കാനഡയിലെ സിഖുകാരുടെ സംഘടനയായ ഖാലിസ്ഥാന്റെ നേതാവിന് കാനഡയിലെ തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി. കാനഡ പൊതുതിരഞ്ഞെടുപ്പില്‍ ഖാലിസ്ഥാന്‍ വാദിയായ സിഖ് നേതാവ് ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി)ക്ക് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
മുന്‍ കനേഡയന്‍ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിന്‍ ട്രൂഡോ പലപ്പോഴും മോദി സര്‍ക്കാരിനെതിരെയും ഇന്ത്യയ്ക്കെതിരെയും നിലപാട് എടുത്തിരുന്നത് ജഗ്മീത് സിങ്ങിനെ സന്തോഷിപ്പിക്കാനായിരുന്നു. ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്ന സിഖ് തീവ്രവാദി കാനഡയില്‍ കൊല്ലപ്പെട്ടപ്പോള്‍ ആ കുറ്റം ഇന്ത്യയുടെ മേല്‍ ചാര്‍ത്തി ആഗോള സമൂഹത്തിന് മുന്‍പില്‍ ഇന്ത്യയെ നാണം കെടുത്താന്‍ ജസ്റ്റിന്‍ ട്രൂഡോ ശ്രമിച്ചതും ഈ ജഗ്മീത് സിങ്ങിനെ സന്തോഷിപ്പിക്കാനായിരുന്നു. കാരണം അന്ന് ജസ്റ്റിന്‍ ട്രൂഡോയുടെ കാനഡ ലിബറല്‍ പാര്‍ട്ടിക്ക് ഭരിയ്ക്കാനുള്ള ഭൂരിപക്ഷം നേടിയത് ജഗ്മീത് സിങ്ങിന്റെ പിന്തുണയോടെയായിരുന്നു.
ഇക്കുറി കാനഡയിലെ തിരഞ്ഞെടുപ്പില്‍ ജഗ്മീത് സിങ്ങിന് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. രണ്ട് തവണ , ബ്രിട്ടീഷ് കൊളംബിയയിലെ ബര്‍ണബി സെന്‍ട്രല്‍ സീറ്റില്‍ ജയിച്ചിട്ടുള്ള ജഗ്മീത് സിങ്ങ് മൂന്നാമതും ജയിക്കാന്‍ വേണ്ടിയാണ് മത്സരിച്ചതെങ്കിലും ലിബറല്‍ സ്ഥാനാര്‍ത്ഥിയായ വേഡ് ചാങ്ങിനോട് തോറ്റു. ജഗ്മീത് സിങ്ങിന് 27 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ചാങ് 40 ശതമാനത്തിലധികം വോട്ടുകള്‍ നേടി.
ജഗ്മീതിന്റെ പാര്‍ട്ടിക്കും കനത്ത തിരിച്ചടി നേരിട്ടു. 12 സീറ്റുകള്‍ ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍ഡിപിക്ക് ദേശീയ പദവി നഷ്ടപ്പെട്ടേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ വരെ ജയിച്ചുകയറിയ എന്‍ഡിപിക്ക് ഇക്കുറി രണ്ടക്കം കടക്കാനായില്ല. ടോം മുല്‍കെയറിന്റെ പിന്‍ഗാമിയായി 2017 ല്‍ ജഗ്മീത് സിംഗ് എന്‍ഡിപിയുടെ നേതൃത്വം ഏറ്റെടുത്തത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ്, 2011 മുതല്‍ 2017 വരെ ഒന്റാറിയോയില്‍ പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്റ് (എംപിപി) അംഗമായി സേവനമനുഷ്ഠിച്ചിരുന്നു.
ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയുമായി ഇണങ്ങിയും പിണങ്ങിയും മുന്നോട്ടുനീങ്ങി. ആദ്യം ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പിന്തുണ നല്‍കിയ അദ്ദേഹം അവസാന നാളുകളില്‍ ഖലിസ്ഥാന്‍ വാദത്തിന് വേണ്ടത്ര പ്രോത്സാഹനം നല്‍കുന്നില്ലെന്ന് കണ്ട് ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടിക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ചിരുന്നു. അതിന് ശേഷമാണ് കാനഡയില്‍ തിരഞ്ഞെടുപ്പ് വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം തുടക്കത്തില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാരിന് നിര്‍ണായക സഖ്യകക്ഷിയായി സേവനമനുഷ്ഠിക്കുകയും ഒടുവില്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തു. ഖാലിസ്ഥാന്‍ പ്രസ്ഥാനവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വിവാദമായി. എന്‍ഡിപിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യക്കെതിരേ കാനഡയില്‍ നടക്കുന്നത്
കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി ഇന്ത്യയ്‌ക്കെതിരായ നിരവധി സംഭവങ്ങള്‍ കാനഡയില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. 2023 ജൂണ്‍ നാലിന് നടന്ന ഒരു സംഭവം ഇങ്ങനെയാണ്, ഒന്റാറിയോയിലെ ബ്രാംപ്റ്റണില്‍ അന്ന് ഒരു പരേഡ് സംഘടിപ്പിച്ചിരുന്നു. അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്‍രെ 39-ാമത് വാര്‍ഷികത്തിന്റെ മുന്നോടിയായാണ് ഈ പരേഡ് സംഘടിപ്പിച്ചത്. അഞ്ച് കിലോമീറ്റര്‍ നീളുന്ന പരേഡില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുന്ന ടാബ്ലോ അരങ്ങേറി. രക്തക്കറ പുരണ്ട വെളുത്തസാരി ധരിച്ച ഒരു സ്ത്രീ കൈകള്‍ പൊക്കിപ്പിടിച്ച് നില്‍ക്കുന്നതും തലപ്പാവ് ധരിച്ച പുരുഷന്മാര്‍ അവരുടെ നേരെ തോക്ക് ചൂണ്ടി നില്‍ക്കുന്നതുമാണ് ടാബ്ലോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. 'ദര്‍ബാര്‍ സാഹിബിനെതിരായ ആക്രമണത്തിനുള്ള പ്രതികാരം' എന്നെഴുതിയ പോസ്റ്റര്‍ ഇതിനു പിന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഇതിനെതിരേ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ''വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയല്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. അക്രമത്തിന് വേണ്ടി വാദിക്കുന്ന വിഘടനവാദികളെയും ഭീകരവാദികളെയും പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിതെന്ന്,''-അദ്ദേഹം പറഞ്ഞു.
കാനഡയില്‍ സിക്ക് ജനസംഖ്യ ഏറ്റവും കൂടുതലുള്ള പ്രദേശമാണ് ബ്രാംപ്റ്റണ്‍. 2022 ല്‍ ഖലിസ്ഥാന്‍ അനുകൂല സംഘടനയായ സിക്ക്‌സ് ഫോര്‍ ജസ്റ്റിസിന്റെ നേതൃത്വത്തില്‍(എസ്എഫ്ജെ) ഇവിടെ ജനഹിത വോട്ടെടുപ്പ് നടത്തിയിരുന്നു. ഖലിസ്ഥാന് ഒരു ലക്ഷം പേര്‍ പിന്തുണ പ്രഖ്യാപിച്ചതായി അവര്‍ അവകാശപ്പെട്ടിരുന്നു. കാനഡയിലെ ഇന്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയിടണമെന്ന് കാനേഡിയന്‍ സര്‍ക്കാരിന് ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായ ശാസന നല്‍കിയിരുന്നു. ഇത്തരം വ്യക്തികളെയെല്ലാം തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കനേഡിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എസ്എഫ്ജെ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഒരു സംഘടനയാണ്. 2022 മെയില്‍ മൊഹാലിയിലെ പഞ്ചാബ് ഇന്റലിജന്റ്സ് ആസ്ഥാനത്ത് നടന്ന റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് (ആര്‍പിജി) ആക്രമണവുമായി ഈ സംഘടനയ്ക്ക് ബന്ധമുണ്ട്.
