വെളുത്ത പുകയ്ക്കായി കാത്ത് വിശ്വാസികള്‍

APRIL 29, 2025, 9:58 AM

2025 ഏപ്രില്‍ 21 നാണ് ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ കാലം ചെയ്തത്. സഭയുടെ പരമ്പരാഗത ചട്ടക്കൂടുകളും നിയമങ്ങളും പൊളിച്ചെഴുതിയ പാപ്പ തന്റെ ജീവിതത്തിലുടനീളം പിന്‍ഗാമികള്‍ക്ക് മാതൃകയായിരുന്നു. ആഡംബര സൗകര്യങ്ങള്‍ എല്ലാം ഉണ്ടായിട്ടും ലളിത ജീവിതം തിരഞ്ഞെടുക്കുകയും അതിനായി വിശ്വാസികളോട് നിരന്തരം ആഹ്വാനം ചെയ്യുകയും ചെയ്തു.

88 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ ഏറെക്കാലമായി ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഹൃദയസ്തംഭനവും പക്ഷാഘാതവും ബാധിച്ചായിരുന്നു മരണം സംഭവിച്ചത്. ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞതോടെ ലോകമെങ്ങും ഉറ്റുനോക്കുന്നത് വത്തിക്കാനിലേക്കാണ്. പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണ് വിശ്വാസികള്‍. ലോകം മുഴുവനുമുള്ള 140 കോടി വിശ്വാസികളുടെ ആത്മീയ തലവനാണ് മാര്‍പാപ്പ. അതിനാല്‍ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പും ഏറെ സങ്കീര്‍ണമാണ്.

12 വര്‍ഷമായി സഭയുടെ തലവനായിരുന്നു ഫ്രാന്‍സിസ് പാപ്പ. നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് സഭയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കത്തോലിക്കാ സഭയുടെ പരിവര്‍ത്തന കാലമായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭരണ കാലയളവിനെ കാണുന്നത്. അതിനാല്‍ ഇനി വരാനിരിക്കുന്ന മാര്‍പാപ്പയ്ക്കും വെല്ലുവിളികള്‍ ഏറെയാണ്. ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകളും ആശയങ്ങളും പുതിയ മാര്‍പാപ്പ പിന്തുടരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. നൂറിലേറെ രാജ്യങ്ങളില്‍ വിശ്വാസികളുള്ളതിനാല്‍ മാര്‍പാപ്പ സ്വീകരിക്കുന്ന ഓരോ നിലപാടുകളും ചര്‍ച്ച ചെയ്യപ്പെടും.

അതേസമയം പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മെയ് ഏഴിന് ആരംഭിക്കും. ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയെയാണ് ഇനി തിരഞ്ഞെടുക്കുന്നത്. അതീവ രഹസ്യാത്മകമായ നിറഞ്ഞ നടപടിക്രമങ്ങളിലൂടെയാണ് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നത്. തങ്ങളുടെ തീരുമാനത്തെ ബാഹ്യമായി ഒന്നും സ്വാധീനിക്കാതിരിക്കാന്‍ എല്ലാ കര്‍ദിനാള്‍മാരും പ്രതിജ്ഞയെടുത്ത ശേഷമാണ് കോണ്‍ക്ലേവ് ആരംഭിക്കുക.

മാര്‍പാപ്പ കഴിഞ്ഞാല്‍ സഭയുടെ ഏറ്റവും തലപ്പത്തുള്ള കര്‍ദിനാള്‍മാര്‍ ചേര്‍ന്നാണ് മാര്‍പാപ്പയെ വോട്ടെടുപ്പിലൂടെ തീരുമാനിക്കുന്നത്. കര്‍ദിനാള്‍മാര്‍ക്ക് താഴേക്കുള്ള പുരോഹിതര്‍ക്കോ വിശ്വാസികള്‍ക്കോ വോട്ടെടുപ്പ് നടക്കുന്ന സിസ്റ്റൈന്‍ ചാപ്പലിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് സിസ്റ്റൈന്‍ ചാപ്പല്‍.

കഴിഞ്ഞ ദിവസം വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് കോണ്‍ക്ലേവിന്റെ തീയതി തീരുമാനിച്ചത്. സഭയിലെ 252 കര്‍ദിനാള്‍മാരില്‍ 135 പേര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. 80 വയസിന് മുകളിലുള്ളവര്‍ക്ക് വോട്ടവകാശം ഇല്ല. ഇവര്‍ എല്ലാവരും പങ്കെടുക്കുമോ എന്നത് വ്യക്തമല്ല. ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന കര്‍ദിനാള്‍മാരുണ്ട്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാളെയാണ് പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കുക. അത് ലഭിക്കുന്നത് വരെ വോട്ടെടുപ്പ് തുടരും. രഹസ്യ ബാലറ്റ് വഴിയാണ് വോട്ടെടുപ്പ്. ഓരോ വോട്ടെടുപ്പിനും ശേഷം ബാലറ്റുകള്‍ കത്തിച്ചു കളയും.

കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ ഭൂരിപക്ഷം കര്‍ദിനാള്‍മാരും വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. കോണ്‍ക്ലേവ് ആരംഭിച്ച് കഴിഞ്ഞാല്‍ ലോകം മുഴുവനുമുള്ള വിശ്വാസികള്‍ അതീവ ആകാംക്ഷയോടെയായിരിക്കും സിസ്റ്റൈന്‍ ചാപ്പലിലേക്ക് ഉറ്റുനോക്കുന്നത്. സിസ്റ്റൈന്‍ ചാപ്പലിലെ പുകക്കുഴലില്‍ നിന്ന് ഉയരുന്നത് വെളുത്ത പുകയാണോ കറുത്ത പുകയാണോ എന്നായിരിക്കും വിശ്വാസികള്‍ ഉറ്റുനോക്കുക.

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെങ്കില്‍ കറുത്ത പുകയും തിരഞ്ഞെടുത്താല്‍ വെളുത്ത പുകയുമായിരിക്കും വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിലെ പുകക്കുഴലില്‍ നിന്ന് ഉയരുക. ഇന്ത്യയില്‍ നിന്ന് നാല് കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. അതില്‍ രണ്ടു പേര്‍ മലയാളികളാണ്. ഗോവ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെരാരോ, ഹൈദരാബാദ് ആര്‍ച്ച് ബിഷപ് കര്‍ദിനാല്‍ ആന്റണി പൂല, മലയാളികളായ സിറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ക്ലീമീസ് ബസേലിയോസ്, കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്ത് വോട്ട് ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam