുകാലം

APRIL 8, 2026, 1:37 PM

ആഴ്ചകൾ നീണ്ട ചൂടേറിയ പ്രചണ്ഡമായ പ്രചാരണങ്ങൾക്കൊടുവിൽ എത്തിച്ചേർന്ന നിശബ്ദ പ്രചാരണ ദിവസം ശബ്ദ കോലാഹലങ്ങൾ കൊണ്ട് മുഖരിതമായി. വോട്ടർമാരെ നേരിൽ കണ്ട് വിളംബരങ്ങളുടെ അകമ്പടിയില്ലാതെ വോട്ട് ചോദിക്കേണ്ട സ്ഥാനാർത്ഥികൾ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്ന കാഴ്ച! കള്ള പരാതിയും വിദ്വേഷ പ്രചരണവും ചിലരെ കണ്ണീരണിയിച്ചപ്പോൾ മറ്റു ചിലർക്ക് അത് പ്രതിയോഗികളെ തീർക്കാനുള്ള ആയുധമായി.

പതിനെട്ടടവും പ്രയോഗിച്ച ശേഷം അങ്കത്തലേന്ന് നടത്തുന്ന അങ്കം വെട്ടൽ അക്ഷരാർത്ഥത്തിൽ വോട്ടർമാരെ ഞെട്ടിച്ചിരിക്കുന്നു. പിണറായി വിജയൻ പറയും പോലെ നാലോട്ടിനുവേണ്ടി.. കഷ്ടം!
പോളിംഗ് ബൂത്തിൽ എത്തുംവരെ ആർക്ക് വോട്ട് ചെയ്യണമെന്ന് വ്യക്തതയില്ലാതെ, പ്രത്യേകിച്ച് ആരുടെയും പക്ഷത്തല്ലാത്ത ആ പാവം വോട്ടർമാരാണ് അവസാന ദിവസത്തെ ഈ പൂഴിക്കടകനിൽ അന്ധരായിപ്പോകുന്നത്.

അത്തരം വോട്ടർമാർ നിഷ്പക്ഷമതികളല്ല, അവർ നിർമതയോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നോക്കിക്കാണുന്നവരാണ്. അവരെ മനസ്സിലാക്കാത്ത രാഷ്ട്രീയ നേതൃത്വങ്ങളാണ്, സാരി ഉടുപ്പിക്കാനും നോട്ട് വോട്ടാക്കാനും കയ്യിൽ കിറ്റും പിടിച്ചുകൊണ്ട് ഇറങ്ങിത്തിരിക്കുന്നത്.  വോട്ടറെ സ്വാധീനിക്കാൻ പണവും മദ്യവും ഒഴുക്കുന്നതൊന്നും പുതുമയുള്ള കാര്യമല്ല.

vachakam
vachakam
vachakam

അത്തരം സ്വാധീനങ്ങളെ നോർത്തിന്ത്യൻ ഇറക്കുമതി എന്ന് നമ്മൾ ആക്ഷേപിക്കുന്നതും ശരിയല്ല. ജനാധിപത്യ പ്രക്രിയയുടെ മനോഹരമായ ആ നിമിഷം.. വോട്ടർമാർ ജനവിധി കുറിക്കാൻ വരിവരിയായി നിൽക്കുന്ന ദൃശ്യം. ആ വിധി പ്രഖ്യാപനം പുറത്തുവരാനുള്ള കാത്തിരപ്പ്.. ഇതിന്റെയെല്ലാം മഹത്വം അറിയാത്തവരാണ് പച്ചയ്ക്ക് വോട്ട് കച്ചവടത്തിന് ഇറങ്ങിത്തിരിക്കുന്നത്.

ആപത്ത് കാലത്തെ കിറ്റ്

തെരഞ്ഞെടുപ്പിൽ സൗജന്യവാഗ്ദാനങ്ങൾ ചൊരിഞ്ഞ് 'മധുരം നുണപ്പിക്കുന്ന സംസ്‌കാരം' (റെവ്ഡി കൾച്ചർ) പരക്കെ വിമർശിക്കപ്പെടാറുണ്ട്. എന്നാൽ ഒരു കക്ഷികളും അതിൽനിന്ന് മുക്തരല്ല. ബി.ജെ.പിയുടെ ഡൽഹി ഘടകം നേതാവും സംഘ്പരിവാറിന്റെ വ്യവഹാരക്കാരനുമായ അശ്വിനികുമാർ ഉപാധ്യായ 2022ൽ സുപ്രീംകോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

