1975 ഏപ്രില്‍ 30 നാണ് വിയറ്റ്നാം യുദ്ധത്തിന് ഔദ്യോഗികമായി അന്ത്യം കുറിച്ചത്. ദക്ഷിണ വിയറ്റ്നാമിന്റെ തലസ്ഥാനമായ സായിഗണ്‍ കമ്യൂണിസ്റ്റ് ശക്തികളുടെ നിയന്ത്രണത്തിലായി. എന്നാല്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇന്നും യുദ്ധക്കെടുതിയില്‍ വലയുകയാണ്. യുദ്ധത്തില്‍ ഉപയോഗിക്കപ്പെട്ട രാസവസ്തുക്കള്‍ ഇന്നും ഇവിടെ ആധിപത്യം പുലര്‍ത്തുന്നു.
യുദ്ധത്തില്‍ ഉപയോഗിച്ച ഏജന്റ് ഓറഞ്ച് മൂലം ഭിന്നശേഷിക്കാരനായി തീര്‍ന്ന ലക്ഷക്കണക്കിന് പേരില്‍ ഒരാളാണ് നഗ്വേയന്‍ തന്‍ഹ് ഹയ് എന്ന 34കാരന്‍. നിരവധി വൈകല്യങ്ങളോടെ ആയിരുന്നു ജനനം. എല്ലാ കാര്യങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ട സ്ഥിതി. സ്പെഷ്യല്‍ സ്‌കൂളില്‍ വിദ്യാഭ്യാസം. വരയ്ക്കാനും വാക്യങ്ങള്‍ സൃഷ്ടിക്കാനുമുള്ള കഴിവുകള്‍ സ്വന്തമാക്കി. അമേരിക്കന്‍ വ്യോമത്താവളമായിരുന്ന ഡാ നാങിലാണ് ഹെ വളര്‍ന്നത്. ഇവര്‍ ഉപേക്ഷിച്ച് പോയ വന്‍തോതിലുള്ള ഏജന്റ് ഓറഞ്ച് പതിറ്റാണ്ടുകളോളം അവിടെ ഉപേക്ഷിക്കപ്പെട്ടു കിടന്നു. ഇത് ഭക്ഷണത്തിലും ജലവിതരണശൃംഖലകളിലും വ്യാപിച്ചു. ഈ ഗ്രാമത്തിലെ ജനങ്ങളെ തലമുറകളോളം തീരാദുരിതത്തിലേക്ക് അത് തള്ളിവിട്ടു.
വിയറ്റ്മാനിലെമ്പാടുമായി യുദ്ധകാലത്ത് അമേരിക്ക വര്‍ഷിച്ചത് 19 മില്യണ്‍ ഗാലന്‍ വിഷ വസ്തുക്കളാണ്. ഇതില്‍ പകുതിയും കളനാശിനിയടങ്ങിയ ഏജന്റ് ഓറഞ്ചായിരുന്നു. ഏജന്റ് ഓറഞ്ചില്‍ വന്‍തോതില്‍ ഡൈഓക്സിന്‍ അടങ്ങിയിരുന്നു. ഇത് അര്‍ബുദത്തിന് കാരണമാകും. ഇതിന് പുറമെ ജനന വൈകല്യങ്ങള്‍ക്കും പരിസ്ഥിതി നാശത്തിനും ഇത് ഇടയാക്കുന്നുണ്ട്. ഇവയുടെ ഫലമായി മുപ്പത് ലക്ഷത്തിലേറെ ജനങ്ങള്‍-ഇതിലേറെയും കുട്ടികള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ പിടിയിലാണ്.
അമേരിക്കന്‍ സഹായത്തോട് കൂടി തന്നെ പതിറ്റാണ്ടുകളോളം ഈ വിഷവസ്തുക്കള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ വിയറ്റ്നാം നടത്തിയിരുന്നു. എന്നാല്‍ ഇത് ഇനിയും പൂര്‍ത്തിയായിട്ടില്ല. ഏജന്റ് ഓറഞ്ച് ശുദ്ധീകരണത്തിനായി നല്‍കി വന്നിരുന്ന ഫണ്ട് ഇപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇത് വിയറ്റ്നാം ജനതയെ ആശങ്കയിലാക്കിയിരിക്കുകയാണ്.
പതിറ്റാണ്ടുകളായി തുടരുന്ന മലിനീകരണം
യുദ്ധം അവസാനിച്ചപ്പോള്‍ രാജ്യത്തെ 63 പ്രവിശ്യകളില്‍ 58ഉം വിഷവസ്തുക്കള്‍ കൊണ്ട് നിറഞ്ഞിരുന്നു. തലമുറകളോളം ആരോഗ്യപ്രശ്നങ്ങള്‍ ഇവരെ വിടാതെ പിന്തുടര്‍ന്നു. തങ്ങളുടെ മക്കളെയും പേരക്കിടാങ്ങളെയും അവരുടെ മക്കളെയുമെല്ലാം ഇത് ബാധിച്ചു. അര്‍ബുദം മുതല്‍ ജനന വൈകല്യങ്ങള്‍ വരെ ഇവരെ വിടാതെ പിന്തുടര്‍ന്നു. നട്ടെല്ലിനെയും നാഡീവ്യൂഹത്തെയുമടക്കം അത് ബാധിച്ചു.
