മാനം കളഞ്ഞ്  'മല്ലു ഐ.എ.എസ് '

NOVEMBER 14, 2024, 11:31 AM

സെക്രട്ടേറിയറ്റ് തലപ്പത്തെ രണ്ട് ഐ.എ.എസുകാർക്കെതിരെ കേരള സർക്കാരിന് ഒരേസമയം നടപ്പാക്കേണ്ടിവന്ന സസ്‌പെൻഷൻ നടപടി അത്യസാധാരണം. ഉന്നത ഭരണ നേതൃത്വത്തിനു തന്നെ വലിയ ക്ഷീണവും നാണക്കേടും വരുത്തിവച്ച സംഭവങ്ങളാണ് ഇതിന്റെ ഭാഗമായരങ്ങേറിയതും തുടർന്നുവരുന്നതും. ഭരണ നിർവഹണത്തോടൊപ്പം മാന്യമായ ഇടപെടലും പെരുമാറ്റവും വാക്കും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നു സ്വാഭാവികമായും പ്രതീക്ഷിക്കുന്ന പൊതുജനങ്ങൾക്കിടയിൽ സിവിൽ സർവീസിന്റെ മഹിമയ്ക്കു വല്ലാത്ത വിളർച്ച വരുത്തി വച്ച ദുഷിപ്പിന്റെ പരിണാമ കഥ വ്യാപിക്കുന്നത് ഒട്ടും ആശാസ്യമല്ല.

രാഷ്ട്രീയ രംഗത്തെ നിലവാരത്തകർച്ച സാർവത്രികമായിരിക്കേ വിദ്യാസമ്പന്നരായ ഉദ്യോഗസ്ഥരിൽ നിന്നു സമൂഹം ഉന്നത മാന്യതയും പക്വതയും പ്രതീക്ഷിക്കുന്നു.
പക്ഷേ, കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി എൻ. പ്രശാന്തിനും വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനുമെതിരെയായ സസ്‌പെൻഷൻ നടപടി അവർ വഹിക്കുന്ന സ്ഥാനത്തിന്റേയും ഇരിക്കുന്ന കസേരയുടേയും കൂടി മാന്യത നിലംപൊത്താനിടയാക്കി. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണത്തിനിരയാണ് ഗോപാലകൃഷ്ണൻ. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതിനെ തുടർന്ന് പ്രശാന്തിനെതിരേ നടപടിക്ക് ശുപാർശ ചെയ്ത് മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ റിപ്പോർട്ട് നൽകിയിരുന്നു.

കെ. ഗോപാലകൃഷ്ണനെതിരെയുമുണ്ടായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. സിവിൽ സർവീസിലെ വിഭാഗിയത ഇതോടെ രൂക്ഷമായതായാണു സൂചന. ഐ.എ.എസുകാരെ രണ്ടോ മൂന്നോ തട്ടിൽ നിർത്താൻ വഴിതെളിച്ചു പുതിയ സംഭവ വികാസങ്ങൾ. പ്രശാന്തിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയൊരു റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. തുടർന്നാണ് ജയതിലകിനെതിരെ പ്രശാന്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. മുതിർന്ന ഉദ്യോഗസ്ഥനെ പരസ്യമായി അവഹേളിക്കുന്നതിൽനിന്ന് പിന്മാറാൻ സഹപ്രവർത്തകർ പ്രശാന്തിനോട് ആവശ്യപ്പെട്ടപ്പോൾ, തനിക്ക് ഭയമില്ലെന്നു പറഞ്ഞാണ് അധിക്ഷേപം ആവർത്തിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥർ സർക്കാരിനെ പരസ്യമായി വിമർശിക്കരുതെന്നാണ് ചട്ടം; എന്നാൽ ജയതിലകിനെ വിമർശിക്കരുതെന്ന് ചട്ടത്തിലെങ്ങുമില്ലെന്ന വിചിത്രവാദം പ്രശാന്ത് ഉന്നയിച്ചു.

vachakam
vachakam
vachakam

'അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തി'യെന്ന് ജയതിലകിനെ പ്രശാന്ത് പരസ്യമായി വിശേഷിപ്പിച്ചു. അദ്ദേഹത്തിനെതിരായ ഫയലുകൾ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി. കൂടാതെ 'മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി'യാണ് ജയതിലക് എന്ന് കമന്റ് ബോക്‌സിൽ കുറിച്ചത് വലിയ വാർത്തയായി. വിവാദമായതോടെയാണ് ഈ കമന്റ് നീക്കം ചെയ്തത്. നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും ജയതിലകിനെതിരെ പ്രശാന്ത് അധിക്ഷേപം തുടർന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി സ്വമേധയാ റിപ്പോർട്ട് നൽകിയത്.