vachakam
vachakam
vachakam

പൊതു ഖജനാവിലെ പണം ഉപയോഗിച്ച് ഈ ആകാശസ്വപ്‌നങ്ങൾ നടപ്പിൽവരുത്താൻ ശ്രമിക്കുന്നതിലെ അധാർമികതയായിരുന്നു കേസിൽ ഉയർത്തിക്കാട്ടിയത്.
വോട്ടർമാർക്ക് നക്കാപ്പിച്ച പാരിതോഷികങ്ങൾ നൽകി അവരെ വോട്ടെടുപ്പ് ദിനത്തിൽ ആട്ടിൻപറ്റങ്ങളെപ്പോലെ പോളിംഗ് ബൂത്തിലേക്ക് നടത്തുന്ന നാട്ടുപ്രമാണിമാർ നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ സാധാരണ ദൃശ്യമാണ്. അത്തരം കാഴ്ചകൾ കേരളത്തിൽ പ്രകടമായിട്ടില്ല. തമിഴ്‌നാട്ടിലും മറ്റും സൗജന്യ സമ്മാനവിതരണ മേളകൾ തെരഞ്ഞെടുപ്പിന്റെതന്നെ ഭാഗമാണ്.

പണത്തിനു പുറമേ, സാരി, ടി.വി, സൈക്കിൾ തുടങ്ങിയവയൊക്കെ പല പാർട്ടികളും നൽകും.
പ്രളയാനന്തരകാലത്ത് ആശ്വാസം എന്ന നിലയിൽ നൽകിയ കിറ്റുകൾ കൊണ്ടാണ് പിറ്റേ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വീണ്ടും ജയിച്ചതെന്ന് പ്രചരിപ്പിച്ചവരുടെ നാടാണ് ഇത്. പ്രളയകാല ദുരിതാശ്വാസം പോലും പ്രബുദ്ധ കേരളത്തിന് മുന്നിൽ അധാർമിക പ്രവർത്തനമായി ചിത്രീകരിച്ച കാലം. കാര്യങ്ങൾ അവിടെ നിന്ന് വളരെ മുന്നോട്ടുപോയി.

തൃശൂർ ജില്ലയിലെ ചില നിയോജകമണ്ഡലങ്ങളിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത് പിടികൂടപ്പെട്ടത് ക്രമസമാധാന പ്രശ്‌നമായി മാറി. മണലൂർ മണ്ഡലത്തിലെ വാടാനപ്പള്ളിയിൽ ബി.ജെ.പി നേതൃത്വത്തിൽ സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ച് ഭക്ഷ്യക്കിറ്റ് വിതരണത്തിന് തയ്യാറാക്കുന്നു എന്നു കേട്ടറിഞ്ഞ് മണലൂരിലെ സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകരെത്തി ഗോഡൗണിലേക്ക് കടക്കാൻ ശ്രമിച്ചത് യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനും അറസ്റ്റിനും ഇടയാക്കി. ഗോഡൗണിൽനിന്ന് ഏതാനും ഭക്ഷ്യക്കിറ്റുകളും പോലീസ് കണ്ടെടുത്തു.

vachakam
vachakam
vachakam

തലേന്നാൾ, തൃശൂരിലെതന്നെ ഒളരിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌പെഷൽ സ്‌ക്വാഡ് തന്നെ കണ്ടെത്തി തടഞ്ഞിരുന്നു. കിറ്റ് വിതരണമറിഞ്ഞ് ഉദ്യോഗസ്ഥർ എത്തുമ്പോഴേക്ക് 75 കിറ്റുകൾ നൽകിക്കഴിഞ്ഞിരുന്നു. അവശേഷിച്ച 26 കിറ്റുകൾ പിടിച്ചെടുത്തു. സംഭവത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.

വോട്ടിനു വേണ്ടി പണം എന്ന ആക്ഷേപം ബേപ്പൂർ പോലുള്ള ചില കേന്ദ്രങ്ങളിൽ യു.ഡി.എഫിനെതിരെയും ഉയർന്നെങ്കിലും വോട്ടെടുപ്പിന്റെ തലേന്ന് ശരിക്കും വെട്ടിലായത് ബി.ജെ.പി തന്നെ. ശോഭാ സുരേന്ദ്രന് വേണ്ടി പണം നൽകുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ കോൺഗ്രസുകാരനാണ് മാധ്യമങ്ങളെ പോലും ഞെട്ടിച്ച ആ 'സ്റ്റിങ്ങ് ഓപ്പറേഷൻ' നടത്തിയത്.

ദൃശ്യം പകർത്തിയവനെ കൈയോടെ 'പൊക്കിയ' ശോഭ, മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ ന്യായീകരണങ്ങൾ അത്രകണ്ട് ശോഭിച്ചില്ല. ഒരു വൃദ്ധയുടെ വീടിന് സമീപം മരണം നടന്ന വീട്ടിൽ ബി.ജെ.പി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ എത്തുന്നു. ഇതിനു പിന്നാലെ എൻ.ഡി.എ പ്രവർത്തകയായ ഒരു സ്ത്രീയെത്തി വയോധികയ്ക്ക് പണം നൽകിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് സ്‌ക്വാഡ് വർക്ക് കഴിഞ്ഞ് മടങ്ങുമ്പോഴാണ് പണം വിതരണം ചെയ്യുന്നത് കണ്ടത്.