2002-ല്‍ ടൊറൊന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഞ്ചാബി ഭാഷയിലുള്ള വാരികയായ സഞ്ജ് സവേരയില്‍ ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികത്തെ അഭിവാദ്യം ചെയ്യുകയും ഇന്ദിരാഗാന്ധിയുടെ കൊല്ലപ്പെട്ട ചിത്രം മുഖചിത്രമായി നല്‍കുകയും 'പാപിയെ കൊന്ന രക്തസാക്ഷികളെ ആദരിക്കൂ' എന്ന മട്ടില്‍ തലക്കെട്ടും നല്‍കിയിരുന്നു. ഖലിസ്ഥാന്‍ അനുകൂലികള്‍ക്കും ഇന്ത്യയില്‍ ഭീകരവാദം ആരോപിക്കപ്പെടുന്ന തീവ്രവാദി ശബ്ദങ്ങള്‍ക്കും കാനഡ ഒരു സുരക്ഷിത സങ്കേതമായി കണക്കാക്കപ്പെടുന്നു.
1982-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി പിയറി ട്രൂഡോയോട് പരാതിപ്പെട്ടപ്പോള്‍ ഖലിസ്താനി വെല്ലുവിളിയോട് സൗമ്യമായ ഇടപെടലാണ് കാനഡ നടത്തിയതെന്ന് 2021-ല്‍ പുറത്തിറങ്ങിയ ടെറി മിലേവ്സ്‌കിയുടെ ബ്ലഡ് ഫോര്‍ ബ്ലഡ്: ഫിഫ്റ്റി ഇയേഴ്‌സ് ഓഫ് ദ ഗ്ലോബല്‍ ഖലിസ്ഥാന്‍ പ്രൊജക്ട് എന്ന പുസ്തകത്തില്‍ വിവരിക്കുന്നു.
എന്തുകൊണ്ടാണ് കാനഡ ഇങ്ങനെ?
ഇതിനുള്ള ഉത്തരം മിലേവ്സ്‌കിയുടെ പുസ്‌കതത്തിലുണ്ട്. കാനഡയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന ജയ്ശങ്കറിന്റെ പരാമര്‍ശം തന്നെയാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. 2021-ലെ കനേഡിയന്‍ സെന്‍സസ് പ്രകാരം കാനഡയിലെ ജനസംഖ്യയുടെ 2.1 ശതമാനവും സിക്കുക്കാരാണ്. ഇവരാണ് രാജ്യത്തെ വളരെ വേഗത്തില്‍ വളരുന്ന മതവിഭാഗവും. ഇന്ത്യയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ സിക്ക് ജനസംഖ്യയുള്ള രാജ്യമാണ് കാനഡ.
ഇന്ന് കനേഡിയന്‍ സര്‍ക്കാരില്‍ നിരവധി സിക്ക് വിഭാഗക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ വര്‍ധിച്ച് വരുന്ന ജനസംഖ്യ ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ മണ്ഡലങ്ങളിലൊന്നാണ്. 2017 ല്‍ ഇടതുപക്ഷ ചായ്വുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍ഡിപി) ഭരണം ഏറ്റെടുത്തപ്പോള്‍ 39 കാരനായ ജഗ്മീത് സിങ് ഒരു പ്രധാന കനേഡിയന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ സിക്ക് നേതാവായി മാറി.
ഇന്ത്യയില്‍ ഖലിസ്താന്‍ സംഘടനയുടെ പ്രവര്‍ത്തനം അവസാനിച്ചിരുന്നോ?
ഇന്ത്യയിലെ സിക്ക് ജനവിഭാഗങ്ങളില്‍ വളരെ ചെറിയൊരംശം ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം, കാനഡ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ സിക്ക് പ്രവാസികള്‍ക്കിടയില്‍ സംഘടനയുടെ പ്രവര്‍ത്തനം സജീവമാണ്. ഖലിസ്ഥാന്‍ പ്രസ്ഥാനം അതിന്റെ തുടക്കം മുതലേ ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ഒന്നായിരുന്നു. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമുയര്‍ത്തി ആദ്യ പ്രഖ്യാപനം ഈ സംഘടന നടത്തിയത് യുഎസിലാണ്. ന്യൂയോര്‍ക്ക് ടൈംസിലാണ് ഇത് പ്രസിദ്ധീകരിച്ചത്.
