കുട്ടിക്കാലം മുതൽ പട്ടാള യൂണിഫോമിനോട് എന്തെന്നില്ലാത്ത കമ്പക്കാരനായിരുന്നു പാക്ക് വംശജൻ തഹാവൂർ റാണ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചിച്ബുത്‌നി ഗ്രാമത്തിലാണ് ജനനം. ടിയാന്റെ പാക്കിസ്ഥാനിയായ പിതാവ് ഒരു സ്‌കൂളിന്റെ പ്രിൻസിപ്പൽ ആയിരുന്നു. മാതാവാകട്ടെ ഒരമേരിക്കൻ വനിതയും. പിന്നീട് കക്ഷി ഷിക്കാഗോയിലായിരുന്നു താമസം. എന്നാലിപ്പോൾ കക്ഷി ഒരിക്കലും പാക്കിസ്ഥാൻ പൗരനായിരുന്നിട്ടില്ലെന്നും കനേഡിയൻ പൗരനാണെന്നുമാണ് പാക്ക് അധികൃതർ പറയുന്നത്.
തെഹാവൂർ റാണയ്ക്ക് ഒരു സഹോദരൻ കൂടി ഉണ്ടെന്നും അദ്ദേഹം മിടുക്കനായൊരു പത്രപ്രവർത്തകനാണെന്നും അറിയുന്നു. പഠിക്കാൻ അതീവ മിടുക്കനായിരുന്ന റാണ പാകിസ്ഥാൻ ആർമിയുടെ മെഡിക്കൽ കോർപ്‌സിൽ മനോരോഗവിദഗ്ദ്ധനായി സേവനം ചെയ്തിരുന്നു. ഹസൻ അബ്ദാൽ കേഡറ്റ് കോളേജിലാണ് ടിയാൻ പഠിച്ചത്. അവിടെ വെച്ചാണ് ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ കണ്ടുമുട്ടിയത്. ഇരുവരും അഞ്ച് വർഷം ഒരേ കോളേജിൽ ഒരുമിച്ച് ഒരേ ബഞ്ചിലിരുന്നാണ് പഠിച്ചതുപോലും.
പാകിസ്ഥാൻ ആർമിയിൽ നിന്ന് വിരമിച്ച ശേഷം, 1997ൽ റാണ തന്റെ ഡോക്ടറായ ഭാര്യയോടൊപ്പം കാനഡയിലേക്ക് താമസം മാറി, അവിടെ ഇമിഗ്രേഷൻ സേവനവും വൻതോതിൽ ഹലാൽ മാംസ ബിസിനസും നടത്തിയിരുന്നു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായും ഭീകര സംഘടനയായ ലഷ്‌കർഇതൊയ്ബയുമായും തഹാവൂർ റാണയ്ക്ക് ബന്ധമുണ്ടോ എന്ന് മേലാളന്മാർ അന്വേഷിച്ചുവരികയാണ്.
ഇതോടൊപ്പം, ദുബായ് ആസ്ഥാനമായുള്ള ഒരു ഹാൻഡ്‌ലറുമായുള്ള സാധ്യമായ ബന്ധവും അന്വേഷിക്കുന്നുണ്ട്. ഡേവിഡ് ഹെഡ്‌ലിയുമായുള്ള സംഭാഷണം സ്ഥിരീകരിക്കുന്നതിന് തഹാവൂർ റാണയുടെ ശബ്ദ സാമ്പിളുകൾ പരിശോധിക്കാനും പ്ലാനുണ്ട്. എൻഐഎ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 2006 സെപ്തംബറിൽ ഹെഡ്‌ലി ഇന്ത്യയിലെത്തിയപ്പോൾ, അദ്ദേഹത്തെ സ്വീകരിച്ച വ്യക്തി 'ബി' ആയിരുന്നു, തഹാവൂർ ഹുസൈൻ റാണ അദ്ദേഹത്തെ വിളിച്ച് ഹെഡ്‌ലിക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യാൻ പറഞ്ഞിരുന്നു.
ഇനി എൻഐഎ സംഘത്തിന് ചോദ്യം ചെയ്യലിൽ റാണയെ ഈ പ്രധാന സാക്ഷിയായ 'ബി'യുമായി നേരിടാൻ കഴിയുമെന്നു വിശ്വസിക്കുന്നു. 2008 ലെ ഭീകരാക്രമണത്തിൽ 66 പേർ കൊല്ലപ്പെടുകയും 238 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 60 മണിക്കൂറിലേറെ നിണ്ടുനിന്നിരുന്നു ആ ആക്രമണം. കടൽ വഴി ബോട്ടിലെത്തിയ 10 ലഷ്‌കർ ഭീകരന്മാരാണിതിന്റെ പിന്നിലെന്ന് അന്നുതന്നെ വെളിവായിരുന്നു.
ഡൽഹിയിലെ സിജിഒ കോംപ്ലക്‌സിലെ എൻഐഎ ആസ്ഥാനത്തെ ഉയർന്ന സുരക്ഷാ സെല്ലിലാണ് ഇപ്പോൾ റാണയെ പാർപ്പിച്ചിരിക്കുന്നത്. ഈ വിദ്വാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുമുണ്ട്. ഇതിന്റെ പരിസരത്തുകൂടെ ഒരു ഈച്ചപോലും പറക്കാൻ മേലാളന്മാർ സമ്മതിക്കില്ല. അതുകൊണ്ടാണ് പരമ്പരാഗതമായി ക്രസ്ത്യാനികൾ നടത്തിവന്നിരുന്ന കുരിശിന്റെ വഴിപോലും മുടക്കിക്കളഞ്ഞതത്രെ..?
പാകിസ്ഥാൻ സൈന്യത്തിന്റെ യൂണിഫോമിനോട് തെഹാവൂർ ഹുസൈൻ റാണയ്ക്ക് വളരെയധികം ഇഷ്ടമായിരുന്നു, സൈന്യത്തിൽ നിന്ന് പുറത്തുപോയതിനുശേഷവും അദ്ദേഹം പലപ്പോഴും സൈനിക വസ്ത്രം ധരിച്ച ചിലരെ കാണാൻ പോകുമായിരുന്നു. ജിഹാദ്ഇസ്ലാമി എന്നിവയുടെ ക്യാമ്പുകളും ഇടക്കിടെ സന്ദർശിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി, അതും പാകിസ്ഥാൻ സൈന്യത്തിലെയും ഐഎസ്‌ഐയിലെയും ആളുകളോടൊപ്പം യൂണിഫോം ധരിച്ചിരുന്നു. ഇനി എന്തുസംഭവിക്കുമെന്നു കാത്തിരുന്നു കാണാം നമുക്ക്.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്