നിമിഷങ്ങൾക്കകം ആ ദൃശ്യം കോൺഗ്രസ് നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പ്രചരിച്ചതും കരുതൽ രാഷ്ട്രീയം! ഓഖിയിലും പ്രളയത്തിലും കൊറോണയിലും നിപ്പയിലും ഉരുൾപൊട്ടലുകളിലും തളരാത്ത കേരളത്തെ കേവലം പണം കൊണ്ടും കിറ്റ് കൊണ്ടും സാരി കൊണ്ടും വിലയ്‌ക്കെടുക്കാം എന്ന് കരുതുന്നത് ഏത് പ്രസ്ഥാനം ആണെങ്കിലും അത് ഈ സംസ്ഥാനത്തെ പിന്നോട്ട് നടത്താനുള്ള പ്രയത്‌നങ്ങളുടെ തുടക്കമായി മാത്രമേ കാണാൻ കഴിയൂ.

പാട്ടും പാടി ജയിക്കാൻ

ജനങ്ങളെ പാട്ടിലാക്കാനുള്ള പാട്ടുകൾ എല്ലാം പാരഡിയായി അന്തരീക്ഷത്തിൽ തുറന്നുവിട്ട ഒരു പ്രചാരണകാലമാണ് കടന്നുപോയത്. മുൻപൊന്നുമില്ലാത്ത വിധം കേരളം കണ്ട ആ പ്രചരണങ്ങളിൽ ഏറെയും കുപ്രചരണങ്ങളായിരുന്നു എന്നതാണ് വാസ്തവം. കുപ്രചരണങ്ങൾ അഴിച്ചുവിടുന്നതിൽ ആരും ഒട്ടും പിന്നിലായിരുന്നില്ല. പാട്ടും പാടി ജയിക്കാവുന്ന സീറ്റുകളിൽ പോലും കുത്തിത്തിരിപ്പിന്റെ പ്രചാരവേലകൾ കൊണ്ട് മത്സരാർത്ഥികൾ വലഞ്ഞു. ജനങ്ങളെ സ്പർശിക്കുന്ന വിഷയങ്ങൾ പലതും അപ്രത്യക്ഷമായി.

അരുതാത്ത വാക്പ്രയോഗങ്ങൾ കൊണ്ട് മുൻനിര നേതാക്കൾ പോലും നാട്ടുകാരെ ഞെട്ടിച്ചു. പെരുമാറ്റചട്ടം പലപ്പോഴും കാറ്റിൽ പറക്കുന്നതായി തോന്നി. സ്ഥാനാർത്ഥികൾക്ക് വേണ്ടി നിഗൂഢമായ തിരക്കഥകൾ ഒരുങ്ങുന്നതായി തോന്നി. പലരും വോട്ടെടുപ്പ് കഴിഞ്ഞ് പൊട്ടിക്കാനായി ബോംബുകൾ കരുതി വെച്ചിട്ടുള്ളതായി കാണാം. ചീറ്റിപ്പോകും എന്ന് കരുതി പൊട്ടിക്കാതെ വെച്ച ബോംബുകളും അക്കൂട്ടത്തിലുണ്ട്. അറിഞ്ഞ ചട്ടലംഘനങ്ങളിൽ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷനും ഉഷാറായി.

വിവിധ പ്രത്യയശാസ്ത്രങ്ങൾ, വിശ്വാസങ്ങൾ, ദർശനങ്ങൾ തമ്മിലുള്ള ആശയപരമായ സംഘർഷങ്ങൾ, ആശയങ്ങളുടെ ഏറ്റുമുട്ടൽ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിൽ നടക്കുന്ന ഇത്തരം ഏറ്റുമുട്ടലുകൾ പലപ്പോഴും അധികാരവും സ്വാധീനവും നിലനിർത്തുന്നതിന് വേണ്ടിയുള്ളതാണ്. സംവാദം, പ്രത്യയശാസ്ത്ര യുദ്ധങ്ങൾ, പരസ്യ പ്രചരണങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്.

എന്നാൽ, കേവലം ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരമുഖത്ത് കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത സംഘർഷത്തിന്റെയും പരപുച്ഛത്തിന്റെയും കളിയാട്ടമാണ് നാം ദർശിച്ചത്. ജയിക്കാനായി ഏതറ്റം വരെയും പോകുമെന്ന സ്ഥിതി. ജന മനസ്സിലെ വിധി പുറത്തുവരും വരെ രാഷ്ട്രീയനേതൃത്വങ്ങളുടെ നിലയില്ലാ കളികൾ നമുക്ക് കണ്ടിരിക്കാം.

പ്രജിത്ത് രാജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam