റഷ്യയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉക്രെയ്‌നിലെ റഷ്യന്‍ ആക്രമണം അനിശ്ചിതമായി തുടരുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മാത്രമല്ല റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നുള്ള മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു.
റഷ്യക്കെതിരെയുള്ള യുദ്ധത്തിനായി ഉക്രെയ്‌നിലേക്ക് അത്യാധുനിക പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ അയക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താന്‍ യുഎസില്‍ നിന്ന് പ്രത്യേക പ്രതിനിധി ഉക്രെയ്‌നിലേക്ക് പോകും. ഉക്രെയ്‌നുള്ള സഹായം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് വാഷിങ്ടണില്‍ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക് റുട്ടെയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
ഉക്രെയ്‌ന് എതിരായ ആക്രമണം റഷ്യ ആരംഭിച്ചിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ യുദ്ധത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും ആക്രമണം റഷ്യ അവസാനിപ്പിക്കാത്തതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ കടുത്ത അതൃപ്തിയിലാണ്. അടുത്തിടെയായി ആക്രമണങ്ങള്‍ കടുപ്പിക്കുകയും നിരവധി പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് മുന്‍കൈയെടുത്ത് നിരവധി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വഴങ്ങാന്‍ പുടിന്‍ തയ്യാറായിരുന്നില്ല. ഇതാണ് ട്രംപിനെ കൂടുതല്‍ പ്രകോപിപ്പിക്കുന്നത്. എത്ര ആയുധങ്ങള്‍ ഉക്രെയ്‌നിലേക്ക് അയക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും അവര്‍ക്ക് അത്യാവശ്യം ഉള്ള പാട്രിയറ്റ് വ്യോമ പ്രതിരോധ മിസൈലുകള്‍ അയയ്ക്കുമെന്ന് ട്രംപ് അറിയിച്ചു.
ഉക്രെയ്‌നിലേക്കുള്ള ആയുധ വിതരണം നിര്‍ത്തിവയ്ക്കും എന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുടിനോടുള്ള സമീപനം മയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നിരവധി ഇടപെടലുകള്‍ നടത്തിയെങ്കിലും പുടിന്‍ വഴങ്ങാന്‍ തയ്യാറായില്ല. ഇതോടെ ട്രംപ് അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു. ഇതുകൂടാതെ ഉക്രെയ്‌നിലേക്ക് അയക്കുന്ന ആയുധങ്ങള്‍ക്ക് നാറ്റോ അമേരിക്കയ്ക്ക് 100 ശതമാനം പണം നല്‍കുന്ന പുതിയ കരാറും പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആയുധങ്ങള്‍ അയക്കാന്‍ ട്രംപ് തയ്യാറാകുകയായിരുന്നു.
റഷ്യന്‍ പ്രസിഡന്റില്‍ തനിക്ക് നിരാശ ഉണ്ടെന്നു് പറഞ്ഞു ട്രംപ് അദ്ദേഹം നന്നായി തേന്‍ പുരട്ടി സംസാരിക്കുമെന്നും എന്നാല്‍ വൈകുന്നേരം എല്ലാവരുടെയും തലയില്‍ ബോംബ് ഇടുമെന്നും പരിഹസിച്ചിരുന്നു. റഷ്യക്കെതിരേയുള്ള ഉപരോധങ്ങള്‍ കര്‍ശനമാക്കുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കാന്‍ മറന്നില്ല.
റഷ്യയ്‌ക്കെതിരെയും യുദ്ധത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരേയും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഒരു ബില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം യുഎസ് സെനറ്റില്‍ അവതരിപ്പിച്ചിരുന്നു. റഷ്യയെ സഹായിക്കുന്ന ഏതൊരു രാജ്യത്തിനും 500 ശതമാനം തീരുവ ചുമത്താന്‍ പ്രസിഡന്റ് ട്രംപിനെ അനുവദിക്കുന്നതാണ് ബില്‍. റഷ്യയില്‍ നിന്ന് എണ്ണ, വാതകം എന്നിവ വാങ്ങുന്ന രാജ്യങ്ങളെയും ഈ ബില്‍ ലക്ഷ്യമിടുന്നു. ചൈന, ഇന്ത്യ, ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ ബില്ലിലെ വ്യവസ്ഥകള്‍. ഇത് ഇന്ത്യയെ കാരമായി തന്നെ ബാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്