മതത്തിന്റെ പേരിൽ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണൻ, തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്ന് വിശദീകരണം നൽകി. പക്ഷേ, അദ്ദേഹത്തിന്റെ ഫോണോ, വാട്‌സാപ്പോ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഫോറൻസിക് പരിശോധനയിൽ ഫോണുകൾ ഫോർമാറ്റ് ചെയ്‌തെന്നും സിറ്റി പോലീസ് കമ്മീഷണർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിവാദമായ ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തതിനാൽ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്ന് 'മെറ്റ' നേരത്തേ വ്യക്തമാക്കിയിരുന്നു. ഗോപാലകൃഷ്ണന്റെ ഫോണിൽ പ്ലേ സ്റ്റോറിൽനിന്നല്ലാത്ത ആപ്ലിക്കേഷനുകൾ ഉപയോഗിച്ചിട്ടില്ലെന്നാണ് ഗൂഗിളിൽ നിന്ന് പോലീസിനു ലഭിച്ച വിവരം. ഫോൺ മറ്റിടങ്ങളിൽനിന്ന് നിയന്ത്രിക്കപ്പെട്ടിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാവും മറുപടി നൽകി.

ഇതോടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഫോൺ ഹാക്ക് ചെയ്താണെന്ന ഗോപാലകൃഷ്ണന്റെ വാദം പൊളിഞ്ഞു. മതാടിസ്ഥാനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെയും അതുമറയ്ക്കാൻ നടത്തിയ ശ്രമത്തെയും അതിഗൗരവത്തോടെ സർക്കാർ കണ്ടു. ഗോപാലകൃഷ്ണന്റെ മല്ലു ഹിന്ദു ഓഫീസേഴ്‌സ്, മല്ലു മുസ്ലിം ഓഫീസേഴ്‌സ് എന്നീ പേരുകളിലുള്ള വാട്‌സാപ്പ് ഗ്രൂപ്പുകൾ വിവാദ വിഷയമായി. ഇതോടെയാണ് തന്റെ ഫോൺ ഹാക്ക് ചെയ്ത് 11 ഗ്രൂപ്പുകൾ തുടങ്ങിയെന്ന പരാതിയുമായി ഗോപാലകൃഷ്ണൻ പോലീസിനെ സമീപിച്ചത്.

vachakam
vachakam
vachakam

പ്രശാന്ത് പട്ടികജാതി വർഗ വകുപ്പ് സ്‌പെഷൽ സെക്രട്ടറി എന്ന നിലയിൽ ഉന്നതി സി.ഇ.ഒ ആയിരിക്കുമ്പോൾ ഗുരുതര വീഴ്ചകൾ വരുത്തിയതായി ചൂണ്ടിക്കാട്ടി ജയതിലക് മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് കൈമാറുകയുണ്ടായി. പ്രശാന്ത് പ്രവർത്തിച്ചിരുന്ന കാലത്തെ ചില ഫയലുകൾ കാണാനില്ലെന്നും ജോലിക്ക് കൃത്യമായി എത്താതെ വ്യാജ ഹാജർ രേഖപ്പെടുത്തിയതായും ജയതിലക് മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ ഉണ്ടെന്നാണു വാർത്തയിൽ പറയുന്നത്. തുടർന്നാണ് ഉദ്യോഗസ്ഥപ്പോര് മറനീക്കി പുറത്തുവന്നത്. പ്രശാന്തിനുശേഷം ഉന്നതി സി.ഇ.ഒ ആയ ഗോപാലകൃഷ്ണൻ, പ്രശാന്തിനോട് ചില രേഖകൾ ആവശ്യപ്പെട്ട് കത്ത് നൽകി. പക്ഷേ, പ്രശാന്ത് നൽകിയ രേഖകളിൽ പ്രധാന ഫയലുകൾ ഇല്ലെന്നും ആരോപിക്കപ്പെട്ടു. വിവാദം മൂത്തു വരുമ്പോൾ മുൻമന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പ്രശാന്തിനെതിരെ രംഗത്തുവന്നിരുന്നു.