മനുഷ്യനെ ബാധിച്ച ഏജന്റ് ഓറഞ്ച് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇത് പരിഹരിക്കാനേ സാധിച്ചില്ല. ഇതോടെ ഇരുരാജ്യങ്ങളും ഇതിനൊരു പ്രതിവിധിയുണ്ടാക്കാന്‍ ഒത്തുചേര്‍ന്ന് ശ്രമിക്കാമെന്ന് തീരുമാനിച്ചു. 2006 ല്‍ അവര്‍ അന്തരീക്ഷത്തിലെ വിഷാംശം നീക്കം ചെയ്യാനാരംഭിച്ചു. അപ്പോഴും പക്ഷേ ഇതേക്കുറിച്ച് വിശദമായ പഠനങ്ങളൊന്നും നടത്തിയില്ലെന്ന് 'ഫ്രം എനിമീസ് ടു പാര്‍ട്ട്‌ണേഴ്സ്, വിയറ്റ്നാം, അമേരിക്ക, ഏജന്റ് ഓറഞ്ച്' എന്ന പുസ്തകത്തിന്റെ രചയിതാവായ ചാള്‍സ് ബെയ്ലി ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രത്തിന്റെ കെടുതികള്‍ ഇപ്പോഴും അപൂര്‍ണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബചരിത്രവും അവര്‍ എവിടെയാണ് ജീവിച്ചതെന്നതും വിഷാംശവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ ഒരു പട്ടികയും തയാറാക്കിയാണ് വിയറ്റ്നാം ഏജന്റ് ഓറഞ്ചിന്റെ ഇരകളെ കണ്ടെത്തിയത്.
ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
യുദ്ധം അവസാനിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് രാജ്യത്തെ വീണ്ടെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഡാ നാങ് വിമാനത്താവളം പോലുള്ള കേന്ദ്രങ്ങളിലായിരുന്നു വന്‍ തോതില്‍ ശുചീകരണം വേണ്ടിയിരുന്നത്. ഇതിന്റെ കെടുതികള്‍ ബാധിച്ച കുടുംബങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാനും തുടങ്ങി. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അവരുടെ തന്നെ വിദഗ്ദ്ധര്‍ നല്‍കിയ തെളിവുകളെല്ലാം അമേരിക്കന്‍ ഭരണകൂടം രണ്ടായിരത്തിന്റെ പകുതി വരെ അവഗണിച്ചു. പിന്നീട് യു.എസ് വിയറ്റ്നാമിനെ ശുചീകരിക്കാന്‍ പണം നല്‍കാനാരംഭിച്ചു. ചില രോഗങ്ങള്‍ ഏജന്റ് ഓറഞ്ചിന്റെ സ്വാധീനം കൊണ്ടുണ്ടാകുന്നതാകാമെന്ന് 1991 ല്‍ അമേരിക്ക തിരിച്ചറിഞ്ഞു.
ഏജന്റ് ഓറഞ്ച് ബാധിത മേഖലകളിലെ ഇരകള്‍ക്ക് 1991 മുതല്‍ യു.എസ് സഹായങ്ങള്‍ നല്‍കാനാരംഭിച്ചു. ഇതിനായി 1550 ലക്ഷം അമേരിക്കന്‍ ഡോളര്‍ അവര്‍ ചെലവിടാന്‍ തുടങ്ങി. യുദ്ധത്തില്‍ മരിച്ചവരെ കണ്ടെടുക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിച്ചു. വിയറ്റ്നാം സ്വന്തം നിലയ്ക്ക് നടത്തുന്ന തെരച്ചിലിന് അമേരിക്ക സഹായം നല്‍കാന്‍ ആരംഭിച്ചു. ഏജന്റ് ഓറഞ്ച് ശുചീകരണം അവപകടകരവും ചെലവേറിയതുമാണ്. വന്‍തോതില്‍ മലിനീകരിക്കപ്പെട്ട മണ്ണ് വലിയ തോതില്‍ ചൂട് പിടിച്ചും കിടന്നിരുന്നു. മാലിന്യം കുറഞ്ഞ മണ്ണ് ചിലയിടങ്ങളില്‍ നികത്താന്‍ വേണ്ടി ഉപയോഗിച്ചു.
വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷവും വലിയ ഭൂവിഭാഗങ്ങള്‍ ഇന്നും അവശേഷിക്കുകയാണ്. അമേരിക്കന്‍ വ്യോമത്താവളമായിരുന്ന ഡാ നാങില്‍ ഏജന്റ് ഓറഞ്ചിന്റെ സംഭരണ കേന്ദ്രമായിരുന്നിടം വന്‍തോതില്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നു. 1100 ലക്ഷം ഡോളര്‍ അമേരിക്ക 2018 വരെ ശുചീകരണത്തിനായി ചെലവിട്ടു. എന്നിട്ടും പത്ത് ഫുട്ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ഇടം ഇപ്പോഴും വലിയ തോതില്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നു.
