തേജസ്വി മനോജ് ആരാണ് എന്നറിയാമോ..? അറിയണം. കേവലം 17 വയസുമാത്രമുള്ള
ഇന്ത്യൻ വംശജയായാണ്. ടെക്‌സസിലെ ഫ്രിസ്‌കോയിൽ താമസിക്കുന്ന കൗമാരക്കാരി.
അവളിപ്പോഴിതാ 2025 ലെ ടൈം മാഗസിന്റെ കിഡ് ഓഫ് ദി ഇയർ അവാർഡിന്
അർഹയായിരിക്കുന്നു.
പണസംബന്ധമായ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന്
അമ്മാശ്ശന്മാരേയും അമ്മായിമാരേയും അപ്പൂപ്പന്മാരേയും
രക്ഷിച്ചെടുക്കുന്നതിനുള്ള തന്ത്രം മെനഞ്ഞ വകയിലാണ് ഈ പുരസ്‌ക്കാരം.
ഇത്തരം പ്രക്രിയകളിൽ ഏർപ്പെടുന്നതിന് പ്രായം എന്നത് ഒരു പ്രശ്‌നമല്ലെന്ന് ഈ കൊച്ചുമിടുക്കി തെളിയിച്ചിരിക്കുന്നു. ഇവളേയും കടത്തിവെട്ടിയ ഒരു മിടുമിടുക്കി 2020ൽ ഇതേ പുരസ്‌ക്കാരം നേടുമ്പോൾ അവൾ മറ്റൊരു ചരിത്രം കൂടി സൃഷ്ടിക്കുകയായിരുന്നു. അതേ, ഇന്ത്യൻ വംശജയായ കുട്ടിക്ക് കിഡ് ഓഫ് ദി ഇയർ അവാർഡ് ആദ്യമായി കിട്ടുന്നത് ഗീതാഞ്ജലി റാവുവിലൂടെ ആയിരുന്നു.
അതും 15-ാം വയസ്സിൽ. ആ കുട്ടിയെ റോൾ മോഡലാക്കിയാണ് തേജസി മനോജ് അതേ പുസ്‌ക്കാരം നേടിയെടുത്തത്. തേജസിയുടെ മുത്തശ്ശന് പറ്റിയ ഒരു കളിപ്പീരിൽ നിന്നുമാണ് അവൾ ഊർജ് ഉൾക്കൊണ്ടതെന്നതാണ് കൗതുകം..!
ഒരു മാന്യനായ അകന്ന ബന്ധു പെട്ടെന്നൊരു ആവശ്യത്തിനായി 2,000 ഡോളർ (ഏകദേശം 1,76,623 ഇന്ത്യൻ രൂപ) മുത്തശ്ശനോട് നവമാധ്യമത്തിലൂടെ കടം ചോദിക്കുന്നു. വൈമനസ്യമൊന്നുമില്ലാതെ ആ പണം കൊടുക്കാൻ മുത്തശ്ശൻ തയ്യാറാവുന്നു. അതുകണ്ട് തേജസിയുടെ മാതാപിതാക്കൾക്ക് സംശയം. സമ്പന്നനായ ആ ബന്ധുവിന് ഇപ്പോൾ ഒരു തരത്തിലും പണത്തിനാവശ്യമില്ല. പിന്നെന്തിന് കടം ചോദിക്കണം..!
ഉടൻ അവർ ആ
ബന്ധുവുമായി ബന്ധപ്പെട്ടു. താനിക്കിപ്പോൾ പണത്തിനാവശ്യമില്ലെന്നും താൻ
ഒരിക്കൽപ്പോലും പണം ചോദിച്ചിട്ടില്ലെന്നും ആ മനുഷ്യൻ പറയുന്നു.! അപ്പോഴാണത്
ഒരു തട്ടിപ്പാണെന്നു മനസിലായത്. അത് കണ്ടുനിന്ന 16 കാരി തേജസിക്കതിൽ
കൗതുകം തോന്നി.
സൈബർ കുറ്റകൃത്യങ്ങൾക്ക് മുതിർന്ന പൗരന്മാർ
എത്രത്തോളം ഇരയാകുന്നുവെന്ന് അറിയൻ അവളൊരു ശ്രമം നടത്തി. അത് ഞെട്ടിക്കുന്ന
അനുഭവമായി. വലിയ ചതിയിൽ പെട്ടവർ കുറച്ചൊന്നുമായിരുന്നില്ല.
