ഹൂസ്റ്റൺ : ഹൂസ്റ്റൺ സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് ആവേശത്തിന്റെ അലയൊലികൾ തീർത്ത മത്സരത്തിൽ ഏഷ്യൻ കരുത്തരായ ജപ്പാനെതിരെ ബ്രസീലിന് 'അതിജീവന' ജയം.
ഓഫ്വൈറ്റ് ജഴ്സി അണിഞ്ഞെത്തിയ ജാപ്പനീസ് പടയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്ന് ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റെടുത്തു.
ജപ്പാൻ താരം കൈഷു സാനോയിലൂടെ 29-ാം മിനിറ്റിൽ പിറന്ന ഗോളാണ് ബ്രസീലിനെ ഞെട്ടിച്ചത്. ജപ്പാൻ താരങ്ങളുടെ അക്രോബാറ്റിക് ഡൈവിംഗ് ടാക്കിളുകൾ നിറഞ്ഞ പ്രതിരോധം ഭേദിക്കാൻ ബ്രസീൽ മഞ്ഞപ്പടയ്ക്ക് 56-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ കാസെമിറോയുടെ തകർപ്പൻ ഹെഡ്ഡറിലൂടെ ബ്രസീൽ മത്സരത്തിലേക്ക് തിരിച്ചുവന്നു.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയ ഘട്ടത്തിലാണ് സ്റ്റേഡിയത്തെ ആവേശക്കടലിലാക്കിക്കൊണ്ട് ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഗോളെത്തിയത്. 90+6-ാം മിനിറ്റിൽ ജപ്പാൻ ഗോൾവല കുലുക്കി മാർട്ടിനെല്ലി ബ്രസീലിന് വിജയമധുരം സമ്മാനിച്ചു.
ഹൂസ്റ്റൺ സ്റ്റേഡിയം മത്സരത്തിനിടെ ആരാധകരുടെ ആവേശം കൊണ്ട് അക്ഷരാർത്ഥത്തിൽ നിറഞ്ഞുനിന്നു. മഞ്ഞ ജഴ്സി അണിഞ്ഞ ബ്രസീൽ ആരാധകരും ഓഫ്വൈറ്റ് ജഴ്സിയും നീലയും അണിഞ്ഞെത്തിയ ജപ്പാൻ ആരാധകരും സ്റ്റേഡിയത്തെ അവിസ്മരണീയമായൊരു വേദിയാക്കി മാറ്റി.
അവസാന നിമിഷം ഗോൾ പിറന്നപ്പോൾ സ്റ്റേഡിയം ആകെ ആവേശക്കടലായി മാറി. ഹൂസ്റ്റണിലെ ഗാലറിയിൽ നിറഞ്ഞാടിയ മഞ്ഞപ്പടയുടെ ആവേശത്തിരകൾ കളിക്കളത്തിൽ ബ്രസീലിന് പകർന്നു നൽകിയത് വലിയൊരു കരുത്തായിരുന്നു.
ആരാധകരുടെ ആവേശം കൊണ്ട് ഹൂസ്റ്റൺ സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ ഇളകിമറിയുകയായിരുന്നു. ഗാലറിയിൽ ബ്രസീൽ -ജപ്പാൻ പോരാട്ടത്തിന്റെ ആവേശം വാനോളം ഉയർത്താൻ മലയാളി ആരാധകരും മുന്നിലുണ്ടായിരുന്നു. ബ്രസീലിന്റെ ഈ മുന്നേറ്റം ലോകകപ്പിൽ ഇനി വരാനിരിക്കുന്ന വലിയ പോരാട്ടങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ജൂലൈ 5ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഐവറി കോസ്റ്റ് നോർവേ മത്സരത്തിലെ വിജയികളെ ബ്രസീൽ നേരിടും.
മാർട്ടിൻ വിലങ്ങോലിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
