നോക്കണേ, ചതുരംഗപ്പലകയിൽ കുശാഗ്രബുദ്ധിയോടെ കരുക്കൾ നീക്കി നാടിന്റെ അഭിമാനം വാനോളം ഉയർത്തി വിശ്വം വിജയിച്ച ഉലക നായകൻ! ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഗുകേഷ് ദൊമ്മരാജു ചതുരംഗക്കളത്തിൽ പുതുചരിത്രമെഴുതി ഉലക ചാമ്പ്യനായി. നിലവിലെ ലോക ചാമ്പ്യൻ ഡിങ് ലിറനെ അവസാന ഗെയിംസിൽ അട്ടിമറിച്ചാണ് 18 വയസ്സ് മാത്രം പ്രായമുള്ള ഗുകേഷ് കിരീടം സ്വന്തമാക്കിയത്.
വിശ്വനാഥൻ ആനന്ദിലൂടെ തുടങ്ങിയ ചതുരംഗക്കളത്തിലെ ഇന്ത്യൻ അശ്വമേധം ഗുകേഷിലൂടെ പുതിയൊരു അധ്യായം കുറിക്കപ്പെട്ടു. പ്രതിസന്ധി ഘട്ടങ്ങളിലെ ഗുകേഷിന്റെ ശ്രദ്ധയും ദൃഢതയും കണ്ട് സാക്ഷാൽ കാസ്പറോവ് പോലും അത്ഭുതം കൂറിനിന്നുപോയി. അവൻ എറ്റവും ഉയർന്ന കൊടുമുടി കീഴടക്കിയിരുക്കുന്നു എന്ന് അദ്ദേഹം അത്യുച്ചത്തിൽ വിളിച്ചുകൂകുകയും ചെയ്തുകളഞ്ഞു.
ഗുകേഷ് തന്റെ പാതയിലെ എല്ലാ പ്രതിബന്ധങ്ങളെയും എതിരാളികളെയും തട്ടിത്തെറിപ്പിച്ച് മുന്നേറി എന്നുപറഞ്ഞാൽ മതിയല്ലോ. ഗുകേഷിന്റെ വിജയം കേവലം വ്യക്തിപരമായ നേട്ടമല്ലെന്നും ഇന്ത്യൻ ചെസിൽ വിശ്വനാഥൻ ആനന്ദ് ചെലുത്തിയ പരിവർത്തനപരമായ സ്വാധീനത്തിന്റെ പ്രതീകമാണെന്നും ആ റഷ്യൻ ഇതിഹാസം ഉരുവിടുന്നതും കാണാമായിരുന്നു.
ആനന്ദിനെ കണ്ണിലെ കൃഷ്ണമണി പോലെ ആരാധിക്കുകയും ഇന്ത്യൻ ഇതിഹാസത്തിൽ നിന്നുള്ള മാർഗനിർദേശം പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഗുകേഷ് ഉൾപ്പെടെയുള്ള ഇന്ത്യൻ കളിക്കാരുടെ തലമുറയെ പരാമർശിച്ച് കൊണ്ടാണ് കാസ്പറോവ് അതു പറഞ്ഞത്. ഇതിഹാസതാരം ആനന്ദ് 2020ൽ ആരംഭിച്ച വെസ്റ്റ്ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിയുടെ ആദ്യ ബാച്ചിൽ നിന്നുള്ളയാളാണ് ഗുകേഷ്.
17-ാം വയസ്സിൽ ഫിഡെ റേറ്റിംഗ് 2750 മറികടന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയാണ് ഗുകേഷ്, മുമ്പ് 16-ാം വയസ്സിലും 2700 മറികടന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു കക്ഷി. 12-ാം വയസ്സിൽ ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ ഗുകേഷ് ചെസ്സ് ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററായി തുടരുന്നുകൊണ്ടേയിരിക്കുന്നു.
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ ഒരു തെലുങ്ക് കുടുംബത്തിലാണ് ഗുകേഷ് ജനിച്ചത്. ഒന്നിച്ചു പഠിച്ചുകളിച്ചുനടന്നിരുന്ന പത്മകുമാരിയും രജനികാന്തുമാണ് കക്ഷിയുടെ മാതാപിതാക്കൾ. രജനിയുടെ പിതാവിന് ഇന്ത്യൻ റെയിൽവേയിൽ ജോലിതരപ്പെട്ടതോടെയാണ് ചെന്നൈയിലേക്ക് താമസം മാറ്റിയത്. പിന്നീട് രജനികാന്ത് ചെന്നൈയിൽ സ്ഥിരതാമസമാക്കി. മകനാദ്യം കരികൊണ്ടുരച്ചുണ്ടാക്കിയ കളങ്ങളിൽ കരുക്കൾ നീക്കിമായാജാലം കാണിച്ചാണ് തുടങ്ങിയത്. എല്ലായിപ്പോഴും കരുനീക്കങ്ങളുടെ വരും വരായ്കയും പാർശ്വഫലങ്ങളും മുൻകൂട്ടികണ്ടറിറിഞ്ഞുള്ള കളി. അതാണ് ടിയാനെ ഉന്നതങ്ങളിലെത്തിച്ചത്.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്