അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയനും പുതു വാണിജ്യ കരാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മിക്ക യൂറോപ്യന്‍ ചരക്കുകള്‍ക്കും പതിനഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന പ്രഖ്യാപനമാണ് ഇരുവരും കൈക്കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിനകം വാണിജ്യ കരാറിലെത്തിയില്ലെങ്കില്‍ മുപ്പത് ശതമാനം നികുതി ചുമത്തുമെന്ന പ്രസിഡന്റ് ട്രംപിന്റെ ഭീഷണി ഇതോടെ ഇല്ലാതായിരിക്കുകയാണ്.
അമേരിക്കന്‍ ഉപഭോക്താക്കള്‍ യൂറോപ്യന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇറക്കുമതി നികുതിയിനത്തില്‍ ചുമത്തപ്പെട്ട അധിക തുക കൂടി നല്‍കേണ്ടി വരുന്നു. ഇത് യൂറോപ്യന്‍ കമ്പനികള്‍ക്കും അവര്‍ക്ക് ചരക്കുകള്‍ എത്തിച്ച് നല്‍കുന്ന പങ്കാളികള്‍ക്കും ലാഭം നല്‍കുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഏര്‍പ്പെട്ടിരിക്കുന്ന നികുതി കരാറിനെക്കുറിച്ച് കൂടുതല്‍ അറിയാം.
എന്താണ് കരാര്‍?
സ്‌കോട്ട്‌ലന്‍ഡിലെ തന്റെ ഗോള്‍ഫ് കോഴ്സുകളിലൊന്ന് സന്ദര്‍ശിക്കുമ്പോഴാണ് ട്രംപും വോണ്‍ഡെയറും തമ്മിലുള്ള കരാര്‍ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇത് തികച്ചും അപൂര്‍ണമായ ഒരു കരാറാണ്. അമേരിക്ക ഇറക്കുമതി ചെയ്യുന്ന മിക്ക യൂറോപ്യന്‍ ചരക്കുകള്‍ക്കും പതിനഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയെന്നതാണ് ഇതിലെ പ്രധാന വസ്തുത. കാറുകള്‍, കമ്പ്യൂട്ടര്‍ ചിപ്പുകള്‍, മരുന്നുകള്‍ തുടങ്ങിയവയ്ക്കാണ് പ്രധാനമായും വില കൂടുക. ആദ്യം 20 ശതമാനം വര്‍ധനയെന്നായിരുന്നു ട്രംപിന്റെ നിര്‍ദ്ദേശം. ആദ്യം അന്‍പത് ശതമാനമെന്നും പിന്നീട് മുപ്പത് ശതമാനവുമെന്ന ട്രംപിന്റെ ഭീഷണിയേക്കാള്‍ കുറവുമാണ് ഇത്.
അതേസമയം തന്ത്രപരമായ പല ചരക്കുകള്‍ക്കും പൂര്‍ണമായും നികുതി ഒഴിവാക്കാനും ഇരു ഭാഗവും ധാരണയിലെത്തിയതായും വോണ്‍ ഡെര്‍ ലെയന്‍ പറഞ്ഞു. വിമാനങ്ങള്‍, വിമാന ഭാഗങ്ങള്‍, ചില രാസവസ്തുക്കള്‍, സെമികണ്ടക്ടര്‍ ഉപകരണങ്ങള്‍, ചില കാര്‍ഷികോത്പന്നങ്ങള്‍, ചില പ്രകൃതി വിഭവങ്ങള്‍, നിര്‍ണായക അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവയ്ക്കാണ് നികുതി ഒഴിവാക്കിയിട്ടുള്ളത്. അതേസമയം ഇതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഈ പട്ടികയിലേക്ക് കൂടുതല്‍ വസ്തുക്കള്‍ എത്തിക്കാന്‍ ഇരു വിഭാഗവും ശ്രമിക്കുമെന്നും വോണ്‍ പറഞ്ഞു.
റഷ്യന്‍ ഊര്‍ജ്ജ വിതരണത്തിന് പകരമായി 75000 കോടി അമേരിക്കന്‍ ഡോളറിന്റെ പ്രകൃതി വാതകം, എണ്ണ, ആണവ ഇന്ധനം തുടങ്ങിയവ യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയില്‍ നിന്ന് വാങ്ങുമെന്നും ട്രംപ് അറിയിച്ചു.
കരാറില്‍ ഇല്ലാത്തത്?
ഇറക്കുമതി ചെയ്ത ഉരുക്കിന് അന്‍പത് ശതമാനം നികുതി തുടരുമെന്നാണ് ട്രംപ് പറയുന്നത്. ആഗോള ഉരുക്ക് ആവശ്യത്തെ നേരിടാന്‍ വേണ്ട ചര്‍ച്ചകള്‍ തുടരുമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട് നികുതി കുറയ്ക്കല്‍, ഇറക്കുമതി ക്വാട്ട തുടങ്ങിയവ ഉപയോഗിച്ച് വില കുറയ്ക്കാനുള്ള ശ്രമങ്ങളാകും നടത്തുക.മരുന്നുകള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ട്രംപ് പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന കരാര്‍ ചര്‍ച്ചകളില്‍ മരുന്നു വിഷയം പ്രത്യേകമായാണ് പരിഗണിച്ചതെന്ന് വോണ്‍ ഡെര്‍ ലെയന്‍ പറയുന്നു.
അധിക നിക്ഷേപത്തിനുള്ള 60000 കോടി ഡോളര്‍ എവിടെ നിന്ന് വരുന്നുവെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം കാര്‍ഷികോത്പന്നങ്ങളുടെ കാര്യം വരുമ്പോള്‍ ചുങ്കത്തില്‍ കുറവ് വരുത്താനാകില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. എന്നാല്‍ ഇതിലും ഉത്പന്നങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടില്ല.
പ്രത്യാഘാതം
ട്രംപിന്റെ മുപ്പത് ശതമാനം ചുങ്കഭീഷണിയെ ഈ പതിനഞ്ച് ശതമാനം ചുങ്കം കൊണ്ട് മറികടക്കാനായി. എങ്കിലും ട്രംപ് അധികാരമേറും മുമ്പുണ്ടായിരുന്ന ഒരു ശതമാനത്തേക്കാള്‍ വളരെ വലുതാണിത്. ഒപ്പം ട്രംപിന്റെ അടിസ്ഥാന നികുതി നിരക്കായി പത്ത് ശതമാനത്തേക്കാളും.
ഇറക്കുമതി ചുങ്കം കൂട്ടിയിരിക്കുന്നതിലൂടെ അമേരിക്കയില്‍ വില്‍ക്കുന്ന യൂറോപ്യന്‍ ചരക്കുകള്‍ക്ക് വില കൂടും. ഇത് വിപണി പങ്കാളിത്തം കുറയ്ക്കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അധിക വില ലാഭത്തിലും ഇടിവുണ്ടാക്കും. ഉയര്‍ന്ന ചുങ്കം യൂറോപ്യന്‍ കമ്പനികളുടെ കയറ്റുമതി വരുമാനത്തിലും ഇടിവുണ്ടാക്കും. ഇത് സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകും. പത്ത് ശതമാനമെന്ന അടിസ്ഥാന നിരക്ക് എന്നതിലൂടെ ചര്‍ച്ചകള്‍ നടക്കും. കാരണം യൂറോപ്യന്‍ യൂണിയന്‍ എക്സിക്യൂട്ടീവ് കമ്മീഷന്‍ ഇക്കൊല്ലത്തെ വളര്‍ച്ചാനിരക്ക് പ്രവചനം 1.3ശതമാനത്തില്‍ നിന്ന് 0.9ശതമാനമാക്കി കുറച്ചിരുന്നു.
