കൊച്ചി: രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ട് നേടുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം നടപ്പാക്കാൻ ബി.ജെ.പി ഏത് കുത്സിതമാർഗവും സ്വീകരിക്കുമെന്ന് കരുതണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ 24- ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സർക്കാരുകളെ അട്ടിമറിയ്ക്കാൻ കരിനിയമങ്ങൾ പാസാക്കുന്നുവെന്നും ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ഹീനമായ ന്യൂനപക്ഷ വേട്ടയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വകാര്യ വത്കരണം നടക്കത്തത് കേരളത്തിൽ ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് കെ. ഇന്ദിര അദ്ധ്യക്ഷയായി. മുൻ വൈദ്യുതി മന്ത്രി എസ്. ശർമ, നേതാക്കളായ സുദീപ് ദത്ത കെ.എം. പ്രകാശൻ, വി.എസ്. ദീപ, എം. അനിൽ കുമാർ, പ്രദീപ് ശശിധരൻ, കെ.സി. സിബു, എം. ഷാജഹാൻ, എസ്. തമ്പി, എം. ശിവപ്രസാദ്, എം.ടി. വർഗീസ്, എ.എൻ. ശ്രീലാ കുമാരി എന്നിവർ സംസാരിച്ചു.
ആദ്യ ദിനം നടന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. ഇന്ദിര അദ്ധ്യക്ഷയായി. ജനറൽ സെക്രട്ടറി പി. ജയപ്രകാശൻ കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. രണ്ടാം ദിനമായ ഇന്ന് പ്രതിനിധി സമ്മേളനം തുടരും. ഊർജ കേരള പുരസ്‌കാര വിതരണം, ലോഗോ അവാർഡ് എന്നിവ വെദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്