കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനെതിരെ ആർഎസ്എസ് വാരികയായ 'കേസരി'. ഹിരൺദാസ് മുരളി എന്ന വേടന് സിനിമാ ഗാനരചനക്കുള്ള പുരസ്‌കാരം നൽകിയതാണ് വൻതോതിലുള്ള പ്രതിഷേധത്തിന് കാരണമെന്ന് കേസരി 'തസ്ക്കരശ്രീ പുരസ്കാരങ്ങൾ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നു.
മുഖപ്രസംഗത്തിൽ പറയുന്നതിങ്ങനെ
പുരസ്‌കാരങ്ങൾ ആപേക്ഷികമായതിനാൽ വിവാദങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തവണ സാധാരണ പൗരൻമാർ അതിശക്തമായ പ്രതിഷേധമുയർത്തി. അയാൾ പാട്ടുകൾ എന്ന പേരിൽ പറയുന്ന ഗദ്യങ്ങളോ അതിലെ ഉള്ളടക്കമോ ഒന്നുമല്ല ബഹുഭൂരിപക്ഷത്തേയും പ്രകോപിതരാക്കിയിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവനും സ്ത്രീപീഡകൻ എന്ന ആരോപണം നിലനിൽക്കുന്നതുമായ ഒരു വ്യക്തിക്ക് അവാർഡ് നൽകി എന്നതാണ് സാധാരണക്കാരെ ചൊടിപ്പിക്കാൻ കാരണം. ഇതിനുമുമ്പ് കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്തു തന്നെ പല സിനിമാ പ്രവർത്തകർക്കും പുരസ്‌കാരം നിഷേധിക്കാൻ കാരണം അതിന്റെ നിർമാതാവോ, നടനോ ഒക്കെ സ്ത്രീ പീഡന ആരോപണം നേരിട്ടിരുന്നു എന്നുള്ളതാണ്. എന്നാൽ ആ മാനദണ്ഡങ്ങൾ ഹിരൺദാസ് മുരളിക്ക് ബാധകമല്ലാതിരിക്കാൻ പല കാരണങ്ങളുണ്ട്.
അതിൽ പ്രധാന കാരണം ഹിരൺദാസ് മുരളിയെന്ന റാപ്പ് ഗായകന്റെ യഥാർഥ പ്രായോജകർ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന് വളരെ വേണ്ടപ്പെട്ടവരാണ് എന്നതാണ്.അർബൻ നക്സലുകളുടെയും ജിഹാദികളുടെയും സങ്കര സാഹിത്യമാണ് ഹിരൺദാസ് മുരളി റാപ്പ് ഗാനങ്ങളായി അവതരിപ്പിക്കുന്നതിൽ ഭൂരിഭാഗവും. ഹിരൺദാസ് മുരളിയെ ഒരു കപട ദലിത് ഐക്കണാക്കി ഉയർത്തിക്കാണിക്കുക എന്നത് പാലസ്തീൻ, പാകിസ്താൻ വാദികളായ ജിഹാദികളുടെ തന്ത്രമാണ്. വിഭജനകാലത്ത് ജിന്ന പയറ്റിയ അതേ കപട ദലിത് സ്നേഹം തന്നെയാണ് ചിലർ ഇപ്പോഴും പയറ്റുന്നത്. അയ്യങ്കാളിയേയും അംബേദ്കറേയുമൊക്കെ വിയർപ്പു തുന്നിയിട്ട കുപ്പായത്തിനിടയിൽ തിരുകുന്നത് ഒരു തന്ത്രത്തിന്റെ ഭാഗം മാത്രം.
പലർക്കും ഹിരൺ ദാസ് മുരളിയുടെ സ്വഭാവദൂഷ്യങ്ങളെ വിമർശിക്കാനേ ധൈര്യമുളളു. അയാളുടെ പാട്ടിലൂടെ ഒളിച്ചു കടത്തുന്ന ദേശവിരുദ്ധതയെ ചോദ്യം ചെയ്യാനുള്ള ധൈര്യമില്ല. കാരണം തങ്ങൾ ദലിത് ന്യൂനപക്ഷ വിരുദ്ധരെന്ന് മുദ്രകുത്തപ്പെടുമോ എന്ന പേടിയാണ്. കേരളത്തിൽ ചില സംഘടിത രാഷ്ട്രവിരുദ്ധശക്തികൾ സൃഷ്ടിച്ചിരിക്കുന്ന പത്മവ്യൂഹം ഭേദിക്കുവാൻ സത്യങ്ങൾ മയമില്ലാതെ നിരന്തരം ജനങ്ങളുടെ ഇടയിലേക്ക് സംവാദരൂപത്തിൽ നൽകിക്കൊണ്ടേ ഇരിക്കണം.ഹിരൺദാസ് മുരളിയ്ക്ക് ലഭിച്ച പുരസ്‌കാരത്തെ എതിർക്കാൻ അയാളുടെ സ്വഭാവദൂഷ്യങ്ങളെ ഉയർത്തി കാണിക്കുന്നതിൽ ഒരടിസ്ഥാനവുമില്ല. പുരസ്‌കാരത്തിന് പരിഗണിക്കുന്നവർക്കെല്ലാം പത്തരമാറ്റ് സ്വഭാവഗുണങ്ങൾ ഉണ്ടാവണം എന്ന് ശഠിക്കാനും പാടില്ല. കാരണം മാറ്റുരയ്ക്കുന്നത് ഒരാളുടെ സ്വഭാവശുദ്ധിയല്ല, പ്രതിഭയാണ്. ഹിരൺദാസ് മുരളിയുടെ പുരസ്‌കാരലബ്ധിയെ എതിർക്കുന്നവർ പോലും യഥാർഥ പ്രശ്നത്തെയല്ല അഭിസംബോധന ചെയ്യുന്നത്. യഥാർത്ഥ പ്രശ്നം ഉറക്കെ പറയാൻ പലർക്കും ധൈര്യമില്ല. സാംസ്‌കാരിക നായകന്മാരിൽ ഭൂരിപക്ഷവും കൊട്ടാരം വിദൂഷകന്മാരായതുകൊണ്ടും രാജപ്രീതിക്കുവേണ്ടി കാവ്യങ്ങൾ ചമച്ചും പാട്ടുകെട്ടിയും അടുത്ത പുരസ്‌കാരത്തിന്റെ പണക്കിഴി സ്വപ്നം കണ്ടു കഴിയുന്നവരായതുകൊണ്ടും പ്രതികരണം പ്രതീക്ഷിക്കാൻ വയ്യ. അരിയിട്ടു വാഴിച്ച അറബി സുൽത്താന്മാർ പറയുന്നതിനപ്പുറം ചലിക്കാൻ പറ്റാത്ത കേരള മഹാരാജാവിന് അവർ പറയുന്നിടത്ത് തുല്യം ചാർത്താനേ കഴിയൂ.
ജൂറി ചെയർമാൻ പ്രകാശ് രാജൊക്കെ ഒരു ഉപകരണം മാത്രം. ലങ്കയിൽ ദാഹം മാറാത്ത പുലികളെ പാടി ഉണർത്തുന്ന വേടൻ ഒരു ഭാരത പ്രധാനമന്ത്രിയുടെ വധത്തിന് കാരണക്കാരായ എൽടിടിഇ എന്ന ഭീകര സംഘടനയെ ആണ് പാടി ഉണർത്തുന്നതെന്ന് മനസിലാകാത്ത മലയാളി വേടനൊപ്പം പാലസ്തീൻ കൊടി പുതച്ച് ചുവടുവച്ചിരുന്നു. മ്യാൻമറിൽ ബുദ്ധൻ ആയുധമേന്തി ചുടുചോരമോന്തി എന്ന് പാടുന്ന വേടൻ മതമൗലികവാദത്തിന്റെ മറുപേരായ റോഹിങ്ക്യൻ സംഘങ്ങളെയാണ് മഹത്വവൽക്കരിക്കുന്നതെന്ന് തിരിച്ചറിയുന്നവർക്ക് വേടന് പാട്ടെഴുത്തിന് കിട്ടിയ പുരസ്‌കാരം ആശങ്ക ഉണ്ടാക്കുക തന്നെ ചെയ്യും. കാശ്മീരിൽ ആസിഫയുടെ അര ഉടയ്ക്കാൻ ഭഗവാൻ കാവലിരുന്നു എന്ന് പാടി പറയുന്നവൻ കശ്മീർ ഭീകരവാദിയുടെ വക്കാലത്തുമായാണ് നമ്മുടെ കുഞ്ഞുങ്ങളുടെ മുന്നിൽ തുള്ളി ഉറയുന്നത് എന്ന് മനസ്സിലാക്കിയാൽ രാമനെ അറിയാത്ത വേടൻ രാവണപക്ഷത്തിന്റെ ആളാണെന്ന് വ്യക്തമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
