വാഷിംഗ്ടൺ ഡി.സി: ഇന്ത്യൻ അപേക്ഷകർക്കുള്ള ഇബി-1 (Employment-Based First Preference) ഗ്രീൻ കാർഡിന്റെ മുൻഗണനാ തീയതി യു.എസ് വിദേശകാര്യ വകുപ്പ് പുറത്തുവിട്ട 2026 ജൂലൈയിലെ വിസ ബുള്ളറ്റിനിൽ ഗണ്യമായി പുറകോട്ടു പോയി. ഈ വിഭാഗത്തിൽ അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വൻ വർദ്ധനവാണ് ഇതിന് കാരണം.
ജൂലൈ വിസ ബുള്ളറ്റിൻ പ്രകാരം ഇന്ത്യക്കാർക്കുള്ള ഇബി-1 വിഭാഗത്തിന്റെ അന്തിമ തീയതി 2022 ഒക്ടോബർ 15 ലേക്ക് പിന്നോട്ട് പോയി. 2026 സാമ്പത്തിക വർഷത്തെ വിസ വിതരണം വാർഷിക പരിധിക്കുള്ളിൽ നിർത്താനാണ് ഈ നടപടിയെന്ന് യു.എസ് അറിയിച്ചു.
വരുന്ന സെപ്തംബർ 30ഓടെ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് ഇന്ത്യക്കുള്ള വിസ വിഹിതം തീരുകയാണെങ്കിൽ, തീയതി ഇനിയും പിന്നോട്ട് പോകാനോ അല്ലെങ്കിൽ താൽക്കാലികമായി ഈ വിഭാഗം അപ്രാപ്യമാക്കാനോ സാധ്യതയുണ്ടെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബഹുരാഷ്ട്ര കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർ, മാനേജർമാർ, അസാധാരണ കഴിവുള്ള വ്യക്തികൾ, മികച്ച പ്രൊഫസർമാർ, ഗവേഷകർ എന്നിവർക്ക് യു.എസിൽ സ്ഥിരതാമസത്തിന് (Green Card) വേണ്ടിയാണ് പ്രധാനമായും ഇബി1 കാറ്റഗറി ഉപയോഗിക്കുന്നത്.
പുതിയ വിസ ബുള്ളറ്റിൻ പ്രകാരം ഇന്ത്യക്കാർക്കുള്ള ഇബി-2, ഇബി-5 (EB-5 Unreserved) വിഭാഗങ്ങൾ 2026 സാമ്പത്തിക വർഷത്തെ ബാക്കി മാസങ്ങളിൽ ലഭ്യമാകില്ല. ഇവയുടെ വാർഷിക പരിധി ഇതിനകം തന്നെ പൂർത്തിയായിക്കഴിഞ്ഞു.
ഈ പുതിയ മാറ്റം യു.എസിൽ സ്ഥിരതാമസം ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളുടെ ഗ്രീൻ കാർഡ് കാത്തിരിപ്പ് കാലാവധി വീണ്ടും ദീർഘിപ്പിക്കും.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