നാണക്കേടോർത്ത് പലരും അത് പുറത്തു പറയുന്നുമില്ല. അതേക്കുറിച്ച് മനസിലാക്കാൻ സമഗ്രമായ ഗവേഷണം നടത്താൻ തന്നെ തീരുമാനിച്ചു തേജസ്വി മനോജ്. അതിന്റെ പരിണിത ഫലമാണിപ്പോഴത്തെ ടൈം പുരസ്‌ക്കാരം. മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക തട്ടിപ്പുകളും സൈബർ ആക്രമണങ്ങളും തിരിച്ചറിയാനും അവയിൽ നിന്ന് സംരക്ഷിച്ച് സഹായിക്കാനുമായി അവൾ രൂപകൽപ്പന ചെയ്തതാണ് ഷീൽഡ് സീനിയേഴ്‌സ് എന്ന വെബ്‌സൈറ്റ്.
കേവലം ഒരു വർഷത്തിനുള്ളിൽ അവൾ ഷീൽഡ് സീനിയേഴ്‌സ് എന്ന വെബ്‌സൈറ്റ് നിർമ്മിച്ചു. ചതി എങ്ങനെ കണ്ടെത്താമെന്ന് സൈറ്റ് വിശദീകരിക്കുന്നു. തട്ടിപ്പുകളും സൈബർ ആക്രമണങ്ങളും എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട് സൈറ്റ്. തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, നിയമപാലകരെ അറിയിക്കുന്നതിന് ആവശ്യമായ ലിങ്കുകളും ഉറവിടങ്ങളും വാഗ്ദാനം ചെയ്യുന്നു.
വെബ്‌സൈറ്റ് ഇപ്പോഴും ഗവേഷണ വികസന
ഘട്ടത്തിലാണെങ്കിലും, 2024 ലെ കോൺഗ്രസ്ഷണൽ ആപ്പ് ചലഞ്ചിൽ മാന്യമായ
പരാമർശവും ടെക്‌സസിലെ പ്ലാനോയിൽ 2025 ലെ ടെഡ് ടോക്കും ഉൾപ്പെടെ വിപുലമായ
അംഗീകാരവും പിന്തുണയും ഇതിനകം ലഭിച്ചുകഴിഞ്ഞിരിക്കുന്നു.
എന്നിരുന്നാലും,
തേജസ്വി മനോജിനെ സംബന്ധിച്ചിടത്തോളം, നേട്ടങ്ങൾ ദൗത്യമല്ല
സാങ്കേതികവിദ്യയെ വെറുക്കുന്ന തലമുറകൾ കുറ്റകൃത്യങ്ങൾക്ക്
ഇരയാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് അവളുടെ ലക്ഷ്യം, അവ കൂടുതൽ
അവബോധവും സഹായവും ഉപയോഗിച്ച് തടയാൻ കഴിയുമെന്നവൾ കണ്ടെത്തി.
ഈ
ബാലപ്രതിഭ തന്റെ കോഡിംഗ് യാത്ര ആരംഭിച്ചത് എട്ടാം വയസ്സിൽ ആയിരുന്നു.
ലാഭേച്ഛയില്ലാത്ത ഗേൾസ് ഹു കോഡിന്റെ സജീവ അംഗമായിരുന്നു. അവിടെ അവൾ
വേനൽക്കാല പ്രോഗ്രാമുകളും സൈബർ സുരക്ഷാ ക്ലാസുകളും കൈകാര്യം
ചെയ്യാറുണ്ട്.
''ഞാൻ കൂടുതലും ജാവയിലും പൈത്തണിലും കോഡ് ചെയ്യുന്നു,
നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന വസ്തുത
എനിക്ക് ശരിക്കും ഹരമാണ്, ഇഷ്ടമാണ്.' ഇതാണവളുടെ ലോകം.
അതൊരിക്കലും ജോലിയായി അവൾ കാണുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഇത്തരം കാര്യങ്ങൾ വായിച്ച് അതിൽ നിന്നും ഊർജം ഉൾക്കൊണ്ട് തങ്ങളുടെ തനതായ കഴിവുകൾ ഉപയോഗിച്ച് അനേകം കുട്ടിപ്രതിഭകൾ ഉണ്ടാകട്ടെയെന്നാശംസിക്കാം നമുക്ക്. ഒപ്പം മുതിർന്നവർക്കും ഒരു കൈ നോക്കാവുന്നതുമാണ്.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്