ഒരു മാസം നീണ്ട കൊടുമ്പിരിക്കൊണ്ട പ്രചാരണത്തിനൊടുവിൽ വയനാടും ചേലക്കരയും ആദ്യം ജനവിധിയെഴുതുന്നു. പിന്നാലെ കൽപ്പാത്തി രഥോൽസവം കഴിഞ്ഞാലുടനെ പാലക്കാടും. വ്യത്യസ്ഥ സ്വഭാവമുള്ള മൂന്നു മണ്ഡലങ്ങളിൽ ഒരുമിച്ചു വന്ന ഉപതെരഞ്ഞെടുപ്പ്. ഇത്രത്തോളം പ്രചരണ വിഷയങ്ങൾ ഒരുമിച്ച് നിറഞ്ഞാടിയ ഒരു ഉപതെരഞ്ഞെടുപ്പ്കാലം കേരളം ദർശിച്ചിട്ടുണ്ടോ എന്നു സംശയം തോന്നാം.
സ്ഥാനാർത്ഥികളെ വ്യക്തിപരമായി ആക്രമിക്കുന്നതിൽ എതിരാളികൾ പരസ്പരം മത്സരിച്ച പ്രചാരണക്കാലം. പ്രചരണത്തിന് സമൂഹ മാധ്യമങ്ങളുടെ സർവ സാധ്യതകളും പ്രയോജനപ്പെടുത്തിയ മത്സരാർത്ഥികൾ. പാർട്ടികൾക്കുള്ളിലെ മൂപ്പിളമ പൊങ്ങി വന്ന കാലഘട്ടം.
വയനാട്
വയനാട് എന്ന മണ്ഡലം വീണ്ടും ദേശീയ ശ്രദ്ധയിൽ. സ്‌നേഹം പഠിപ്പിച്ചത് വയനാടാണെന്ന് പ്രസംഗിച്ച് രാഹുൽ. വയനാടിന്റെ സ്‌നേഹത്തിന് മലയാളത്തിൽ നന്ദി പറഞ്ഞ് പ്രിയങ്ക. വന്യജീവി ശല്യം മുതൽ ഉരുൾപൊട്ടൽ പുനരധിവാസം വരെ ചർച്ചയായ വയനാട്. പരമ്പരാഗത കോൺഗ്രസ് മണ്ഡലത്തിൽ വോട്ടിംഗ് പറ്റേൺ എങ്ങനെ മാറുന്നു എന്നു മാത്രമെ ആകാംക്ഷയുള്ളു. ലോക് സഭാ പുനർനിർണയം നടത്തിയപ്പോർ രൂപീകരിച്ച ഈ മണ്ഡലത്തിൽ 2009 ൽ 15-ാം ലോക് സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ എം.ഐ. ഷാനവാസ് ( കോൺ.) വിജയിച്ചു. 2014 ൽ വീണ്ടും ഷാനവാസ്.
2018 ൽ ഷാനവാസിന്റെ അന്ത്യത്തെത്തുടർന്ന് 2019 ൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രംഗപ്രവേശം. കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം 4,31,770 ന്റെ വിജയം! 45 ശതമാനം മുസ്ലിം വോട്ടർമാരുള്ള വയനാട്ടിൽ ആനി രാജയെ തോൽപിച്ച് രാഹുൽ രണ്ടാം വിജയവും നേടി. യു.ഡി.എഫ് കോട്ടയിൽ വിള്ളലുണ്ടാക്കാനുള്ള യാതൊന്നും ഇത്തവണ ഇടത് ബി.ജെ.പി നേതൃത്വങ്ങൾക്ക് കിട്ടിയിട്ടില്ല.
ചേലക്കര
തൃശൂർ ജില്ലയുടെ ഭാഗമായ ചേലക്കര വയനാടിന് നേരെ വിരുദ്ധമായി കഴിഞ്ഞ കാൽ നൂറ്റാണ്ടായി ചെങ്കോട്ടയാണ്. എന്നാൽ അട്ടിമറി പ്രതീക്ഷയോടെയാണ് യു.ഡി.എഫ് ക്യാമ്പ് പ്രചാരണം മുഴുമിപ്പിച്ചത്. 1996 നു ശേഷം ഇടതുമുന്നണി തോൽവിയറിയാത്ത മണ്ഡലം. ഈ ഗ്രാമീണ മണ്ഡലം രാഷ്ട്രീയ കുത്തൊഴുക്കുകൾ കാര്യമായി ഗൗനിക്കാതെ മുന്നോട്ടു പോയി. 39,400 വോട്ടിനാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ (സി.പി.എം) ജയിച്ചത്.