ആഴക്കടൽ മത്സ്യബന്ധനക്കരാർ വിവാദം അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായിച്ചേർന്ന് പ്രശാന്ത് ഉണ്ടാക്കിയതാണെന്ന് മുൻമന്ത്രി ആരോപിച്ചു. എന്നാൽ, മേഴ്‌സിക്കുട്ടിയമ്മ ആരാണെന്നു ചോദിച്ച് അവഹേളിക്കുകയായിരുന്നു അക്കാലത്ത് അവരുടെ വകുപ്പിലുണ്ടായിരുന്ന പ്രശാന്ത് ചെയ്തത്. ഇതിനിടെ, മല്ലു മുസ്ലിം അസോസിയേഷനുണ്ടാക്കിയപ്പോൾ ഒരപകടവും കാണാത്ത സർക്കാർ ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പുണ്ടാക്കിയപ്പോൾ കർശന സമീപനത്തിനു മുതിർന്നതായുള്ള അടക്കംപറച്ചിലും ചില കോണുകളിൽ സജീവമാകുന്നുണ്ട്. അതേസമയം, 'മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്' ആരംഭിച്ചതിനു പിന്നാലെയാണ് മല്ലു മുസ്ലിം ഓഫീസേഴ്‌സ് എന്ന ഗ്രൂപ്പ് തുടങ്ങിയതെന്നും പറയപ്പെടുന്നു. ആദ്യഗ്രൂപ്പിൽ അംഗങ്ങളായവരിൽ ചിലർ ഗോപാലകൃഷ്ണനെ ഫോണിൽ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. അതോടെയാണ് തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും 11 വാട്‌സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചതായി മനസ്സിലാക്കിയെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് സന്ദേശമയച്ചത്. തുടർന്ന് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയുമുണ്ടായി.

അബദ്ധം മനസ്സിലാക്കിയശേഷം തന്റെ വാദം സാധൂകരിക്കാനായാണ് ഗോപാലകൃഷ്ണൻ 'മല്ലു മുസ്ലിം ഓഫീസേഴ്‌സ്' എന്ന രണ്ടാമത്തെ ഗ്രൂപ്പ് തുടങ്ങിയതെന്നാണ് കരുതുന്നത്. ആദ്യഗ്രൂപ്പ് തുടങ്ങിയതിനു പിന്നാലെ ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട് ഒരു കേന്ദ്ര ഉദ്യോഗസ്ഥന് അയച്ചെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. സ്വകാര്യനേട്ടത്തിനുവേണ്ടിയായിരുന്നു ഇതെന്ന സംശയവുമുണ്ട്. സംഭവം നടന്ന് രണ്ടു ദിവസത്തിനുശേഷം മാത്രമാണ് തന്റെ ഫോൺ ഹാക്ക് ചെയ്‌തെന്നു കാട്ടി കെ. ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയത്. സിവിൽ സർവിസ് പദവിയെ കളങ്കപ്പെടുത്തുക മാത്രമല്ല, കേരളത്തിന്റെ മതേതര മനസിനെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുകയുമാണ് ഈ ഉയർന്ന ഉദ്യോഗസ്ഥനെന്ന ആക്ഷേപം അതിനകം തന്നെ തീവ്രമായതോടെ സർക്കാരിന് നടപടിയെടുക്കാതെ വയ്യെന്നായി, പ്രത്യേകിച്ചും ഉപതെരഞ്ഞടുപ്പുകാലത്ത്. ജയതിലക് ഒരുപാടു പേരുടെ ജീവിതം തകർത്തിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഇനി വെളിപ്പെടുത്തുമെന്നുമാണ് പ്രശാന്ത് പറയുന്നത്.