പതിനഞ്ച് ശതമാനം എന്നതാണ് തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കെന്ന് വോണ്‍ ഡെര്‍ ലെയന്‍ പറയുന്നു. അമേരിക്കന്‍ വിപണികളിലെ സാന്നിധ്യത്തിനും ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ക്ക് സുസ്ഥിരതയും പ്രവചനക്ഷമതയും ഉറപ്പാക്കാന്‍ ഇതാവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കരാറിനോടുള്ള പ്രതികരണങ്ങള്‍
ജര്‍മ്മന്‍ ചാന്‍സിലര്‍ ഫ്രെഡറിക് മെഴ്സ് കരാറിനെ സ്വാഗതം ചെയ്തു. അറ്റ്‌ലാന്റിക്കിനപ്പുറമുള്ള വാണിജ്യ ബന്ധങ്ങളിലെ അനാവശ്യ പ്രശ്നങ്ങള്‍ ഇതിലൂടെ ഒഴിവാക്കാനാകുമെന്നും ജര്‍മ്മനി പറയുന്നു. തങ്ങളുടെ സുപ്രധാന താത്പര്യങ്ങള്‍ സംരക്ഷിക്കാനാകും. ട്രാന്‍സ് അറ്റ്ലാന്റിക് വാണിജ്യത്തില്‍ കൂടുതല്‍ ഇളവുകളുണ്ടാകട്ടെ എന്ന് താന്‍ ആശംസിക്കുന്നുവെന്നും മെഴ്സ് പറയുന്നു.
ജര്‍മ്മന്‍ വാണിജ്യമേഖലയ്ക്ക് ഇത് തിരിച്ചടിയാണ്. കയറ്റുമതി അധിഷ്ഠിത ജര്‍മ്മന്‍ വ്യവസായത്തെ 15 ശതമാനം ചുങ്കമെന്നത് വളരെയധികം ബാധിക്കുമെന്ന് ഫെഡറേഷന്‍ നേതൃത്വത്തിലുള്ള വോള്‍ഫ്ഗാങ് നിയെദര്‍മാര്‍ക് ചൂണ്ടിക്കാട്ടുന്നു. എങ്കിലും ഭീഷണി മുഴക്കിയതിനെക്കാള്‍ കുറവാണ് എന്നത് ആശ്വാസകരമാണ്. ഈ കരാറുകളൊന്നും ഔദ്യോഗികമാക്കപ്പെട്ടിട്ടില്ല എന്നതാണ് ഇന്നത്തെ കരാറിന്റെ പ്രധാന സവിശേഷതയെന്നും ഐഎന്‍ജി ബാങ്കിന്റെ ഗ്ലോബല്‍ ചീഫ് ഓഫ് മാക്രോ കാര്‍സ്റ്റെന്‍ ബ്രെസെസ്‌കി പറയുന്നു.
ഈ കരാറിന്റെ ഏറ്റവും വലിയ സവിശേഷത എന്നത് അടുത്തിടെ ഉണ്ടായ അസ്ഥിരതകള്‍ക്ക് ഒരു അന്ത്യമുണ്ടാക്കുന്നു എന്നതാണ്. അമേരിക്ക-യൂറോപ്യന്‍ യൂണിയന്‍ വാണിജ്യ സംഘര്‍ഷം ആഗോള സമ്പദ്ഘടനയ്ക്ക് വലിയ ഭീഷണിയാണെന്നും ബ്രെസെസ്‌കി പറയുന്നു. ഇത് ഒഴിവാക്കാന്‍ കരാറിലൂടെ സാധിക്കും.
കാര്‍ കമ്പനികളെ ബാധിക്കുന്നത്?
കാര്‍ നിര്‍മ്മാതാക്കള്‍ക്ക് കാറുകള്‍ ഇപ്പോഴും പതിനഞ്ച് ശതമാനത്തില്‍ തന്നെ വില്‍ക്കാനാകുമോയെന്ന് ചോദിച്ചാല്‍ നിലവിലുള്ള 27.5 ശതമാനത്തേക്കാള്‍ കുറവാണ് ഇതെന്നായിരുന്നു വോണ്‍ ഡെര്‍ ലെയ്ന്റെ മറുപടി. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള കാറുകള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയിട്ടുള്ള 25 ശതമാനം നികുതിയേക്കാള്‍ കുറവാണ് ഇതെന്നും അവര്‍ പറയുന്നു. ഇതിന് പുറമെ നേരത്തെ നിലവിലുള്ള അമേരിക്കന്‍ കാര്‍ ചുങ്കം 2.5 ശതമാനം അമേരിക്കയുടെ കാര്‍ ചുങ്കവും നിലവിലുണ്ട്.