രമ്യ ഹരിദാസിനെ നിർത്തി കോൺഗ്രസിന്റെ പ്രധാന നേതാക്കൾ ക്യാമ്പ് ചെയ്ത് നടത്തിയ പ്രചാരണങ്ങൾ ചേലക്കരയുടെ ചുവപ്പു മായ്ക്കാൻ പര്യാപ്തമാകുമോ എന്നും കണ്ടറിയണം. കെ. രാധാകൃഷ്ണനെ എം.പിയാക്കിയതു വഴി സംസ്ഥാന മന്ത്രി സഭയിൽ പട്ടികജാതി സാന്നിദ്ധ്യം നഷ്ടമായതായ ആരോപണം ഉന്നയിച്ച് കോൺഗ്രസ് ക്യാമ്പ് പ്രചരണത്തിന് ചൂടുപകർന്നു. ജാതി രാഷ്ട്രീയം എന്നു പറഞ്ഞ് സി.പി.എം തിരിച്ചടിച്ചു
പാലക്കാട്
2019 ൽ കോൺഗ്രസിന്റെ വി.കെ. ശ്രീകണ്ഠൻ 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാത്രം വിജയിച്ച പാലക്കാട്. എതിരാളി സി.പി.എമ്മിലെ എം.ബി. രജേഷായിരുന്നു. കോൺഗ്രസിനേയും ഇടതിനേയും മാറി മാറി പുൽകുന്ന ചരിത്രമാണ് പാലക്കാടിനുള്ളത്. എ.കെ.ജി, നായനാർ എന്നിവരെ ലോക് സഭയിൽ എത്തിച്ച മണ്ണ്.
എ. വിജയരാഘവൻ മത്സരിച്ച് തിരിച്ചു പിടിച്ച മണ്ഡലം ഇടക്കാലത്ത് കൈമോശം വന്നതിന്റെ ക്ഷീണം മറികടക്കാൻ വീണ്ടും സി.പി.എം വിജയരാഘവനെ അങ്കത്തട്ടിലിറക്കുകയാണ്. ചുരുങ്ങിയ വോട്ടുകൾക്ക് മണ്ഡലം ഇടതിന് കൈവിട്ടത് ആഘാതമായി. എൻ.എൻ. കൃഷ്ണദാസ് നാലുവട്ടം തിളങ്ങിയ മണ്ഡലം. മണ്ണാർക്കാട്, പട്ടാമ്പി എന്നിവടങ്ങളിലെ വോട്ടു വ്യത്യാസമാണ് സി.പി.എമ്മിനെ കഴിഞ്ഞ തവണ ചതിച്ചത്. ബി.ജെ.പിക്ക് മലമ്പുഴയിലും പാലക്കാടുമുള്ള പരമ്പരാഗത വേരോട്ടത്തിലാണ് പ്രതീക്ഷ.
മുനമ്പമെന്ന ആയുധം
മൂന്നു മണ്ഡലങ്ങളിൽ നിന്നും ഏറെ ദൂരത്തായ മുനമ്പം, ഉപതെരഞ്ഞെടുപ്പിൽ വർഗീയ ചേരിതിരിവിന്റെ ലക്ഷണങ്ങൾ കാണിച്ചു കൊണ്ട് ചർച്ചക്ക് വഴിതുറന്നു. കേരളത്തിന് അത്ര പരിചിതമല്ലാത്ത വർഗീയ ചേരി തിരിവ് പരീക്ഷിക്കാൻ പക്ഷെ വേണ്ടത്ര സമയം കിട്ടിയില്ല. വഖഫ് ഭൂമിയെച്ചൊല്ലിയുള്ള അവകാശവാദം വഴി കിടപ്പാടം നഷ്ടമാകുന്നവരുടെ കണ്ണീർ സമരത്തിന് കരുത്തു പകരാൻ എല്ലാവരും മുനമ്പത്ത് പാഞ്ഞെത്തി.
ക്രിസ്ത്യൻ പുരോഹിതരും സഭാദ്ധ്യക്ഷന്മാരും സമരപ്പന്തലിലെത്തി. വലിപ്പച്ചെറുപ്പമില്ലാതെ രാഷ്ട്രീയ കക്ഷി നേതാക്കൾ പിന്തുണ അറിയിച്ച് മുനമ്പത്തു ചെന്നു. വഖഫ് ബോർഡിനെതിരെ പ്രസംഗിച്ച സുരേഷ് ഗോപി മുസ്ലിം വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പഴികേട്ടു. വർഗീയ താൽപര്യങ്ങൾ വോട്ടു രൂപത്തിൽ പരിവർത്തനം ചെയ്യുന്ന ശൈലി ഇനിയും അത്രയ്ക്ക് പരിചിതമായിട്ടില്ലാത്ത കേരളത്തിന്റെ മണ്ണിൽ മുനമ്പം ആളിക്കത്തിയില്ല.
സർക്കാർ പെട്ടെന്ന് സമാശ്വാസ വാക്കു പറഞ്ഞ് പ്രശ്‌നത്തെ തണുപ്പിച്ചു. എങ്കിലും മുനമ്പത്തെ കനൽക്കാറ്റ് എരിഞ്ഞു കൊണ്ടിരിക്കും. ഒരു രാഷ്ട്രീയ കക്ഷിയും മുനമ്പത്തോട് നീതി പുലർത്തിയില്ല എന്ന കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിലപാട് ഇതിന്റെ സൂചനയായി കാണാം. ചുരുങ്ങിയത് അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും.
പ്രിജിത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്