vachakam
vachakam
vachakam

ഗോപാലകൃഷ്ണൻ ചെയ്ത കുറ്റങ്ങളുടെ തെളിവുകൾ ഡിജിറ്റൽ രൂപത്തിൽ തന്നെ സർക്കാരിനും അന്വേഷണ ഉദ്യോഗസ്ഥർക്കും മുമ്പിലുണ്ടെന്നത് വ്യക്തം. ഹാക്കിങ് നടന്നതായുള്ള ഗോപാലകൃഷ്ണന്റെ വാദം ശരിവയ്ക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നതെങ്കിലും ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്ന ഗോപാലകൃഷ്ണന്റെ പരാതിയിൽ മാത്രമായി അന്വേഷണം ഒതുക്കപ്പെടുമോയെന്നതാണ് പരക്കേ ഉയരുന്ന ചോദ്യം. മതസ്പർധയും വർഗീയ ചേരിതിരിവിനും ഇടയാക്കുന്ന ഇത്തരം ഒരു ഗ്രൂപ്പുണ്ടാക്കുന്നതിന് പിന്നിലുള്ള അധമവികാരം അനാവൃതമാകണമെന്ന നിരീക്ഷണം ശക്തമാണ്. മറ്റാരുടെയെങ്കിലും പിന്തുണ ഗോപാലകൃഷ്ണന് ലഭിച്ചിരുന്നോയെന്നതും ഉദ്യോഗസ്ഥ വൃന്ദങ്ങളിൽ ജാതി മത സ്പർധ വരുത്താനുള്ള ശ്രമം കേരളത്തിൽ നടക്കുന്നുണ്ടോയെന്നതും അന്വേഷണത്തിലൂടെ പുറത്തു വരേണ്ടിയിരിക്കുന്നു.

വിസിൽ ബ്ലോവർ...

ജയതിലകനുമായി സംസാരിച്ച് തർക്ക വിഷയങ്ങൾ സന്ധിയാക്കണമെന്ന് ചിലർ ഉപദേശിക്കുന്നതായി പ്രശാന്ത് സൂചിപ്പിച്ചിരുന്നു. 'അനവധി അഴിമതി കേസുകളിൽ ആരോപിതനായാലും സി.ബി.ഐ അന്വേഷണംവരെ എത്തിയാലും മാധ്യമ കച്ചവട മാഫിയ സംഘത്താൽ സംരക്ഷിക്കപ്പെടുന്നതിനെകുറിച്ചുള്ള ഫയലുകളിൽ സ്വാഭാവിക നടപടി ആകും എന്നു ചിന്തിക്കുന്നത് അതിരുകടന്ന നിഷ്‌കളങ്കതയാണെ'ന്ന തരത്തിൽ പ്രശാന്ത് പ്രതികരണം രേഖപ്പെടുത്തുകയും ചെയ്തു. കേരളത്തിലെ ചില ഉന്നത, ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതും സംരക്ഷിക്കുന്നതും ചില മാഫിയ സംഘങ്ങളാണെന്ന ഗുരുതര ആരോപണമാണിത്. ഉന്നത ഉദ്യോഗസ്ഥപ്പോരിൽ കക്ഷി ചേരുന്നതിനപ്പുറം, വെളിപ്പെട്ടതും ആരോപിക്കപ്പെടുന്നതുമായ കാര്യങ്ങളിലെ സത്യാവസ്ഥയാണു വ്യക്തമാക്കപ്പെടേണ്ടത്. പബ്ലിക് സ്‌ക്രൂട്‌നി ഉണ്ടെങ്കിൽ മാത്രമേ ന്യായമായതു നടക്കൂവെന്ന സമകാലിക ഗതികേട് കൊണ്ടാണു റിസ്‌ക് എടുത്ത് താനൊരു 'വിസിൽ ബ്ലോവർ' ആവുന്നതെന്ന് പൊതുജനം മനസിലാക്കണമെന്നും പ്രശാന്ത് പറയുന്നു.

