തിരുവനന്തപുരം: ട്യൂഷന്‍ എടുത്തു മടങ്ങുകയായിരുന്ന വയോധികയായ അധ്യാപികയുടെ സ്വര്‍ണമാല തട്ടിപ്പറിച്ചെടുത്ത് കടന്നുകളഞ്ഞ രണ്ടു യുവാക്കളെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സീതത്തോട് കോട്ടമണ്‍പ്പാറ ഇലവുങ്കല്‍ വീട്ടില്‍ നന്ദു (19), ചിറ്റാര്‍ മാന്‍പീലിക്കാവ് ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെ ചെരുവില്‍ അദ്വൈത് (19) എന്നിവരാണ് പിടിയിലായത്. തൃപ്പൂണിത്തുറയില്‍ നിന്നാണ് അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 18-ാം തീയതി രാത്രി എട്ടുമണിയോടെ വള്ളക്കടവ് ഗാന്ധി നഗറിന് സമീപത്തായിരുന്നു സംഭവം. ട്യൂഷന്‍ കഴിഞ്ഞു വയ്യാമൂലയിലെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന കുമാരി ഷീലയുടെ (64) ഒരു പവന്റെ സ്വര്‍ണമാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തത്. ഹെല്‍മറ്റ് ധരിച്ചെത്തിയ പ്രതികള്‍ അധ്യാപികയുടെ പിന്നിലൂടെയെത്തി മാല കവരുകയായിരുന്നു. തുടര്‍ന്ന് നഗരം വഴി കാട്ടാക്കട, കൊല്ലം, എറണാകുളം മാര്‍ഗ്ഗം ഇവര്‍ തൃപ്പൂണിത്തുറയിലേക്ക് കടന്നു.
അക്രമത്തിനിരയായെങ്കിലും അധ്യാപിക ധീരമായി കവര്‍ച്ചക്കാരുടെ ബൈക്ക് നമ്പര്‍ കുറിച്ചെടുത്ത് പോലീസിന് കൈമാറിയതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. പൊട്ടിച്ചെടുത്ത മാല ചാലയിലെ ഒരു കടയില്‍ 50,000 രൂപയ്ക്ക് വിറ്റ പ്രതികള്‍, ഈ തുകയില്‍ നിന്ന് 45,000 രൂപ ചെലവഴിച്ച് രണ്ട് മൊബൈല്‍ ഫോണുകള്‍ വാങ്ങിയതായി ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ബി.എസ് സജിമോന്‍ അറിയിച്ചു. പോലീസ് പ്രതികളില്‍ നിന്നും മാല കണ്ടെടുത്തിട്ടുണ്ട്.
വള്ളക്കടവിലെ നാട്ടുകാരുടെ സഹകരണത്തോടെ എസ്.ഐമാരായ ഡി.ഒ ദിനേശ്, എസ്.എല്‍ സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. ബൈക്ക് നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് തൃപ്പൂണിത്തുറയില്‍ നിന്ന് പ്രതികള്‍ വലയിലായത്. കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു.
അതേസമയം, കവര്‍ച്ച നല്‍കിയ ആഘാതത്തില്‍ കള്ളന്മാരെ പറ്റിക്കാന്‍ ഇനിമുതല്‍ 'മുക്കുപണ്ടം' മാത്രം ധരിക്കാനാണ് തീരുമാനമെന്ന് കുമാരി ഷീല പറഞ്ഞു. ഫെബ്രുവരിയില്‍ ട്യൂഷന്‍ എടുത്തു മിച്ചം പിടിച്ച ഒരു ലക്ഷം രൂപ നല്‍കി ഗുരുവായൂരപ്പന്റെ ലോക്കറ്റോടെ വാങ്ങിയ മാലയാണ് നഷ്ടമായത്. ഏറെ ആശിച്ചു വാങ്ങിയ മാല നഷ്ടപ്പെട്ട സങ്കടത്തില്‍, തല്‍ക്കാലം 250 രൂപയുടെ ഇമിറ്റേഷന്‍ മാല വാങ്ങി ധരിച്ചിരിക്കുകയാണ് ഈ അധ്യാപിക. ഇനി കുടുംബത്തോടൊപ്പം പോകുമ്പോള്‍ മാത്രമേ സ്വര്‍ണം ഉപയോഗിക്കൂ എന്നും അവര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
