ഷിക്കാഗോ: ഗൃഹാതുരത്വത്തിന്റെയും കൂട്ടായ്മയുടെയും ആർദ്ര സ്മരണകൾ ആവോളമുണർത്തി പുരാതന കലാലയങ്ങളായ ചങ്ങനാശേരി സെയിന്റ് ബെർക്ക്മാൻസ്, അസംപ്ഷൻ കോളേജ് പൂർവ്വവിദ്യാർഥികൾ അമേരിക്കയിൽ സംഘടിപ്പിച്ച പ്രഥമ ദേശീയകൺവെൻഷൻ പ്രൗഢോജ്വലമായി പര്യവസാനിച്ചു.
ജൂലൈ 9 വ്യാഴാഴ്ച ഷിക്കാഗോയിൽ നടന്ന സമ്മേളനം എസ്.ബി കോളേജിന്റെ പ്രമുഖ പൂർവ്വവിദ്യാർഥികളായ കർദിനാൾ ജോർജ്ജ് ജേക്കബ് കൂവക്കാട്, ചങ്ങനാശേരി ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ തോമസ് തറയിൽ, കേരള ഗവ. പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി ഐഎഎസ്, എസ്.ബി, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽമാർ എന്നിവർ ഭദ്രദീപം തെളിച്ചുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
കൺവെൻഷൻ ചെയർമാൻ മാത്യു ദാനിയേൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി ആർച്ച് ബിഷപ്പിന്റെ തങ്ങൾക്ക് ലഭിക്കുന്ന നിരന്തര പ്രോത്സാഹനത്തിനു നന്ദി പറഞ്ഞുകൊണ്ട് കൺവൻഷന്റെ ഉന്നതലക്ഷ്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.
കർദിനാൾ ജോർജ്ജ് ജേക്കബ് കൂവക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവിതം മൂല്യവത്തായി രൂപപ്പെടുത്തുന്നതിൽ എസ്ബി കോളേജ് വിദ്യാഭ്യാസം തന്റെ ജീവിതത്തിൽ വഹിച്ച പങ്ക് നിസ്തുലവനും അവിസ്മരണീയവുമാണെന്ന് കർദിനാൾ പറഞ്ഞു.
ഭവനം എന്ന സങ്കൽപം സ്വന്തം വീടിന്റെ മതിൽകെട്ടിനു പുറത്തു വിശാലമായ മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മേഖലയിലാണ് അർത്ഥപൂർണ്ണമാകുന്നതെന്ന് മനസിലാക്കാൻ അഞ്ചു വർഷത്തെ കോളജ് പഠനം തന്നെ സഹായിച്ചു.
കാത്തലിക് സ്റ്റുഡന്റസ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ തങ്ങൾ അക്കാലത്തു എസ്.ബി കോളേജിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളും അനുഭവങ്ങളും പിൽക്കാലത്തു ഫ്രാൻസിസ് മാർപ്പായുടെ യാത്രാദൗത്യങ്ങൾ കാര്യക്ഷമമായും ഫലപ്രദമായും നിർവ്വഹിക്കാൻ വേണ്ട ഊർജ്ജവും പ്രചോദനവും തനിക്കു നൽകി. ജീവിതത്തിൽ സ്വത്ത് സമ്പാദനത്തിലുപരി സഹജീവികളെ കാരുണ്യപൂർവ്വം സഹായിക്കാനുള്ള മനോഭാവവും ജ്ഞാനവും തേടാൻ പൂർവ്വ വിദ്യാർഥികളെ കർദ്ദിനാൾ ആഹ്വനം ചെയ്തു.
ആർച്ച് ബിഷപ് മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. നഗരങ്ങളിൽ മാത്രം ഉന്നതവിദ്യാഭ്യാസം സംലഭ്യമായിരുന്ന ഒരുകാലത്തു ഗ്രാമീണമേഖലയിൽ വിദ്യാഭ്യാസരംഗത്തു മികവാർന്ന സേവനത്തിന് ആർ. ശങ്കർ അവാർഡ് ഉൾപ്പടെ നിരവധി ബഹുമതികൾ സ്വന്തമാക്കി നമ്മുടെ കോളേജുകൾ ശ്രദ്ധേയമായത് അഭിമാനകരമാണെന്ന് പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്ത് മത്സരപ്രവണത പ്രകടമാകുന്ന ഇക്കാലത്തു പൂർവ്വവിദ്യാർഥികൾ തങ്ങളുടെ അനുഭവവും വൈദഗ്ധ്യവും സമയവും മാതൃകലാലയങ്ങൾക്ക് നിർലോഭം നൽകികൊണ്ട് അവയെ നിലനിർത്തേണ്ടത് കാലഘട്ടത്തിന്റ ആവശ്യമാണ്.