'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' എന്ന വാട്‌സ്ആപ് ഗ്രൂപ്പിന്റെ പിന്നിലെ ഗൂഢലക്ഷ്യമടക്കം അന്വേഷണത്തിലൂടെ പുറത്തുവരണമെന്ന് ചൂണ്ടിക്കാണിക്കുന്നു മതേതര വിശ്വാസികൾ. ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി എം.ആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചാ വിവാദവും വിരമിക്കുന്ന ഉയർന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ സംഘ്പരിവാർ ചേരിയിലേക്ക് ചേക്കേറുന്നതും ചേർത്തുവായിക്കുമ്പോൾ ഗോപാലകൃഷ്ണന്റെ ഹിന്ദു വാട്‌സ്ആപ് ഗ്രൂപ്പിനു പിന്നിലെ ദുരൂഹത ഏറുന്നു. വ്യക്തികൾ എന്ന നിലയിൽ മതവിശ്വാസം ആകാമെങ്കിലും ഉദ്യോഗസ്ഥർക്കിടയിൽ മതപരമായ കൂട്ടായ്മകൾ രൂപവത്കരിക്കാനോ അത്തരം കൂട്ടായ്മകളിൽ ചേരാനോ നിയമം അനുവദിക്കുന്നില്ല. അക്കാര്യം മറന്നാണ് ഒരു മതഗ്രൂപ്പു തന്നെ ഉന്നത ഉദ്യോഗസ്ഥൻ ഉണ്ടാക്കിയത്. വിവരം പുറത്തായതോടെ ഗോപാലകൃഷ്ണൻ മലക്കംമറിഞ്ഞു; അന്വേഷണത്തെപ്പോലും തടസപ്പെടുത്തും വിധത്തിലുള്ള ഇടപെടലുകളും നടത്തി. അന്വേഷണ കമ്മീഷന് മുമ്പാകെ ഫോൺ ഹാജരാക്കേണ്ടതിനു പകരം അതിലെ എല്ലാ ഡാറ്റകളും ഡീലിറ്റ് ചെയ്ത് റീ സെറ്റ് ചെയ്തിട്ടാണ് നൽകിയത്.

ഉദ്യോഗസ്ഥർക്ക് ഇടയിൽ ഉണ്ടായ അകൽച്ചയാണ് ഇപ്പോഴത്തെ ഈ വിവാദത്തിനു കാരണമെന്നതിൽ തർക്കത്തിനു പഴുതില്ല. എന്തിന്റെ പേരിലാണെങ്കിലും സർവീസ് ചട്ടങ്ങളും സാമാന്യ മര്യാദകളും മറക്കുന്നതു നല്ലതല്ലെന്ന ഉപദേശ രൂപേണയുള്ള വിമർശനമാണ് ചുറ്റിലും ഉയരുന്നത്. എന്നാൽ, ചില തുറന്നു പറച്ചിലുകൾ ഉണ്ടാകുമ്പോൾ മാത്രമാണ് യഥാർത്ഥ സത്യങ്ങൾ പുറത്തുവരുന്നതും പല മുഖംമൂടികളും പൊളിച്ചു മാറ്റപ്പെടുന്നതും. ഈയൊരു യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിൽക്കൂടി ഇപ്പോഴത്തെ വിവാദങ്ങൾ വിചാരണ ചെയ്യപ്പെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചില കള്ളനാണയങ്ങൾ തിരിച്ചറിയപ്പെടാനും ശുദ്ധീകരണത്തിനും ഇതു വഴിവച്ചേക്കാമെന്നു ജനങ്ങൾ കരുതുന്നതിനിടയിൽ പക്ഷം ചേർന്നുള്ള രാഷ്ട്രീയ നേതാക്കളുടെയടക്കം പ്രതികരണങ്ങൾ പുറത്തുവന്നു. പക്ഷം ചേരലുകൾ വഴി പല സംഭവങ്ങളേയും തെറ്റായ രീതിയിൽ വഴി തിരിച്ചു വിടുന്ന അപകടം ആവർത്തിക്കപ്പെടുമോയെന്ന ശങ്ക ഇതോടെ തീവ്രമാകുന്നുമുണ്ട്.