പഞ്ചാബിലെ കലാപം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത്, ഖാലിസ്ഥാനി തീവ്രവാദികള്‍ക്ക് ഭൗതിക പിന്തുണ നല്‍കുന്നതില്‍ പാകിസ്ഥാനും ചൈനയും ഇടയ്ക്കിടെ ഏര്‍പ്പെട്ടിരുന്നു. സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ചിരിക്കുന്ന തീവ്രവാദികളുടെ കൈവശം ചൈനീസ് നിര്‍മ്മിത ആര്‍പിജികളുണ്ടെന്ന് ഇന്ത്യന്‍ സൈന്യം കണ്ടെത്തി. ഈ ആര്‍പിജികളുടെ ഉപയോഗമാണ് ഓപ്പറേഷനില്‍ ടാങ്കറുകള്‍ ഉപയോഗിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
എന്തുകൊണ്ടാണ് ഖലിസ്താന്‍ പ്രസ്താനം കാനഡയില്‍ തുടരുന്നത്?
എല്ലാ കനേഡിയന്‍ സിക്കുകാരും ഖലിസ്ഥാന്‍ അനുകൂലികള്‍ അല്ലെന്നതും സിക്ക് പ്രവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും ഖലിസ്ഥാന്‍ ഒരു പ്രധാനപ്രശ്നമല്ലെന്നതും ഇവിടെ ശ്രദ്ധിക്കപ്പെടുന്നു. ''കനേഡിയന്‍ നേതാക്കള്‍ സിക്ക് വോട്ടുകള്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ന്യൂനപക്ഷമായ ഖലിസ്താനികളെല്ലാം കാനഡയിലെ സിക്കുകാരാണെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു, ''മിലേവ്സ്‌കി കഴിഞ്ഞ വര്‍ഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
1980-കളില്‍ പ്രസ്ഥാനം അതിന്റെ പാരമ്യത്തിലായിരുന്ന കാലത്ത് ഇന്ത്യന്‍ ഭരണകൂടം ഖാലിസ്താന്‍ വിഘടനവാദികളോട് അങ്ങേയറ്റം കഠിനമായാണ് പെരുമാറിയത്. അപ്പോള്‍ ധാരാളം അറസ്റ്റുകളും കൊലപാതകങ്ങളും നടക്കുകയും ഇതേതുടര്‍ന്ന് രാജ്യം വിട്ടുപോയവര്‍ ഉള്‍പ്പെടെയുള്ളവരാണ് കാനഡയിലെ സിക്ക് പ്രവാസികള്‍. പഞ്ചാബിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ ഇന്ന് വളരെ വ്യത്യസ്തമാണെങ്കിലും അന്നത്തെ ഓര്‍മ്മകള്‍ ഈ ആളുകള്‍ക്കിടയില്‍ പ്രസ്ഥാനത്തെ സജീവമായി നിലനിര്‍ത്തുന്നു. എന്നിരുന്നാലും പ്രവാസികള്‍ക്കിടയില്‍ പോലും വര്‍ഷങ്ങളായി സംഘടനയ്ക്ക് പിന്തുണ കുറഞ്ഞുവരുന്ന പ്രവണതയാണ് ഉള്ളത്. അതിന്റെ തെളിവാണ് ഇത്തനണത്തെ തിരഞ്ഞെടുപ്പ് ഫലം. ഇന്ത്യയെക്കുറിച്ച് വ്യക്തിപരമായ അനുഭവങ്ങള്‍ ഇല്ലാതെ വളരുന്നതിനാല്‍ സിക്കുകാരുടെ പുതിയ തലമുറയ്ക്കിടയില്‍ ഖലിസ്താന്‍ സംഘടനയോടുള്ള താത്പര്യം കുറയാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്