സൗദി അറേബ്യയുടെ സുപ്രധാന എണ്ണ പൈപ്പ് ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനിലൂടെയുള്ള ക്രൂഡ് ഓയിൽ വിതരണം വീണ്ടും താത്കാലികമായി നിർത്തിവെച്ചു. സഊദി അരാംകോയുടെ കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയെന്ന് യെമനിലെ ഹൂതി പ്രക്ഷോഭകർ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ അടിയന്തര നടപടി ഉണ്ടായിരിക്കുന്നത്.
തലസ്ഥാനമായ റിയാദിന് കിഴക്കുള്ള ഖുറൈസിലെ പമ്പിംഗ് സ്റ്റേഷന് നേരെയാണ് കടുത്ത ആക്രമണം ഉണ്ടായത്. പമ്പിംഗ് സ്റ്റേഷന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് പൈപ്പ് ലൈൻ വഴി എണ്ണ കടത്തിവിടുന്നത് നിർത്തിവെക്കേണ്ടി വന്നതെന്ന് ഊർജ്ജ മേഖലയിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
റിയാദിലെയും ഖുറൈസിലെയും സൗദി അരാംകോ കേന്ദ്രങ്ങൾക്ക് നേരെ ഡസൻ കണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് തങ്ങൾ വിനാശകരമായ ആക്രമണം നടത്തിയെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി വ്യക്തമാക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് എണ്ണകേന്ദ്രങ്ങളിൽ വൻ തീപിടുത്തമുണ്ടായെന്നും ഇവർ അവകാശപ്പെടുന്നു.
പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയ്ക്ക് ഏറെ തന്ത്രപ്രധാനമാണ് ഈ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലുള്ള പ്രധാന എണ്ണപ്പാടങ്ങളെ ചെങ്കടൽ തീരത്തെ യാൻബു ടെർമിനലുമായി ബന്ധിപ്പിക്കുന്നതാണ് ഏകദേശം 1200 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പൈപ്പ് ലൈൻ.
ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധമേർപ്പെടുത്തുകയും ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തതോടെയാണ് സൗദി അറേബ്യ ഈ ബദൽ പാതയെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയത്. ഇതിനുമുമ്പും മേഖലയിലെ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ തുടർന്ന് ആഴ്ചകളോളം ഈ പൈപ്പ് ലൈൻ വഴിയുള്ള വിതരണം നിർത്തിവെക്കേണ്ടി വന്നിരുന്നു.
സൗദി സഖ്യസേന തങ്ങളുടെ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ വൻ വ്യോമാക്രമണങ്ങൾക്കുള്ള ശക്തമായ മറുപടിയാണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് ഹൂതികളുടെ വാദം. സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഇനിയും കടുത്ത പ്രത്യാക്രമണങ്ങൾ തുടരുമെന്നും അവർ ഭീഷണി മുഴക്കിയിട്ടുണ്ട്.
പൈപ്പ് ലൈൻ പ്രവർത്തനം വീണ്ടും തടസ്സപ്പെട്ടത് ആഗോള വിപണിയിൽ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് കരുതുപ്പെടുന്നത്. ഈ വാർത്തകൾ പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും വർദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സൗദിയുടെ എണ്ണ കയറ്റുമതിയെ ഈ തടസ്സം സാരമായി ബാധിക്കാൻ ഇടയുണ്ട്. കടത്തുകൂലിയും ഇൻഷുറൻസ് ചെലവുകളും വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ പൈപ്പ് ലൈൻ തകരാറിലായത് വിതരണ ശൃംഖലയെ കൂടുതൽ സങ്കീർണ്ണമാക്കും.
പൈപ്പ് ലൈനിലുണ്ടായ കേടുപാടുകൾ അടിയന്തരമായി പരിഹരിച്ച് പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ സൗദി അരാംകോ ആരംഭിച്ചിട്ടുണ്ട്. എങ്കിലും നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ പൂർണ്ണമായി പുനഃസ്ഥാപിക്കാൻ എത്ര സമയം വേണ്ടിവരുമെന്ന് വ്യക്തമല്ല.
പശ്ചിമേഷ്യൻ മേഖലയിലെ നിരന്തരമായ ഭൗമരാഷ്ട്രീയ ഉദ്ധർഷങ്ങൾ എണ്ണ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്. സമാധാന നീക്കങ്ങൾക്ക് മധ്യസ്ഥർ ശ്രമിക്കുന്നതിനിടെ ഉണ്ടാകുന്ന ഇത്തരം സൈനിക നീക്കങ്ങൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കും.
English Summary: Oil pumping through Saudi Arabia East West pipeline was halted again following fresh missile and drone attacks claimed by Yemen Houthi movement. The attack caused significant damage to a pumping station in Khurais east of Riyadh forcing Aramco to suspend operations. The pipeline serves as a critical alternative for Saudi crude exports bypassing the Strait of Hormuz.
Tags: Saudi Arabia, Saudi Aramco, East West Pipeline, Houthis, Crude Oil, Middle East Conflict, Malayalam News, News Malayalam, Latest Malayalam News, Vachakam News
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
