വഞ്ചി പിന്നെയും തിരുനക്കരെ തന്നെ; മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് പ്രതീക്ഷ പകരുന്ന എന്തെങ്കിലും സംഭവിക്കുന്നതിന്റെ സൂചനകളല്ല ഇതുവരെയുള്ളത്. പുതിയ ഡാം നിർമ്മിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കാമെന്നും ഡാമിന്റെ സ്ഥാനവും രൂപകൽപ്പനയും തീരുമാനിക്കാനുള്ള പൂർണ അധികാരം തമിഴ്‌നാടിന് വിട്ടുനൽകാമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചെങ്കിലും തമിഴ്‌നാട് വീണ്ടും തനിനിറം കാട്ടി. തമിഴക മുഖ്യമന്ത്രിയുടെ പ്രതികരണം ഒട്ടും അനുകൂലമായില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ മഹാബലിപുരത്ത് ചേർന്ന ദക്ഷിണ മേഖലാ കൗൺസിലിൽ ആണ് കേരളത്തിന്റെ നിലപാട് മുഖ്യമന്ത്രി സതീശൻ അറിയിച്ചത്. അതേസമയം, കോടതി വിധിയുടെ അടിസ്ഥാനത്തിലാകണം നടപടികളെന്നും, കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതി വിധിയും ട്രൈബ്യൂണൽ തീരുമാനവും നടപ്പാക്കണമെന്നുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പറഞ്ഞത്. പ്രശ്‌നം ചർച്ചയിലൂടെയും സമവായത്തിലൂടെയും പരിഹരിക്കാൻ തമിഴ്‌നാട് സർക്കാരിന് താല്പര്യമില്ലെന്ന നിലപാട് ആവർത്തിക്കപ്പെട്ടു.
സുപ്രീംകോടതി നിലപാട് തമിഴ്‌നാടിന് അനുകൂലമാണെന്നതിനാൽ കേരളത്തിന്റെ പുതിയ ഡാമെന്ന ആവശ്യം മിക്കവാറും പരുങ്ങലിലായ അവസ്ഥയിൽ തന്നെ തുടരുന്നു.പുതിയ അണക്കെട്ടിൽ നിന്നുള്ള മുഴുവൻ വെള്ളവും തമിഴ്‌നാടിനു നൽകാമെന്ന് മുഖ്യമന്ത്രി സതീശൻ വ്യക്തമാക്കി. പക്ഷേ, മുല്ലപ്പെരിയാർ വിഷയത്തിൽ തന്റെ മുൻഗാമികളുടെ നിലപാടിൽ നിന്നു മാറാൻ തമിഴ്‌നാട് മുഖ്യമന്ത്രി തയ്യാറാകുന്നില്ല.
കേരളത്തിനിത് ജീവന്മരണ പ്രശ്‌നമാണ്. ഏകദേശം മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാവുന്ന പ്രശ്‌നം. എന്നാൽ തമിഴ്‌നാടിന് അങ്ങനെയല്ല. അവർക്ക് ജലത്തിന്റെ മാത്രം പ്രശ്‌നമാണിത്. കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് വെള്ളം എന്നതാണ് കാലങ്ങളായി ഈ വിഷയത്തിൽ കേരളത്തിന്റെ നിലപാട്. തത്വാധിഷ്ഠിതമായ ഈ നിലപാടിൽ തന്നെ ചരിത്രപരമായ ഒരു വിട്ടുവീഴ്ചയ്ക്കാണ് കേരളം തയ്യാറായത്.
ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിനു ശേഷം മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്‌നം അവലോകനം ചെയ്യുന്നതിനായി പാർലമെന്ററി ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റി കഴിഞ്ഞ ദിവസം ഇടുക്കിയിൽ ഔദ്യോഗിക യോഗം ചേർന്നു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ന്യായമായ ആവശ്യങ്ങളും ആശങ്കകളും പാനൽ ഒരുപോലെ പരിഗണിക്കുമെന്ന് കമ്മിറ്റി ചെയർമാനും ലോക്‌സഭാ എംപിയുമായ രാജീവ് പ്രതാപ് റൂഡി നൽകിയ ഉറപ്പ് എന്തായാലും കേരളത്തിന്റെ പ്രതീക്ഷകൾക്കു ശക്തി പകർന്നില്ല.
തികച്ചും നയതന്ത്ര പ്രസ്താവനയായിരുന്നു റൂഡിയുടേത്. 'ചർച്ചകൾ പ്രധാനമായും ഇരട്ട അജണ്ടയെ ചുറ്റിപ്പറ്റിയായിരുന്നു'വെന്ന് റൂഡി പറഞ്ഞു. കമ്മിറ്റി രണ്ട് നിർണായക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: ദീർഘകാലമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിനുള്ള സന്തുലിത സമീപനത്തിന് ഊന്നൽ നൽകിക്കൊണ്ട് അണക്കെട്ടിന്റെ സമ്പൂർണ്ണ സുരക്ഷയും ജലലഭ്യതയും ഉറപ്പാക്കും. ശുപാർശകൾ സമർപ്പിക്കുന്നതിന് മുമ്പ് ഇരു സംസ്ഥാനങ്ങളും അവതരിപ്പിച്ച സങ്കേതികവും നിയമപരവുമായ വാദങ്ങൾ പാനൽ സമഗ്രമായി വിലയിരുത്തുമെന്നും റൂഡി കൂട്ടിച്ചേർത്തു.
വർഷങ്ങളായി പ്രകൃതിക്ഷോഭങ്ങളും വെള്ളപ്പൊക്കവും ഒക്കെ ഉണ്ടാകുമ്പോൾ ഉയർന്നു വരികയും അതു തീരുമ്പോൾ കെട്ടടങ്ങുകയും ചെയ്യുന്ന കീറാമുട്ടി വിഷയമാണ് കേരളത്തെ സംബന്ധിച്ച് മുല്ലപ്പെരിയാർ. ഇതിനൊരു പരിഹാരം ഉണ്ടാകേണ്ടത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകം തന്നെ. പുതിയ ഡാം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് മാത്രമല്ല ഇപ്പോഴുള്ള ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിരിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ ജീവൻ വച്ച് പന്താടുന്നതിന് തുല്യമാണ്.
ശാശ്വതമായി നീട്ടികൊണ്ടു പോകാൻ പറ്റുന്ന ഒരു പ്രശ്‌നമല്ലിത്. അരുതാത്തതൊന്നും സംഭവിക്കില്ല എന്ന് കരുതുന്നതിനും ഒരു പരിധിയുണ്ടെന്ന് കേരള ജനത വിശ്വസിക്കുന്നു. അതേസമയം, പുതിയ ഡാം നിർമ്മിക്കാൻ കേരളത്തിന് അനുവാദം ലഭിച്ചാൽ പഴയ കരാർ ഇല്ലാതാകുമെന്നും ഭാവിയിൽ തമിഴ്‌നാടിന് വെള്ളം കിട്ടാതാവുമെന്നും ഈ വെള്ളം കൊണ്ട് കൃഷി ചെയ്തു ജീവിക്കുന്ന തമിഴ്‌നാട്ടിലെ നാലഞ്ച് ജില്ലകളിലെ ജനങ്ങൾ ഒന്നടങ്കം കരുതുന്നു. അതു തന്നെയാവും തമിഴ്‌നാടിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് പിന്നിൽ.
തമിഴ്‌നാട് പറയുന്ന ന്യായം വളരെ വിചിത്രമാണ്. നിലവിലുള്ള അണക്കെട്ട് പൂർണമായും സുരക്ഷിതമായതിനാൽ പുതിയ ഒന്ന് ആവശ്യമില്ലെന്നാണ് തമിഴ്‌നാടിന്റെ വാദം. മേജർ ജോൺ പെനിക്വിക്ക് എന്ന ബ്രിട്ടീഷ് എൻജിനിയറുടെ നേതൃത്വത്തിൽ ഡാമിന്റെ നിർമ്മാണം പൂർത്തിയാക്കിയത് 1895 ലാണ്. കരിങ്കല്ലും സുർക്കിയും ചേർത്ത് നിർമ്മിക്കുന്ന സമയത്ത് അമ്പത് വർഷമാണ് അണക്കെട്ടിന് ആയുസായി കണക്കാക്കിയിരുന്നത്. ആ കണക്കിൽ ആയുസിന്റെ മൂന്നിരട്ടി സമയം പിന്നിടാൻ ഇനി അധികം വർഷങ്ങളില്ല.