സകല കൊള്ളരുതായ്മകളും കെട്ടിപ്പൂട്ടി വച്ച് ഭദ്രം എന്നു തോന്നിപ്പിക്കുക ഗുണകരമാവില്ല. ഉന്നത ഉദ്യോഗസ്ഥ തലത്തിലെ തിന്മകൾ ചോദ്യം ചെയ്യപ്പെടുകയും തെറ്റുകൾ തിരുത്തപ്പെടുകയുമാണാവശ്യം. അതു നിർവഹിക്കപ്പെടേണ്ടത് വ്യവസ്ഥാപിത മാർഗത്തിലൂടെയാകുകയും വേണം. ഉന്നത ഉദ്യോഗസ്ഥ തലത്തിലുള്ള ഉരസലുകളും പോരുകളും തരം കിട്ടുമ്പോഴുള്ള വേലവയ്പ്പുമൊക്കെ എക്കാലത്തും സജീവമായിരുന്നു. അന്നൊക്കെ പക്ഷേ, എല്ലാം അരമന രഹസ്യമായി നിലനിന്നു. ഇന്നാകട്ടെ സ്ഥിതി അതല്ല. സോഷ്യൽ മീഡിയയിലൂടെ ഇത്തരം ചേരിപ്പോരുകൾ അങ്ങാടിപ്പാട്ടുകളായി മാറുന്നു. പക്ഷേ, എല്ലാത്തിനും ഒരു പരിധിയുണ്ട്. സർവീസിന്റെ നിലനിൽപ്പിനും മികച്ച പ്രവർത്തനം കാര്യക്ഷമമായി കാഴ്ചവയ്ക്കുന്നതിനും അച്ചടക്കം അനിവാര്യം. ശ്വാസംമുട്ടിക്കുന്ന അച്ചടക്കമാണെങ്കിൽ അതിനെതിരെ ചില പ്രതികരണങ്ങൾ പുറത്തുവരുന്നത് സ്വാഭാവികം. മൂടിവയ്ക്കപ്പെടുന്ന കാര്യം ജനങ്ങൾക്ക് ദോഷകരമാണെങ്കിൽക്കൂടി തിരുത്തപ്പെടാതെ പോകും.

അതിനാൽ ചില കാര്യങ്ങൾ ഇത്തരം വിവാദങ്ങളിലൂടെ പുറത്തുവരുന്നതും തിരുത്തപ്പെടുന്നതും ജനക്ഷേമത്തിന് നല്ലതാണ്. അതേസമയം സീനിയർ ഓഫീസറെ കൊച്ചാക്കി ചിത്രീകരിച്ചുകൊണ്ട് പൊതുജനമദ്ധ്യത്തിൽ അപഹസിക്കുന്നത് സർവീസിന്റെ അച്ചടക്കലംഘനം തന്നെ. പരാതികൾ പറയാനും പരിഹാരങ്ങൾ തേടാനും ഔദ്യോഗികമായ വഴികളുണ്ട്. ആ വഴിയാണ് ഏത് ഉദ്യോഗസ്ഥനും ആദ്യം തേടേണ്ടത്. മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിച്ചതായി കൃത്യമായ അന്വേഷണത്തിൽ കണ്ടെത്തിയാൽ അത് ഗുരുതരമായി കണ്ട് സർക്കാർ നടപടി സ്വീകരിക്കേണ്ടതാവശ്യം. ഇന്ന് മതത്തിന്റെ പേരിൽ രൂപീകരിക്കുന്ന ഗ്രൂപ്പുകൾ നാളെ ജാതിയുടെ പേരിൽ വളരും.

അവനവന്റെ ജോലി നന്നായി ചെയ്യാനറിയാവുന്ന ഉദ്യോഗസ്ഥരല്ല രാഷ്ട്രീയക്കാരന്റെ തണൽ പറ്റി നിൽക്കുന്നത്. അങ്ങനെയുള്ള ഉദ്യോഗസ്ഥരോട് രാഷ്ട്രീയ നേതാക്കൾക്കും ഉള്ളിൽ മതിപ്പുണ്ടാകില്ല. ബുദ്ധിവൈഭവം കൊണ്ടാണ് മിടുക്കന്മാരും മിടുക്കികളും ഉന്നത സിവിൽ സർവീസിൽ എത്തുന്നത്. പക്ഷേ, അതുകൊണ്ട് എല്ലാവരും ഉന്നത വ്യക്തിവൈശിഷ്ട്യം പുലർത്തുന്നവരാകുമെന്നു കരുതാനാകില്ല. അമിതമായ ആഗ്രഹങ്ങളും രാഷ്ട്രീയ പക്ഷപാതിത്വവും പലപ്പോഴും ഉദ്യോഗസ്ഥരെ വഴിതെറ്റിക്കുന്നു. അങ്ങനെ സംഭവിക്കുമ്പോൾ ഭരണത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നതിനാൽ നഷ്ടം ജനത്തിനു തന്നെ.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam