ന്യൂയോർക്ക് : ദൈവത്തിൽ നിന്നും നാം പ്രാപിച്ച പാപമോചനത്തിന്റെയും സൗഖ്യത്തിന്റെയും അനുഭവം മറ്റുള്ളവർക്ക് ക്ഷമയും കരുണയും നൽകാനുള്ള കടമ നമ്മെ ഓർമ്മിപ്പിക്കുന്നതായി അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പാ പറഞ്ഞു.
ഒക്ടോബർ 13 തിങ്കളാഴ്ച രാത്രി 8 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെ നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സീനിയർ സിറ്റിസൺ ഫെലോഷിപ് സംഘടിപ്പിച്ച വിശേഷ പ്രാർത്ഥനായോഗത്തിൽ നൂറ്റിപ്പതിനാറാം സങ്കീർത്തനത്തിലെ വാക്യങ്ങൾ ആധാരമാക്കി മുഖ്യ സന്ദേശം നൽകുകയായിരുന്നു സെറാഫിം എപ്പിസ്‌കോപ്പാ.
ദൈവവും മറ്റുള്ളവരുമായിട്ടുള്ള നമ്മുടെ കടപ്പാടിന്റെ പ്രാധാന്യം തിരുമേനി ഊന്നിപ്പറഞ്ഞു. 'ദൈവത്തിന്റെ അനുഗ്രഹങ്ങൾക്ക് ഞാൻ അവന് എന്തു പകരം കൊടുക്കും?' എന്ന ചോദ്യം പ്രസക്തമായി. നമ്മുടെ അനുദിന ജീവിതത്തിലെ എല്ലാ സഹായങ്ങൾക്കും നാം അന്യരോട് കടപ്പെട്ടിരിക്കുന്നു.
മറ്റുള്ളവരോട് ദയയും കരുണയും കാണിക്കുക, ഓരോ വ്യക്തിയെയും കടമയോടെ സമീപിക്കുക എന്നത് ക്രിസ്തീയ ജീവിതത്തിന്റെ നിലപാടാണ്. ഓരോ അനുഭവത്തിലൂടെയും നമ്മൾ ദൈവത്തിന്റെ അനുഗ്രഹത്തോട് കടപ്പെട്ടവരാണ്.
മദർ തെരേസയുടെ മാതൃകയും യൂറോപ്യൻ കലാകാരൻ ആൽബ്രക്ട് ഡ്യൂററുടെ 'പ്രാർത്ഥിക്കുന്ന കൈകൾ' എന്ന വിശ്വവിഖ്യാത ചിത്രം, സഹോദരനോടുള്ള കടപ്പാടിന്റെ മകുടോദാഹരണമായി പ്രഭാഷണത്തിൽ തിരുമേനി എടുത്തു കാട്ടി.
അറ്റ്‌ലാന്റ മാർത്തോമാ വികാരി റവ. ഡോ. കെ. ജെയിംസൺ അച്ചന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ജോർജ് ജോൺ ഗാനം ആലപിച്ചു ഈശോ മാളിയേക്കൽ (സെക്രട്ടറി, SCF) സ്വാഗതം പറഞ്ഞു. സൗത്ത് ഫ്‌ലോറിഡയിൽ നിന്നുള്ള ഡോ. ജോൺ കെ ഡാനിയേൽ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. മധ്യസ്ഥപ്രാർത്ഥനക്ക് കുരിയൻ കോശി നേത്യത്വം നൽകി.
തുടർന്ന് ഡൽഹി ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം എപ്പിസ്‌കോപ്പാ ആശംസ സന്ദേശം നൽകി.. ദീർഘകാലമായി ഒരുമിച്ചു ചേരാൻ സാധിക്കാതെയിരുന്ന സാഹചര്യത്തിൽ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷം സഖറിയാസ് മാർ അപ്രേം തിരുമേനി ആശംസ സന്ദേശത്തിൽ പങ്കിട്ടു. തിരുമേനിയുടെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും പരാമർശിച്ചു.
രണ്ടു എപ്പിസ്‌കോപ്പാമാരെയും റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ്, SCF), യോഗത്തിൽ ആദരിച്ചു.
സി.വി. സൈമൺകുട്ടി (ട്രഷറർ, SCF) നന്ദി പറഞ്ഞു. റവ. ജേക്കബ് തോമസ് അച്ചന്റെ പ്രാർത്ഥനക്കു ശേഷം യോഗം സമാപിച്ചു. യോഗത്തിനു ആതിഥേയത്വം വഹിച്ചത് ഭദ്രാസന സീനിയർ സിറ്റിസൺ ഫെലോഷിപ് സൗത്‌വെസ്റ്റ് റീജിയന്നാണ്.
പി.പി.ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്