യുദ്ധത്തിന് ശേഷം അമേരിക്കയും വിയറ്റ്നാമും തമ്മിലുള്ള ബന്ധം ശക്തമായി. 2023 ല്‍ വിയറ്റ്നാം അമേരിക്കയെ തങ്ങളുടെ ഏറ്റവും വലിയ നയതന്ത്ര പദവിയായ സമഗ്ര നയതന്ത്ര പങ്കാളിയായി പ്രഖ്യാപിച്ചു. ഇന്തോ-പസഫികിലേക്ക് തങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവേശിക്കാനിടമൊരുക്കിയ വിയറ്റ്നാം തങ്ങളുടെ ഒരു സുപ്രധാന പങ്കാളിയാണെന്ന് 2023ല്‍ അമേരിക്കന്‍ ധനകാര്യ സെക്രട്ടറി ജാനെറ്റ് യെല്ലെന്‍ പറഞ്ഞു.
സഹായം അവസാനിപ്പിക്കുമ്പോള്‍
എന്നാല്‍ വിയറ്റ്നാമിലെ സുപ്രധാന പദ്ധതികള്‍ക്കുള്ള സഹായങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് നിര്‍ത്തലാക്കിയിരിക്കുന്നു. ചിലത് പുനസ്ഥാപിച്ചെങ്കിലും അമേരിക്കയുടെ വിശ്വാസ്യത സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പുത്തന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ വിയറ്റ്നാം ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ഇനി മറ്റ് രാജ്യങ്ങളെ സഹായിക്കാനാകില്ലെന്നാണ് ട്രംപിന്റെ നിലപാട്.
രാജ്യത്തിന് വിഷ മാലിന്യം നീക്കം ചെയ്യാന്‍ സഹായമില്ലാതെ സാധിക്കില്ലെന്നാണ് ഡനാങിലെ ഏജന്റ് ഓറഞ്ച് ഇരകളുടെ അസോസിയേഷന്‍ അധ്യക്ഷന്‍ നഗ്വേയേന്‍ വാന്‍ അന്‍ പറയുന്നത്. അമേരിക്കന്‍ ഭരണകൂടത്തിനും ഈ വിഷവസ്തുക്കളുടെ നിര്‍മ്മാതാക്കള്‍ക്കുമാണ് ഇരകളെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്തമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. രാഷ്ട്രീയ മാറ്റങ്ങള്‍ മൂലം പദ്ധതി നിര്‍വഹണത്തില്‍ നിന്നുള്ള പിന്‍മാറ്റം താത്ക്കാലികമാണെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ പക്ഷേ ഉപേക്ഷിക്കപ്പെട്ടാല്‍ മലിനീകരിക്കപ്പെട്ട മണ്ണ് ജലസ്രോതസുകളിലെത്തി ജനങ്ങള്‍ക്ക് കൂടുതല്‍ അപകടങ്ങള്‍ വരുത്തിവയ്ക്കും.
മലിനീകരിക്കപ്പെട്ട അഞ്ച് ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്യാനുള്ള 2020 ല്‍ ആരംഭിച്ച പത്ത് വര്‍ഷ പദ്ധതി കഴിഞ്ഞ മാസം ഒരാഴ്ച നിര്‍ത്തി വയ്ക്കുകയും വീണ്ടും തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കുള്ള 300 ലക്ഷം ഡോളറിന്റെ സഹായവും അനിശ്ചിതത്വത്തിലാണ്. അമേരിക്ക സഹായം നിര്‍ത്തിയതോടെ വിയറ്റ്നാമിലുള്ള മിക്ക അമേരിക്കന്‍ ജീവനക്കാരും ഇക്കൊല്ലം തന്നെ മടങ്ങുമെന്ന സൂചനയുമുണ്ട്.
ഏതായാലും രാജ്യത്തെ പകുതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പോലും എങ്ങുമെത്തിയിട്ടില്ല. ഇതില്‍ ഏറെയും മലിനീകരണം കുറഞ്ഞ മേഖലയിലാണ് നടത്തിയതെന്നതും ശ്രദ്ധേയമാണ്. അവശേഷിക്കുന്നത് വലിയ തോതില്‍ മലിനീകരണ പ്രശ്നമുള്ളതാണ്. മുപ്പത് വര്‍ഷമായി യുദ്ധക്കെടുതികള്‍ നേരിടാന്‍ അമേരിക്കയും വിയറ്റ്നാമും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ട്രംപ് ഇതില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. ഇത് രാജ്യത്തുണ്ടാക്കുന്ന ആഘാതം എത്ര വലുതായിരിക്കുമെന്ന ചിന്തയില്ലാതെയാണ് നടപടിയെന്ന് വിയറ്റ്നാം ആരോപിക്കുന്നു.
എന്നാല്‍ വിയറ്റ്നാമിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. വിയറ്റ്നാം ജനത രണ്ടാം തവണയും ഇരകളാക്കപ്പെടുകയാണെന്ന് വിയറ്റ്നാമില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അമേരിക്കന്‍ വിയറ്റാം യുദ്ധത്തില്‍ പങ്കെടുത്ത ചക്ക് സെയറി ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്