ഡാമിന് കാര്യമായ ചോർച്ച ഉണ്ടെന്നുള്ളത് വിദഗ്ദ്ധർ വരെ പരിശോധനയിൽ സമ്മതിച്ചിട്ടുള്ളതുമാണ്. അതിനാൽ ഒരു പുതിയ ഡാം വേണമെന്നുള്ള കേരളത്തിന്റെ ആവശ്യം തികച്ചും ന്യായമാണെന്നറിയാമെങ്കിലും പല കാരണങ്ങളാൽ അക്കാര്യം അതേപടി തുറന്നു പറയാൻ സുപ്രീം കോടതിക്കും കേന്ദ്ര സർക്കാരിനും കഴിയാത്ത സാഹചര്യമാണുള്ളത്. നിലവിൽ ദേശീയ ഡാം സുരക്ഷ അതോറിറ്റിയും കേന്ദ്ര ജലകമ്മിഷനുമാണ് ഡാമുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ എടുക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതികൾ മൂന്ന് മാസത്തിലൊരിക്കൽ പരിശോധന നടത്തുന്നുണ്ട്.
നിയമക്കുരുക്കുകൾ
സങ്കീർണമായ നിയമ പ്രശ്‌നങ്ങൾ ഉൾപ്പെട്ടതാണ് മുല്ലപ്പെരിയാർ തർക്കം. സുപ്രീം കോടതിയുടെയും കേന്ദ്ര ജലവിഭവ കമ്മിഷന്റെയും മറ്റും പരിഗണനയിലുള്ള വിഷയമായതിനാൽ ഇത് ആ നിയമത്തിന് അനുരോധമായേ പരിഹരിക്കാനാവൂ. അതല്ലാതെ ഇതിന്റെ പേരിൽ ജനങ്ങളെ പ്രക്ഷോഭരംഗത്തിറക്കുന്ന രീതി ഒരു കക്ഷിക്കും ഗുണകരമാകില്ല. പ്രശ്‌നം പരിഹരിക്കുന്നത് സങ്കീർണമാക്കാനും അപരിഹാര്യമായി തുടരാനുമേ അതിടയാക്കൂ. ഇതിനേക്കാൾ വലിയ പ്രശ്‌നങ്ങൾ സമന്വയത്തിലൂടെ സ്വതന്ത്ര ഇന്ത്യ പരിഹരിച്ചിട്ടുണ്ടെന്നത് മറക്കാനാകില്ല.
മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കുന്നതിനും ആ വഴി തന്നെ പിന്തുടരുകയാകും ഉചിതമെന്ന അഭിപ്രായമാണ് നിയമജ്ഞരും പരിണത പ്രജ്ഞരായ രാഷ്ട്രീയ നേതാക്കളും പങ്കുവയ്ക്കുന്നത്. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് കവേരി നദീജലം പങ്കിടുന്നത് സംബന്ധിച്ച് കർണാടകയും തമിഴ്‌നാടും തമ്മിലുണ്ടായ സംഘർഷം അന്നത്തെ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് മുൻകയ്യെടുത്താണ് പരിഹരിച്ചത്.
മുല്ലപ്പെരിയാറിൽ കേരളത്തിന് നിരന്തരം തിരിച്ചടിയുണ്ടാവാൻ കാരണം സംസ്ഥാനം ഭരിച്ചവർ തന്നെയാണെന്ന ആരോപണം ഇതിനിടെ ബലപ്പെട്ടു വരുന്നുണ്ട്. അണക്കെട്ടിന്റെ ഉടമസ്ഥത സംബന്ധിച്ചും, ജലനിരപ്പ് എത്രയാവണം എന്നതു സംബന്ധിച്ചുമുള്ള കേസുകളിൽ മാറി മാറി വന്ന സർക്കാരുകൾ ഗുരുതര അനാസ്ഥയാണ് കാണിച്ചതത്രേ. അതേസമയം തമിഴ്‌നാട്ടിലെ സർക്കാരുകൾ രാഷ്ട്രീയ ഭേദം മറന്ന് ഇക്കാര്യത്തിൽ ഒരേ നിലപാട് സ്വീകരിക്കുകയും ചെയ്തു.
ബ്രിട്ടീഷുകാരുടെ കാലത്ത് ഒപ്പുവച്ച മുല്ലപ്പെരിയാർ പാട്ടക്കരാർ കാലാവധി കഴിഞ്ഞിട്ടും തമിഴ്‌നാടിന് അനുകൂലമായി പുതുക്കി നൽകിയത് സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. രാഷ്ട്രീയ താൽപ്പര്യം മുൻനിർത്തി എടുത്ത ഈ തീരുമാനം കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം മരണ വാറണ്ടായി. കേരളത്തിലെ ഭരണാധികാരികൾക്ക് ബോധോദയം ഉണ്ടായപ്പേഴേക്കും സമയം വൈകിപ്പോയി.
ബ്രിട്ടിഷ് ഭരണകാലത്ത് 1887നും 1895നും ഇടയിലാണ് മുല്ലപ്പെരിയാർ ഡാം നിർമിക്കുന്നത്. 1895 ൽ ഡാമിന്റെ പ്രവർത്തനം ആരംഭിച്ചു. സുരക്ഷ ആശങ്കകളെ തുടർന്ന് 1979 ൽ കേന്ദ്ര ജലകമ്മീഷൻ അധ്യക്ഷനായിരുന്ന കെ.സി തോമസിന്റെ നേതൃത്വത്തിലുള്ള ചർച്ചയെ തുടർന്ന് ജലനിരപ്പ് 152 അടിയിൽനിന്ന് 136 അടിയാക്കി. കൂടുതൽ ഉയരം തേടി 2006 ൽ തമിഴ്‌നാട് സുപ്രീം കോടതിയിൽ ഹർജി നൽകി. തമിഴ്‌നാടിന് 142 അടിവരെ ജലനിരപ്പ് ഉയർത്താമെന്ന ഉത്തരവു കിട്ടി. ഇതേ തുടർന്ന് 2006 ൽ കേരള ഇറിഗേഷൻ ആന്റ് വാട്ടർ കൺസർവേഷൻ ആക്ട് 2003 ഭേദഗതി ചെയ്ത് മുല്ലപ്പെരിയാറിനെ സുരക്ഷ ഭീഷണി നേരിടുന്ന അണക്കെട്ടായി പ്രഖ്യാപിച്ചു.
136 അടിയായി ജലനിരപ്പ് പരിമിതപ്പെടുത്തി. പിറ്റേവർഷം പുതിയ ഡാം നിർമിക്കാനുള്ള നടപടികൾക്ക് കേരള സർക്കാർ തുടക്കം കുറിച്ചു. ഈ നീക്കത്തിനെതിരെ തമിഴ്‌നാട് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. 2010 ൽ ഡാം സുരക്ഷയെ കുറിച്ച് പഠിക്കാൻ സുപ്രീംകോടതി ഒരു സമിതിയെ നിയമിച്ചു. 2012 ൽ ഡാം സുരക്ഷിതമാണെന്ന് സമിതി റിപ്പോർട്ട് നൽകി. റിപ്പോർട്ടിൽ കേരളം കേന്ദ്ര ഇടപെടൽ തേടി.
പുതിയ ഡാം വേണമെന്ന ആവശ്യം കേന്ദ്രത്തോട് കേരളം ഉന്നയിച്ചു. പക്ഷേ കനത്ത തിരിച്ചടിയാണ് പിന്നീട് കേരളത്തിനുണ്ടായത്. 2014 ൽ കേസിൽ വീണ്ടും ഇടപെട്ട സുപ്രീം കോടതി കേരളം പാസ്സാക്കിയ 2006ലെ കേരള ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ ആക്ട് റദ്ദാക്കി. തമിഴ്‌നാടിന് ഡാം ബലപ്പെടുത്തി ജലനിരപ്പ് ഉയർത്താമെന്ന് വീണ്ടും ഉത്തരവിട്ടു. ഡാം കൂടുതൽ ബലപ്പെടുത്തി സുരക്ഷ ഉറപ്പാക്കിയാൽ 152 അടിവരെയും ജലനിരപ്പ് ഉയർത്താമെന്നും കോടതി അറിയിച്ചു. ഡാം സുരക്ഷ പരിശോധിക്കാൻ മറ്റൊരു സമിതിയെയും നിയമിച്ചു. 2021 ൽ ജലനിരപ്പ് 136 അടിയാക്കണമെന്ന് കേരളം കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ നിലപാട് മാറ്റാൻ അന്നും തമിഴ്‌നാട് തയാറായില്ല.
മുല്ലപ്പെരിയാർ അണക്കെട്ട് കാലഹരണപ്പെട്ടതാണെന്ന് ആദ്യം അംഗീകരിക്കേണ്ടതുണ്ട്. അണക്കെട്ടിലെ വിള്ളലുകളും ചോർച്ചയും പലപ്പോഴും വാർത്തയായിട്ടുള്ളതാണ്. ഇടയ്ക്കിടെ നടത്തുന്ന 'ബലപ്പെടുത്തലുകൾ' അണക്കെട്ടിന്റെ ആയുസ്സ് വർദ്ധിപ്പിക്കുമെന്ന് വിവരമുള്ള ആരും പറയുന്നില്ല. ഇക്കാര്യങ്ങൾ കോടതിയെ ധരിപ്പിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനാണ്. ഈ ഉത്തരവാദിത്വം യഥാവിധി നിറവേറ്റപ്പെട്ടില്ല. മാത്രമല്ല, മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ ഇടുക്കി അണക്കെട്ട് തടഞ്ഞുകൊള്ളും എന്ന അടിസ്ഥാനമില്ലാത്ത വാദഗതിയെ ശക്തമായി എതിർക്കുന്നതിലും കേരളം പരാജയപ്പെട്ടു.
അണക്കെട്ടിനുമേലുള്ള അവകാശം സംബന്ധിച്ച് കേരളം കോടതിയിൽ അവതരിപ്പിക്കാൻ പോകുന്ന വാദമുഖങ്ങൾ അപ്പപ്പോൾ തമിഴ്‌നാട് സർക്കാരിന് ചോർന്നുകിട്ടിയെന്നും പറയപ്പെടുന്നുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രിമാരായി പ്രവർത്തിച്ച തമിഴ്‌നാട്ടിൽ നിന്നുള്ളവരെ കേരളം അന്ധമായി വിശ്വസിക്കുകയും ചെയ്തു.
തമിഴ്‌നാടിന്റെ അവകാശവാദങ്ങൾ കേരളം അംഗീകരിക്കാൻ പാടില്ലായിരുന്നു. മുല്ലപ്പെരിയാറിലെ ജലബോംബ് നിർവീര്യമാക്കിയേ മതിയാവൂ. അണക്കെട്ടിന് 127 വർഷം പഴക്കമുണ്ട്. എന്ത് ശാസ്ത്രീയമായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അണക്കെട്ട് പൊട്ടില്ലെന്ന് പറയുന്നതെന്ന കാര്യം ഇനിയും വ്യക്തമല്ല. ഓരോ മഴക്കാലത്തും അണക്കെട്ട് നിറഞ്ഞുകവിയുന്നു. മഹാദുരന്തം സംഭവിക്കാനുള്ള സാധ്യത എപ്പോഴുമുണ്ട്.
അങ്ങനെ സംഭവിച്ചാൽ അഞ്ച് ജില്ലകളിലെ ജനങ്ങൾ ഒലിച്ചുപോകും. ഇത് മുൻകൂട്ടി കണ്ട് ഒഴിവാക്കേണ്ട ഉത്തരവാദിത്വം, ഭരിക്കുന്നത് ആരായാലും കേരളത്തിലെ സർക്കാരിനുണ്ട്. തമിഴ്‌നാടിന്റെ പ്രശ്‌നം കൃഷിയാണ്. വെള്ളം കിട്ടിയില്ലെങ്കിൽ രണ്ട് ജില്ലകളിലെ കൃഷി നശിക്കുമത്രേ. ഇതിനുവേണ്ടി കേരളത്തിലെ ലക്ഷക്കണക്കിനാളുകളുടെ ജീവൻ ബലിനൽകണമെന്ന വാദം നിരർത്ഥകമെന്ന് സുപ്രീംകോടതി എന്ന് ചൂണ്ടിക്കാട്ടുമെന്നറിയാൻ കേരളം കാത്തിരിപ്പു തുടരുന്നു.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