അതിനായി അമേരിക്കയിൽ പൂർവ്വവിദ്യാർഥി സാന്നിധ്യമുള്ള എല്ലാ സ്റ്റേറ്റുകളിലും എസ്ബി അസംപ്ഷൻ അലുംനി ചാപ്റ്ററുകൾ സ്ഥാപിക്കണമെന്നും ആർച്ചുബിഷപ്പ് ആവശ്യപ്പെട്ടു. എസ്ബി കോളജ് വിദ്യാഭ്യാസം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും ഓർമ്മകളാണ് തന്നിൽ ഉണർത്തുന്നതെന്ന് എസ്ബി കോളേജിലെ തന്റെ പഠനകാലം സ്മരിച്ചുകൊണ്ട് രാജു നാരായണസ്വാമി ഐഎഎസ് പറഞ്ഞു. പദ്യശകലങ്ങളാൽ സമ്പന്നമായ അദ്ദേഹത്തിന്റെ പ്രസംഗം സദസ്സ് സാകൂതം ശ്രവിച്ചു.
എസ്ബി കോളേജ് പ്രിൻസിപ്പൽ റവ.ഡോ. ടെഡി തോമസ് കാഞ്ഞൂപ്പറമ്പിൽ, അസംപ്ഷൻ കോളേജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ്, എസ്ബി കോളേജ് മുൻ പ്രിൻസിപ്പൽ റവ. ഡോ. ജോർജ്ജ് മഠത്തിപ്പറമ്പിൽ എന്നിവർ ആശംസാപ്രഭാഷണങ്ങൾ നടത്തി. ഷിക്കാഗോ യൂണിറ്റ് പ്രസിഡന്റ് ഡോ. മനോജ് നേര്യംപറമ്പിൽ സ്വാഗതം പറഞ്ഞു. മെഡിക്കൽ, എഞ്ചിനീറിങ്, നേഴ്സിങ്, ശാസ്ത്ര സാങ്കേതികം, ബിസിനസ്സ്, സ്റ്റേറ്റ് സർവീസ്, അധ്യാപനം എന്നീ മേഖലകളിൽ അമേരിക്കയിൽ ഉന്നതനിലയിൽ സേവനം ചെയ്തു വ്യക്തിമുദ്ര പതിപ്പിച്ച തെരെഞ്ഞെടുക്കപ്പെട്ട പൂർവ്വവിദ്യാർഥികളെ കൺവെൻഷനിൽ ആദരിച്ചു.
കൺവെൻഷനോട് അനുബന്ധിച്ചു പുറത്തിറക്കിയ സുവനീർ ജോർജ്ജ് ജോസഫ് വിലങ്ങോലിനു കോപ്പി നൽകി അഭിവന്ദ്യപിതാക്കന്മാർ നിർവഹിച്ചു. സീനിയർ അലുമ്നസും കൺവെൻഷൻ ഗ്രാൻഡ് സ്പോൺസറുമായ ഡോ. വിൻസെന്റ് കുട്ടംപേരൂരി(വിസ്കോൺസിൻ)നെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
റവ. ഫാ.കെ.കെ. കുര്യാക്കോസ് രചിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം അഭിവന്ദ്യ പിതാക്കന്മാർ നിർവ്വഹിച്ചു. തുടർന്ന് സ്നേഹവിരുന്നും കലാപരിപാടികളും നടന്നു. എസ്.ബി, അസംപ്ഷൻ കോളജ് ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ കൺവെൻഷൻ സംഘടിപ്പിച്ച ദേശീയ കൗൺസിലിനെ അഭിവന്ദ്യപിതാക്കന്മാരും പ്രിൻസിപ്പൽമാരും അഭിനന്ദിച്ചു.
സ്റ്റീയറിങ് കമ്മറ്റി അംഗങ്ങളായ പ്രൊഫ ജെയിംസ് ഓലിക്കര, തോമസ് ഡിക്രൂസ്, ദയാലു ജോസഫ്, ജോർജ്ജ് ജോസഫ്, കാർമൽ തോമസ്, ടോം പെരുമ്പായിൽ, ബോബൻ കളത്തിൽ, ഷിബു അഗസ്റ്റിൻ, ലീല മാരേട്ട് എന്നിവരാണ് കൺവെൻഷന് നേതൃത്വം നൽകിയത്. അമ്പിളി ജോർജ്ജ്, പിന്റോ കണ്ണമ്പള്ളി എന്നിവർ എംസിമാരായിരുന്നു. ഡോ. ബിന്ദു ജോർജ്ജ് ടോബിയാസ് നന്ദി പറഞ്ഞു. അലുമ്നിയുടെ അടുത്ത ദേശീയ കൺവെൻഷൻ 2028 ൽ ന്യൂജേഴ്സിയിൽ വച്ച് നടത്തും.
തോമസ് ഡിക്രൂസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