ചില കമ്പനികള്‍ക്ക് പുതിയ നികുതി നിര്‍ദ്ദേശം ഗുണകരമാണെന്ന് കാര്‍ നിര്‍മാതാക്കളായ വോള്‍ക്സ് വാഗണ്‍ പറയുന്നു. തങ്ങളുടെ ലാഭത്തില്‍ 150 കോടി ഡോളറിന്റെ നഷ്ടം ഉയ്ന്ന നികുതി മൂലം സംഭവിച്ചതായും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 2025 മോഡലുകള്‍ക്ക് തങ്ങള്‍ ഇനിയും വില നിര്‍ണയിച്ചിട്ടിലെലന്ന് മെഴ്സിഡസ് ബെന്‍സ് വ്യക്തമാക്കുന്നു. മെഴ്സിഡസ് ബെന്‍സ് നിര്‍മ്മിക്കുന്ന വാഹനങ്ങളില്‍ 35ശതമാനവും വിറ്റഴിക്കുന്നത് അമേരിക്കയിലാണ്. വരും വര്‍ഷങ്ങളില്‍ വിലിയില്‍ നിര്‍ണായക വര്‍ദ്ധനയുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.
ഇരുപക്ഷത്തെയും വേര്‍തിരിക്കുന്ന വിഷയങ്ങള്‍?
ട്രംപ് അധികാരമേറും മുമ്പ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കുറഞ്ഞ നികുതി നിരക്കുകളാണ് നിലിലുണ്ടായിരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാണിജ്യ ഉഭയകക്ഷി ബന്ധവുമായിരുന്നു ഇത്. രണ്ട് ലക്ഷം കോടി ഡോളറിന്റെ വാര്‍ഷിക വാണിജ്യമാണ് ഇരുകക്ഷികളും തമ്മില്‍ നടന്നിരുന്നത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്നാല്‍ ആഗോള സമ്പദ്ഘടനയുടെ 44ശതമാനം വരും. യൂറോപ്യന്‍ ചരക്കുകള്‍ക്കുള്ള അമേരിക്കന്‍ നിരക്ക് ശരാശരി 1.47ശതമാനമാണ്. അതേസമം യൂറോപ്യന്‍ യൂണിയന്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്നത് 1.35ശതമാനവും. ബ്രസല്‍സിലെ ബ്രുഗെലിന്റെ കണക്കുകളാണിവ.
യൂറോപ്യന്‍ യൂണിയന്റെ 19800 കോടി യൂറോയുടെ മിച്ച വാണിജ്യത്തെക്കുറിച്ച് ട്രംപ് പരാതിപ്പെടുന്നു. യൂറോപ്യന്‍ വാണിജ്യ ഇടങ്ങളില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ കൂടുതല്‍ മറ്റ് വഴികളിലൂടെ വാങ്ങുന്നുവെന്നാണ് ഇതിനര്‍ത്ഥം. യൂറോപ്യന്‍ വിപണിക് അമേരിക്കന്‍ നിര്‍മ്മിത കാറുകള്‍ക്ക് വേണ്ടി ആവശ്യത്തിന് തുറന്ന് നല്‍കിയിട്ടില്ല.
എന്നാല്‍ ഈ വാണിജ്യ അസന്തുലിതത്വത്തെ ക്ലൗഡ് കമ്പ്യൂട്ടിങ്, യാത്രാ ബുക്കിങുകള്‍, നിയമ, സാമ്പത്തിക സേവനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ മറി കടക്കുന്നു. യൂറോപ്യന്‍ ഇറക്കുമതിയുടെ മുപ്പത് ശതമാനവും അമേരിക്കന്‍ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ നിന്നുമാണെന്നും യൂറോപ്യന്‍ കേന്ദ്ര ബാങ്ക് ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്