വടകരയിലെ വികട സരസ്വതീ വിളയാട്ടം

MAY 15, 2024, 8:09 PM

വോട്ടെടുപ്പു കഴിഞ്ഞിട്ടും വിവാദ രാഷ്ട്രീയത്തിന്റെ സുനാമിത്തിരകൾ വടകരയിൽ നിന്നൊഴിയുന്നില്ല. സ്ഥാനികോർജ്ജവും ഗതികോർജ്ജവും അധികരിച്ച് കെട്ടഴിച്ചുവിടപ്പെട്ട സംഹാരശേഷിയോടെയുള്ള ഈ താണ്ഡവം തികഞ്ഞ ആശങ്കയോടെയാണ് സാംസ്‌കാരിക കേരളം ഉറ്റുനോക്കുന്നത്. ഇനി വോട്ടെണ്ണൽ കഴിഞ്ഞാലും പൊടിപൂരമാവും വടകരയെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് ഭയാശങ്കകളോടെയാണ്.

പ്രചാരണ കാലത്തെ അവസാനഘട്ടത്തിൽ വടകരയിൽ മുത്തുവന്ന എൽ.ഡി.എഫ്-യു.ഡി.എഫ് പോര് വോട്ട് യന്ത്രത്തിലായ ശേഷം മൂർച്ഛിച്ചു; ആരോപണ പ്രത്യാരോപണങ്ങൾ കടുത്തു. തുടർന്ന് സി.പി.എമ്മിന്റെ വർഗീയപ്രീണനത്തിനെതിരെ യു.ഡി.എഫ് പ്രതിപക്ഷ നേതാവിനെ ഇറക്കിനടത്തിയ സമ്മേളനത്തിൽ കൂടുതൽ തീവ്രമായ 'ഹരിഹര വിവാദം' കൂടി പൊട്ടിവിടർന്നു. അതാണിപ്പോൾ ആളിക്കത്തുന്നത്.
കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലൊന്നും ഇല്ലാത്ത വിധം വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു കടത്തനാടിന്റെ പാരമ്പര്യം സ്വന്തമായുള്ള വടകരയിലേത്.

അതിരു കവിഞ്ഞ ഈ ആവേശം പലപ്പോഴും സോഷ്യൽ മീഡിയയിലൂടെയുള്ള തെറ്റിദ്ധാരണാജനകമായ പോസ്റ്റുകളുമായി. തങ്ങളുടെ സ്ഥാനാർഥിക്കെതിരെ അധിക്ഷേപ പോസ്റ്റുകളും അശ്ലീല പരാമർശങ്ങളും നടത്തുന്നുവെന്ന് ആരോപിച്ച് ഇരുപക്ഷവും പലപ്പോഴായി രംഗത്തു വന്നിരുന്നു. കൈവിട്ട കല്ലും വാവിട്ട വാക്കും ഒരുപോലെ; രണ്ടിനെയും തിരിച്ചു പിടിക്കാനാവില്ല. കൈപ്പിഴ പോലെയല്ല നാക്കുപിഴയെന്നത് രാഷ്ട്രീയ നേതാക്കൾ പലപ്പോഴും മറക്കുന്നു. നാക്കുപിഴ പറ്റാതെ സദാ ജാഗ്രത പുലർത്തേണ്ടവരാണവർ.

vachakam
vachakam
vachakam

നാക്കാണ് അവരുടെ ഊർജ്ജവും മൂലധനവും ആയുധവും. അതിനു പറ്റുന്ന തെറ്റിന് കൊടുക്കേണ്ടിവരുന്ന വില പലപ്പോഴും ഏറെ വലുതായിരിക്കും. അങ്ങനെ കൊടുക്കേണ്ടിവരുന്ന വിലയിലും വലുതായിരിക്കും അതോടെ വന്നുചേരുന്ന നാണക്കേട്. അങ്ങനെയൊരു അബദ്ധവും മാനഹാനിയുമാണ് ആർ.എം.പി എന്ന രാഷ്ട്രീയകക്ഷിയുടെ കേന്ദ്ര കമ്മിറ്റി അംഗമായ കെ.എസ്. ഹരിഹരനു പറ്റിയത്. പ്രതിപക്ഷ നേതാവിന്റെ സാന്നിദ്ധ്യമുള്ള വേദിയിൽ പ്രസംഗിക്കാൻ അവസരം വന്നപ്പോൾ, പഴയകാല സി.പി.എം ബുദ്ധിജീവിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന ഹരിഹരൻ അത്യാവേശത്തിന്റെ പിടിയിലായി.

എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ.ശൈലജയേയും നടി മഞ്ജുവാര്യരേയും ചേർത്തൊരു പരാമർശത്തിൽ അശ്ലീലം അലതല്ലി. നാട്ടിൽ അതോടെ ഹാലിളക്കമായി. സി.പി.എം അതുവരെ ഉയർത്തിപ്പിടിച്ചിരുന്ന വിദ്വേഷാഗ്‌നിയുടെ പന്തം ആളിക്കത്തി. അത് ഹരിഹരന്റെ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിയുന്നതിൽ വരെയെത്തി.
പാർട്ടിയും മുന്നണിയും കൈവിട്ട ഹരിഹരൻ അവസാനം ഖേദിക്കുകയും മാപ്പു പറയുകയുമൊക്കെ ചെയ്തിട്ടും പ്രശ്‌നം കത്തിനിന്നു.

'ഹരിഹരന്റെ ആ അശ്‌ളീല പ്രസ്താവനയോടെ തന്നെ വടകരയിൽ കെ.കെ. ശൈലജയ്‌ക്കെതിരേ യു.ഡി.എഫ്. മോശം പ്രചാരണം സംഘടിപ്പിച്ചുവെന്ന ഇടതു മുന്നണിയുടെ ആരോപണം സ്ഥാപിക്കപ്പെടുകയാണെന്ന്' വാദിച്ചു സി.പി.എം. ക്ഷമാപണം കൊണ്ടൊന്നും തീരില്ലെന്നായിരുന്നു താക്കീത്. ആ താക്കീതിന്റെ മറ്റൊരു രൂപമാണ് ഹരിഹരന്റെ വീട്ടിലെറിഞ്ഞ ബോംബെന്ന് ആർ.എം.പിയും യു.ഡി.എഫും ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

ജനങ്ങൾ ഭയത്തിൽ

തിരഞ്ഞെടുപ്പിൽ ഷാഫി വീഴുമോ ശൈലജ വീഴുമോയെന്നതിനപ്പുറമായി, വോട്ടെണ്ണലിനു ശേഷം വടകരയുടെ സമാധാന ജീവിതം തകരുമോ എന്ന ഭയമാണ് സാധാരണ ജനങ്ങൾക്കുള്ളത്. ടി.പി.ചന്ദ്രശേഖരന്റെ അരുംകൊലയ്ക്ക് ശേഷം ശാന്തമായ വടകര വീണ്ടും അക്രമത്തിൽ കരയാനിടയാകല്ലേയെന്ന് അവർ പ്രാർത്ഥിക്കുന്നു.
തിരഞ്ഞെടുപ്പിന് ശേഷം ശാന്തത കൈവന്നുവെന്ന് വടകരക്കാർ സമാധാനിച്ചപ്പോഴായിരുന്നു 'വടകര വർഗീയതയ്‌ക്കെതിരെ അതിജീവിക്കും'എന്ന മുദ്രാവാക്യമുയർത്തി ഇവിടെ ഡി.വൈ.എഫ്.ഐയുടെ യൂത്ത് അലേർട്ട് പരിപാടി.

പരിപാടി ഉദ്ഘാടനം ചെയ്ത എ.എ.റഹീം ഷാഫിയെ 'രാഷ്ട്രീയ കുമ്പിടി'യെന്ന് മുദ്ര കുത്തി. പാലക്കാട്ട് മൃദു ഹിന്ദുത്വവും വടകരയിൽ മത ന്യൂനപക്ഷ വർഗീയതയുമുയർത്തിയാണ് ഷാഫി വോട്ട് തേടിയതെന്നായിരുന്നു ആക്ഷേപം. പാലക്കാട്ട് ഷാഫി കാവി പുതച്ചു നടന്നു. വടകരയിലെത്തിയപ്പോൾ ആ പുതപ്പ് മാറ്റി. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫിയെന്നുവരെ റഹീം അധിക്ഷേപിച്ചു.
ഡി.വൈ.എഫ്.ഐയുടെ യൂത്ത് അലേർട്ട് പരിപാടിക്കുള്ള മറുപടിയായാണ് പിന്നാലെ 'വർഗീയതക്കെതിരെ നാട് ഒരുമിക്കണം' എന്ന മുദ്രാവാക്യമുയർത്തി യു.ഡി.എഫ്-ആർ.എം.പി നേതൃത്വത്തിൽ വടകരയിൽ ജനകീയ ക്യാംപയിൻ സംഘടിപ്പിച്ചത്.

vachakam
vachakam
vachakam

അവിടെയായിരുന്നു ഹരിഹരന്റെ വിവാദ പ്രസംഗം.
തുടർന്ന്, ഹരിഹരന്റെ മലപ്പുറം തേഞ്ഞിപ്പലത്തെ വീടിനു നേരെ രാത്രിയോടെയാണ് ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയ രണ്ടു പേർ വീടിന്റെ ഗേറ്റിനു മുകളിലൂടെ അകത്തേക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു. ഹരിഹരൻ മാത്രമല്ല, കുടുംബവും അപ്പോൾ വീട്ടിലുണ്ടായിരുന്നു. വീട് ആക്രമണത്തിന് ഹരിഹരൻ പരാതി കൊടുത്തു. പരാതിയിൽ പൊലീസ് മൂന്നു പേർക്കെതിരെ കേസെടുത്തു.

കൈവിട്ട കോട്ട

എക്കാലത്തേയും ഇടതിന്റെ ഭദ്രതയാർന്ന കോട്ടയായിരുന്ന വടകര കഴിഞ്ഞ 15 വർഷമായി കൈയിൽ നിന്നും വഴുതിപ്പോയിരിക്കുകയാണ്. തുടർച്ചയായി മൂന്ന് ടേമിലും ലക്ഷ്യം കാണാനായില്ല. അതോടെയാണ് സി.പി.എമ്മിന് കേരളത്തിൽ കിട്ടാനുള്ളതിൽ ഏറ്റവും മികച്ച പ്രതിച്ഛായയുള്ളയാളെന്ന ഖ്യാതി തുന്നിച്ചേർത്ത് കെ.കെ.ശൈലജയെ കളത്തിലിറക്കിയത്. യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രഖ്യാപനത്തിനും രണ്ടാഴ്ച മുമ്പുതന്നെ ശൈലജ കളം നിറഞ്ഞു. ടീച്ചറമ്മ എന്ന പരിവേഷം ആസ്വദിച്ച് ഏതാണ്ട് വിജയം അരക്കിട്ടുറപ്പിച്ചു.

പത്മജയുടെ കാലുമാറ്റത്തെത്തുടർന്നാണ് കെ.മുരളീധരനെ തൃശ്ശൂരിലേക്ക് മാറ്റി ഷാഫി പറമ്പിലിനെ കോൺഗ്രസ് വടകരയിൽ ഇറക്കുന്നത്. പാലക്കാട്ട് ബി.ജെ.പിയെയും വിറപ്പിച്ച ഷാഫിയുടെ വരവ് യു.ഡി.എഫ് പാളയത്തെ ഇളക്കിമറിച്ചു. ആരോപണ പ്രത്യാരോപണ ശരങ്ങളുടെ പ്രവാഹമായിരുന്നു പിന്നെയുണ്ടായത്.
സി.പി.എം കേന്ദ്രകമ്മറ്റി അംഗം കൂടിയായ കെ.കെ.ശൈലജയെ വ്യക്തിപരമായി അധിക്ഷേപിച്ചും ഫോട്ടോകൾ മോർഫ് ചെയ്തും പ്രചരിപ്പിച്ചെന്ന ഇടത് ആരോപണത്തിൽ നിന്നായിരുന്നു തുടക്കം. ശൈലജ പരാതി നൽകി.

രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിലേക്കും കാര്യങ്ങളെത്തി. എന്നാൽ ഇതൊന്നും തനിക്കറിയില്ലെന്നും അത്തരമൊരു പോസ്റ്റ് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഒന്ന് കാണാനെങ്കിലും തരുമോയെന്നും പറഞ്ഞ് ഷാഫിയും രംഗത്തെത്തി. വ്യക്തിപരമായി തന്നെ അധിക്ഷേപിച്ചെന്നാരോപിച്ച് കൗണ്ടർ കേസും അദ്ദേഹം നൽകി. എന്നാൽ, വിവാദങ്ങളിൽ നിന്ന് തലയൂരാൻ എൽ.ഡി.എഫ് സൈബർ പോരാളികൾ തന്നെയാണ് ഈ പോസ്റ്റ് നിർമിച്ചതെന്നാണ് യു.ഡി.എഫ് ആരോപിച്ചത്.

എൽ.ഡി.എഫ് കുറ്റപ്പെടുത്തുന്നതുപോലെ ഉത്തരവാദികൾ മുസ്ലിംലീഗ് പ്രവർത്തകരാണെന്ന് തെളിയിക്കുകയാണെങ്കിൽ പത്ത് ലക്ഷം രൂപ യൂത്ത് ലീഗ് ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് സൈബർ പോലീസിന്റെ വിശദമായ അന്വേഷണം നടക്കുന്നുണ്ടത്രേ.

അതിനും അക്രമം

എന്തായാലും, കെ.എസ്.ഹരിഹരന്റെ പ്രസ്താവനയും തുടർന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരുമുന്നണികളിലും കടുത്ത അതൃപ്തി അലയടിക്കുന്നുവെന്നാണ് സൂചന. വടകരയിലെ വർഗീയ വിഭജനത്തിനെതിരായ പരിപാടി എന്ന നിലയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ നടത്തിയ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രസ്താവനയെ അപ്പോൾത്തന്നെ തള്ളിപ്പറയാത്തതാണ് കോൺഗ്രസിലും യു.ഡി.എഫിലും അതൃപ്തിക്കു കാരണം.

ഹരിഹരൻ നടത്തിയ മോശം പ്രസ്താവനയിലൂടെ ലഭിക്കാമായിരുന്ന രാഷ്ട്രീയമായ നേട്ടം സ്‌ഫോടകവസ്തുവെറിഞ്ഞതിലൂടെ നഷ്ടപ്പെട്ടുവെന്നാണ് ഇടതു മുന്നണിയിലും സി.പി.എമ്മിലും ഉയരുന്ന അഭിപ്രായം. ഹരിഹരന്റെ പ്രസ്താവനയ്ക്ക് എതിരായി ശക്തമായ പ്രതിഷേധം പൊതുസമൂഹത്തിലാകെ ഉയർന്നുവന്നത് ഇതിലൂടെ ഇല്ലാതാക്കിയെന്ന് എൽ.ഡി.എഫ്. ഘടകകക്ഷികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സംയമനത്തോടെ നേരിടാതെ പ്രകോപനം സൃഷ്ടിക്കുന്ന നേതൃത്വത്തിന്റെ നിലപാടുകളാണ് ഇക്കാര്യത്തിന് കാരണമെന്നും അവർ പറയുന്നു.

സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ നടത്തിയ പ്രകോപനപരമായ പ്രസംഗം സി.പി.ഐ. ഉൾപ്പെടെയുള്ളവരുടെ എതിർപ്പിനിടയാക്കി. കെ.കെ. ശൈലജയ്‌ക്കെതിരായ പ്രചാരണങ്ങളെ പൊതുസമൂഹമാകെ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന അവസരത്തിലാണ് ഇത്തരം ഒരു സംഭവം ഉണ്ടായതെന്നത് അപലപനീയമാണെന്നാണ് സി.പി.ഐയുടെ നിലപാട്. ആക്രമണത്തിൽ പാർട്ടിക്ക് ബന്ധമൊന്നുമില്ലെന്ന് സി.പി.എം. പറയുന്നുണ്ടെങ്കിലും അത് തെളിയിക്കപ്പെടേണ്ടതാണെന്ന അഭിപ്രായം ഘടകകക്ഷികൾ പങ്കുവയ്ക്കുന്നു.

അതേസമയം, ഈ വിവാദം കോൺഗ്രസിനുള്ളിലും യു.ഡി.എഫിലും കടുത്ത അമർഷത്തിന് വഴിവച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള മോശം പരാമർശം പൊതുയോഗത്തിൽ നടത്തുമ്പോൾ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ അവിടെ വച്ചുതന്നെ അത് തള്ളിപ്പറയേണ്ടതായിരുന്നുവെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. കഴിഞ്ഞ കുറേക്കാലമായി ഇത്തരത്തിലുള്ള അനഭലഷണീയമായ പ്രവണതകൾ പ്രോത്സാഹിപ്പിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇത് പാർട്ടിക്ക് ഗുണകരമല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ആ സമയത്തുതന്നെ ആ അഭിപ്രായത്തെ തള്ളിപ്പറയാതെ അടുത്തദിവസം പേരിന് ഒരു പ്രസ്താവന ഇറക്കുന്നതുകൊണ്ട് പാർട്ടിക്ക് ഗുണമുണ്ടാകില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക മാധ്യമങ്ങൾ സജീവമായ കാലത്ത് മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചാൽ പോലും ഈ വിഷയങ്ങൾ ശരവേഗത്തിൽ പരക്കുകയും തിരിച്ചടിക്ക് വഴിവയ്ക്കുകയും ചെയ്യുമെന്നും അവർ പറയുന്നു.

എതിരാളികൾക്കെതിരെ നാക്ക് ആയുധമാക്കുന്നതിൽ തെറ്റൊന്നും പറയാനാവില്ലെങ്കിലും പ്രസംഗവും പ്രയോഗവുമൊക്കെ സഭ്യവും മാന്യവും ഔചിത്യം സൂക്ഷിക്കുന്നതുമാകണം. അശ്ലീലമോ അപകീർത്തികരമോ ദുസ്സൂചന പ്രതിഫലിപ്പിക്കുന്നതോ ആയ ഏതു പരാമർശവും എതിർക്കപ്പെടേണ്ടതു തന്നെ. സമൂഹമാദ്ധ്യമങ്ങൾ ഇത്രയ്ക്കു സജീവമായ കാലത്ത് ഒന്നും ഒളിച്ചുപിടിക്കാനോ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നു പറഞ്ഞ് തടിതപ്പാനോ പറ്റില്ലെന്ന കാര്യം പല നേതാക്കളും ആവേശത്തിൽ മറക്കുന്നു.

അതേസമയം, അപകീർത്തി പരാമർശം നടത്തിയ വ്യക്തിയുടെ വീട് ആക്രമിക്കുന്നതു പോലെയുള്ള പ്രവൃത്തികൾ നിർഭാഗ്യകരവും ഒഴിവാക്കേണ്ടതുമാണെന്നതു വേറെ കാര്യം. തെറ്റു തിരിച്ചറിഞ്ഞപ്പോൾ മാപ്പു പറഞ്ഞത് മാന്യമായ പ്രവൃത്തി. എങ്കിലും ആരോപിതനെതിരെ നിയമനടപടി ആവുകയും ചെയ്യാം. അതിനു പകരം അക്രമ മാർഗം സ്വീകരിക്കുന്നത് ഏതു രാഷ്ട്രീയ പാർട്ടിയായാലും സാധാരണ ജനം അതംഗീകരിക്കില്ല.

ബാബു കദളിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam